കാലങ്ങളെ അതിജീവിച്ച് ഒരു പ്രകാശഗോപുരം

കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കുമ്പോൾ കർക്കിടകത്തിലെ ഉത്രട്ടാതി വരുന്നു. എം.ടി എൺപത്തി ഏഴിലേക്കാണ് കടക്കുന്നത്. പണ്ട് സ്ക്കൂളിൽ ചേർക്കവേ പറഞ്ഞു കൊടുത്ത ഒരു തീയതി കണക്കാക്കി മാധ്യമങ്ങൾ ഒരു പിറന്നാൾ ആഘോഷിച്ചു കഴിഞ്ഞു. 2020 ഓഗസ്റ്റ് 8 നാണ് വീട്ടുകാർ പിറന്നാളായി ആചരിക്കുന്ന ജന്മനക്ഷത്രം.

എം.ടി. വാസുദേവൻ നായരുടെ അനുജൻ എഴുത്തുകാരൻ എം.ടി. രവീന്ദ്രന്റെ ഓർമ്മകളുടെ പിറന്നാളൂട്ട് .

Photo Courtesy: The Hindu/Shaju John

കൂടല്ലൂർ എന്ന നിളയോര ഗ്രാമത്തിന് എം.ടി എന്ന എഴുത്തുകാരന് മുമ്പ് ഒരു സാംസ്ക്കാരിക ചരിത്രമില്ല എന്നതാണ് പരമാർത്ഥം. പതിറ്റാണ്ടുകൾക്ക് മുമ്പ് ചില തറവാടുകളിൽ ഏർപ്പാടാക്കിയ കുടിപ്പള്ളിക്കൂടങ്ങളിൽ എവിടെ നിന്നോ വരുന്ന എഴുത്തച്ഛൻമാരായിരുന്നു ഞങ്ങളുടെ അമ്മമാരെ അക്ഷരം പഠിപ്പിച്ചത്. കൂടല്ലൂരിൽ അംഗീകാരമുള്ള ഒരു പ്രാഥമിക വിദ്യാലയം വരുന്നതിന് ഒരു നൂറ്റാണ്ടിൽ ഏറെ പഴക്കമില്ല. അതിന് മുമ്പ് വടക്കും മുറിയിൽ ഒരു ഓലപ്പുര കെട്ടി അയൽദേശത്തുനിന്ന് വന്ന് ഒരു കോപ്പൻ മാഷ് കുട്ടികളെ പഠിപ്പിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. സ്ക്കൂളിൽ പറഞ്ഞ് അയക്കാൻ മാത്രം പ്രായമാവാതിരുന്ന വാസുവിനെ വികൃതിയും വാശിയും സഹിക്കാനാവാതെ ഏട്ടത്തി കോപ്പൻ മാഷുടെ ക്ലാസിൽ കൊണ്ടിരുത്തിയ കഥ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. പിന്നെ മുതലാളിമാരിൽ ആരോ തുടങ്ങിയ സ്ക്കൂളിൽ ഞങ്ങൾ പലരും പഠിക്കാൻ പോയിട്ടില്ല. മാപ്പിള സ്ക്കൂൾ എന്നാണ് കൂടല്ലൂർ ദേശത്ത് തുടങ്ങിയ അഞ്ചാം തരം വരെ പഠിക്കാനുള്ള സ്ക്കൂളിനെ പറഞ്ഞിരുന്നത്. അവിടെ പോയി പഠിക്കുന്ന കുട്ടികൾ നല്ല വാക്കുകൾ ഒന്നും പഠിക്കില്ല എന്ന് പലരും അടക്കം പറഞ്ഞിരുന്നു. കുന്ന് കയറി മലക്കാവിൽ ഉളള സർക്കാർ ലോവർ പ്രൈമറി സ്ക്കൂളിൽ ഞങ്ങളുടെ മറ്റൊരു താവഴിയിലെ അമ്മാമൻ അദ്ധ്യാപകനാണ്. അതുകൊണ്ട് ഒരു പ്രത്യേക ശ്രദ്ധയും കിട്ടും എന്ന വിശ്വാസമാണ് വാസുവിനെ അവിടെ ചേർക്കാൻ വല്യമ്മയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

