കഥാവിചാരം-16 : ഇ.പി. ശ്രീകുമാറിന്റെ ‘പ്രതീതി’

എന്തുകൊണ്ടാണ് മനുഷ്യൻ സാങ്കല്പിക ലോകങ്ങളിലേക്ക് കുടിയേറപ്പെടുന്നത്? യഥാർത്ഥ ലോകത്ത് അവന് ലഭിക്കുന്ന കാഴ്ച കേൾവി – അനുഭവങ്ങളിൽ നിന്ന് ഭിന്നമായി വിചിത്രവും മായികവുമായുള്ള കാഴ്ചകളും സങ്കല്പങ്ങളും അവിടെ കാത്തിരിക്കുന്നു എന്നുള്ളതാണ് അതിന്റെ കാരണം. വെർച്വൽ റിയാലിറ്റി ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ സങ്കല്പലോകത്ത് എത്രനേരം വേണമെങ്കിലും വിഹരിക്കാനാവും. ഓഗസ്റ്റ് ലക്കം ഭാഷാപോഷിണിയിൽ വന്ന ‘പ്രതീതി’ എന്ന ഇ.പി ശ്രീകുമാറിന്റെ കഥ, വെർച്വൽറിയാലിറ്റി എന്ന സങ്കേതത്തിലൂടെ അലൗകികതയുടെ പറുദീസയിലേക്ക് ചേക്കേറിയ സുഷിരയുടെയും കുളിരിന്റേയും കഥയാണ്.

രാജ്യത്തെ ശതകോടീശ്വരന്മാരുടെ ഏറ്റവും പുതിയ പട്ടിക പ്രസിദ്ധീകരിച്ചതിൽ നിക്കോളാസ് പരുത്തിക്കാരന്റെ പേരുണ്ടായിരുന്നു. ‘നിക്കോ’ ബിസിനസ് ഗ്രൂപ്പിന്റെ പ്രധാനികൾ താമസിക്കുന്ന ഒരു നിർമ്മിതദ്വീപിലാണ് അയാളുടെ സ്വകാര്യ അവന്യൂ. മകൾ – സുഷിര. ശരീരത്തിലെ അസ്ഥി സന്ധികൾ തെന്നി മാറുമ്പോളുണ്ടാകാറുള്ള വേദനയാൽ വീർപ്പുമുട്ടി കഴിയുന്ന അവൾക്ക് കേശവൻ വൈദ്യനായിരുന്നു ആശ്രയം. ആവശ്യം വരുമ്പോഴൊക്കെ വൈദ്യൻ നിക്കോ പാലസിലെത്തും.പക്ഷേ മൂത്തമകളുടെ തിരോധാനം അയാളെ ഭ്രാന്ത് പിടിപ്പിച്ചു. സുഷിരയുടെ പ്രായമായിരുന്നു അവൾക്കും.

കേശവൻ വൈദ്യന്റെ രണ്ടാമത്തെ മകളാണ് കുളിർ. അവൾക്ക് മർമ്മവിദ്യ വശമായിരുന്നു. സുഷിരയ്ക്ക് വൈദ്യുരൂട്ടിയുടെ മന്ത്രവിരലുകൾ മർമ്മത്തിൽ തൊട്ടാൽ മതി വേദന ശമിക്കും. ആരാധനയും ആവശ്യകതയും മൂലം കുളിരും സുഷിരയും ഒന്നിച്ചു. പ്രതിഫലം കേശവൻ വൈദ്യരുടെ ബാങ്ക് അക്കൗണ്ടിൽ എല്ലാ മാസവും എത്തും. സുരക്ഷിതമായ ഇടം, വൈദ്യരും ഭാര്യയും കരുതി.

നിക്കോളാസ് പരുത്തിക്കാരനെ പോലെ സമ്പന്ന സാമ്രാജ്യത്തിന് അധിപയാണ് സുഷിരയും. പക്ഷേ, അത് അയഥാർത്ഥമായ, അവാസ്തവങ്ങളുടെ ലോകമായിരുന്നു. പാലസിന്റെ വിശാലമായ മൂന്നാം നിലയിൽ അവൾക്ക് സ്വന്തമായി ഒരു സൈബർ ദ്വീപുണ്ട്. അത്യാധുനിക കമ്പ്യൂട്ടർ യന്ത്രങ്ങൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ,ടൂളുകൾ, ക്യാമറകൾ, സെൻസറുകൾ, ത്രിമാന സ്റ്റീരിയോ ശബ്ദ പ്രതീതി!!

