കാറ്റുമീ കടലുമായി നമ്മൾ
വേർപിരിഞ്ഞപ്പോൾ
കൂട്ടുകാരി…
സൂര്യതാപശാപമേറ്റൊരു നിഴൽ
പാതിവഴിതാണ്ടിയെത്തുമ്പോൾ
കത്തുന്നൊരാകാശമെന്റെ ചുമലിൽ
ചാരിയതോർക്കുന്നുവോ?
കുഴിമാടം കാക്കുമൊരാളുടെ
നിശബ്ദത മുറിയ്ക്കും,
ചുമമുറിക്കുള്ളിൽ
ബീഡിമണമുള്ള ജ്വരം പേറും നെഞ്ചിൽ,
ചുണ്ടിൽ മരണ മരവിപ്പു കയറുന്ന
കയർച്ചുറ്റിൽ തൂങ്ങിയാടുന്ന
ചേതനയറ്റയൊരു ഉടൽ
ബാക്കിയാവുന്നു…..
കൊടുംതപം ചെയ്ത വേനൽ
ചിതമ്പലിൻ മണം പൂക്കും
വെയിൽ ക്കാവിനുള്ളിൽ
പക്ഷി ശൽക്കം തിരയും
കരിനാഗം സൂക്ഷിച്ച
പൊത്തിലെ വിശപ്പിൻ
പതാകയിൽ തുന്നിയ
നമ്മുടെ മുഖചിത്രങ്ങൾ
കാണുന്നുവോ കൂട്ടുകാരി…..
നാം മിഴിപിരിഞ്ഞ കൊടിയ
ചരൽക്കുന്നിനപ്പുറം ഏതോ
മഷിപ്പച്ച കിളിർക്കും കരയിൽ
ഏറുമാടങ്ങളിൽ കാവൽ
നിന്നൊരു പ്രണയ
നക്ഷത്രത്തിൽ തീച്ചൂടിൽ
ലോകം ചാരമാവുന്നു ….
ചുണ്ടിൽ വിരിഞ്ഞ
ചിരിമന്ത്രാക്ഷരക്കൂട്ടിലുറങ്ങും
കൊച്ചു കിളികൾ ചിറകറ്റു വീഴും,
ഇരുൾതിന്ന മാംസബാക്കി പിടയും
രാക്ഷസവൃക്ഷത്തിൻ
മരവിച്ച നിഗൂഡ നേത്രക്കാഴ്ചകൾ.
ഓർമ്മകൾ
മടങ്ങിയെത്തുമ്പോൾ
ചിലമ്പുകെട്ടിയാടും കടൽ
പാപതീരം കൊഴിച്ചിട്ട ശംഖുപോൽ
ദ്രവിച്ചയെൻ സ്വസ്തിപാപങ്ങൾ
പെറുക്കുന്ന കുഞ്ഞിന്റെ
മുറിവേറ്റ ചുണ്ടിലെ വിണ്ട
നഖചിത്രങ്ങൾ നോക്കൂ നീ കൂട്ടുകാരി….
മായികലോകം തന്ന
സങ്കടത്തിരയുമായി
ഞാനെന്റെ
ഉന്മാദമത്സ്യകന്യകയെ
തേടുകയാണീ തുരുത്തിൽ…
അഴുകിയയെൻ വിഭ്രാന്തിക്കാഴ്ചകൾ
പടർത്തും വിഭ്രമനിലാവെട്ടം മറയുന്ന
സുഗന്ധമൊഴുകും പുഴയിൽ
ഞാനിതാ പുനർജ്ജനിക്കുന്നു…
ചെറു പരൽമീനായി
കൂട്ടുകാരി…..