അഞ്ചാം തരം വരെ പഠിച്ച് അദ്ധ്യാപക പരിശീലനം നേടി മാഷാവുന്ന ഒരു കാലമായിരുന്നു അത്. പിന്നെ അദ്ധ്യാപക പരിശീലനത്തിന് എട്ടാം തരം പാസാവണമെന്ന നിബന്ധന വന്നു. പിന്നെ പത്താം തരം പാസായവർക്കായി അദ്ധ്യാപക പരിശീലനത്തിന്റെ യോഗ്യത. മലമക്കാവ് സ്ക്കൂളിലെ പഠനം കഴിഞ്ഞാൽ ഹൈസ്ക്കൂൾ പഠനത്തിന് കുമരനെല്ലൂർ സർക്കാർ ഹൈസ്കൂളിൽ പോവണം. വല്യച്ഛൻ സിലോണിൽ പോയി വരുമാനമൊക്കെയായതു കൊണ്ട് കുട്ടികളെ കുമരനെല്ലൂരിൽ വീട് വാടകക്ക് എടുത്ത് പഠിപ്പിക്കാൻ വല്യമ്മക്ക് കഴിഞ്ഞു.

ഹൈസ്ക്കൂൾ പഠനത്തിന് ശേഷം ദൂരെയുള്ള കോളേജുകളിൽ ചേർത്ത് ബിരുദ പഠനത്തിന് അയച്ചു. വിദേശത്ത് നിന്ന് എത്തുന്ന വല്യച്ഛന്റ വരുമാനം നാല് മക്കളെ പട്ടണങ്ങളിൽ പാർപ്പിച്ച് പഠിപ്പിക്കാൻ തികയാകാതെ വന്നതിനാൽ ചിലർ പഠിപ്പ് നിർത്തി തൊഴിൽ തേടി. പാലക്കാട്ടെ വിക്ടോറിയ കോളജിലെ പഠന കാലം ഇല്ലായ്മകൾക്കൊപ്പമായിരുന്നു എന്ന് എം.ടി പറഞ്ഞിട്ടുണ്ട്. പുസ്തകങ്ങളായിരുന്നത്രേ അന്ന് കൂട്ട്. ചെറുപ്പം മുതലേ കവിതയായും കഥയായും ലേഖനങ്ങളായും എന്തെങ്കിലും എഴുതുമായിരുന്നു. എഴുത്തിന്റെ വഴിയിൽ ഒരു പാരമ്പര്യവും എം.ടിക്ക് ഇല്ല. കൂടല്ലൂർക്കാർക്ക് എം.ടിക്ക് മുൻപ് എഴുത്തുകാർ എന്ന് കേട്ടിട്ടുളളത് ആധാരമെഴുത്തുകാർ മാത്രമാണ്. ആധാരമെഴുതാൻ ലൈസൻസ് ആവശ്യമില്ലാത്ത കാലത്ത് ഞങ്ങളുടെ അമ്മാമൻ ആധാരമെഴുതിയിരുന്നു. മറ്റ് താവഴികളിലെ ചില കാരണവന്മാരും ആധാരമെഴുതുന്നവരായി ഉണ്ടായിരുന്നു. വല്യമ്മയുടെ മക്കൾ എല്ലാവരും അപൂർവ്വം എഴുതിയിരുന്നെങ്കിലും ഞാൻ ഉണ്യേട്ടൻ എന്ന് വിളിക്കുന്ന എം.ടി മാത്രമാണ് എഴുതി തെളിഞ്ഞത്.