‘കൂട്ടുകാരി,നിന്നെ ഞാൻ എന്റെ സ്വന്തം റിപ്പബ്ലിക്കിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. ഇത് ഇനിയും ആരും സൈബർ വലകൾ വിരിച്ചിട്ടില്ലാത്ത, ശൂന്യവായു മണ്ഡലത്തിൽ നിന്നും ഒപ്പം ഡിജിറ്റൽ മനസ്സുകളിൽ നിന്നും ഞാൻ കൈവശപ്പെടുത്തിയ സ്വകാര്യ സ്പേസ് ആണ് ‘ സുഷിര പറഞ്ഞു. അങ്ങനെ കുളിര് ഭൗതികലോകത്തു നിന്നും ഡിജിറ്റൽ പ്രപഞ്ചത്തിലേക്ക് കാലെടുത്തുവെച്ചു. അവളുടെ മനസ്സിലും ശരീരത്തിലും സാങ്കേതിക സൂത്രങ്ങൾ ചേർത്തുവച്ചു. അവൾ ഒരു ഡിജിറ്റൽ രൂപമായി മാറി. ‘ഭൂമി വിട്ട് കീഴേക്ക്…… വാനം വിട്ട് ഉയരത്തിലേക്ക് തോന്നലുകളെ പട്ടം പോലെ പറത്തണം, കുളിർ. പ്രതീതികൾക്ക് സീമകളില്ല’..സുഷിര പറഞ്ഞു.

കമ്പ്യൂട്ടറിൽ ശബ്ദത്തിന്റെ അകമ്പടിയോടെ സൃഷ്ടിക്കുന്ന, യഥാർത്ഥ ലോകത്തിന്റെ പ്രതീതിയുണ്ടാക്കുന്ന ഈ സൈബർ ജാലവിദ്യയ്ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റിയും മിക്സഡ് റിയാലിറ്റിയും ഇതിന്റെ മറ്റു വിഭാഗങ്ങളാണ്. ഇടയ്ക്കിടെ സൈബർ ലോകത്തിലെ രണ്ടു വിദഗ്ധർ സുഷിരയുടെ സങ്കേതത്തിലെത്തും. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അവളെ അപ്ഡേറ്റ് ചെയ്യും. സൈബർ ലോകം സുഷിരയുടെ വിരൽത്തുമ്പിലാണെന്നും അച്ഛന്റെ നിർദ്ദേശപ്രകാരം തന്നെ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അച്ഛനെ അറിയിക്കണമെന്നും അവർ പറയുന്നു.

‘നമ്മുടെ സമൂഹത്തിലെ മനുഷ്യർ സ്വാഭാവികമായി രണ്ടു വിഭാഗങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. സൈബർ വിദ്യാഭ്യാസം കുറഞ്ഞവരും, പൊതുസമൂഹം വിട്ട് പൂർണ്ണമായും പ്രതീതിയുടെ ലോകത്ത് അഭിരമിക്കുന്നവരും’. പ്രചാരവും പ്രസക്തിയുമേറുന്ന അയഥാർത്ഥ ലോകത്തിലെ വൈകാരികതയില്ലായ്മ മനസ്സിനെ മരവിപ്പിക്കുന്നതാണ് എന്ന വസ്തുത ഈ കഥയിലൂടെ വെളിപ്പെടുന്നു.

ഒരിക്കൽ സൈബർ ലോകത്ത് ചെന്നെത്തിക്കഴിഞ്ഞാൽ പിന്നെ ഒരിക്കലും യഥാർത്ഥ ലോകത്തേക്ക് ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം യുവാക്കൾ ഇതിന് അടിമപ്പെടുന്നു. ആദ്യ മകളെ നഷ്ടപ്പെട്ട കേശവൻ വൈദ്യരും ഭാര്യയും ഇളയ മകളെങ്കിലും രക്ഷപ്പെടട്ടെ എന്നുകരുതിയാണ് നിക്കോളാസ് പരുത്തിക്കാരന്റെ മകളുടെ ശുശ്രൂഷയ്ക്കായി അയച്ചത്. പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി മടുത്ത കേശവൻ വൈദ്യർക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഭാര്യയെ കൂടി സംരക്ഷിക്കേണ്ടിവന്നു. അതേസമയം കുളിര് സൈബർ ലോകത്ത് മുന്നേറിക്കൊണ്ടിരുന്നു. സുഷിരയാണെങ്കിൽ അവളുടെ വി.ആർ ലാബിൽ അവളുടെ തന്നെ ‘മെറ്റാ ഹ്യൂമൻ’ എന്ന കാലാതീതമായ അവതാറിനെ സൃഷ്ടിച്ചു. കാലവും ദേശവും സമയവും അവരെ വിട്ടു മുന്നേറി. വി.ആർ ഗെയിം കളിക്കുന്നതിനിടെ ഒരു കൂട്ടം അപരിചിതർ സുഷിരയുടെ സ്വകാര്യ സ്പേസിൽ കടന്നു കയറി അവളെ ആക്രമിച്ചു. അതോടെ മാനസികമായി തകർന്ന അവൾ പിന്നീട് കിടപ്പിലായി.

