കഥാവിചാരം -20 : ‘സ്കൂൾ ഡയറിയിലെ ചില താളുകൾ’ – അയ്മനം ജോൺ

2024ലെ മാധ്യമം വാർഷിക പതിപ്പിൽ ശ്രീ അയ്മനം ജോണിന്റെ ‘സ്കൂൾ ഡയറിയിലെ ചില താളുകൾ’ എന്നൊരു കഥയുണ്ട്. പറക്കും നിഴൽ, കിണറ്റുകരയിലെ മാക്കാച്ചി, പായൽക്കുളം, ഏകാംഗപ്രണയം, വാനൊലി നിലയം, കണക്കു പരീക്ഷ എന്നീ തലക്കെട്ടുകളിൽ 6 കുഞ്ഞിക്കഥകൾ. ഇവയോരോന്നും നർമ്മത്തിന്റെ മേമ്പൊടി ചേർത്തെഴുതിവയാണ്.

കേരളപാഠാവലിയുടെ കവർ പേജിന്റെ പശ്ചാത്തലത്തിൽ മറിഞ്ഞ വള്ളവും കുട്ടിയും. എന്റെ വിദ്യാലയം എന്ന പാഠത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു വിദ്യാർത്ഥികളും വെള്ളവും മീനും. സുധീഷ് കൊട്ടേമ്പ്രത്തിന്റെ ചിത്രീകരണം.

‘പറക്കും നിഴൽ’ എന്ന കഥയിൽ മേരി ടീച്ചർ മണൽ വിരിച്ച മുറ്റത്ത് ഒരുകൂട്ടം നിഴലുകൾ പറന്നു പോകുന്നത് കണ്ടപ്പോൾ കുട്ടികൾ തെക്കുനിന്നു വടക്കോട്ട് പറക്കുന്ന വലിയൊരു പക്ഷി കൂട്ടത്തെ കണ്ടു.

‘ കിണറ്റുകരയിലെ മാക്കാച്ചി’യിൽ ദേഷ്യക്കാരൻ ചാക്കോ മാഷ് കൊടുത്തുവിട്ട കണക്ക് ഹോംവർക്ക് തെറ്റിച്ചു ചെയ്തതിന് ഇറക്കി വിടുമ്പോൾ കിട്ടുന്ന അഭയ സ്ഥാനമായ കിണറ്റിൻകരയിലെ കൽക്കെട്ടും അവിടെയുണ്ടായിരുന്ന പൊത്തുകളിലെ മാക്കാച്ചിക്കുടുംബങ്ങളും അവയുടെ ഇരിപ്പും, ചാട്ടവും, മണ്ടൻ നോട്ടവും കണ്ടു സമയം പോക്കിയ ദിനങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ്. വർഷങ്ങൾക്കിപ്പുറം ചാക്കോ സർ കൊടുത്തു വിട്ടിരുന്ന ഒരു ഹോംവർക്കു പോലും ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും കുഞ്ഞുമാക്കാച്ചിത്തവളകളുടെ മുഖങ്ങൾ നന്നായി ഓർത്തെടുക്കാൻ പറ്റുന്നുമുണ്ട്.

അയ്മനം ജോൺ

‘ പായൽക്കുളം’ എന്ന കഥയിൽ ഉപേക്ഷിക്കപ്പെട്ട അമ്പലക്കുളത്തിൽ മുങ്ങി മരിച്ച ഒരു വയസ്സൻ ധർമ്മക്കാരനാണു വിഷയം. മുഷിഞ്ഞ വേഷവും നരച്ച താടിയും തളർന്ന കണ്ണുകളും ചളുങ്ങിയ പിച്ചപാത്രവുമായി മുടന്തി മുടന്തി നടന്നിരുന്ന അപ്പൂപ്പൻ മറ്റാരും കുളിക്കാൻ ഇറങ്ങാറില്ലാത്ത, പായൽ പരന്നു പച്ചച്ച അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങാറുണ്ടായിരുന്നു. മഴക്കാലത്തൊരിക്കൽ ആൾക്കൂട്ടം കണ്ട് എത്തി നോക്കിയപ്പോൾ അപ്പൂപ്പന്റെ മുതുകും കള്ളിമുണ്ടിന്റെ തുമ്പും പൊങ്ങിക്കിടന്ന പിച്ചപ്പാത്രവും കണ്ടു. സ്കൂൾ വിട്ടു തിരികെ വരുമ്പോൾ കുളത്തിനരികിൽ അഞ്ചാറ് ആളുകൾ വട്ടം കൂടി നിന്ന് പറയുന്നത് കേട്ടു.” ജഡം കൊണ്ടുപോയ വഴിക്ക് പോലീസുകാർ ആ പിച്ചപാത്രം കൂടി എടുത്തു കൊണ്ടു പോയി” എന്ന്.
അപ്പൂപ്പനെ തിരിച്ചറിയാനുള്ള തെളിവായിരുന്നത്രേ അത്!!