ലോകത്ത് പരന്നു കിടക്കുന്ന മലയാളികൾക്കിടയിലെ വായനക്കാർക്കിടയിൽ എം.ടി പ്രിയങ്കരനായ എഴുത്തുകാരനായി. ഇരുപത്തിമൂന്നാം വയസ്സിൽ ‘നാലുകെട്ട്’ എന്ന നോവലെഴുതി. തൊട്ടടുത്ത വർഷങ്ങളിൽ തന്നെ സാഹിത്യ അക്കാദമി അവാർഡ് നേടി പ്രസിദ്ധനായ എഴുത്തുകാരൻ തലമുറകൾക്കതീതമായ ആരാധകരെ ഒപ്പം കൂട്ടിയത് സമകാലീനരായ എഴുത്തുകാർക്കിടയിൽ അസൂയ ജനിപ്പിക്കുകയും ചെയ്തു. സ്ഥിരതാമസം കോഴിക്കോട്ട് ആണെങ്കിലും ദൂരദേശങ്ങളിൽ നിന്ന് വരുന്ന വായനക്കാരും എഴുത്തുകാരും അദ്ദേഹം ഇവിടെയാണ് താമസം എന്ന് കരുതി കൂടല്ലൂർ സന്ദർശിക്കാനെത്തുന്നു. ഇവിടെയല്ല താമസം എന്നറിയുന്നവർ വരുന്നത് അദ്ദേഹത്തിന്റെ ജന്മദേശം ഒന്ന് കാണാനാണ്. എഴുത്തുകാരൻ നടന്ന വഴിയിലൂടെ ഒന്ന് നടക്കാനാണ്. വാക്കുകളിലെ വിസ്മയം കൊണ്ടാണ് വായനക്കാരുടെ ഹൃദയത്തിൽ എം.ടി ഇടം തേടിയത്.

ജ്ഞാനപീഠത്തിൽ എത്തിയ എഴുത്തുകാരന്റെ ജന്മം ഈ നിളയോര ഗ്രാമത്തിന്റെ പുണ്യമാണ്. ചെറിയ കുട്ടികളും മുതിർന്നവരുമായ അറുപതിലേറെ ആളുകൾ ഒന്നിച്ച് ഉണ്ടുറങ്ങിയ ഒരു തറവാട് ഇപ്പോഴും വായനക്കാരിലൂടെ പുനർജനിക്കുന്നു. ഓർമയിലുള്ള പഴയ തറവാട് വർഷംതോറും ഓല മേഞ്ഞ് കെട്ടിയ നടുമുറ്റവും തളവും ഒക്കെയുള്ള വലിയ ഒരു ഇരു നില കെട്ടിടമായിരുന്നു. താഴെ നിലയിലും ഒന്നാം നിലയിലും ചുമരോട് ചാരി പലക നിരത്തി അടിച്ചുണ്ടാക്കിയ പത്തായങ്ങൾ ഉണ്ടായിരുന്നു. പ്രതാപകാലത്ത് കൊയ്ത്തും മെതിയും കഴിഞ്ഞ് നെല്ലും വിത്തും ഉണക്കി സൂക്ഷിച്ചിരുന്നത് ഈ പത്തായങ്ങളിലായിരുന്നത്രേ. പിന്നെ ഇരുനിലയുള്ള ഒരു പത്തായപ്പുര. ചെങ്കല്ലുകൾ കുമ്മായകള്ളികളിൽ പടുത്ത് ഉയർത്തിയ ചുമരുകൾ. ഓട് മേഞ്ഞ ഇരുനില കെട്ടിടത്തിലും താഴെയും ഒന്നാം നിലയിലും പത്തായങ്ങൾ. പലയിടത്തും സ്വന്തമായി വീട് ഇല്ലാതെ കഴിഞ്ഞ ഞങ്ങളുടെ താവഴിക്ക് ഭാഗം വെച്ച് കിട്ടിയത് മൂന്നോ നാലോ ഏക്കർ കൃഷി ഭൂമിയാണ്. രണ്ടോ മൂന്നോ പത്തായം ഉണ്ടായാൽ തന്നെ ഞങ്ങൾക്ക് ധാന്യപ്പുരയ്ക്ക് സ്ഥലം ധാരാളം. വല്യമ്മ പല താവഴികൾ കൈമാറിയ നാലുകെട്ടും പത്തായപ്പുരയും വീണ്ടെടുത്തതാണ്. അമ്മയും അനിയത്തിയും രണ്ട് ആങ്ങളമാരും കൂടി ഒരുമിച്ചു കഴിയാൻ ശ്രീലങ്കൻ വാസം കൂടി ഉപേക്ഷിച്ച വലിയ മനസ്സുള്ള സ്ത്രീയായിരുന്നു അവർ. ഇളയ മകൻ വാസുവിന് ഏട്ടത്തിയുടെ മനസ്സ് ആണെന്ന് എന്റെ അമ്മ ഇടക്കിടെ പറയുമായിരുന്നു. കഷ്ടപ്പെടുന്നവരെ കാണുന്ന മനസ്സ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മോഹിച്ച ഒരു പച്ച മനുഷ്യനെ ഞാൻ പല അവസരങ്ങളിലും കണ്ടിട്ടുണ്ട്.

