അവളിറങ്ങിപ്പോയ വഴികളിലെല്ലാം
നനുത്ത പൂക്കളുടെ വാടിയ മണം.
ഇനിയൊരിക്കലും പൂക്കില്ലെന്ന് ഞാൻ കരുതിയ
അവൾ നട്ട മരങ്ങൾ
വീണ്ടും ഇന്നലെ പൂത്തുലഞ്ഞിരിക്കുന്നു.
അവൾ മരിച്ചപ്പോൾ ആ പടവുകളാരുമിനി
ഇറങ്ങില്ലെന്നോ കയറില്ലെന്നോ ഞാൻ കരുതി.
അവളുറങ്ങുന്ന തൈപ്പറമ്പിന്റെ ഊടുവഴികളി-
ലൊന്നിലവൾ കുന്തിച്ചിരിപ്പുണ്ടാകുമെന്നും
ഞാൻ കരുതി.
ഒറ്റയ്ക്ക്,കൂട്ടായി വീണ്ടുമിന്നലെ
പുതിയ നിഴലുകൾ…പുതിയ പടവുകൾ.
നിഴലുകൾ ചുംബിച്ചുണർന്ന കൽമെത്തകൾ..
അവൾക്ക് മീതെ കൽപ്പടവുകൾ പാകിയ
പുതിയ കാലങ്ങൾ.
അവൾ കരഞ്ഞപ്പോൾ ലോകത്തെ
മഹാ പ്രളയം വിഴുങ്ങുമെന്നവൾ നിനച്ചിരുന്നത്രെ.
അവളെ തൊട്ടവരെല്ലാം അഗ്നിക്കിരയാകുമെന്നും.
അവൾ ദൈവത്തിൽ വിശ്വസിച്ചിരുന്നു വെന്ന് പ്രമാണം.
അവളുടെ മിഴികൾക്കപ്പുറത്തേക്ക്
ആ മഹാനദി ഒരിക്കലും ഒഴുകിയിരുന്നില്ല.
എവിടെയോ തളം കെട്ടി, വറ്റി വരണ്ടത്
സിദ്ധാർത്ഥ ലോകത്തിലെ മഹാസമുദ്രത്തിലേക്കുള്ള
പ്രയാണ വീഥിയിലേക്ക് കണ്ണും നട്ട് കിടന്നു.
മരിച്ചപ്പോൾ അവളുടെ കണ്ണിൽ
വിഷാദത്തിന്റെ ഉപ്പ് വെള്ളം തളം കെട്ടി നിന്നിരുന്നു.
അവളുടെ മുറിയാകെ ചുവന്ന പുഴയുടെ
മെലിഞ്ഞ നീർച്ചാലുകൾ…
അവളിൽ നിന്നും ഉറവ പൊട്ടിയ
മഹാരക്ത സമുദ്രത്തിലേക്ക് നോക്കി
അവൾ ചുവരിൽ കോറിവരഞ്ഞ
കണ്മഷി ചിത്രങ്ങൾ പല്ലിളിക്കുന്നു.
അവളുടെ തടിച്ച കൺപോളകളിൽ
പണ്ട് ഞാൻ വീണ മുറിവുകളിലെ
വേദന നിറഞ്ഞ ചോര കല്ലിച്ച നിറം.
അറവു ശാലയിൽ കശാപ്പ് ചെയ്ത മൃഗത്തിന്റെ അടിവയറ്റിലും അതേ നിറം കണ്ട പോലൊരോർമ്മ .
വിഷാദം അതിന്റെ ഘനീഭവിച്ച
മഹാമൗനത്തിന്റെ പടവുകളിറങ്ങുന്നു.
നനുത്ത പൂക്കളുടെ വാടിയ മണമില്ല.
നിഴലില്ല,
കാലമില്ല,
കൂടാരമേ, ആ വാതിലങ്ങടച്ചേക്കുക!