കാട്ടുകൂട്ടത്തില്‍ ചേരിതിരിവ്

ബുച്ചിബൂബൂ നോവൽ – അദ്ധ്യായം 9

കാട്ടുകൂട്ടത്തില്‍ പതിവില്ലാത്തൊരു നിശ്ശബ്ദത പരന്നിരുന്നു. മൃഗങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞിരിക്കുന്നു. വലിയവര്‍ എന്ന് പറയുന്ന വേട്ടക്കാരായ മൃഗങ്ങളും അവരെ പിന്തുണക്കുന്നവരും ഒരു വശത്ത്‌. കാടിനെ രക്ഷിക്കണമെന്നുള്ളവര്‍ മറുവശത്ത്‌. ബുച്ചി കാട്ടുകൂട്ടത്തിന്റെ അനുവാദമില്ലാതെ നിറം മാറുന്നവരുടെ ഇടയിലേക്ക് പോയത് വലിയവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. കാട്ടുകൂട്ടത്തില്‍ കുറ്റക്കാരനായി കണ്ടാല്‍ ഏറ്റവും വലിയ ശിക്ഷ പുറത്തു പോവുക എന്നതാണ്. പിന്നെ മറ്റു മൃഗങ്ങളുമായുള്ള കൂട്ടില്ല. ഒറ്റക്കുള്ള വാസം മടുക്കുമ്പോള്‍ മൃഗം പട്ടിണി മൂലമോ പേ പിടിച്ചോ മരിക്കാറാണ് പതിവ്.
പണ്ട് കാട്ടുകൂട്ടത്തില്‍ എല്ലാവരും ഒരുപോലെയായിരുന്നു തീരുമാനങ്ങള്‍ എടുത്തിരുന്നത്. പക്ഷെ നിറം മാറുന്നവര്‍ എന്ന അപകടത്തിന്റെ വരവിനു ശേഷം വലിയവര്‍ എന്ന് പറയുന്ന കരടി, പുലി, ചെന്നായ, കരിമ്പൂച്ച തുടങ്ങിയവർ നേതാക്കളാവുകയായിരുന്നു. സ്വയം വേട്ടക്കാരായതുകൊണ്ട് അവര്‍ കാടിനെ രക്ഷിക്കും എന്ന് തന്നെ മറ്റുള്ളവര്‍ കരുതി. പക്ഷെ അപകടം വന്നപ്പോള്‍ എല്ലാവരും സ്വന്തം തോലിക്കൊരു പോറല്‍ പോലുമെൽക്കരുത് എന്ന് മാത്രം ആഗ്രഹിച്ചു. സ്വയം മാത്രം രക്ഷിക്കാന്‍ ശ്രമിച്ചു. അവര്‍ക്കെതിരായ മുറുമുറുപ്പുകള്‍ ഒരുപാട് നാളായി ഉണ്ടെങ്കിലും ആര്‍ക്കും അവരുടെ നേര്‍ക്ക്‌ നേരെ ചെന്ന് പറയാനുള്ള ധൈര്യമില്ല.
പക്ഷെ ഇപ്പോള്‍ അവര്‍ ബുച്ചിയെ ചോദ്യം ചെയ്യുകയാണ്. കുറെ നാള്‍ മുന്‍പ് കാട്ടുകൂട്ടം വേണ്ടെന്നു പറഞ്ഞ കാര്യം ചെയ്തു എന്നതാണ് അവന്റെ കുറ്റം. പക്ഷേ ശരിക്കുമുള്ള കാരണം അവന്‍ വലിയവര്‍ ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒന്ന് ചെയ്തു എന്നതായിരുന്നു. അതുകൊണ്ട് തന്നെ മൃഗങ്ങളില്‍ കൂടുതല്‍ പേരും അവനോപ്പമായിരുന്നു. വലിയവര്‍ക്കവനെ ഒന്നും ചെയ്യാനായില്ല.