കോവിഡ് കാലത്ത് കോഴിക്കോട്ട് വീട്ടിൽ അടച്ചിരിക്കുമ്പോൾ കർക്കിടകത്തിലെ ഉത്രട്ടാതി വരുന്നു. എം.ടി എൺപത്തി ഏഴിലേക്കാണ് കടക്കുന്നത്. ആരോ സ്ക്കൂളിൽ ചേർക്കാൻ പറഞ്ഞ് കൊടുത്ത ഒരു ജനന തീയതി വെച്ച് മാധ്യമങ്ങൾ ഒരു പിറന്നാൾ ആഘോഷിച്ചു. ജന്മനക്ഷത്രം വീട്ടുകാർ പിറന്നാളായി ആചരിക്കുന്നു. അറിഞ്ഞ് ചെല്ലുന്ന ആളുകൾ ആശംസകൾ നേർന്ന് തിരിച്ചു പോരും. ക്ഷേത്രങ്ങളിൽ പോയി എം.ടിയുടെ പിറന്നാളിന് വഴിപാടുകൾ പതിവായി കഴിക്കുന്ന ചില ആരാധകർ ഉണ്ട്. അവരിൽ ചിലർ പ്രസാദം കോഴിക്കോട്ടെ വീട്ടിൽ എത്തിക്കാറുണ്ട്. ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന തിരിച്ച് ഒന്നും ആഗ്രഹിക്കാത്ത, എം.ടി എന്ന എഴുത്തുകാരനെ അളവറ്റ് സ്നേഹിക്കുന്ന, മനസ്സിൽ ഒരു ദൈവത്തെപ്പോലെ പ്രതിഷ്ഠിച്ച ആരാധകർ. മാടത്ത് തെക്കെപ്പാട്ട് താവഴികൾ പല ദേശങ്ങളിൽ ഉണ്ട്. അവർ എം.ടിയെ ഓർത്ത് അഭിമാനിക്കുന്നു. ഒരു ബന്ധം പറഞ്ഞ് നെഞ്ച് വിരിച്ച് നടക്കുന്നു. ഏത് ബന്ധം പറഞ്ഞാലും കൂട്ടുകുടുംബത്തിലെ അവസാന കണ്ണികളിൽ ഒരാളാവാൻ കഴിഞ്ഞ എം.ടി നിഷേധിക്കാറുമില്ല.

പഴയ നായർ കുടുംബങ്ങളിൽ അടുത്ത ശാഖയിൽ അല്ലെങ്കിൽ പോലും ചെറിയമ്മമാരും വലിയമ്മമാരും മരുമക്കളും ആയി ഒട്ടേറെ പേരുണ്ടാവും. മാടത്ത് തെക്കെപ്പാട്ട് എന്ന തറവാടിന്റെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ രണ്ട് വാക്കുകൾ, അതിലെ ആദ്യാക്ഷരങ്ങൾ ഒന്ന് എം എന്നും രണ്ടാമത്തെ വാക്കിന്റെ ആദ്യാക്ഷരം ടി എന്നുമാണല്ലോ. ദേശപ്പേര് വെക്കാതെ എഴുത്ത് ആരംഭിച്ച എഴുത്തുകാരന്റെ ജന്മദേശം കണ്ടെത്തിയത് വായനക്കാരും ആരാധകരുമാണ്. ലോക സാഹിത്യത്തിൽ കൂടല്ലൂർ ഗ്രാമം അടയാളപ്പെടുത്തിയിരിക്കുന്നു. എം.ടി എന്ന രണ്ടക്ഷരങ്ങളുടെ പൂർണ്ണരൂപം തിരഞ്ഞ് ഒരു തറവാടും നിലനിൽക്കുന്നു. മലയാളത്തിന്റെ മഹാതേജസ് ആയ ഒരു എഴുത്തുകാരൻ ഒരു ഗ്രാമത്തിന്റെ പുണ്യമായി. ഒരു തറവാടിന്റെ പുണ്യമായി. തറവാട് പൊളിച്ച് പണി ചെയ്ത് എം.ടിയുടെ മൂത്ത ജ്യേഷ്ടൻ അവിടെ ഓടിട്ട ഒരു ചെറിയ ഇരുനില വീട് പണി ചെയ്തു. മച്ച് നിന്നിരുന്ന സ്ഥലം തറ ഇളക്കാതെ പുതിയ വീട്ടിൽ നില നിർത്തിയിരിക്കുന്നു. അവിടെ ഞങ്ങളുടെ മറ്റൊരു അമ്മയുണ്ട്. കൊടിക്കുന്നത്തമ്മ എന്ന് വിശേഷിപ്പിക്കുന്ന ഭഗവതി.

