കഥാവിചാരം-17 : ആനിയും മരിയയും അത്തിമറ്റത്തെ വീടും – വി കെ ദീപ

“ഏകാന്തമായ ഒരു രാത്രിയിൽ ഭാരിച്ച കല്ലുകൾ കുപ്പായ കീശയിൽ നിറച്ച് കടും വിഷാദം ദംശിച്ച തന്റെ ജീവൻ, നദിയുടെ തണുപ്പാഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ എഴുത്തുകാരി വെർജിനിയ വൂൾഫിനെപ്പറ്റി ഹരി ആനിയോട് ചോദിച്ചു. മറ്റൊരു കാര്യം കൂടി വെർജിനിയ പറഞ്ഞിട്ടുണ്ട്. എഴുതുന്ന പെണ്ണിന് സ്വന്തമായൊരു മുറിയും കയ്യിൽ കാശും വേണമെന്ന്… ഹരി ചിരിച്ചു. പിന്നെ പറഞ്ഞു, അത്തരമൊരു മുറി മനസ്സിലെങ്കിലും ഉണ്ടാക്കണം. ആനിയുടെ കവിത ഗംഭീരമാണ്. ആനി ഒരു എഴുത്തുകാരിയാണ്.”

ജോസഫ് മുണ്ടശ്ശേരി പുരസ്കാര ജേതാവും ദേശാഭിമാനി സാഹിത്യ പുരസ്കാര ജേതാവും ബാലസാഹിത്യകാരിയും പ്രശസ്ത ചെറുകഥാകൃത്തുമായ ശ്രീമതി വി.കെ.ദീപയുടെ മനോഹരമായ കഥയാണ് “ആനിയും മരിയയും അത്തിമറ്റത്തെ വീടും“. 2024 മാതൃഭൂമി ഓണപതിപ്പിൽ ( സെപ്റ്റംബർ 8-24 ) വന്ന ഈ കഥ ആനിയുടെ സർഗാത്മകതയും അവരുടെ മനസ്സിലുള്ള സങ്കല്പവീടും അതിനെ ചുറ്റിപ്പറ്റിയുള്ള സ്വപ്നങ്ങളും വികാരങ്ങളും ചിന്തകളും മരണശേഷം മകളായ മരിയയുടെ വായനയിലൂടെ വായനക്കാരിലെത്തുന്നു.

രണ്ടു കിളികൾ കൊക്കുരുമ്മിയിരിക്കുന്ന ‘സ്വീറ്റ് ഡ്രീംസ്’ എന്നു തുന്നിപ്പിടിപ്പിച്ച ഒരു പില്ലോയുണ്ടായിരുന്നു ആനിക്ക്. അതിന്റെ കവറിനുള്ളിൽ സൂക്ഷിച്ചുവെച്ചിരുന്ന നോട്ടു പുസ്തകത്തിന്റെ ആദ്യപേജിൽത്തന്നെ “അത്തിമറ്റത്തെ വീട്” എന്ന തലക്കെട്ട് എഴുതിച്ചേർത്തിരുന്നു. പൂക്കളും പച്ചപ്പും നടുക്കൊരു വീടും അതിനെ ചാരി ധ്യാനത്തിലെന്നോണം കണ്ണടച്ചിരിക്കുന്ന ഒരു സ്ത്രീയുടെ പെൻസിൽ സ്കെച്ചും. ആനി ചിത്രകാരിയായിരുന്നു. ആനിയുടെ മനോഹരമായ കയ്യക്ഷരം പലചരക്ക് കടയിലേക്കുള്ള ലിസ്റ്റിൽ മാത്രമേ മകൾ മരിയ കണ്ടിട്ടുള്ളൂ. ഭർത്താവ് സേവ്യർ ഒരിക്കലും അവരെ ഉൾക്കൊണ്ടിരുന്നുമില്ല.

ആനിയുടെ സർഗാത്മകത മനോഹരമായ ഏഴു കുറിപ്പുകളിലൂടെയാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. തന്റെ സ്വാർത്ഥ സുഖത്തിനുവേണ്ടി ചൊല്ലും ചെലവും കൊടുത്തുവെച്ച ഒരുത്തിയായി ഭാര്യയെ കാണുന്ന സമൂഹത്തിലെ ആൺകോയ്മയുടെ ബാഹ്യമായ കൈയ്യേറ്റങ്ങൾക്ക് പക്ഷേ, അവളുടെ മനസ്സിലേക്ക് നുഴഞ്ഞു കയറാൻ സാധിക്കുന്നില്ല. മാനിക്കപ്പെടാത്ത തന്റെ സർഗാത്മകതകളെ മനസ്സിൽ സ്വന്തമായൊരു വീടുണ്ടാക്കി അതിലൊരു സങ്കല്പ ജീവിതം നയിക്കാൻ അവളുടെ നിസ്സഹായ മനസ്സ് പ്രേരിപ്പിക്കുന്നു. അതിൽ അവൾ അതിമനോഹരമായ ഒരു പെൺജീവിതം ആസ്വദിക്കുന്നു. ഒന്നോ രണ്ടോ വട്ടമുണ്ടായ ഭർത്താവിന്റെ സ്നേഹനിർഭരമായ നോട്ടം അവൾ മനസ്സിൽ വിടർത്തി പരത്തിയിട്ട് സമാധാനപരമായ ഒരു ജീവിതം നയിക്കുന്നു. ആസ്വാദ്യകരമായ പെൺജീവിതത്തിന്റെ മർമ്മസ്പന്ദനങ്ങൾ നല്ല തണ്ടുറപ്പുള്ള ഭാഷയിൽ അവതരിപ്പിക്കുന്നതോടൊപ്പം സ്ത്രീകളുടെ ചില സ്നിദ്ധതകളെ അനുധാവനം ചെയ്യുകയുമാണ് ശ്രീമതി വി.കെ ദീപ.

ആനി തന്റെ ജീവിതം ആടി തിമിർത്തു ജീവൻ മുക്തി നേടിയപ്പോഴും അതിൽ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന സംശയത്തിലാണ് സേവ്യർ. കാരണം മരണത്തിനു മുൻപ് ” എനിക്ക് സ്വന്തമായി ഒരു വീടും പുരയിടവുമുണ്ട് ” എന്ന് വ്യക്തമായി ആനി ഭർത്താവ് സേവ്യറിനോട് പറഞ്ഞിരുന്നു. മരണശേഷം അങ്ങനെയൊരു വീടിന്റെയും പറമ്പിന്റെയും പ്രമാണം ഒളിഞ്ഞിരിക്കാൻ സാധ്യതയുള്ള സകല സ്ഥലങ്ങളും തിരയുകയായിരുന്നു അപ്പോഴും അയാൾ.

പെണ്ണ് എപ്പോഴും പരിമിതികളെ ചൂടുന്നവളാണെന്നു വിശ്വസിക്കുന്ന ഒരു വിഭാഗം പുരുഷന്മാരുടെ പ്രതിനിധിയാണ് സേവ്യർ. ആനി അവളുടെ ആഗ്രഹങ്ങളെയും ജീവനെപോലും പരിമിതപ്പെടുത്തിയവളാണ്. ആഹ്ളാദം നിറഞ്ഞ പെൺജീവിതത്തിന്റെ രഹസ്യക്കൂട്ട് ആലീസ് പറഞ്ഞു കൊടുത്തെങ്കിലും ആനിക്ക് അതൊന്നും നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല ‘പത്തു പൈസ കയ്യിലില്ലാത്ത നീ എന്തുകണ്ടാ നെഗളിക്കുന്നത്’ എന്ന് ചോദിച്ചു സേവ്യറിന്റെ അമ്മ അവളെ നൊമ്പരപ്പെടുത്തുക കൂടി ചെയ്തു.

ഓരോ കുറിപ്പിലും ആനിയുടെ സാങ്കല്പിക ജീവിതത്തിലെ മനോഹരമായ ജീവിത സന്ദർഭങ്ങളെ ചക്രവാളസീമയിലോളം എത്തിക്കാൻ കഥാകാരിക്ക് കഴിഞ്ഞു . ആ ഏഴു കുറിപ്പുകളിലാണ് ആനിയുടെ യഥാർത്ഥ ജീവിതം വിടരുന്നത്. പഴിപറയലും അപമാനിക്കലും അടിച്ചമർത്തലും അവജ്ഞയും ഉള്ളുരുക്കിയ സ്ത്രീത്വം സ്നേഹത്താലും മൃദുസ്പർശത്താലും പരിഗണനയാലും ആദരത്താലും അവിടെ നിറഞ്ഞു.

പുറത്തൊരു ലോകമുണ്ടെന്ന് തിരിച്ചറിയണമെന്നും ഭയപ്പെടുത്തി ഒരു അടിമയെയോ അടിമ വർഗ്ഗത്തെയോ സൃഷ്ടിക്കാനായേക്കാമെന്നും പക്ഷേ കാലം കലാപം കൊണ്ട് അവരെ കശാപ്പ് ചെയ്തു തൂത്തെറിയുമെന്നും കഥാകൃത്ത് ബോധിപ്പിക്കുന്നു. മൗനം വളക്കൂറുള്ള മണ്ണാണെന്നും അത് ആൺകോയ്മകൾ വളരാനിടയാകുമെന്നും ഈ കഥ വായനക്കാരെ ഓർമ്മിപ്പിക്കുന്നു. ജീവിക്കുന്ന പ്രതിമകളാവാതെ ജീവിതത്തിന്റെ സൗന്ദര്യാനുഭൂതികൾ മനസ്സിലെങ്കിലും ഉണ്ടാവണമെന്ന ഒരു പ്രത്യാശയും വായനക്കാർക്ക് പകർന്നു നൽകിയ നല്ലൊരു കഥ.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.