തിരിച്ചു പോവുന്നതിനു മുന്‍പ് അവന്‍ ആമക്കിളവനെ പോയി കണ്ടു. സംഭവിച്ച കഥകള്‍, അലഞ്ഞു തിരിഞ്ഞതും കെണിയില്‍ പെട്ടതും താമ രക്ഷിച്ചതും മേഘത്തെ കണ്ടതും മിണ്ടിയതും കതിര്‍ തന്നെ തിരിച്ചിവിടെ കൊണ്ട് വിട്ടതും ഒക്കെ കിളവനുമായി ഒരുപാട് നേരം ബുച്ചി സംസാരിച്ചിരുന്നു. തിരിച്ചു വരുമ്പോള്‍ അവൻ സന്തോഷവാനായിരുന്നു. ശരി എന്ന് തോന്നുന്നത് ചെയ്യാനാണ് ആമക്കിളവന്‍ പറഞ്ഞത്. താന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ മറ്റാര് തെറ്റെന്നു പറഞ്ഞാലും ബൂബുവും കിളവനും അങ്ങിനെ പറയരുതെന്ന് അവനു നിര്‍ബന്ധമുണ്ടായിരുന്നു.
ബൂബുവും സന്തോഷത്തിലായിരുന്നു. ബുച്ചി എന്തെങ്കിലും കാര്യത്തിനെക്കുറിച്ച് ഇത്രയും ഉത്സാഹത്തോടെ മിണ്ടുന്നത് അവള്‍ കണ്ടിട്ടില്ല. അവന്‍റെ എപ്പോഴുമുള്ള മൂടിക്കെട്ടിയ ഭാവത്തിനേക്കാള്‍ ഇത് തന്നെയാണ് നല്ലത്. തന്നെക്കാള്‍ പകലുകള്‍ മാത്രം മൂപ്പ് മാത്രമേ തന്റെ കൂട്ടുകാരനുള്ളൂ എന്നവൾക്ക് അറിയാം. പക്ഷെ അവന്‍ തന്നില്‍ നിന്നും എത്രയോ വ്യത്യസ്തനാണ്. ഒരു പക്ഷെ ആ പ്രായത്തില്‍ തന്നെ സ്വയം നോക്കുന്നതിനോപ്പം തള്ള നോക്കുന്നത് പോലെ തന്നെയും നോക്കേണ്ടി വന്നതുകൊണ്ടാവാം. ചിലപ്പോള്‍ കാട്ടെലികള്‍ അത്രയും ഗൗരവക്കാരാവാം.
നിറം മാറുന്നവരുടെ കൂടെ തങ്ങിയപ്പോഴുണ്ടായ അപകടങ്ങലേ കുറിച്ചെല്ലാം പറഞ്ഞുവെങ്കിലും പോയ കാര്യത്തെക്കുറിച്ച് ബുച്ചി ഒന്നും മിണ്ടാറില്ല. മാളത്തിലൂടെ ഇപ്പോള്‍ ഒരു ചെറിയ മാനിന് എളുപ്പം ഇഴഞ്ഞു വരാന്‍ തക്കതായ വലിപ്പമായിട്ടുണ്ട്. മാളത്തിന്റെ നടുവില്‍ നിന്നും ആ തുരംഗം രണ്ടായി പിരിയുന്നുണ്ട്. ഒന്ന് മേഘമെന്നു ബുച്ചി വിളിക്കാന്‍ പറഞ്ഞിരിക്കുന്ന നിറം മാറുന്നയാളുടെ കൂട്ടിലേക്കും ഒന്ന് ആമക്കിളവന്റെ പാറമടയിലേക്കും. ബുച്ചിക്കങ്ങോട്ടു പോകാന്‍ എന്തായാലും അത്രയും വലിയൊരു തുരംഗത്തിന്റെ ആവശ്യമില്ല. പിന്നെയെന്തിനാണ് അത്? അവര്‍ക്കിങ്ങോട്ടു വരാനായിരിക്കുമോ? ബുച്ചി ചെയ്യുന്നതില്‍ പകുതിയും ബൂബുവിനു മനസ്സിലായില്ലെങ്കിലും അവന്‍ തെറ്റായിട്ടൊന്നും ചെയ്യില്ലെന്നറിയാമായിരുന്നു,