കൂടല്ലൂരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന അക്ഷരം കൂട്ടിഎഴുതാൻ പഠിച്ച ഒട്ടേറെ ആളുകൾ ഉണ്ട്. സ്വന്തം കൈയിൽ നിന്ന് കാശ് മുടക്കി പുസ്തകം അച്ചടിപ്പിച്ചു പ്രസിദ്ധീകരിച്ച ചിലരെങ്കിലും ഉണ്ട്. ആർക്കും എന്തും എഡിറ്റർ എന്ന ചെക്ക്പോസ്റ്റിൽ പോവാതെ പോസ്റ്റ് ചെയ്ത് നവ മാധ്യമങ്ങളിൽ പ്രത്യക്ഷരാവുന്ന എഴുത്തുകാർ വരെയുണ്ട്. കുട്ടികൾക്ക് വേണ്ടി കവിതകളും കഥകളും ബാലപ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്ന വസീറലി കൂടല്ലൂർ കുറച്ച് പുസ്തകങ്ങൾ ബാല സാഹിത്യ ശാഖയിൽ കോഴിക്കോട് ചില പ്രസിദ്ധ പുസ്തകശാലകൾ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠിക്കാൻ കഴിയാതെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ടു തൃപ്തിപ്പെട്ട വസീറലി മരിച്ചു പോയെങ്കിലും കുറെ കുട്ടികളിലൂടെ ജീവിക്കുന്നുണ്ട്. സമ്പന്നനായ പിതാവ് മക്കളിൽ ചിലരെ മദിരാശിയിലും മറ്റും പഠിപ്പിച്ചു. ഒരാളെ നിയമ ബിരുദധാരിയാക്കി. വാശിക്കാരനായ ബാപ്പ വസീറലി ഇനി പഠിക്കേണ്ട എന്ന് വിധിച്ചു. എന്നാലും മറ്റ് മക്കളെക്കാൾ അറിയപ്പെടാൻ എഴുത്തിലൂടെ അഞ്ചാം തരം വരെ പഠിച്ച വസീറലി കൂടല്ലൂർ എന്ന ബാല സാഹിത്യകാരന് കഴിഞ്ഞു.

