ഏറെ രാവിലായ് മെത്തയിൽ, കവി-
നിദ്രയില്ലാതുഴറവേ
ഉഷ്ണപൂരിതമന്തരംഗത്തിൽ
ഊറിവന്നതു ചൊല്ലിപോൽ:
“നിദ്രയില്ലാതാക്കിയോ,യെൻ
നീണ്ടയാത്ര മുടക്കുമോ?
അറിയുമോ, പരിപാടിയെത്ര
നാളെയാസ്ഥാനഭൂവിലായ്;
എത്തിടേണമതെത്രയും വേഗ-
മറിയുമോ ഭരണകൂടമേ?
എത്രനേരമിരിക്കണം, തെക്കോ-
ട്ടായുവാൻ ‘നരകപാത’യിൽ!
കാലമെത്രകഴിച്ചു റോഡിൽ
‘കുഴിയെടുത്തുമടച്ചു’മായ്…
കണ്ടറിയണമന്യദേശ-
പ്പെരുമകൾ ശ്രവിച്ചീടണം!
എന്നു നിങ്ങൾ പഠിച്ചിടും ഹോ,
ജീവിതത്തിൻ വേഗത!?
തിടുക്കമൊത്തിരിയുണ്ടു ഹേ..,
കാത്തിരിപ്പുണ്ട് ‘മാന്യ’രും!
കാക്കണം കണ്ടൽക്കാടുകൾ,
കായൽ, തണ്ണീർത്തടങ്ങളും
പമ്പ, പെരിയാർ നീരൊഴുക്കുകൾ
കാവിനെ, ചെറു കുന്നിനെ
ചേർത്തുനിർത്തണം സഹ്യനെ,
വനവാസിതൻ ശപ്തവാക്കിനെ
തടയുവാനായേറെയുണ്ട്
പിഴുതെറിയുവാൻ കല്ലുകൾ
കവിതചൊല്ലിയുറക്കെയെന്നും
ശക്തമാക്കണം സമരവും.”
കാവ്യഭംഗികൾ കെട്ട രാത്രിയിൽ
ഏകനായ് കവി മേടയിൽ
മെത്ത കൈവിടാതുള്ള ഭാവന
ചേർത്തുണർത്തിയെടുത്തീടവേ
*’തള്ളിയേറിയാ കാതി,ലൊരൂറ-
ക്കള്ളുനാറും തെറിയുടെ പൂരം…’
എഴുനിലകളും താണ്ടിയാ ശബ്ദം
അലയടിച്ചങ്ങുയരവേ,
അരികിലിടവഴി വക്കിലേക്കായ്
പേന ചൂണ്ടിടുന്നൂ, കവി:
“മെലിഞ്ഞ ദേഹമാ-
ണാളു, നൊസ്സനും..,
പണ്ടേ കീറക്കൈലിയിൽ…
പരസ്യമാക്കുക-
പത്രത്താളിലും തെരുവിലും
കല്ലെറിയുക…”
കവി പടുത്തൊരാ സ്വപ്നവീഥിയിൽ
‘പുതു’കവിതകൾ വന്നണയവേ,
ചുണ്ടിലൊരു മുറിബീഡിയൂതിയാ
‘ഗുണ്ട സായ്ബറാൻ’ പാടുന്നു:
‘കാട്ടുപൂക്കളിൽ പാറിവന്നിടും
പൂമ്പാറ്റകൾ പുൽച്ചാടികൾ
നീണ്ട മുണ്ടകൻ വയലുകൾ
നിരകളാർന്നൊരാ തെങ്ങുകൾ…
ഒക്കെയും മാഞ്ഞുപോയിടത്താ-
ണിന്നുയർന്ന പൊൻമാളിക;
കവി ശയിക്കും ഇടമിത് –
‘ശുദ്ധ പ്രകൃതിസ്നേഹ’മേ!?
*പോക, ഞങ്ങൾ കിനാവുകണ്ടൊരാ
സ്നേഹമാർഗ്ഗംവഴിയിനി നിങ്ങൾ.
പോക ഭൗതികതൃപ്തിതൻ മധ്യ-
മേഖലയിൽ മയങ്ങിവേവാതെ… “
*വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കലിൽ നിന്നുമുൾക്കൊണ്ടത്.