കഥാവിചാരം : 8 – കൊഹെറെന്റ്റ് മാട്രിമോണി (ഉണ്ണികൃഷ്ണൻ കളീക്കൽ)

സുദീർഘമായ പ്രവാസജീവിതത്തിനു ശേഷം മടങ്ങിയെത്തിയ നെൽസൺ മാത്യു മൂന്നുവർഷം മുമ്പ് സിറ്റിയിൽ തുടങ്ങിയ ആദ്യ സംരംഭമാണ് കൊഹെറെന്റ് മാട്രിമോണി.

മൂന്ന് പ്രത്യക്ഷ സെഗ്മെന്റുകളായാണ് ആ സ്ഥാപനത്തെ നെൽസൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ആകാംക്ഷയോടെ അതിലേറെ ആശങ്കയോടെ പങ്കാളിയെ പരതുന്ന ഫ്രഷേഴ്സിനുള്ളതാണ് ഒന്നാം സെഗ്മെന്റ്. രണ്ടാമത്തേത് മറ്റൊരു മേൽപ്പാലത്തിലൂടെ ജീവിതം പായിക്കുന്നവർക്ക് വേണ്ടിയാണ്. മിക്കവാറും നൽപ്പതിലേറെ പ്രായമായവരാകും അവിടുത്തെ സഞ്ചാരികൾ. മുൻ സീറ്റിലോ വാഹനത്തിൽ തന്നെയോ ഒറ്റയ്ക്കായവർ. പലരും ജീവിതത്തിന്റെ ഉദാസീന മൗനത്തെ തിരിച്ചറിഞ്ഞവർ. ചിലർ ലിവിങ് ടുഗെതറുകളിൽ നിന്ന് പിളർന്നുമാറി വ്യവസ്ഥാപിത ഇണകളെ തിരഞ്ഞെത്തിയവർ. മറ്റുചിലർ ഒന്നാം ഘട്ടത്തോട് പിണങ്ങി പുറത്തുവന്ന് വെള്ളം തൊടാതെ വിഴുങ്ങിയ ഏകാന്തതയിൽ കരിഞ്ഞു തിരികെ ഓടിക്കയറിയവർ.

നിർജ്ജീവമെന്നു തോന്നാമെങ്കിലും കടുത്ത ആന്തര സ്പന്ദനങ്ങളാൽ എപ്പോഴും ഉണർന്നിരിക്കുന്ന ഒന്നാണ് മൂന്നാമത്തെ സെഗ്മെന്റ്. അത് വിവാഹമോചിതർക്ക് വേണ്ടി മാത്രമുള്ള ഒരു കാത്തിരിപ്പ് കേന്ദ്രമാണ്. കൊഹെറെന്റ്റ് മാട്രിമോണിയിലെ റിലേഷൻ എക്സിക്യൂട്ടീവായി ഒന്നര വർഷത്തെ പരിചയമുള്ള ഡോണ സ്കറിയയുടെ പ്രവർത്തനമേഖല മൂന്നാമത്തെ സെഗ്മെന്റ് ആയിരുന്നു.

കോഹെറെന്റ് മാട്രിമോണിയുടെ ഉദ്ദേശലക്ഷ്യം കസ്റ്റമറുടെ ഉള്ളിലും പുറത്തും നിറയുന്ന ശൂന്യതയെ തുരത്തി,അവിടെ അവർക്ക് ഇഷ്ടപ്പെട്ട വിധം നിറച്ചു പൊലിപ്പിക്കുക എന്നതാണ്. വളരെ വിപണന മൂല്യമുള്ള ആ ഉത്തരവാദിത്തമാണ് വിൽപ്പന വസ്തു. പക്ഷേ മാട്രിമോണിയുടെ ഭാഗമായിരുന്നിട്ടു പോലും “തന്റേതല്ലാത്ത കാരണങ്ങളാൽ”…. ഡോണയുടെ ജീവിതത്തിലുണ്ടായ ശൂന്യതയെ ഇല്ലാതാക്കി അവൾ അതിന്റെ ഒരു ഉപഭോക്താവ് ആകുന്നില്ല.

ഡോണക്ക് സ്വന്തം കുടുംബ വ്യവസ്ഥിതിയിലെ തിരസ്കാരങ്ങൾ മാത്രമായിരുന്നു കൂട്ട്. നീരൂറ്റപ്പെട്ട ഒരു വ്യക്തിയായിട്ടാണ് ഡോണ ജീവിച്ചത്. കുടുംബബന്ധങ്ങളുടെ മനോഹാരിതയൊന്നും അവൾ ആസ്വദിച്ചിട്ടില്ല. ഡോണയുടെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ വാക്കുകളാൽ വരച്ചിട്ട് ശ്രീ. ഉണ്ണികൃഷ്ണൻ കളിയ്ക്കൽ വായനക്കാരുടെ മനസ്സിലേക്ക് ഒരുപിടി നീറുന്ന ചിന്തകൾ ഇട്ടുകൊടുക്കുന്നു.

തിരുപ്പൂരിൽ നിന്നും തുണിയെടുത്ത് ഹൈറേഞ്ചിലെ തുണിക്കടകളിൽ വിതരണം നടത്തുന്ന ചാച്ചൻ. ആ പോക്കുവരവിൽ കൂടെ കൂടിയ ശേൽവണ്ണൻ എന്ന സഹായി. ഒരു പൂച്ചകുഞ്ഞിനെപ്പോലെ ഡോണക്കുണ്ടായ അനിയത്തിക്കുട്ടി…

അകാലത്തിലുണ്ടായ പ്രസവം അമ്മയെ അടിമുടി തകർത്തു കളഞ്ഞു. മാനസിക രോഗത്തിനടിമപ്പെട്ട അമ്മ ഒരിക്കൽ പറഞ്ഞു:

” ന്ലാവത്ത് ഒറ്റത്തോണ ഞങ്ങള്….അങ്ങു വരെ നടന്നിട്ടൊണ്ട്”.

