ഗന്ധർവ്വന്മാർ
കാപ്പി പൂക്കളെ –
ചുമ്പിക്കുന്നുണ്ട്.
ഇല്ലെങ്കിലെങ്ങനെ
കാപ്പി പൂക്കൾക്ക്
ഇത്രമേൽ വാസന,
കാറ്റിൽ അവരുടെ
പ്രണയം ലയിക്കുന്നത്,
ഇത്രമേൽ വെളുപ്പ്.
ഓരോ പൂവും
ഓരോ പൂക്കൂട.
അവർ അത്രമേൽ
കാമിക്കുന്നുണ്ട്.
അതാണല്ലോ
കാപ്പിക്കുരു
ഗന്ധർവ്വ സ്നേഹത്താൽ
ചുവന്ന് ലജ്ജിക്കുന്നത്.
ഗന്ധർവ്വ ഗന്ധം
ഒരു കാറ്റിനും കൊടുക്കാതെ
ഹൃദയത്തിന്റെ
അറയിൽ പൂട്ടുന്നത്.
അത്രമേൽ പ്രണയത്തിലാകയാൽ
ഉണക്കിയിട്ടും വറുത്തിട്ടും
പൊടിച്ചിട്ടും തിളപ്പിച്ചിട്ടും
പ്രണയത്തിന്റെ
അണയാ തീയ്യായ്
വാക്കിന് ചെവിയായ്
രുചിക്ക് സാക്ഷിയായ്
മൺ കോപ്പയിൽവന്ന്
പ്രണയപത നിറക്കുന്നു.
കറുത്താലും വെളുത്താലും
മടുക്കാ വാസനയോടെ.