രാവിന്റെ നിശബ്ദതയെ ഭേദിച്ച് കൃത്യമായ ഇടവേളകളിലുയരുന്ന തച്ചൻക്കോഴിയുടെ കൂകൽ അകലെയെങ്ങോ നിന്ന് മരണദൂത് പോലെ ചെവിയിൽ വന്നലച്ചു കൊണ്ടിരുന്നു. പോകേപോകെ അതടുത്തടുത്ത് വന്നു. ചെവികൾ അസ്സഹനീയമാം വണ്ണം കൊട്ടിയടച്ചപ്പോൾ കണ്ണുകൾ വലിച്ചു തുറന്നു. കുത്തികയറുന്ന ഇരുട്ട്. നേരം പാതിരാ കഴിഞ്ഞിട്ടുണ്ടാവണം. കിടന്ന കിടപ്പിൽ തന്നെ മിഴികൾ മേൽപ്പോട്ടാക്കി നോക്കി. അമാവാസി രാത്രിയാണെന്നു തോന്നുന്നു. ഒരു നക്ഷത്രത്തിന്റെ നുറുങ്ങു വെട്ടം പോലുമില്ലാതെ ചാട്ടവാറടിയേറ്റ പോലെ ആകാശം കരിനീലച്ചു കിടന്നു. അടുത്തെങ്ങും ആരുമില്ലേ? കണ്ണുമയങ്ങിപോകുമ്പോൾ അടുത്ത് തന്നെ പോലെ രണ്ടുമൂന്നു പേരെ കണ്ടതായാണ് ഓർമ്മ. ഉണ്ടാകും, നാളത്തെ വിധി തങ്ങൾക്കെല്ലാം ഒന്നു തന്നെയാണല്ലോ.
അഴുകി തുടങ്ങിയ പച്ചമാംസത്തിന്റെ ഗന്ധം മൂക്കിലേക്കിരച്ചു കയറി. അടുത്തുള്ള കോഴിക്കടയിൽ നിന്നുള്ള മുശ്ശട് മണം കൂടി മൂക്കിലേക്കടിച്ചപ്പോൾ തിന്നതൊക്കെ തേട്ടിയെടുത്തു. അടുത്തെങ്ങോ നിന്ന് നായ്ക്കളോ മറ്റൊ എല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം. തച്ചൻക്കോഴിയുടെ കൂവലിന്റെ ഇടവേളകളിൽ ഉയരുന്ന ആ ശബ്ദത്തിൽ ഉള്ള് കിടുകിടുത്തു.
ഈ രാത്രി കൂടിയേ മുന്നിൽ ജീവസ്സോടെ ഉള്ളൂ. നേരം പുലരും മുൻപ് താനടക്കം കൂടെയുള്ളവരും ഇറച്ചിതുണ്ടുകളായി അറവുമാടത്തിന്റെ മുമ്പിൽ തൂങ്ങിക്കിടക്കുന്നുണ്ടാകും. തല വെട്ടിയെടുത്ത് അറവുമാടത്തിനു മുമ്പിൽ പ്രദർശിപ്പിച്ചിട്ടുണ്ടാകും. ആദ്യാമാദ്യം എത്തുന്നവർ നെഞ്ചടിക്കും, കരളിനും, നെയ്യിറച്ചിക്കുമായി തിരക്കുക്കൂട്ടും.
വേണമെങ്കിൽ ബന്ധനങ്ങൾ ഇല്ലാതിരുന്ന ഏതെങ്കിലും നിമിഷത്തിൽ കുതറി ഓടാമായിരുന്നു. പക്ഷെ എങ്ങോട്ട്? എവിടെ വരെ? ഇന്നല്ലെങ്കിൽ നാളെ വിധിക്കു മുന്നിൽ കഴുത്ത് നീട്ടി കൊടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഈ രാത്രി നിസംഗതയോടെ കഴിച്ചു കൂട്ടുന്നു. എത്രയും പെട്ടെന്ന് ഈ രാത്രിയൊന്നവസാനിച്ചെങ്കിൽ!. മരണത്തെക്കാൾ അതിനുവേണ്ടിയുള്ള ഈ കാത്തിരിപ്പാണ് ഭയാനകം.
