ഒരാത്മഹത്യ നടക്കാൻ പോകുന്നു.
ആൾ ഒരു പ്രസാധകനാണ്.
ഫ്രഞ്ചുകാരനായ റോബർട്ട് ഹെഗാർഡിന്റെ ‘നിങ്ങളെന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ഇദ്ദേഹമായിരുന്നു.
‘നിരാശയുടെ കുന്ന് നിങ്ങളെ മൂടുമ്പോൾ നിങ്ങളുടെ കണ്ണും കാതും അടയും. പ്രത്യാശയുടെ പച്ചച്ച കുഞ്ഞു മുളപ്പുകൾ നിങ്ങളുടെ ഹൃദയത്തിൽ വച്ചു തന്നെ വാടിപ്പോകും’.
ആത്മഹത്യ ചെയ്യുവാൻ തുടങ്ങുന്ന ഒരാളുടെ മാനസികാവസ്ഥ ഇങ്ങനെയൊക്കെ ആണെന്ന് അതിൽ അയാൾ എഴുതിയതായി ഓർക്കുന്നു.
“ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ചിലത് ഇപ്പോൾ എന്റെ ഹൃദയത്തിലേക്ക് തള്ളിക്കയറുകയാണ്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു കയറിൽ തൂങ്ങി പിടയുമ്പോൾ കാണാൻ പോകുന്ന കാഴ്ചകളെക്കുറിച്ച് ഞാൻ ഓർത്തുനോക്കി. എന്റെ ജീവിതത്തിൽ ഒരുപാട് ഹൃദയഹാരിയായ നിറമുള്ള കാഴ്ചകളില്ല. എന്നാൽ ഈ നൽപ്പത്താറു വയസ്സിലും ഞാൻ മനസ്സിൽ സൂക്ഷിക്കുന്ന ചെമ്പകപ്പൂമണമുള്ള നിരവധി സ്മരണകളുണ്ട്. ചിലതിൽ ആഹ്ലാദത്തിന്റെ വെയിൽ വീണ് തിളങ്ങും. മറ്റു ചിലതാകട്ടെ ലോകത്തിന്റെ പുലർമഞ്ഞു പുതഞ്ഞ് നിറകൺകാഴ്ചകൾ പോലെ അവ്യക്തം. അമ്മയുടെ മരണത്തെക്കുറിച്ച് ഓർമ്മിച്ചു.”
വെറ്റിലയുടേയും ചുണ്ണാമ്പിന്റെയും ഗന്ധം!
കയറെടുത്ത് കഴുത്തിൽ കുരുക്കി പ്രസാധകന്റെ മരണത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പിന്റെ വർണ്ണനയിൽ മരണത്തിന്റെ ശതശാഖികൾ നമ്മെ പൊതിഞ്ഞുപിടിക്കുന്നു. ഉറഞ്ഞുകൂടിയ ഇരുട്ടിന്റെ നേർത്ത കംബളങ്ങൾ നെഞ്ചിന്റെ തുടിപ്പും ഘനവും കൂട്ടുന്നു.
സമീപത്തെ തെങ്ങുകളിൽ ഏതിന്റെയോ മുകളിൽ ഒരു പക്ഷിയുടെ അശാന്തമായ ചിറകടി കേൾക്കുമ്പോൾ-
തെക്കേപ്പറമ്പിലെ മൂലയിൽ നായയുടെ ഓരിയിടൽ കേൾക്കുമ്പോൾ-
പടിഞ്ഞാറേ ആകാശത്തിൽ വിളറി നിൽക്കുന്ന ചന്ദ്രനെ കാണുമ്പോൾ-
പ്രതീകാത്മകമായ വർണ്ണനകൾ, ഒരു പ്രവാഹമായി കടലിൽ പതിക്കുന്നതിനു മുൻപുള്ള ശാന്തമായ ഒരവസ്ഥയിലേക്ക് നമ്മെയും ആ പ്രസാധകനൊപ്പം കൊണ്ടുപോകും.
പക്ഷേ, അപരിചിതരായ മനുഷ്യർ എന്നും അയാളുടെ ജീവിതത്തെ വ്യത്യസ്തവും അപ്രതീക്ഷിതവുമായ മുഹൂർത്തങ്ങളിൽ നിയന്ത്രിക്കുകയും അയാൾക്ക് നിയന്ത്രിക്കാനാവാത്ത പ്രതലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
വിപ്ലവകാരിക്ക് തുല്യമായ ജീവിതം നയിച്ച ഒരാൾക്ക് ഒരു കയർത്തുമ്പിൽ ജീവിതമവസാനിപ്പിക്കാൻ പറ്റുമോ?
