പലായനത്തിന്‍റെ പേടകം…

ഒരുവളുടെ ഓർമ പണ്ട് തൊട്ടേ
മുറിവേറ്റ ശലഭമായിരുന്നു.
നിറയെ ചിറകുകൾ പൂത്തവയെങ്കിലും
വേലിക്കപ്പുറമുള്ള
ആകാശത്തിന്‍റെ അനന്തതയും
ഭൂമിയുടെ അറ്റവും
കാണാത്ത ഒന്ന്.

വെടിയുണ്ടകളുടെ മണമുള്ള,
ചോരയുടെ നിറമുള്ള,
ഇളം കുഞ്ഞിന്‍റെ നിലവിളി ശബ്ദമുള്ള
വേരുറച്ച ഭൂപടത്തിൽ നിന്നും
ഇതേ ഭൂമിശാസ്ത്രം പറയുന്ന
മറ്റൊരു ഭൂപടത്തിലേക്കുള്ള
കാറ്റിന്‍റെ നിശബ്ദമായൊരു ദൂതുണ്ടെനിക്ക്.
നാട് കടത്തലിന്‍റെ മുന്നറിയിപ്പിനൊപ്പം
ഓർമകൾ മൊസാർട്ടിന്‍റെ സിംഫണിയിലെന്ന പോലെ
മുറിഞ്ഞു പോകുന്ന കരച്ചിലിന്‍റെയും
അടക്കിപ്പിടിച്ച ഞരക്കങ്ങളുടെയും
അമർത്തിയ ചിരിയുടെയും
മരിച്ചുപോയ ശബ്ദത്തിന്‍റെയും
അങ്ങനെയങ്ങനെ പേരറിയാത്ത പലതിന്‍റെയും
കൂടിക്കുഴഞ്ഞ സംഗീതത്തിനൊത്ത്
പേടിച്ചു പേടിച്ച് നൃത്തം ചെയ്യുന്ന ഒന്ന്.

എത്രയേറെ പറന്നിട്ടും
വിലക്കുകളുടെ
വൈകുന്നേരങ്ങൾക്കപ്പുറമുള്ള
നിലാവത് കണ്ടതേയില്ല.

കാശ്മീർ താഴ്വരയിലെ
മഞ്ഞു പൊതിഞ്ഞ
പനിനീരിന്‍റെ മുള്ളിൽ
ഉടക്കിക്കീറിയ പൂമ്പാറ്റയുടെ ചിറക്
ജലമെടുക്കാൻ പോയ
ആൻ ഫ്രാങ്കെന്ന
ജൂതപ്പെൺകുട്ടിയുടെ
നിറം മങ്ങിക്കരിഞ്ഞ
കുപ്പായക്കഷ്ണം പോലെ.

ഝലം നദിയിലൊഴുക്കുന്നുണ്ട് ഞാൻ
അത്തരമോർമകളുടെ കവാടമടച്ച
രഹസ്യ അറകള്‍ നഷ്ടമായൊരു
താഴ് വീഴാത്ത തുരുമ്പിച്ച പേടകം…

അതിൽ ഓർമ്മകളുടെ
വിൽപ്പത്രമായിരുന്നു.
മാക്ബത്തിന്‍റെ മൂന്നു മന്ത്രവാദിനികളുടെയും
പ്രവചനങ്ങളുടെ ജല്പനങ്ങൾ
കുത്തിക്കുറിച്ച ഒന്ന്.
യുദ്ധമവസാനിപ്പിച്ച
അശോകചക്രവർത്തിയുടെ
കുറ്റബോധം പോലെയൊന്ന്.
ധൃതരാഷ്ട്രാലിംഗനം കഴിഞ്ഞു
യുധിഷ്ഠിരന്‍റെ രാജ്യത്ത്
വീണ്ടും ധർമ്മത്തിന്‍റെ അമ്പടയാളങ്ങളുടെ
സീൽക്കാരം കഴിയും മുന്നേ
അശ്വത്ഥമാവ് വീണ്ടും വീണ്ടും
പകയോടെ സൂക്ഷിച്ചു വെക്കുന്ന ഒന്ന്.

