ചിലർക്ക് യാത്ര ഒരനുഭൂതിയാണ്. മറ്റു ചിലർക്ക് അഗാധമായ മനുഷ്യബന്ധങ്ങൾ സ്ഥാപിച്ചെടുക്കാനും സാംസ്‌കാരികമായ പരിപ്രേക്ഷ്യങ്ങളെ ആദേശിക്കാനുമുള്ള മാർഗ്ഗമാണ്. പ്രകൃതിയുടെയും പ്രദേശങ്ങളുടെയും കൺനിറഞ്ഞുള്ള കാഴ്ചകളാണ് ചിലർക്ക് യാത്രകൾ. എന്നാൽ യാത്രകൾ ശിക്ഷകളാകുന്ന ചില സന്ദർഭങ്ങളുമുണ്ട്.
ഗ്രന്ഥാലോകത്തിൽ വന്ന ശ്രീ.എസ്.ആർ ലാലിന്റെ ‘മോള് ‘എന്ന കഥയുടെ ഇതിവൃത്തം ഇതുപോലെ ചിലരുടെ യാത്രകളും ജീവിതവും യാദൃശ്ചികതകളുമൊക്കെത്തന്നെയാണ്.
നിൽക്കുന്നിടത്തു നിന്ന് തന്നെ യാത്ര തുടങ്ങുന്നവരുണ്ട്. “ഭാർഗവി ഞാനൊന്ന് പീടികവരെ പോയിട്ട് വരാം”എന്ന് അമ്മയോട് പറഞ്ഞ അച്ഛൻ പിന്നീട് തിരിച്ചെത്തുന്നത് രണ്ടുമാസം കഴിഞ്ഞാവും. പക്ഷേ അമ്മയ്ക്കതിൽ പരാതിയില്ല. ജീവിതത്തിൽ ചില കാര്യങ്ങൾ അപരിഹാര്യങ്ങളാണെന്നുള്ള കഥകൃത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണത്.
അച്ഛന്റെ യാത്രകൾ കണ്ടു വളർന്ന കഥാനായകന്റെ ഉള്ളിലും ഒരു യാത്രികൻ അയാളറിയാതെ ഉരുവപ്പെടുന്നുണ്ടായിരുന്നു. അച്ഛന്റെ കാലുകളുടെ വഴി തേടി മകനും പതിനാലാം വയസ്സിൽ നാടുവിട്ടു. വീട്ടുകാർ കണ്ടെത്തി തിരിച്ചെത്തിച്ചെങ്കിലും ദൂരദേശങ്ങൾ അയാളെ പ്രലോഭിപ്പിക്കാൻ തുടങ്ങി.
അങ്ങനെ ഒരുച്ചനേരത്തെ ട്രെയിൻ യാത്രയിലാണ് പാർവതിയെയും മകൾ ലക്ഷ്മിയെയും കണ്ടുമുട്ടിയത്. ട്രെയിൻ ഒരു നദി മുറിച്ച് കടക്കവേ ആത്മഹത്യക്കൊരുങ്ങിയ അവരെ തന്റെ ജീവിതത്തിലേക്ക് അയാൾ വലിച്ചടുപ്പിക്കുകയായിരുന്നു .
വർഷങ്ങൾക്കുശേഷം തറവാട്ടിലേക്കെത്തുന്നതോടെയാണ് അവരുടെ കുടുംബ ജീവിതത്തെപ്പറ്റിയുള്ള വായന തുടങ്ങുന്നത് . കാടും പടർപ്പും പലതരം ജീവികളും കൈയടക്കിയിരുന്ന വീടിന്റെ ഹൃദയം അപ്പോഴാണ് താളത്തിലായത്.പഴയ ബന്ധുക്കളൊക്കെ വരാൻ തുടങ്ങി. ലക്ഷ്മി അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ അറിഞ്ഞു വളർന്നു . അവളെ സ്കൂളിൽ ചേർത്തു. ഇതിനിടയിൽ അയാളുടെ മനസ്സിൽ യാത്രയുടെ ചിന്തയഴിഞ്ഞു വീഴുന്നുണ്ട്. ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമാകുന്ന ഇന്ദ്രജാലം! അങ്ങനെ ഒരു യാത്ര കുട്ടിയിൽ വലിയ മാനസികാഘാതമുണ്ടാക്കി. അവൾ ബോധരഹിതയാവുകയും ആശുപത്രിയിലാവുകയും ചെയ്തു. അത്രയ്ക്ക് ഗാഢമായ ഒരു ബന്ധമായിരുന്നു ലക്ഷ്മിയും അയാളും തമ്മിൽ ഉണ്ടായിരുന്നത്. അതിനുശേഷം സഞ്ചാരത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തി . ചെറിയൊരു കട നടത്തി. മകളോടുള്ള സംസാരം കൂടി. ചില യാത്രകളിൽ അവളെയും കൂട്ടി.