എന്റെ ആത്മകഥ എന്റെ കഥകൾ കൂട്ടിച്ചേർത്താൽ പൂർത്തിയാവുന്നു എന്ന് എം.ടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആത്മകഥയെന്ന പേരിലോ ജീവിത കഥയെന്ന പേരിലോ അദ്ദേഹം ഒന്നും എഴുതിയിട്ടില്ല. എം.ടിയെക്കുറിച്ച് മറ്റുള്ളവർ എത്രയോ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ടിയുടെ ജീവിതം അദ്ദേഹത്തിന്റെ രചനകളിൽ ഉണ്ട്. കഥകളിലും നോവലുകളിലും അദ്ദേഹം വല്ലപ്പോഴും എഴുതിയ ലേഖനങ്ങളിലും അഭിമുഖങ്ങളിലും അദ്ദേഹത്തിന്റെ ജീവിതമുണ്ട്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ എ. സജീവൻ എം.ടിയെക്കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങളും അദ്ദേഹവുമായി നടത്തിയ അഭിമുഖവും ചേർത്ത് പ്രസിദ്ധീകരിച്ച സമാഹാരം തൃശ്ശൂർ കറൻറ് ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘എഴുത്തിന്റെ ആകാശം – എം.ടിയുടെ ജീവിതം’ എന്ന ആ പുസ്തകം ഇറങ്ങിയ കാലത്ത് തന്നെ ഞാൻ വായിച്ച് ഇഷ്ടപ്പെട്ട ഒരു കൃതിയാണ്. പിന്നെ എവിടെയോ വെച്ച് നഷ്ടപ്പെട്ടു എന്ന് കരുതിയ പുസ്തകം ഈയിടെ ഏതോ മേശവലിപ്പിൽ നിന്ന് കണ്ടെടുത്തു. ഒരിക്കൽ കൂടി വായിച്ചു. എം.ടിയുടെ ശൈശവവും ബാല്യവും ഒന്നും എനിക്ക് നേരറിവുകൾ അല്ല. പത്ത് പതിനൊന്ന് വയസ്സിന്റെ ഇളപ്പമുള്ള എനിക്ക് ഒരു നാലുകെട്ടിന്റെ മേൽക്കൂരക്ക് കീഴെ ജനിക്കാൻ ഭാഗ്യമുണ്ടായെങ്കിലും എന്റെ അമ്മ പറഞ്ഞ വാസുവിന്റെ ശൈശവവും ബാല്യവും മാത്രമെ അറിയു. ഏടത്തിയും അനിയത്തിയുമൊക്കെ വല്ലപ്പോഴും അപൂർവമായി വഴക്കിടുമെങ്കിലും പരസ്പരം സുഖദു:ഖങ്ങൾ പങ്കിട്ടു ജീവിച്ചവർക്ക് സ്നേഹിക്കാൻ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. ഏട്ടത്തിയുടെ മക്കൾ അനിയത്തിയുടെ മക്കൾ എന്ന വകതിരിവുണ്ടായിരുന്നില്ല. വല്യമ്മയുടെ മക്കളെ എന്റെ അമ്മ വിശേഷിപ്പിച്ചിരുന്നത് എന്റെ ഗോവിന്ദൻകുട്ടി, എന്റെ ബാലൻ, എന്റെ കൊച്ചുണ്ണി (പരേതനായ എഴുത്തുകാരനും, വിവർത്തകനുമായിരുന്ന എം.ടി.എൻ. നായർ), എന്റെ വാസു എന്നൊക്കെയാണ്. വല്യമ്മ നേരത്തെ മരിച്ചുവെങ്കിലും എന്റെ അമ്മ തൊണ്ണൂറ് കഴിഞ്ഞാണ് മരിച്ചത്. വല്യമ്മക്ക് ഇളയ മകന്റെ പേരും പ്രശസ്തിയും അനുഭവിക്കാൻ കഴിഞ്ഞില്ലെങ്കിലും ചെറിയമ്മക്ക് ഏട്ടത്തിയുടെ ഇളയ മകൻ പ്രശസ്തിയുടെ കൊടുമുടി കീഴടക്കുന്നത് കാണാൻ കഴിഞ്ഞു. എം.ടിയുടെ ജന്മദേശം കാണാനും അദ്ദേഹത്തിന്റെ കഥകളുടെ പൊരുളറിയാനും വന്ന ആരാധകർ കുന്നിൽ മുകളിലെ വീട്ടിൽ ജീവിച്ചിരുന്ന എം.ടിയുടെ ചെറിയമ്മയെ കാണാൻ എത്തി. ഒരിക്കൽ കഥയുടെ കരുത്തനായ കോവിലൻ എത്തി എം.ടി എഴുതിയ കഥകളിലെ ദാരിദ്യകാലം നേരായിരുന്നോ എന്ന് ചോദിച്ചു. മുണ്ടു് മുറുക്കിയുടുത്ത് ഒട്ടിയ വയർ ആരെയും കാണിക്കരുത് എന്ന് പഠിച്ച ഒരു അമ്മക്ക് ദാരിദ്രം എല്ലാ ഇടത്തരം കർഷക കുടുംബങ്ങളിലും സാധാരണമായിരുന്നെങ്കിലും അത് സത്യമെന്ന് പറയാൻ കഴിയില്ലായിരുന്നു. അതൊക്കെ അവൻ വെറുതെ എഴുതിയതാണെന്ന് കോവിലനോട് പറഞ്ഞത്രെ. ഏതോ പത്രക്കാർ എം.ടിയെക്കുറിച്ച് എഴുതിയ ലേഖനത്തിൽ ചെറിയമ്മയുടെ പടം വന്നു.