നിക്കോളാസ് പരുത്തിക്കാരൻ മകൾക്കെതിരെയുള്ള പീഡനക്കേസിൽ പോലീസിന് പരാതി സമർപ്പിച്ചു. ഡിജിറ്റൽ രൂപത്തെ പീഡിപ്പിച്ചത് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഉൾപ്പെടുന്നില്ലന്നു മാത്രമല്ല, ശരിയായ സ്ത്രീപീഡന പരാതികൾ തന്നെ പോലീസിന് യഥാസമയം കൈകാര്യം ചെയ്യാനാവാത്ത വിധം വർദ്ധിച്ച സാഹചര്യവും ആണെന്ന് ചർച്ച വന്നു . അവതാറുകൾ സൈബർ ലോകത്തെ ജൈവരൂപങ്ങളാണെന്നും സ്വന്തം അവതാറുകൾക്ക് മേൽ നടത്തപ്പെടുന്ന കടന്നാക്രമണങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ ചെറുതല്ലെന്നും ഇത്തരം പീഡനങ്ങൾ ഇന്ദ്രിയാനുഭവങ്ങളായി സ്വാംശീകരിച്ചവർ അനുഭവിക്കുന്ന ട്രോമാ ഒരാളിൽ ഭ്രാന്ത് വരെ ഉണ്ടാക്കാം എന്നും ചിലർ വാദിച്ചു.

യഥാർത്ഥലോകത്ത് കേശവൻ വൈദ്യരുടെ മൂത്ത മകളുടെ തിരോധാനത്തിൽ പോലീസിന് ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും, വെർച്വൽ ലോകത്ത് സുഷിരക്കെതിരെയുണ്ടായ ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തപ്പെടുകയുംവഴി നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് കഥാകൃത്ത്.

അതേസമയം കേശവൻ വൈദ്യരുടെ ഭാര്യക്ക് സ്ട്രോക്ക് വന്ന് കിടപ്പിലായി. മകളെ ഫോണിൽ വിളിച്ചാൽ കിട്ടാതെയായി. ഒരിക്കൽ കിട്ടിയെങ്കിലും അലസവും നിർജീവവുമായിരുന്നു പ്രതികരണം. ‘ഇവിടെ എന്റെ മുന്നിൽ വർത്തമാനവും പ്രതീതിയും തമ്മിൽ കലർന്നുകിടക്കുകയാണച്ഛാ’ അവൾ പറഞ്ഞു. അമ്മയെ കാണാനെത്തിയെങ്കിലും നികത്താനാവാത്ത വിധം അകൽച്ച അവളിൽ പ്രകടമായിരുന്നു. ‘കാലവും ദേശവും തമ്മിൽ ശക്തമായി വിയോജിക്കുന്നിടത്ത് എനിക്ക് കഴിയാനാവുമെന്ന് തോന്നുന്നില്ല’…നിർവികാരയായിരുന്നു അവൾ.

നിക്കോ പാലസിൽ തിരിച്ചെത്തിയ കുളിർ തന്റെ അമ്മയുടെ വെർച്വൽ അവതാർ സൃഷ്ടിക്കുന്നതിന് തുടക്കമിട്ടു!!! അതേസമയം കേശവൻ വൈദ്യരും ഭാര്യയും നിരാശയുടെ ഇരിപ്പിടത്തിൽ ഡിജിറ്റൽ രൂപങ്ങളായി ഉറച്ചു പോയിരുന്നു.

സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ അവയെപ്പറ്റി വലിയ ധാരണയില്ലാത്ത വായനക്കാർക്കുപോലും അനായാസമായി മനസ്സിലാവുംവിധം അവതരിപ്പിക്കുന്നതിൽ കഥാകൃത്ത് കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. ഒരേസമയം പുതുയുഗ സാങ്കേതിക വിദ്യകളുടെ ഗുണവും ദോഷവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഓരോ വിഭാഗം ജനങ്ങളിലും എങ്ങനെ ബാധിക്കുന്നു എന്ന് സമൂഹത്തിന്റെ രണ്ട് ശ്രേണികളിലുള്ള ജീവിതങ്ങളിൽകൂടി കഥാകൃത്ത് നമ്മളിലേക്ക് കഥയിലൂടെ പകർന്നു തരുന്നു.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.