കശാപ്പുകാരന്റെ കയ്യിലെ വെട്ടിത്തിളങ്ങുന്ന വാൾത്തല ഓർമ്മയിൽ മിന്നിയപ്പോൾ ഒരു ഉൾക്കിടിലം ശരീരമാകെ വ്യാപിച്ചു. കരിനീലിച്ച ആകാശത്തിന്റെ തിരശീലയിലപ്പോൾ ചോരചുവപ്പിച്ച ഒരു രാത്രിയുടെ ഭീകരദൃശ്യങ്ങൾ തെളിഞ്ഞു.
“നെയ്മുറ്റുന്നതിനു മുൻപ് കൊടുക്കണം. നാളെയാ കാദർ വന്നു നോക്കാന്ന് പറഞ്ഞിട്ട്ണ്ട് ” അയാൾ ഭാര്യയോടായി പറയുന്നത് കേട്ടു.
“കണക്ക് പറഞ്ഞ് പൈസ വാങ്ങിച്ചോണം. പിന്നെ കണകുണാ മോങ്ങീട്ട് ഒരു കാര്യോം ഇല്ല”
തൊഴുത്തിലേക്കയാൾ വലിച്ചിട്ട പച്ചപ്പുല്ല് ആർത്തിയോടെ തിന്നു. പിന്നെ പരുക്കൻ നിലത്ത് ചടഞ്ഞു കിടന്നു. തലനീട്ടി വെച്ച് മയങ്ങി തുടങ്ങിയതേ ഉള്ളൂ. അമർത്തിയ നിലവിളിപോലെ എന്തോ ഒന്ന് കേട്ടാണ് കണ്ണുകൾ തുറന്നത്. പിടഞ്ഞെഴുന്നേറ്റ് പടർന്നു കിടക്കുന്ന കുരുമുളക് വള്ളികൾക്കിടയിലൂടെ മിഴികൾ നീട്ടി നോക്കി. പൊളിഞ്ഞു കിടക്കുന്ന മുള്ളുവേലിക്കപ്പുറം ഇടവഴിയിൽ നിന്നാണ് ശബ്ദം. ഇടവഴിക്കതിരിട്ട് ചെറിയൊരു മൈതാനം, അതിനുമപ്പുറം കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചെമ്മീൻക്കെട്ടാണ്. ഇടവഴിയിലെ പൂഴിയിൽ വീണു കിടക്കുകയാണൊരുവൻ. കൈകൾ കൂപ്പി കേഴുകയാണ്. ചുറ്റും ഉയർത്തിപ്പിടിച്ച വടിവാളുകളുമായി മൂന്നുപേർ. നിലാവെട്ടത്തിൽ വാൾത്തലകളിൽ നിന്നുതിരുന്ന മിന്നൽപ്പിണരുകൾ. നിലത്തു വീണു കിടക്കുന്ന ആളെ വ്യക്തമായി കണ്ടു. പൂച്ചക്കണ്ണുള്ള, ചെമ്പൻ മുടിയുള്ള ഒരു ചെറുപ്പക്കാരൻ. കണ്ണുകൾ വൈരം പോലെ മിന്നുന്നുണ്ടെങ്കിലും ഭയവും യാചനയും മുഖത്ത് നിറഞ്ഞു നിന്നു.
“എടാ വേണ്ടെടാ വിടെടാ”
കൈകൾക്കൂപ്പി കെഞ്ചുകയാണയാൾ.
അക്രമോൽസുകാരായി നിൽക്കുന്ന മൂവരിൽ നിന്നും പൈശാചികമായ പരിഹാസച്ചിരി ചിതറി. കയ്യിൽ ആയുധവുമേന്തി നിൽക്കുന്ന അവർ ചോരക്കണ്ണുകളും ദംഷ്ട്രങ്ങളുമുള്ള പിശാചുകളെപ്പോലെ തോന്നിച്ചു.