“അരുത് ചാടരുത്…… “
അയാൾ ഇപ്പോൾ കാറിനകത്താണ്.
റവല്യൂഷണറികളെ ചൂരൽ കൊണ്ടടിക്കുന്നതും വേദനയിൽ പുളഞ്ഞ അവർ ബോധമറ്റു വീഴുന്നതും നിങ്ങൾ കണ്ടിട്ടുണ്ടോ?
‘ചരിത്രത്തിന്റെ പാതയോരങ്ങൾ ചോരയും കണ്ണീരും വീണുനനഞ്ഞു കിടക്കുന്നത് ഞാൻ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു’. പ്രസാധകൻ പറഞ്ഞു.
“ലാഹോറിലെ തെരുവിൽ ലാലാ ലജ്പത് റായ് ബ്രിട്ടീഷ് പോലീസിന്റെ അടിയേറ്റ് ബോധമറ്റു വീഴുന്നത് കണ്ടുനിന്നവനാണ് ഞാൻ. അദ്ദേഹത്തിന്റെ തൂവെള്ള ഖദർ വസ്ത്രങ്ങൾ രക്തത്തിൽ നനഞ്ഞ് ചുവന്ന നിറമായി. ‘പഞ്ചാബ് സിംഹം’ എന്നാണ് ലാലാജിയെ ജനങ്ങൾ വിളിച്ചുകൊണ്ടിരുന്നത്”. ചരിത്രവിജ്ഞാനം പകർന്ന് പ്രസാധകനെ വിവേകിയാക്കാനാണ് അയാളുടെ ശ്രമം.
“നൂറ്റിനാല് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒരു വിപ്ലവ നേതാവ്, മർദ്ദനങ്ങളെ അതിജീവിക്കുവാൻ മനുഷ്യശരീരത്തിന് അസാമാന്യ കഴിവുണ്ടെന്ന് എന്നോട് വാറംഗലിൽ വച്ച് പറഞ്ഞിട്ടുണ്ട്”- അയാൾ പുഞ്ചിരിച്ചു.
പ്രസാധകന്റെ ചെരുപ്പിടാത്ത കാലിലൂടെ തണുപ്പരിച്ചുകയറിക്കൊണ്ടിരുന്നു. മനുഷ്യരൂപം പൂണ്ട് അലഞ്ഞു നടക്കുന്ന മരിച്ച മനുഷ്യരുടെ ആത്മാക്കളെക്കുറിച്ച് വായിച്ച ചില പുസ്തകങ്ങൾ അയാളുടെ ഓർമ്മയിലെത്തി.
ഇപ്പോൾ കാറിനുള്ളിൽ റോഡിനരികിലെ കുറ്റിക്കാടുകളിൽ വിരിയുന്ന പിച്ചിപ്പൂക്കളുടെ ഗാഢസുഗന്ധമാണോ?
—അവർ യാത്രയിലാണ്—–
ഒരു ചൈനീസ് പഴമൊഴി ഓർമ്മയില്ലേ?
“പർവതത്തെ നീക്കം ചെയ്യാൻ ശ്രമിച്ച വൃദ്ധനായ കർഷകനെക്കുറിച്ച്? മാനത്തോളം ഉയർന്നു നിൽക്കുന്ന കടത്തിന്റെ വലിയ പർവ്വതശൃംഗങ്ങൾ നീക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ മകൻ അത് ചെയ്യും”.
സുഹൃത്തേ നിങ്ങൾ ഒരു മികച്ച പ്രസാധകനാണെന്ന് എനിക്കറിയാം. നീ ഇപ്പോൾ പ്രസിദ്ധീകരിച്ച ‘അധികാരത്തിന്റെ നാനാർത്ഥങ്ങൾ’ എന്ന പുസ്തകം ഞങ്ങളിൽ ചിലരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ആ പുസ്തകം എഴുതിയ ആൾ പക്ഷേ നോട്ടപ്പുള്ളിയാണെന്ന് നിനക്കറിയാമല്ലോ? മറ്റുള്ള പ്രമുഖ പ്രസാധകർ മടക്കിയ ആ പുസ്തകം നീ എന്ത് വിശ്വാസത്തിലാണ് പ്രസിദ്ധീകരിച്ചത്?