കാട്ടില്‍ ഇരുട്ട് വീണു തുടങ്ങിയിരുന്നു. മാളത്തില്‍ ഇപ്പോഴും പണികള്‍ നടക്കുകയാണ്. ബുച്ചി തീറ്റ തേടി പുറത്തിറങ്ങി. കടുവയുടെ ഗുഹയ്ക്കടുത്ത് കായും വിത്തും തിന്നാന്‍ പറ്റുന്ന മരങ്ങളുണ്ട്. അവയിപ്പോള്‍ പഴുത്തു നിലത്തു വീണിട്ടുണ്ടാകും. കുറച്ചു വീതം മാളത്തിലെത്തിക്കണം. മഴക്കാലം അടുക്കാറായി. അപ്പോള്‍ തനിക്കും ബൂബുവിനും മാത്രമല്ല, മാളത്തില്‍ വരുന്ന മറ്റുള്ളവര്‍ക്കും വിശപ്പകറ്റാന്‍ ഉപകരിക്കും.
ഗുഹയില്‍ നിന്നും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. കടുവയുടെ ഉറക്കെയുള്ളതും പിന്നേതോ മൃഗത്തിന്റെ പതിഞ്ഞതും. കുറച്ചു കഴിഞ്ഞപ്പോള്‍ ശബ്ദങ്ങള്‍ അടുത്തു വരുന്നത് കേട്ടു ബുച്ചി തിരിഞ്ഞു. കടുവയോടൊപ്പം ഒരു ഈനാമ്പേച്ചി ഉണ്ടായിരുന്നു. ബുച്ചി ആ മൃഗത്തിനെ കാട്ടുകൂട്ടങ്ങളില്‍ കണ്ടിട്ടുണ്ട്. കൂടുതല്‍ സമയവും ഒറ്റക്കിരിക്കും. അവരുടെ കൂട്ടത്തിലുള്ള മറ്റുള്ളവരുമായിപ്പോലും മിണ്ടാറില്ല. ഇതെന്താണ് കടുവയുടെ കൂടെ?
ബുച്ചിയെക്കണ്ടപ്പോള്‍ അവര്‍ നിന്നു. “നിന്റെ മാളത്തിലേക്ക് പോവുകയായിരുന്നു,” കടുവ തുടര്‍ന്നു- “മാളത്തില്‍ നടക്കുന്ന പണികള്‍ക്ക് കൂടുതല്‍ ആളുകളെ വേണമല്ലോ? ഇത് ചുരുളന്‍. ഇവനും കൂട്ടുകാരും പിന്നെ ഞാനും എന്റെ കുറച്ചാള്‍ക്കാരും നിന്നെ സഹായിക്കാനെത്താം. വലിപ്പമുള്ള കുറച്ചു മാളങ്ങള്‍ വേണമെന്ന് നീ പറഞ്ഞിരുന്നില്ലേ? നീ ഒറ്റക്കല്ല. കാട്ടെലികളും പെരുച്ചാഴികളും ഉണ്ടാക്കുന്ന മാളങ്ങളില്‍ മുയലുകള്‍ വരെയുള്ളവര്‍ക്കെ കയറാന്‍ കഴിയൂ. അപ്പോള്‍ നിന്നെ പിന്തുണയ്ക്കുന്ന ഞങ്ങളൊക്കെ എന്ത് ചെയ്യും? നീയുണ്ടാക്കിയ മാളങ്ങളോട് ചേര്‍ന്ന് ഈ ഗുഹയിലേക്ക് ഒരു വലിയ തുരങ്കമുണ്ടാക്കാം. മാളം കുറച്ചുകൂടി വലുതാക്കിയാല്‍ നമുക്കെല്ലാം ഒത്തു കൂടാനും പറ്റും.”