‘ ഏകാംഗ പ്രണയത്തിൽ’ 10 സി.യിലെ പോലീസുകാരന്റെ മകളായ ഗ്രേസിക്കുട്ടിയോട് തോന്നിയ പ്രണയപ്പനി (അങ്ങോട്ട് മാത്രം) അവളുടെ വളർച്ചയോടൊപ്പം തന്നെ : അതായത്, പത്താം ക്ലാസിനു ശേഷവും, കോളേജ് കാലഘട്ടത്തിലും, കുടുംബിനിയായി കഴിഞ്ഞുo, പിന്നീട് ദേഹത്തും മുഖത്തും ചുളിവുകൾ വീണു തുടങ്ങിയിട്ടും, ഒളിമിന്നലായി പുരോഗമിക്കുകയാണ്. മീൻ മാർക്കറ്റിൽ വച്ച് കണ്ടപ്പോൾ പോലും ഗ്രേസിക്കുട്ടിയെ തിരിച്ചറിഞ്ഞെങ്കിലും ഗ്രേസിക്കുട്ടിക്ക് ഒരു തിരിച്ചറിവും ഉണ്ടായില്ല. എന്നു മാത്രമല്ല, ഒരു ചത്ത മീനിനെ പങ്കിടാനുള്ള സന്നദ്ധത പോലും കാണിക്കാതെ മറ്റൊരു മീൻ കച്ചവടക്കാരൻറെ സമീപത്തേക്ക് മാറുമ്പോൾ കഥാകൃത്ത് പറയുന്നു: ജീവിതമോ പങ്കിടാൻ കഴിഞ്ഞില്ല. പകരം ഒരു മീനിനെ പങ്കിടാൻ പോലും…

‘ വാനൊലിനിലയം’ ഉലഹനാൻ സാറിന്റെയും ഭാര്യ ചിന്നമ്മ ടീച്ചറിന്റെയും കഥയാണ്. രണ്ടുപേരും പ്രണയ നാടകമാടി പിന്നാലെ വിവാഹം കഴിച്ചവരാണ്. പക്ഷേ താളപ്പിഴകൾ കൂടെക്കൂടെ സംഭവിച്ചു. ഉച്ചയൂണ് സമയത്ത് സ്കൂളിന് സമീപമുള്ള അവരുടെ വീട്ടിൽ നിന്ന് രണ്ടുപേരുടെയും ഒച്ച ഒരുമിച്ചു ഉയരും. ഒപ്പം ആകാശവാണിയിൽ നിന്നോ സിലോൺ റേഡിയോയിൽ നിന്നോ ഉള്ള പാട്ടുകൾ അത്യുച്ചത്തിൽ കേട്ടു തുടങ്ങും. അന്നുതൊട്ടാണ് സിലോൺ റേഡിയോയിൽ നിന്നുള്ള ചലച്ചിത്ര ഗാനങ്ങൾ പതിവായി കേൾക്കാനുള്ള പ്രേരണയുണ്ടായത്. അന്ന് ക്രാഫ്റ്റ് പഠിപ്പിച്ചിരുന്ന സരസനായ വർക്കി സാർ, ഉലഹനാൻ -ചിന്നമ്മ ടീച്ചർമാരുടെ വീടിന് ‘വാനൊലിനിലയം’ എന്നൊരു കള്ളപ്പേരു കൂടി ചാർത്തിക്കൊടുത്തു. ഇന്ന് ആളൊഴിഞ്ഞു കിടക്കുന്ന ആ വീട് കാണുമ്പോൾ കഥാകൃത്തിന്റെ ഉള്ളിൽ ഉണർന്നിരിക്കുന്ന കുട്ടി അന്നുയർന്നു കേട്ട ഒച്ചകൾ അന്തരീക്ഷത്തിൽ വാനൊലിയായി അലഞ്ഞു നടക്കുന്നത് കാണുന്നു.

