കാശ്മീർ

കാശ്മീർ അതെന്നായിരുന്നു?
നിനക്കോർമ്മ കാണും
ഹിമാദ്രിയിൽ നമ്മൾ നടന്നതും,
ദൽ തടാകത്തിൽ നാമൊന്നിച്ച് പോയതും
വേദം *വിതസ്തയെ കാണിച്ചു തന്നതും
രാത്രിതൻ മഞ്ഞും നിലാവും നുകർന്നുനാ-
-മോർക്കിഡൻ താഴ്വരക്കാറ്റേറ്റിരുന്നതും

ചില്ലകൾ താഴ്ത്തിച്ചിരിക്കും നിലാവിൻ്റെ
പല്ലക്ക് വന്നതും നമ്മളെ ചുംബിച്ച
കിന്നരം പാടുന്ന ഗന്ധർവ്വഗന്ധങ്ങ-
ളൊന്നായുലഞ്ഞതും….,
ഗന്ധകപ്പൂവിൻ്റെ ഗന്ധത്തിലോരോ
കിനാവുമരിച്ചതും…
തൊട്ടാൽ തണുക്കുന്ന സന്ധ്യയിൽ
നിന്നെൻ്റെ ഹൃത്തിലേയ്ക്കാരോ
ഗസൽ പാടി വന്നതും, കൊട്ടി-
ത്തിമിർക്കുന്ന വാദ്യത്തിലേതിലോ
നക്ഷത്രമെല്ലാമുടഞ്ഞങ്ങ് വീണതും

കാശ്മീർ, അതേ നിനക്കോർമ്മകാണും എൻ്റെ
യാത്രയിൽ നിന്നെ ഞാൻ ചുംബിച്ച മണ്ണിനെ,
നീർത്തടാകങ്ങളെ പ്രാണനിൽ നിന്ന് ഞാൻ
ചോർത്തിക്കളഞ്ഞതാം എൻ്റെ സ്വപ്നങ്ങളെ!

ഓരോ ശരത്ക്കാലരാവും സമസ്യതൻ
ഓരോ പ്രപഞ്ചങ്ങൾ തേടിക്കുതിക്കവെ
പ്രാണൻ്റെ സന്തൂർ നിലച്ചതും രാവിൻ്റെ
നീലശൈലങ്ങൾ നിലം പൊത്തിവീണതും

ആരോ വെളിച്ചം പകർന്നോരു റാന്തലിൽ
ആളിപ്പടർന്നഗ്നി വന്യമാകുന്നതും
കാശ്മീർ നിനക്കോർമ്മയുണ്ടായിരിക്കണം
യാത്രയാക്കാനായ് നീ വന്നോരു നാളിനെ

മഞ്ഞിൻ്റെ നോവുന്ന ഭിന്നഗ്രഹങ്ങളിൽ
ഒന്നിൽ നിന്നെന്നെയിറുത്ത് ഞാൻ പോന്നതും,
കണ്ടാൽ ചിരിക്കാനുമാകാതെ നമ്മുടെ
സന്ധികൾ രണ്ടായൊടിഞ്ഞങ്ങ് പോയതും

ലോകമേൽക്കൂരയിൽ വന്നിരുന്നാളുകൾ
ഓരോ പ്രതീക്ഷയിൽ കൈയൊപ്പിടുന്നതും
കാലസാക്ഷ്യത്തിൻ്റെ കൈയൊപ്പിനും മീതേ
പോർ വിമാനങ്ങൾ പറന്നു പോകുന്നതും..

കാശ്മീർ, എനിക്കും നിനക്കുമുണ്ടോർമ്മകൾ
കോർത്തെടുക്കാനായ് നിലാവിൻ്റെ ചില്ലയിൽ
ഓരോ കിനാവിലും വന്നിടാറുണ്ട് നീ
ഓർമ്മതൻ ബാല്യം നുകർന്നിടാറുണ്ട് ഞാൻ

ട്യൂലിപ്പുകൾ തേടി നമ്മൾ നടന്നൊരാ-
താഴ്വര ഇന്നുമുണ്ടുള്ളിൻ്റെയുള്ളിലായ്
മഞ്ഞിനാലാകെ തണുത്തു പോയെങ്കിലും
കണ്ണിലെ കാഴ്ച്ചകൾ കണ്ണുനീരെങ്കിലും

ഓരോ സ്മൃതിക്കുള്ളിലും പണ്ട് നീ തന്ന
സ്നേഹവും പൂക്കളും, സംഗീത തന്ത്രിയും.
കാശ്മീർ, നിനക്കായിതാ എൻ്റെ വാക്കിലായ്
ചേർത്തുവയ്ക്കുന്നു ഞാനീ ഭൂപടത്തിനെ!

കൈയിൽ ഒലിവിൻ്റെ ചില്ലകൾ, നമ്മളെ-
കണ്ടു പോകുന്നുവോ സൂര്യനും ഭൂമിയും.

*വേദത്തിൽ ഝലം നദി ‘വിതസ്ത’
എന്നാണ് അറിയപ്പെട്ടിരുന്നത്..

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.