കായൽ

ഒരു പൂർണ വിരാമത്തിനുള്ളിൽ
പെട്ടു പിടയ്ക്കയാൽ
അപൂർണമെങ്കിലും വാക്യം
പൂർണമാകുന്ന മാതിരി

അലസത വിഴുങ്ങിക്കൊണ്ടിരിപ്പൂ
കിതയ്ക്കുന്ന ബോട്ടിനുള്ളിൽ
വെയിൽപ്പൂക്കൾ
പാറിവീഴുന്നു ചുറ്റിലും

കൊടും ചില്ലകളിളക്കുന്ന
മാമരം കായലെന്നൊരാൾ
ആകാശം മുഖം നോക്കും
വട്ടക്കണ്ണാടി മറ്റൊരാൾ

ഞരങ്ങുന്നൂ ബോട്ടിടയ്ക്ക്
വേദനിക്കുന്ന മാതിരി
വേദനച്ചുളിവീഴുന്നോ
കായലിൻ്റെ പരപ്പിലും

വയസ്സൻ ജീവി പോലേറെ
ത്തളർന്നും തലയാട്ടിയും
പതിഞ്ഞ താളത്തിലായാസ
പ്പെട്ടു ശ്വാസം വലിച്ചുമേ

വെയിൽ ചൂടിത്തണൽ ചൂടി
ക്കിടന്നൂ കായ ,ലോളത്തിൽ
ക്കറങ്ങിയും തുഴഞ്ഞും
കൊണ്ടോടിയെത്തുന്ന പായലിൽ
നീർക്കോഴിപ്പിട തേടുന്നു
അന്നത്തേക്കുള്ള ഭക്ഷണം

ദൂരെയൊറ്റക്കൊരാൽമരം
കണ്ണുപൂട്ടിയും ചുട്ടവായുവിൽ
വിയർത്തും കാറ്റിനെക്കെട്ടി
-പ്പുണർന്നും നിൽപ്പുകൗതുകം  |

കാൽ നനച്ചു കിടക്കുന്നു
അമ്പലപ്പടവെത്രയോ
കാലമായിക്കുളിച്ചിട്ടും
പാപം തീരാത്ത മാതിരി

കളിഭ്രാന്തിൽ തുടുത്തും കൊണ്ടോടി
യെത്തുന്നു ബോട്ടിലേ
യ്ക്കൊളിക്കൺ നട്ടു കൈവീശി
ച്ചിരിച്ചും കൊണ്ടു കുട്ടികൾ

കായലോളങ്ങൾ തുള്ളുന്നു
നിങ്ങളെപ്പോലെ രമ്യദർശനം
വെള്ളവും പൂണ്ടു ,
ബാലരൂപം മനോഹരം

ഉച്ച ചാഞ്ഞൂ മടിക്കുത്തിൽ
പ്പിടയ്ക്കും വർത്തമാനത്തിൻ
കെട്ടഴിച്ചു മുറുക്കിക്കൊണ്ടിരുന്നൂ
നാട്ടു പെണ്മകൾ

ഒറ്റക്കാലിൽത്തപിക്കുന്ന
ചൂണ്ട കൊത്തിയെടുക്കുന്നു
മത്സ്യസഞ്ചാര വേഗത്തിൻ
സൂക്ഷ്മമാം ചലനങ്ങളെ

ഓരോ കരയിലും തൊട്ടും
ഇറങ്ങിക്കേറിയും ബോട്ടി
ന്നുൾത്തളം സൗഹൃദം പൂത്തു
കായ്ക്കും മറ്റൊരു ലോകമോ?

എത്ര ലാളിത്യമാണല്ലേ
പ്രകൃതിക്കെന്നു ചൊല്ലി
നാം വിസ്മയിക്കെ പിറക്കുന്നു
രണ്ടു കുട്ടികൾ നമ്മളിൽ.