
ഞരമ്പ് മുറിയും വരെ,
കൊരൾവള്ളിമുറുകും വരെ.
അത്ര മതിയാകുമോ.
ഒരുവൾക്ക്
മറ്റൊരാളാൽ
വധിക്കപ്പെടാൻ എത്ര
നിമിഷങ്ങൾ വേണം.
അവളുടെ
ഉടുതുണിയഴിയുംവരെ.
അനുവദിക്കപ്പെടാത്ത
ശരീരസ്ഥലികളിൽ
കാമത്തിൻ്റെ ഉപ്പ് പുരളുംവരെ.
മറ്റൊരാളുടെ
കുഞ്ഞ്,
ഗർഭത്തിൻ്റെ ഭിത്തി-
യിൽ വിദ്വേഷത്തിൻ്റെ
പോറലേൽപ്പിക്കും വരെ.
പ്രണയമാണെന്ന
വാക്കിൽ, ‘കറുപ്പി’ൻ്റെ –
ഉന്മാദം നുരയും വരെ.
കാമത്തിൻ്റെ
ചൂണ്ടയിൽ, ഞാനയാൾ_
ക്കിരയാണെന്ന ബോധ്യം വരെ.
മുലകൾ-
രണ്ടിലും
ദുഖത്തിൻ്റെ പാൽ
ചുരത്തും വരെ.
സ്നേഹത്താൽ
കൂട്ടിക്കെട്ടിയ മുടിക്കെട്ട്
ചതിച്ചവൻ്റെ
നെഞ്ചിലേക്ക്
അഴിഞ്ഞു വീഴുംവരെ.
അതിനപ്പുറത്തേ
ക്കൊന്നും ഒരുവളുടെ
പ്രാണനെ
വലിച്ചിഴക്കാനാവില്ലല്ലോ.
“നിന്നെക്കൊല്ലാൻ
എനിക്കെത്ര
നിമിഷം വേണ്ടിവരു”മെന്ന
ഒരാൺ ചോദ്യത്തിന്
ഇത്രയൊക്കെ നീ
മറുപടി പറഞ്ഞേപറ്റു പെണ്ണേ.









