പൊന്നുഷസ്സിൻ മലർമഞ്ചലേറി
ബാലാർക്കനെത്തിയീ കാനനത്തിൽ
തൂമഞ്ഞണിഞ്ഞശ്വരഥത്തിലെത്തി
കാനനദേവത ശ്രീകോവിലിൽ.
പൂവള്ളികൾ വകഞ്ഞീറനുടുത്തു കൈതകൾ
രാഗവിസ്മയം തീർത്തു പക്ഷിവൃന്ദങ്ങളും
പച്ചത്തലപ്പിൽ കുളിർ നാമ്പുകൾ തൊട്ടുരുമ്മി,
മൊട്ടുകൾ കുനുകുനെപ്പൂച്ചെണ്ടുതീർത്തൂ മെല്ലെ
കാനനച്ചോലതൻ ഹിന്ദോളഗാനാലാപം
അഷ്ടപദീലയമാടിത്തിമിർക്കുന്നു
പൊൻവെയിൽപ്പട്ടു പുത ച്ചെത്തിദേവത
വണ്ടുകൾ മൂളി മുഴക്കുന്നു ശംഖൊലി !
കാറ്റിൽ മുളങ്കാട് കീർത്തനാലാപത്തിന്റെ
മാറ്റൊലിയുയിർകൊണ്ടു വേണുനാദമായ്മാറി
പിന്നെയാഗാനവിപഞ്ചിക തീർത്തൊരു
വൃന്ദാവനമായി നിന്നു കാനനം വീണ്ടും,
അന്തിക്ക് പൊൻ ചെരാതിൽ തിരിവയ്ക്കുവാന-
ന്തിക്കതിരോനുമെത്തി നില്ക്കുന്നിതാ,
ചിത്രകൂടത്തിന്റെ മേലാപ്പു ചോർത്തിയ
നിഴൽനിലാവെട്ടം കളം വരയ്ക്കുന്നിതാ
ഏഴിലം പാലകൾ പൂത്ത നിശീഥിനി-
ക്കേഴുവർണ്ണങ്ങളും ചാർത്തിക്കൊടുത്തതാ,
വീണ്ടുംതിരിച്ചു പ്രദ്യോതനൻ
ബ്രാഹ്മമുഹൂർത്തത്തെ വരവേൽക്കുവാൻ
പൊൻപുലരിയിലീവഴി
നിർമ്മാല്യ പുണ്യംനുകരുവാൻ…..