“കൂടെ നടന്നതല്ലെടാ….. വേണ്ടെടാ…ഞാൻ പൊയ്ക്കോളാം.. എങ്ങോട്ടെങ്കിലും… ഒറ്റുകൊടുക്കില്ല… പ്ലീസ്….. എന്റെ കുഞ്ഞിനെ ഓർത്ത്.. വെറുതെ വിടെടാ…”, കൂട്ടത്തിലൊരാളുടെ കാലിൽ ചുറ്റിപിടിച്ചു കേഴുകയാണ്.
പെട്ടെന്നൊരുവന്റെ കയ്യിലെ വടിവാളുയർന്നു താണു. ആദ്യത്തെ വെട്ട്. നടുമ്പുറത്ത്. പിന്നെ തുടരെ തുടരെ മൂവരുടെയും വടിവാളുയർന്നു താണു. ചീറ്റി തെറിക്കുന്ന ചുടുചോര. അമർന്നു പോയ ആർത്തനാദം.
പിടച്ചു പിടച്ചു നിശ്ചലമാകുന്ന വരെ മൂവരും നോക്കി നിന്നു. ഒരുവൻ മൂക്കിൽ കൈചേർത്ത് ശ്വാസമില്ലെന്നുറപ്പിച്ചു. ശേഷം കണ്ണുകൾ കൊണ്ടെന്തോ സംജ്ഞകൾ കൈമാറി മൂവരും മൂന്നുവഴിക്കപ്രത്യക്ഷരായി.
ഒന്ന് പ്രതികരിക്കാൻ പോലുമാവാതെ അന്നാ കാഴ്ച്ച കണ്ടു നിന്നു. കണ്ണുകൾ തുറന്നുപടിയായിരുന്നു ജീവനറ്റ ആ ശരീരം. പൂച്ചക്കണ്ണുകളിൽ നിലാവ് തളം കെട്ടികിടന്നു. മുറിവുകളിൽ നിന്ന് അപ്പോഴും കട്ടച്ചോര ഒഴുകി പരന്ന് പൂഴിമണ്ണിനെ ചുവപ്പിച്ചുകൊണ്ടിരുന്നു.
എവിടെയോ ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ. ഒരു ഉറക്കുപാട്ടിന്റെ ഈണം. കുഞ്ഞു കരച്ചിൽ നേർത്ത് നേർത്തില്ലാതായി. വീണ്ടും വീണ്ടും ആ മുഖത്തേക്ക് നോക്കിയപ്പോളാണ് മനസ്സിലായത്, പലവട്ടം അയാളെ കണ്ടിട്ടുണ്ട് എന്നത്. പാടത്തോ പറമ്പിലോ മേയുന്ന പകലിന്റെ ചില ഇടവേളകളിൽ കൈക്കുഞ്ഞുമായി തന്റെ അടുത്ത് വരാറുണ്ട്. തന്നെ ചൂണ്ടിക്കാട്ടി കുഞ്ഞിന്നോടെന്തോ കൊഞ്ചി പറയുന്നത് കാണാം. അതുകേട്ടു കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന കുഞ്ഞിന് കാണാൻ പാകത്തിൽ നിന്നു കൊടുക്കുമായിരുന്നു.
നേരം പുലർന്നപ്പോൾ ആർത്തലച്ചോടി വന്നവരിൽ അവളുണ്ടായിരുന്നു. കുട്ടിത്തം വിട്ടുമാറാത്തൊരു പെൺകുട്ടി. നടുക്കുന്ന കാഴ്ചയിൽ തൊണ്ടയിൽ കുടുങ്ങിയ ഒരു നിലവിളിയോടെ അവൾ കുഴഞ്ഞു വീണപ്പോൾ താങ്ങിയ കൈകളിൽ ഒന്നിൽ വാവിട്ടു കരയുന്ന ഒരു കുഞ്ഞുമുണ്ടായിരുന്നു.
“എന്റെ പൊന്നുമോനെ” എന്ന് ആർത്തുകൊണ്ടയാൾ ഒരു കൈകൊണ്ട് കുഞ്ഞിനേയും മറുകൈകൊണ്ട് ആ പെൺകുട്ടിയെയും തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.