കഥാഗതിയിൽ മാറ്റം വരുന്നത് ലക്ഷ്മിയുടെ കോളേജ് കാലഘട്ടം മുതലാണ്. അവൾ പുതിയ തലമുറയുടെ പ്രതീകമായിരുന്നു. അവളുടെ സഞ്ചാരപഥങ്ങളും യാത്രകളും വ്യത്യസ്തമായിരുന്നു. അവളുടെ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാൻ പാർവതിക്കോ അയാൾക്കോ സാധിച്ചില്ല.
അവളുടെ മുറിയിലേക്ക് നോക്കാൻ പോലും അവർ ഭയന്നു. എന്തിന് അവളുടെ നോട്ടം പോലും ‘കഴുത്തിനു പിൻഭാഗത്ത് തറച്ച കത്തി’ പോലെ അയാൾക്ക് തോന്നി .
ലക്ഷ്മി മുതിർന്ന കുട്ടിയായിട്ടു പോലും ബസ്സിൽ യാത്ര ചെയ്യാൻ തയ്യാറല്ലായിരുന്നു. തിക്കും തിരക്കുമണത്രെ! എന്നാൽ അവൾക്ക് ആൺ സുഹൃത്ത് ഉണ്ടായിരുന്നുവെന്നും അയാളുടെ കൂടെ അവൾ യാത്ര ചെയ്തെന്നും അയാൾ മനസ്സിലാക്കി. പുതിയ തലമുറയുടെ സാധാരണ പ്രവൃത്തികളായി അതിനെ ന്യായീകരിച്ചു .
സ്റ്റേഷനിലെ എ.എസ്.ഐ ആയ രാമകൃഷ്ണൻ സാറാണ് നാട്ടിൽ അയാൾക്ക് പരിചയമുള്ള ഏകകഥാപാത്രം. ലക്ഷ്മിയുടെ മാറ്റങ്ങൾ അവർ നിരീക്ഷിച്ചിട്ടുമുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഒരു പയ്യനുമായുള്ള അവളുടെ സൗഹൃദം അവർക്കിടയിൽ ചർച്ചയിൽ വന്നു. ഒരച്ഛന്റെ വ്യാകുലതകൾ അയാളിൽ ഉണ്ടായി. “ഞാൻ ജീവിച്ചിരിക്കുമ്പോൾ നീ വിചാരിച്ച പോലെ നടക്കില്ല” എന്ന് അവനോട് നേരിട്ട് പറയാൻ പോലും ധൈര്യപ്പെട്ടു. അവൻ അയാളെ നിഷേധിച്ചു. അയാളുടെ മനസ്സിൽ പകയും വൈരാഗ്യവും വർദ്ധിച്ചു.
ലക്ഷ്മി വീടുവിട്ടിറങ്ങി. തിരിച്ചറിവില്ലാത്ത പ്രായമായതുകൊണ്ട് തിരിച്ചു കൊണ്ടുവരാനാണ് അയാളുടെ മനസ്സ് വെമ്പിയത്. അവൾ അച്ഛനെതിരെ സ്റ്റേഷനിൽ പരാതി കൊടുത്തു. പോക്സോ കേസാണ്. ചെറിയ പ്രായത്തിൽ അവളെ ചൂഷണം ചെയ്തെന്നാണ് കേസ്. ഒരു മാസം ജയിലിൽ. പക്ഷേ വിശദമായ ഒരു പദ്ധതിയോടെ അയാൾ ജയിലിൽ നിന്നിറങ്ങി. അവളെ സ്നേഹത്തോടെ വിളിക്കുമെന്നും അരയിൽ നിന്നും കത്തിയെടുത്ത് കഴുത്തിലേക്ക് കുത്തി ഇറക്കുമെന്നും പദ്ധതിയിട്ടു.
അവൾ സമീപത്തേക്ക് എത്തുക തന്നെ ചെയ്തു. അവൾ ചിരിച്ചു. മോളുടെ ചിരി കണ്ട് അയാളുടെ കത്തി നിലത്തു വീണു. പക്ഷേ ആ ചിരി ഏറ്റുവാങ്ങിയത് അയാളായിരുന്നില്ല.
കാലം വഴിമുടക്കിയ അയാളുടെ യാത്രകൾ അങ്ങനെ അവസാനിക്കുകയായിരുന്നു.
ചില യാത്രകൾ നമ്മുടെ ജീവിതത്തോട് എന്താണു ചെയ്യുന്നത്? നിഗൂഢതകളോ അതീന്ദ്രിയ അനുഭവങ്ങളോ കഥയിലില്ല. എന്നാൽ യാദൃശ്ചികതയുടെ ചില അത്ഭുതങ്ങൾ വായനക്കാരനെ അലട്ടുന്നുണ്ട്. കഥാവായനയിൽ ഭയത്തിന്റെ അടരുകളും തീപിടിച്ച ചിന്തകളും ബാക്കിയാവുന്നു.
ഗ്രന്ഥാലോകം ഏപ്രിൽ ലക്കത്തിൽ വന്ന ഈ കഥയുടെ ചിത്രീകരണം സചീന്ദ്രൻ കാറഡുക്ക.