ശവങ്ങളുടെയും മുറിവേറ്റവരുടെയും
അവയവങ്ങൾ നഷ്ടപ്പെട്ടവരുടെയും
ഉടയവർ ഒറ്റപ്പെടുത്തിയ വഴിയിലെ
ആരുമില്ലാത്തവരുടേതുമായ
പകച്ചു പോയൊരു
നിശബ്ദതയ്ക്ക് സംഗീതം നൽകി
പാടിയിട്ടുമുണ്ടതിൽ ഞാൻ…
ഝലം നദിയിലെ ഒരേയൊരു
തിരമാത്രമെന്‍റെ കണ്ണിൽ നിന്ന്
കവിളിൽ തൊട്ട് നോക്കുന്ന പോലെ
നേർത്തൊരു നനവ്
ചുണ്ടില്‍ കടുപ്പമില്ലാത്തൊരു
കയ്പ്പോ ചവര്‍പ്പോ .

ജമ്മുവിൽ നിന്നും ഓർമ്മകളുടെ
ബനിഹാൽ ചുരമിറങ്ങിയാണ് ഞാൻ
കാശ്മീർ താഴ്വരയിലേക്കു
നിന്നെക്കാണാനായി എത്താറുള്ളത്.
നിനക്കപ്പോൾ വെടിക്കോപ്പിന്‍റെ മണം.
അവിടെ ഞാൻ വെളുത്ത നിറമുള്ള
പനീർപ്പൂവുകൾ കൊളുത്തി വെച്ചു.
സ്നേഹിക്കു, എന്ന അപേക്ഷയോടെ…

അപ്പോൾ ദാൽ തടാകത്തിന്‍റെ
മഞ്ഞു മൂടിയ മരവിപ്പിനുള്ളിൽ
എല്ലാ യുദ്ധങ്ങളും ഒളിച്ചിരുന്നു.
നമ്മളെപ്പോലെ…
നമ്മുടെ ശീതീകരിച്ച പ്രണയം പോലെ.

എന്‍റെ പനീർപ്പൂക്കളിലെല്ലാമപ്പോൾ
അസ്തമയച്ചോപ്പെന്ന് ആളുകളെ
തെറ്റിദ്ധരിപ്പിക്കാനെന്ന പോലെ
ആരൊക്കെയോ ചോരകക്കി
തുപ്പിയത് തുടുത്തിരുന്നു.
ചോളപ്പാടങ്ങൾക്കിടയിലൂടെ നീ
അപ്രത്യക്ഷനായപ്പോൾ
ഞാൻ പിന്നെയും മരിച്ചവളായി.
തോറ്റവളായി.
ഓർമ്മയുടെ വളമേറ്റ്
ഝലം തീരത്തൊരു വില്ലോമരമായി…

അക്ഷൗഹിണികളും
കുതിരകളും രഥങ്ങളും
ആനകളും കാലാൾപ്പടകളുമടങ്ങിയ
സ്ഥാവര ജംഗമ വസ്തുക്കൾ
കുന്നുകൂടിക്കിടക്കുന്നതിൻ മേലെ
ഒരാലയം പോലെ ഞാനും ഓർമയുടെ
വാത്മീകം പോലെ ചുരുണ്ടു കൂടിക്കിടന്നു.

മുറിവേറ്റ ശലഭമായി
ബനിഹാൽ ചുരം കയറി
എന്നന്നേക്കുമായി തിരിച്ചു പോകുമ്പോൾ
ചോര കുടിച്ചു വളർന്ന
എന്‍റെ പനീർപ്പുകൾക്ക്
മാംസളമായ മൃദുത്വവും മണവുമായിരുന്നു.
പനിനീരിന്‍റെ മുള്ളിൽ
ഉടക്കിക്കീറിയ പൂമ്പാറ്റയുടെ ചിറക്
ജലമെടുക്കാൻ പോയ
ആൻ ഫ്രാങ്കെന്ന
ജൂതപ്പെൺകുട്ടിയുടെ
നിറം മങ്ങിക്കരിഞ്ഞ
കുപ്പായക്കഷ്ണം പോലെ.
ഞാൻ അവസാനമായി
മരിച്ചു പോയ സ്വർഗത്തിലേക്ക്
തിരിഞ്ഞു നോക്കി.
നിഷ്കളങ്കരയ സ്ത്രീകള്‍
ജലമെടുക്കുന്ന നദികളെല്ലാം
സമന്തപഞ്ചകം പോലെ
നിറഞ്ഞു കവിയുന്നത്
ഞാന്‍ മാത്രം കണ്ടു ,
ഒഴുകി മറയുന്നൊരു
കൊട്ടാരം പോലൊരു പേടകവും…

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു