കഥാവിചാരം -18 : മനുഷ്യാലയ ചന്ദ്രിക – കെ രേഖ

മനുഷ്യാലയ(വീട്) നിർമ്മാണത്തിന്റെ ശാസ്ത്ര വിധികളെ കുറിച്ചുള്ള തിരുമംഗലത്ത് നീലകണ്ഠൻ മൂസതിന്റെ കൃതിയാണ് മനുഷ്യാലയ ചന്ദ്രിക. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന, കെ.രേഖയുടെ ‘മനുഷ്യാലയ ചന്ദ്രിക’ എന്ന കഥ പക്ഷേ തത്വശാസ്ത്രങ്ങൾ തകർന്ന ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു.

ഡേറ്റിംഗിന്റെയും, ലിവിങ് ടുഗദറിന്റെയും ഇക്കാലത്ത് വിവാഹവും കുടുംബവുമൊക്കെ അങ്ങേയറ്റം ‘പവിത്ര’വും ‘വൈകാരിക വിശുദ്ധി’യുമുള്ളതാവണമെന്ന് ഉറച്ചു വിശ്വസിച്ചവരാണ് -അഞ്ജന ശ്രീധരനും ദീപുവും. കരാറുകളുടെ അടിസ്ഥാനത്തിലുള്ള വിവാഹം വേണ്ടെന്നു വച്ച് രജിസ്റ്റർ ആപ്പീസിൽ ഒന്നു ചേർന്നവർ. അയാളെ വിവാഹം കഴിക്കാൻ പറ്റിയില്ലെങ്കിൽ മരണം വരിക്കാൻ വേണ്ടി ഡയറിക്കുള്ളിൽ ബ്ലേഡ് കരുതിയിരുന്നവൾ, അതേ രജിസ്റ്റർ ആപ്പീസിലെ തെക്കും വടക്കും തിണ്ണകളിൽ ഇരുന്ന് വെറുപ്പിന്റെയും സഹനത്തിന്റെയും കൊടുമുടികൾ കയറിയിറങ്ങുകയാണ്. മാത്രമല്ല ഇപ്പോൾ അയാളുടെ കൂടെ മറ്റൊരു സ്ത്രീയും അവരുടെ വയ്യാത്ത ഒരു മകനും ഉണ്ട്. എന്നാൽ അവളാവട്ടെ, ഒറ്റയ്ക്കാണ്.

K.Rekha

എതിർകക്ഷിയായി മറുഭാഗത്തിരിക്കുമ്പോൾ അയാളോടൊപ്പമുള്ള ജീവിതത്തെ വേദനയോടെ ഓർത്തെടുക്കുകയാണ് അഞ്ജന. തങ്ങൾക്കുണ്ടായ രണ്ടു കുട്ടികളെ ഒരിക്കൽപോലും ഒന്നെടുക്കാതെ , ഓമനിക്കാതെ, അവർക്ക് ഒരുമ്മ കൊടുക്കാതെ ദീപു കൂർക്കം വലിച്ചുറങ്ങിയ രാത്രികൾ.. കുട്ടികളുടെ നിർത്താതെയുള്ള രാത്രിക്കരച്ചിലുകളിൽ ഉറങ്ങാനാവാത്ത തന്റെ അമ്മക്കാലത്തെക്കുറിച്ച്.. ആ കരച്ചിലുകൾ അയാൾക്ക് അസഹ്യമായപ്പോൾ ദേഷ്യപ്പെട്ടതും, അപ്പോൾ പുറത്തേക്കുള്ള വാതിൽ തുറന്ന് കുട്ടികളുടെ വാശിയും ഇരുട്ടിന്റെ കറുപ്പും നോക്കി വരാന്തയിൽ ഒരു പ്രതിമ പോലെ ഇരുന്നത്… മോഷ്ടിക്കാനായി മതിലുചാടി വന്ന കള്ളൻ അവളുടെ ഇരിപ്പിൽ സഹതപിച്ച് മോഷ്ടിക്കാനാവാതെ തിരിച്ചു പോയത്… കുഞ്ഞിനെ കൈയിലിട്ട് ആട്ടിയുറക്കിയതും അയാൾക്ക് ശർക്കര കാപ്പിയിൽ നെയ്യ് ഒഴിച്ചു കൊടുത്തത്… അങ്ങനെ എല്ലാമെല്ലാംഅവളുടെ കരയാത്ത വേദനകളെ ജ്വലിപ്പിച്ചു.

പിന്നീട് ദീപു വഴിമാറിയൊഴുകി. ജാനറ്റിനെ വിവാഹം ചെയ്തു. ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം ആസ്വദിച്ചു തുടങ്ങുമ്പോൾ, ആരെയെങ്കിലും ഒന്ന് പ്രേമിക്കണം എന്ന് ചിന്തിച്ചപ്പോൾ, ആ മോഷ്ടാവാണ് ആദ്യം മനസ്സിലേക്കോടിയെത്തിയത്. കള്ളനാണെങ്കിലും ഉള്ളു നല്ലവനായ ആ മനുഷ്യനോട് അവൾക്ക് തോന്നുന്ന ആത്മാർത്ഥത, സ്നേഹം, ഇഷ്ടം ഒക്കെ വായിക്കുമ്പോൾ ഭർത്താവിനോടൊപ്പമുള്ള ജീവിതത്തിൽ എന്തുമാത്രം വൈകാരികമായ പൊരുതലിലൂടെയായിരുന്നു അവർ ജീവിതത്തെ അതിജീവിച്ചത് എന്ന് ചിന്തിച്ചു പോകും! അയാൾക്ക് ജാനറ്റിലുണ്ടായ മകനെ മടിയിലിരുത്തി ലാളിക്കുമ്പോൾ തന്റെ കുട്ടികൾക്ക് കിട്ടാതെ പോയ അച്ഛന്റെ സ്നേഹം അവൾക്ക് തീവ്രവേദനയാവുന്നു. മാത്രമല്ല, ഇടയ്ക്കിടെ അക്രമാസക്തനാവുന്ന കുട്ടിയെ എത്ര ക്ഷമയോടെയാണ് അയാൾ കൈകാര്യം ചെയ്യുന്നത്! അമ്മയൊരു സെന്റിമെന്റൽ ഇഡിയറ്റ് ആണെന്നാണ് മക്കൾ അജുവും അമലയും പറയുന്നത്. അമ്മയോട് സ്നേഹമില്ലാത്ത അച്ഛന് മക്കളെ സ്നേഹിക്കാനാവില്ലത്രേ!! യാതൊരു കോംപ്രമൈസിനും അമ്മ വിധേയയാവരുതെന്ന് ഓർമ്മിപ്പിക്കുന്നുണ്ടവർ.

ഓരോ സ്ത്രീക്കും അവരുടേതായ ഒരു വ്യക്തിസത്ത ഉണ്ട്. ജൈവികഘടന കൊണ്ടുമാത്രം സ്ത്രീകൾ കുറച്ചേറെ സംരക്ഷിക്കപ്പെടേണ്ടതുണ്ട് . പുരാണേതിഹാസങ്ങളുടെ കാലം മുതൽക്കേ മാനസികമായും ശരീരികമായും അവൾ എന്നും ശക്തിമതിയായിരുന്നു. പക്ഷേ സ്ത്രീക്ക് സമൂഹത്തിൽ പല രീതിയിൽ ദുർബലപ്പെടേണ്ടി വരുന്നുത് സമൂഹത്തിന്റെ അപരിഷ്കൃതമായ നിയമങ്ങളും പുരുഷകേന്ദ്രീകൃത കുടുംബ വ്യവസ്ഥിതികളും കാരണമാണ്. ജീവിതത്തിനോട് പൊരുതി നിൽക്കേണ്ടിവരുന്ന ഒരു സ്ത്രീക്ക് ധൈര്യവും കാര്യപ്രാപ്തിയും വളരെ പ്രധാനമാണ്. ചിലർ അതിന് തയ്യാറാവാതെ വീടുവിട്ടിറങ്ങുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്യുന്നു.

” അന്നപൂർണ്ണാദേവിയുടെ ജീവിത പുസ്തകം വായിക്കുമ്പോൾ ഞാനിരുന്ന് കരഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് എന്തോ അവരുടെ കഥ ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു. അന്നപൂർണ്ണാദേവിയുടെ ഒരിക്കലും തുറക്കാത്ത വാതിലും സംഗീതവും അതിനകത്തിരുന്ന് ശ്വാസംമുട്ടുന്ന ആ താളം നിലച്ച ജീവിതവും. രവിശങ്കറിന്റെ ലോകോത്തര വളർച്ചയും ഒക്കെ കുറെനാൾ എന്നെ ശ്വാസം മുട്ടിച്ചു”… കഥയിൽ ഒരിടത്ത് പറയുന്നു.

വിവാഹമോചിതരാവാൻ രജിസ്ട്രാർ ഓഫീസിലെത്തിയ ദീപുവിന്റെയും അഞ്ജനയുടെയും ജീവിതത്തിലെ കുറച്ച് മണിക്കൂറുകളാണ് കഥയായി പരിണമിച്ചത്. കഥയിൽ പറയും പോലെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ മനസ്സ് ചേമ്പില പോലെയാവും. ഒന്നും അതിൽ ഒന്നും തങ്ങി നിൽക്കുകയോ ഒട്ടിപ്പിടിക്കുകയോ ചെയ്യില്ല. ഏത് വലിയ വേദനയിലും തളിർക്കുകയും പൂവിടുകയും ചെയ്യുന്ന ഒരു കുഞ്ഞു ചെടി എപ്പോഴും മനസ്സിൽ ഉണ്ടായിരിക്കുക എന്നത് മാത്രമാണ് അവഗണിക്കപ്പെട്ട ഒരു സ്ത്രീയുടെ ഏറ്റവും വലിയ കരുത്ത്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഈ കഥയെ ചിത്രീകരണം കൊണ്ട് സമ്പന്നമാക്കിയത് കെ. ഷെരീഫ് ആണ്.

മനുഷ്യാലയ ചന്ദ്രിക എന്ന പേരിൽ കെ. രേഖയുടെ ഒരു കഥാസമാഹാരം മാതൃഭൂമി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. കുടുംബത്തിൽ വൈകാരിക കടങ്ങൾ ബാക്കിയാവുന്നതിന്റെ നേർചിത്രങ്ങളാണ് ഓരോ കഥയും.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.