നിവൃത്തികെട്ട് ചാച്ചൻ വെണ്ണിക്കുളത്തിന് വണ്ടികേറി വല്യമ്മച്ചിയെയും വല്ലിച്ചാച്ചനെയും കൂട്ടിക്കൊണ്ടുവന്നു. വല്യമ്മച്ചി രസിച്ചു ചെയ്ത ജോലികളാണ് കൊച്ചിനെ നോട്ടവും അടുക്കളയോടിക്കലും. വല്യച്ഛന്റെ രസമാണെങ്കിൽ കാടുപിടിച്ച പറമ്പിനോട് പോരടിച്ചു മുന്നേറുന്നതായിരുന്നു. അവിടെയും ഡോണ അവരുടെ ശുശ്രൂഷകയാകുന്നു. പകൽ മുഴുവൻ പറമ്പീന്നു കയറാതെ പണിയുന്ന വല്ലിച്ചാച്ചന് രാത്രിയിൽ മസില് കേറുമ്പോൾ ചാടിയെഴുന്നേറ്റ് തിരുമ്മിയിറക്കുന്നതും ഡോണയായിരുന്നു!

വല്ലിച്ചാച്ചന്റെ തൂവെള്ള താടിയുടെ അതേ നിറത്തിൽ മുറ്റത്ത് ഒരൊറ്റ പൂവേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെ ഒരിക്കൽ വല്യച്ഛന്റെ തുമ്പയും ഒഴിഞ്ഞു, അൽപ്പപ്രാണിയായ അനിയത്തിയും പോയി. ഡോണ വീണ്ടും ഒറ്റക്കുട്ടിയായി. മുറ്റത്തേക്ക് പുല്ലും കുറ്റിച്ചെടികളും ആർത്തുവിളിച്ചോടിക്കൂടി. ആ കാടിനെ തോൽപ്പിച്ചും ഒരു പൂച്ചെടി മാത്രം പൊങ്ങിവന്നു. അതിലെ തൂവെള്ളപ്പൂവു കാണുമ്പോൾ അവൾക്ക് കരച്ചിൽ വരും. അധികം വൈകാതെ അതിന്റെ ചുവട് അവൾ ചന്നം പിന്നം വെട്ടിക്കളഞ്ഞു.

ഡോക്ടർ സാം ബെഞ്ചമിൻ കൊഹറന്റ്റ് മാട്രിമോണിയിലെ ഒരു കസ്റ്റമർ ആണ്. ഡോണയുടെ അമ്മയെയും അച്ഛനെയും കൗൺസിലിംഗ് നടത്തുന്നതും അദ്ദേഹമാണ്. അമ്മയിൽ നിന്ന് കിട്ടിയ വിവരങ്ങൾ ചാച്ചനിൽ കൂടി പൂർത്തിയാക്കാൻ ഡോക്ടർ സാം ബെഞ്ചമിൻ ശ്രമിച്ചു.

” ഒരു കൊച്ചു സ്റ്റേഷനായിരുന്നു മാന്നന്നൂർ. തിരക്കില്ല.വണ്ടികൾ നിർത്താറില്ല.ചിലപ്പോൾ സിഗ്നൽ കാത്ത് വണ്ടികൾ നിർത്തിയിടാറുണ്ട്. ആ നേരത്താണ് അവരിരുവരും ചാടിയിറങ്ങിയത്. മണൽതിട്ടയിലൂടെ നടന്ന നിലാവിന്റെ കയങ്ങളിലൂടെ നീന്തി അവർ ഒരു തെങ്ങിൻ തോപ്പിലെത്തി. പതുങ്ങി പിറകെ പോയ മൂന്നാമൻ മലയുടെ ചുവട്ടിൽ വച്ച് അവരെ കണ്ടെത്തി. അതിൽ ഒരാളെ വലിച്ചിഴച്ചു കൊണ്ടാണ് അയാൾ തിരികെയെത്തിയത്”. ഈ വിവരണത്തോടെയാണ് കഥയുടെ ആന്തരിക ഘടന മികവാർന്നു വരുന്നത്.

ആരൊക്കെയായിരുന്നു ആ മൂന്നു പേർ?

അതിലൊരാൾ കുറവുണ്ടല്ലോ?

കഥയിൽ പരാമൃഷ്ടരായിട്ടുള്ള കഥാപാത്രങ്ങൾ വായനക്കാരൻറെ തലച്ചോറിൽ അരിച്ചു നടക്കുന്നു.

ചുരുങ്ങിയ കാലം കൊണ്ട് പടർന്നു പന്തലിച്ച കോഹറന്റ് മാട്രിമോണിയുടെ വാർഷിക ദിനതിൽ ഏറ്റവും നല്ല പെർഫോമർക്കുള്ള ഗോൾഡൻ ഫ്ലവർ പുരസ്കാരത്തിന് ഡോണ സ്കറിയ അർഹയായി.

‘അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ ‘എന്ന പേരിലുള്ള സി.ഇ.ഒ യുടെ പ്രത്യേക സമ്മാനം വാങ്ങാൻ വേദിയിലുണ്ടായിരുന്നത് ആരൊക്കെയാണ്?

സമകാലിക മലയാളത്തിൽ (2023 ഏപ്രിൽ 3) വന്ന കഥയുടെ ചിത്രീകരണം സചീന്ദ്രൻ കാറഡുക്കയാണ്

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.