കൂടല്ലൂരിൽ എം.ടി.യുടെ കഥാപാത്രങ്ങളെ കാണാൻ വരുന്ന വായനക്കാരും ആരാധകരും പലപ്പോഴും നിരാശരാവുന്നത് കണ്ടിട്ടുണ്ട്. ‘നാലുകെട്ട്’ എന്ന നോവലിൽ ഒരു യൂസഫിൻ്റെ പീടികയെ കുറിച്ച് പരാമർശമുണ്ടു്. യൂസഫ് തൊണ്ണൂറിൻ്റെ പടിവാതിൽക്കലാണ്. ഇപ്പോഴും അത്യാവശ്യം നടക്കുന്നുണ്ട്. പേരക്കുട്ടികൾ പലരും പഠിച്ച് മിടുക്കരായി കാണാൻ ഭാഗ്യം ചെയ്തു. ചിലർ എഞ്ചിനീയർമാർ, ചിലർ ഡോക്ടർമാർ. മക്കൾ ചിലർ വിദേശങ്ങളിലും ഉണ്ട്. പഴയ യൂസഫിൻ്റെ പീടിക ‘റംല സ്റ്റോർ’ എന്ന പേരിൽ പലചരക്കും സ്റ്റേഷനറി സാധനങ്ങളും ഒക്കെയായി പരിഷ്കൃത രൂപം കൊണ്ടു ഇപ്പോഴും ഉണ്ട്. മക്കളിൽ ഒരാൾ ഗൾഫിൽ നിന്ന് മടങ്ങിവന്ന് കടനടത്തിപ്പിൻ്റെ ചുമതല വഹിക്കുന്നു. യൂസഫിൻ്റെ കട അന്വേഷിച്ച് എത്തുന്നവർ ജീവിച്ചിരിക്കുന്ന ഏക കഥാപാത്രത്തെ കണ്ട് സംസാരിക്കും. എം.ടി.യുടെ കഥാപാത്രമായതിൽ ഉള്ള അഭിമാനം യൂസഫ് ഹാജി ഉള്ളിൽ സൂക്ഷിക്കുന്നു. കഥാപാത്രങ്ങൾ പലരും എം.ടിക്ക് കുടുംബാംഗങ്ങളും അയൽക്കാരും ആയിരുന്നു.

എന്നെപ്പോലുള്ള കുടുംബാംഗങ്ങൾക് എം.ടി ഒരു മഹാവൃക്ഷമാണ്. ഞാൻ പണ്ടൊരിക്കൽ എഴുതിയത് ആവർത്തിക്കാനാണ് എനിക്ക് ഇഷ്ടം. ഞങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് ഈ മഹാവൃക്ഷം തണൽ നൽകണേ എന്നാണ് പ്രാർത്ഥന. തണലില്ലാതെ ഒരു പൊരിവെയിലിനെ എങ്ങിനെ അതിജീവിക്കും? മഹാവൃക്ഷത്തിന് താഴെ ഒരു വെയിലിൽ വാടിക്കരിയുന്ന ചെറു സസ്യങ്ങൾ ആണ് ഞങ്ങളെ പോലുള്ളവർ. എഴുത്തിൻ്റെ വഴിയിൽ എന്നെപ്പോലുള്ളവർക്ക് ഒരു പ്രകാശഗോപുരമാണ് എം.ടി എന്ന രണ്ടക്ഷരങ്ങൾ. വല്ലപ്പോഴും എന്തെങ്കിലും കുത്തിക്കുറിച്ച് നടക്കുന്നവർക്ക് എഴുത്തുകാരൻ എന്ന് അവകാശപ്പെടാൻ തന്നെ അർഹത ഇല്ല. എന്നും വായിച്ചും എഴുതിയുമാണ് നമുക്ക് മുന്നേ നടന്നവർ ലക്ഷ്യം കണ്ടത് – ഏത് യുഗപ്പിറവിയിലാണിനി ഇങ്ങിനെ ഒരു പുണ്യം കാണാനാവുക.

Image courtesy : Mathrubhumi weekly & online

പുഴയ്ക്ക് ഒരു പൂവും നീരും എന്ന ലേഖന സമാഹാരം, കുറുക്കന്റെ കല്യാണം എന്ന ബാലകവിതകളുടെ സമാഹാരം, കാലദൂതന്റെ വരവ് എന്ന കഥാസമാഹാരം എന്നിവ പ്രസിദ്ധീകരിച്ചു. ജാലകം ലിറ്റിൽ മാഗസിൻ പത്രാധിപരായിരുന്നു. സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിച്ചു.