ഹൃദയം തകർന്നു നിൽക്കുന്ന ആ അച്ഛന്റെ കൈകളിൽ നിന്നും കുഞ്ഞിനെ വാരിയെടുത്ത ആളുടെ മുഖം കണ്ടപ്പോൾ നടുങ്ങിപ്പോയി. അത് ആ മൂവരിൽ ഒരാളായിരുന്നു. ഒരു തരിമ്പുപോലും കൂസലില്ലാതെ അയാൾ അവരെ ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു.
അന്വേഷണത്തിനു വന്ന പോലീസുകാർ ദൃക്സാക്ഷികളെ തെരഞ്ഞപ്പോൾ ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. ഞാൻ കണ്ടുവെന്ന്. എനിക്കറിയാമെന്ന്. ഒരുവൻ നിങ്ങളുടെ അടുത്ത് തന്നെ ഉണ്ടെന്ന്. പക്ഷെ വെറുമൊരു നാൽക്കാലി മിണ്ടാപ്രാണിയുടെ ദൃക്സാക്ഷിത്വം ആർക്കു വേണം. എല്ലാത്തിനും മൂകസാക്ഷിയായി നിൽക്കുകയല്ലാതെ മാർഗമൊന്നുമില്ലായിരുന്നു.
പ്രതികളായി ആരോപിക്കപ്പെട്ടവരെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴാണ് ശരിക്കും ഞെട്ടിയത്. അത് അന്ന് രാത്രി കണ്ട മൂന്നുപേരായിരുന്നില്ല. വേറെയേതോ ചെറുപ്പക്കാർ. നിർജ്ജീവമായ മുഖമുള്ള അവർ പോലീസുകാർ ചോദിക്കുന്നതിനൊക്കെ യന്ത്രികമായി എന്തൊക്കെയോ മറുപടി കൊടുത്തുകൊണ്ടിരുന്നു. അറക്കാൻ നിർത്തിയ മൃഗത്തിന്റെ നിസ്സംഗതയായിരുന്നു അവരുടെ കണ്ണുകളിൽ.
ആ നിസ്സംഗതയുടെ യഥാർത്ഥ വ്യാപ്തി ശരിക്കുമറിഞ്ഞത് ഈ അറവുമാടത്തിൽ വന്നതിനു ശേഷമാണ്. ചെറുപ്പം മുതൽ തീറ്റിപ്പോറ്റിയ കൈകൾ പതിനായിരങ്ങൾ വാങ്ങി അറവുകാർക്ക് വിറ്റ അന്നാണ് മനസ്സിലായത്, വയറു നിറയെ തന്നതെല്ലാം ഇറച്ചി തൂക്കത്തിനു കണക്കു പറഞ്ഞു കാശ്ശെണ്ണി വാങ്ങാനായിരുന്നു എന്ന്.
“അമ്പത് തെകച്ച് വേണം കാദറേ…അതിൽ ഒരു നീക്കുപോക്കൂല്ല”
“അയ്, അയ്നിപ്പോ ആയിരോല്ലേ കൊറവുള്ളു, ഇയ്യ് ഒന്ന് ക്ഷമിക്കെന്റപ്പാ”
“അത് ശരിയാവൂല്ലിക്ക, ഇങ്ങേരിക്ക് വേണ്ടായിരിക്കും… ഞാനീ കാലത്തും വയ്യിട്ടും കണ്ട പറമ്പോക്കെ കേറി കൊറേ പുല്ലറുത്തതാ. അമ്പത് തെകച്ചും വേണം” അയാളുടെ ഭാര്യ ഇടക്ക് കേറി കയർത്തു.
“ആ, ഇന്നാ പിടി.. അമ്പത് തെകച്ചൂണ്ട്.. നഷ്ടം ആണ്…. ആ പോട്ട്”
അത്രയും ആയപ്പോഴേക്കും കാര്യങ്ങൾ ഏതാണ്ടൊക്കെ പിടികിട്ടിയിരുന്നു. വണ്ടിയിൽ കയറ്റുമ്പോൾ അയാളോട് ചേർന്ന് നിന്ന് ദേഹത്തുരസി ദീനതയോടെ നോക്കി. ഒരിറ്റ് ദയാവായ്പ്പിനുവേണ്ടി. ഒട്ടും ദാക്ഷിണ്യമില്ലാതെ തള്ളി വണ്ടിയിലേക്ക് കയറ്റുകയാണുണ്ടായത്.