” വയസ്സൻമാരുടെ വാഴ്ത്തുപാട്ടുകൾ കാലം ആവശ്യപ്പെടുന്നില്ല” പ്രസാധകൻ പറഞ്ഞു
വിസ്തൃതമായ ഒരു പുഴയ്ക്ക് കുറുകയുള്ള പാലത്തിനു മുകളിലേക്ക് കാർ പ്രവേശിച്ചു. പാലത്തിന്റെ മധ്യത്തിൽ അയാൾ കാർ നിർത്തി. അവർ പുറത്തിറങ്ങി. ഇനിയും തേഞ്ഞുതീരാത്ത ഇരുട്ടിൽ പുഴയിൽ ഇളകുന്ന ജലം കാണാം. പുഴയ്ക്കകരെ വടക്ക് ഏതോ വീട്ടിൽ എരിയുന്ന മണ്ണെണ്ണ വിളക്കിന്റെ നിഴൽ.
“സുഹൃത്തേ, ജീവിതത്തെക്കുറിച്ചാണ് ഞാൻ ഇതുവരെ പറഞ്ഞത്. മരണത്തിനും അസാമാന്യമായ സൗന്ദര്യമുണ്ട്. എനിക്കത് ഉറപ്പിച്ചു പറയാൻ കഴിയും.”
“നോക്കൂ,പുലരി വന്നെത്തിയിട്ടും മാനത്തെ നക്ഷത്രങ്ങൾ ഇനിയും മാഞ്ഞു പോയിട്ടില്ല. നിങ്ങൾക്ക് മരണത്തിലേക്ക് യാത്ര ചെയ്യാൻ പറ്റിയ ഏറ്റവും മനോഹരമായ പ്രകൃതി. പുഴയിലിപ്പോൾ ഇറക്കത്തിന്റെ സമയമാണ്. പുഴയുടെ ഏറ്റവും ആഴമുള്ള ഭാഗത്താണ് ഞാനും നിങ്ങളും നിൽക്കുന്നത്. നിങ്ങൾ ഇപ്പോൾ താഴേക്ക് ചാടുകയാണെങ്കിൽ അതൊരു ഉജ്ജ്വലമായ ജീവിതാന്ത്യമായിരിക്കും. ശ്വാസം ശരീരത്തെ വേർപെട്ട ശേഷം പുഴയ്ക്കടിയിലൂടെ അനാദിയായ ഒരു യാത്ര. അഴിമുഖത്ത് എത്തുമ്പോൾ കടലിലെ മത്സ്യങ്ങൾ കൂട്ടിനുണ്ടാവും. നിങ്ങൾ ഈ ഭൂമി വിട്ടു പോയെന്ന് പിന്നീട് ആരും അറിയില്ല”…….
അവർ പിന്നെയും എന്തൊക്കെയോ പറഞ്ഞു.
വെറ്റിലയുടെയും ചുണ്ണാമ്പിന്റെയും ഗന്ധം കാറ്റിന്റെ ചിറകിലേറി അയാളെ വലം വച്ചു. ഓർമ്മകളുടെ ഏതോ അടരുകൾ പൊട്ടിച്ച് അയാൾ മകനെ കൈകളിൽ കോരിയെടുത്തു.
അയാൾക്ക് ചുറ്റും നിലാവ് പരന്നു കൊണ്ടിരുന്നു……. കൃഷ്ണനുണ്ണി ജോജി എന്ന എഴുത്തുകാരന്റെ സർഗ്ഗാത്മകതയുടെ വശ്യമായ ദൃശ്യ ചിത്രങ്ങൾ!
ഓരോ വായനക്കാരനും ആ നിലാവിന്റെ നേർത്ത കുളിർമയിലാണ്. വായനയിൽ പാൽചന്ദനം പോലെ അത് നമ്മുടെ ചേതനയെ ഉണർത്തിക്കൊണ്ടേയിരിക്കും!!
ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ഏപ്രിൽ ആദ്യ ലക്കത്തിലാണ് ഈ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുൻവർഷത്തെ രാജലക്ഷ്മി കഥാപുരസ്കാരം ഈ കഥയ്ക്കു ലഭിച്ചിരുന്നു. കറുപ്പിന്റെയും നീലയുടെയും മാസ്മരിക നിറങ്ങളിൽ ചിത്രണം നടത്തിയിരിക്കുന്നത് റിഞ്ജു വെള്ളിലയാണ്.