കണക്കു പരീക്ഷ. കല്ലുമടയാറ് നിറഞ്ഞൊഴുകിയ ഒരു ഓണക്കാലത്ത് പരീക്ഷ എഴുതാൻ പോയ കഥയാണിത്. കുട്ടികളെ അക്കരെ എത്തിക്കാൻ കടത്തുകാരൻ മത്തായി ചേട്ടൻ പാടുപെടുന്നതറിഞ്ഞു കടവിൽ തിരക്കുള്ള ദിവസം നോക്കി സ്വന്തം വള്ളവുമായി ചെല്ലപ്പൻ ചേട്ടൻ ഇറങ്ങും. ആളൊന്നിന് പത്തു പൈസ നിരക്കിൽ. കണക്കു പരീക്ഷയുടെ ദിവസം പഠിച്ചിരുന്ന് സമയം പോയ കഥാകൃത്ത് വൈകിയാണ് സ്കൂളിലേക്ക് തിരിച്ചത്. ചെല്ലപ്പൻ ചേട്ടന്റെ വള്ളത്തിൽ കയറി നേരത്തിനു തന്നെ സ്കൂളിൽ എത്തണമെന്നു പറഞ്ഞ് അമ്മ 10 പൈസ ഏൽപ്പിച്ചു. മറ്റുള്ള കുട്ടികളോടൊപ്പം ചെല്ലപ്പൻ ചേട്ടന്റെ വള്ളത്തിൽ ഓടി കയറി. പുറപ്പെട്ട പാടെ വള്ളത്തിൽ അമിതഭാരം അനുഭവപ്പെട്ടത് തിരിച്ചറിഞ്ഞു. പക്ഷേ ചെല്ലപ്പൻ ചേട്ടന് ഒരു കുലുക്കവും ഇല്ല. കുറച്ചു മുൻപോട്ട് എത്തിയപ്പോൾ വള്ളത്തിൽ വെള്ളം കയറി. ഒരു കൂസലുമില്ലാതെ തുഴച്ചലിനിടയിൽ വെള്ളം തേവി കളഞ്ഞുകൊണ്ട് ചെല്ലപ്പൻ ചേട്ടൻ മുന്നോട്ടു പോയി. ആറിന് നടുവിൽ കുത്തൊഴുക്കുള്ള ഭാഗത്തെത്തിയപ്പോൾ തേവലും തുഴയലും ഒരുമിച്ചു പോയില്ല. അവിടം കടന്നപ്പോൾ വള്ളത്തിന്റെ വെളുമ്പും വെള്ളപ്പരപ്പും ഒന്നായി. “ചാടിക്കോ പിള്ളേരെ “എന്നായി ചേട്ടൻ. ചാടിയ ഇടത്ത് അരയ്ക്കൊപ്പം വെള്ളമേ ഉണ്ടായിരുന്നുള്ളു. കുട്ടികൾ ചേറ്റിൽ കൂടി നീന്തിയെത്താൻ കുറച്ചുനേരം എടുത്തു. വള്ളം ഒന്നു മറിച്ചു വെള്ളം കളഞ്ഞ് തുഴഞ്ഞ് കരയ്ക്കെത്തിയ അയാൾ 10 പൈസയ്ക്ക് കൈ നീട്ടിയപ്പോൾ നീന്തിയ ദൂരം കണക്കാക്കി രണ്ടു പൈസയെങ്കിലും കുറച്ചില്ലല്ലോ എന്ന് കഥാകൃത്ത്. അക്കാലത്തെ വഴക്കാളികൾ പോലും അതിനു മുതിർന്നുമില്ല.

കുട്ടിക്കാലത്തുള്ള പുറം കാഴ്ചകൾ മാത്രമേ എന്നെന്നും മനസ്സിൽ ഹരിതകമണിഞ്ഞു നിൽക്കാറുള്ളൂ. ഒരോ കുട്ടിയുടെയുള്ളിലും പ്രകൃതിയോടിണങ്ങാനുള്ള അടങ്ങാത്ത അഭിവാഞ്ചയുണ്ട്. സ്കൂളിൽ ക്ലാസ് മുറിയിൽ പഠനം നടക്കുന്നതിനിടയിൽ പുറത്തേക്ക് നോക്കിയിരുന്ന കുട്ടിയോട് പൊടുന്നനെ ചോദിച്ച ചോദ്യത്തിന് ഉത്തരം ‘വാലല്ലാത്തതെല്ലാം അളയിലായി’ എന്നായിരുന്നു എന്നൊരു കഥ കേട്ടിട്ടുണ്ട്. ക്ലാസ് മുറിക്കു പുറത്ത് പൊത്തിലേക്ക് ഒരു പാമ്പ് പ്രവേശിക്കുന്നത് നോക്കിയിരുന്ന കുട്ടി അധ്യാപകന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞത് അവൻ കണ്ട കാഴ്ചയെ കുറിച്ചാണ്. കുട്ടികൾ ക്ലാസിൽ ശ്രദ്ധിച്ചിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കെ പ്രകൃതി അവനെ നിരന്തരം ക്ഷണിക്കുന്നു എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്. പുസ്തകത്താളുകളിലെ അക്ഷരപാഠങ്ങൾക്ക് പുറമേ പ്രകൃതി നൽകുന്ന ചില പാഠങ്ങളിലേക്കും കുട്ടികളുടെ ശ്രദ്ധ എത്തുന്നുണ്ട് എന്നത് നാം മറന്നുകൂടാ.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.