എല്ലുമുട്ടിക്ക് വേണ്ടി കടിപിടിക്കൂടുന്ന നായ്ക്കളുടെ ശബ്ദം കാതുകളെ അലോസരപ്പെടുത്തികൊണ്ടിരുന്നു. അറവുമാടത്തിൽ നിന്ന് മൈതാനത്തേക്ക് പരന്ന നേർത്ത വെളിച്ചത്തിൽ കണ്ടു, വലിയൊരു എല്ലിൻ കഷ്ണം വായിലാക്കിയ അസാമാന്യ വലിപ്പമുള്ള ഒരു കറുത്ത നായ. ഇരുട്ടിൽ ചോരചുവപ്പാർന്ന കണ്ണുകൾ തിളങ്ങി. അതിന് നേരെ കുരച്ചു ചാടുന്ന കുറെയധികം ചാവാലി നായ്ക്കൾ. അവർക്കു ചുറ്റും ചെറുതും വലുതുമായ എല്ലുമുട്ടികൾ ചിതറിക്കിടന്നു. പെട്ടന്ന് അവറ്റകൾ ഒറ്റക്കെട്ടായി കറുത്ത നായ്ക്ക് മേൽ ചാടിവീണു. പിടിച്ചു നിൽക്കാൻ ആവില്ലന്ന് കണ്ടപ്പോൾ, എല്ലിൻ കഷ്ണം വായിലാക്കിയ ആ കറുത്ത നായ ഒന്ന് കുതറി മുന്നോട്ട് കുതിച്ച് പൊടുന്നനെ പിന്തിരിഞ്ഞോടി. പുറകെ മറ്റു ചാവാലി നായ്ക്കളും.
തച്ചൻക്കോഴിയുടെ കൂവൽ ഇപ്പോൾ കേൾക്കുന്നില്ല. അകലെ കാണുന്ന വീടുകളിൽ വെളിച്ചം തെളിഞ്ഞു തുടങ്ങി. പള്ളിയിൽ നിന്ന് സുബ്ഹി ബാങ്ക് വിളിയുയർന്നു. തൊട്ടടുത്ത അമ്പലത്തിൽ നിന്ന് അമ്പലമണികളുടെ ശബ്ദം. അതിനെയെല്ലാം ഖണ്ഡിച്ചു കൊണ്ട് കല്ലിലുരച്ച് മൂർച്ച കൂട്ടുന്ന വെട്ടുകത്തിയുടെ അരോചക സ്വരം!
വഴിയിൽ ആളനക്കം തുടങ്ങി. സുബ്ഹി നിസ്‌കരിക്കാൻ പോകുന്നവരും നിർമാല്യം തൊഴാൻ പോകുന്നവരും ആക്കൂട്ടത്തിലുണ്ടാവാം. വഴിയിൽ നിന്നാരോ അറവുമാടത്തിനടുത്തേക്ക് നടക്കുന്നു.
“ടാ സുബൈറേ, ഇന്നത്തെ കാലെനിക്ക് മാറ്റിവെച്ചേക്ക്. സൂപ്പുണ്ടാക്കാനാ”
“ആ.. ചങ്ങായീ…ഇന്നത്തെ ഇങ്ങക്ക് തന്നെ.. നേരത്തെ പറഞ്ഞത് നന്നായി”
ചോദിച്ച ആളെ നിർവികാരമായി നോക്കി. അതവരിൽ ഒരുവനായിരുന്നു. ആ മൂവരിൽ ഒരുവൻ. ചങ്കിടിപ്പ് കൂടുന്നു. ദേഹമാകെ തളരുന്ന പോലെ. തല നീട്ടി വെച്ച് കണ്ണുകൾ ഇറുക്കിയടച്ചു. എണ്ണപ്പെടുന്ന നിമിഷങ്ങൾ!