അവര്‍ പറയുന്നത് ശരിയാണെന്നു ബുച്ചിക്ക് തോന്നി. കൂടുതല്‍ പേര്‍ ചേര്‍ന്നാല്‍ പണികള്‍ എളുപ്പമാവും. തന്റെ ഉത്സാഹമാണ് മറ്റുള്ളവരിലേക്കും പകരുന്നത് എന്ന് അവനറിയാമായിരുന്നു. ചെറിയ ശ്രമങ്ങലിളൂടെയെങ്കിലും തങ്ങളുടെ കൂടെ കൂടുതല്‍പേര്‍ ചേരുന്നുണ്ടല്ലോ.
മേഘം പറഞ്ഞതുപോലെ മാളങ്ങളുടെ പണി തകൃതിയായി നടക്കുന്നു. ഇനി അടുത്തതെന്തെന്നു കതിര്‍ വന്നിട്ടേ അറിയാന്‍ പറ്റൂ. ഇതിനിടെ അവര്‍ തന്നെ കാണാന്‍ വന്നിട്ടില്ല. ഒന്ന് രണ്ടു വട്ടം മേഘത്തെയും കതിരിനെയും കാട്ടില്‍ കണ്ടിരുന്നുവെന്ന് സികപ്പന്‍ പറഞ്ഞിരുന്നു. പക്ഷെ അവര്‍ പകല്‍ വന്നു ഇരുളുന്നതിനു മുന്‍പേ പോയി. വേട്ടക്കരായ നിറം മാറുന്നവരെപ്പോലെ ഉണ്ടായിരുന്നു കതിര്‍ എന്നാണു സികപ്പന്‍ പറഞ്ഞത്. പക്ഷെ അവര്‍ അന്ന് ഭക്ഷണത്തിന്‍ പോലും വേട്ടയാടിയിരുന്നില്ലത്രേ. പോവുന്ന വഴിക്ക് കുറെ ചെടികളും കായ്കളും പറിച്ചു കൊണ്ട് പോയിരുന്നു. മാളങ്ങളുടെ പണി കുറച്ച് കൂടിയേയുള്ളൂ. ഇനിയുള്ളതാണ് ബുദ്ധിമുട്ടേറിയത്. നിറം മാറുന്നവര്‍ താമസിക്കുന്നയിടത്തു നിന്നും തന്റെ മാളത്തിലേക്കും അവിടെ നിന്നും പാറയിടുക്കിലെക്കും ഒരു വലിയ തുരംഗം. അത് അവരുടെ കണ്ണില്‍ പെടരുതെന്നു മേഘം പ്രത്യേകിച്ചു പറഞ്ഞിട്ടുണ്ട്. അതിന്റെ പണി പക്ഷെ, കടുവയ്ക്കും ചുരുളനും കൂട്ടുകാര്‍ക്കും മാത്രമേ ചെയ്യാനാവൂ.
ആ പണി കൂടി തീര്‍ന്നാല്‍ പിന്നെ കാത്തിരിപ്പാണ്. എത്ര പകലുകളും ഇരുളുകളും എന്നറിയില്ല’ പക്ഷെ ആ കാത്തിരിപ്പിന്റെ അവസാനം നിറം മാരുന്നവര്‍ മുട്ടുകുത്തും എന്നവനറിയാമായിരുന്നു. അവരെല്ലാവരും കാത്തിരിക്കാന്‍ തയ്യാറായിരുന്നു. വേട്ടക്കാരന്‍ ഇരയ്ക്കെന്നപോലെ.

(അടുത്ത വ്യാഴാഴ്ച അദ്ധ്യായം 10 : കാട്ടറിവുകൾ കൺമുന്നിൽ)

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.