ശ്രീനിവാസ പരമഭക്തനാണ്. മുറിയുടെ കോണിലൊരു പീഠത്തിൽ കുലച്ച വില്ലുമായി മൂർത്തിയുണ്ട്. കേദര ശേഷാദ്രിയുടെ കച്ചേരി ഇഷ്ടപ്പെടുന്നയാൾ. കീർത്തനങ്ങൾ ഉറക്കെ ചൊല്ലി തോട്ടിൽ അയാൾ കുളിച്ചു തിമിർക്കും.
” അല്ലി നോഡലു രാമ, ഇല്ലി നോഡലു രാമ
എല്ലെല്ലി നോഡിദാരല്ലി ശ്രീരാമ……
രാവണന മൂലബെല കണ്ടു കപിസേനെ
ആവാഗെലെ ബദരി ഓഡിദെവു…….. “
“സീതയെ വീണ്ടെടുക്കാൻ കടൽ കടന്നെത്തിയ വാനരസേന രാവണന്റെ സേനാബലത്തിനു മുന്നിൽ പകച്ചു പിന്തിരിഞ്ഞോടുന്നത് കണ്ടു കൊണ്ട് അയാൾ സോപ്പ് പതച്ചുകൊണ്ടിരുന്നു. വെള്ളത്തിൽ ലങ്ക തെളിഞ്ഞു. അവിടെ കുലച്ച വില്ലുമായി പോരിനിറങ്ങുന്ന ശ്രീരാമനെ കണ്ടു. സോപ്പ് കുമിളകൾക്കൊപ്പം രാമനും പെരുകി. രാമന്മാർക്കിടയിൽ ശ്രീനിവാസയും വെള്ളത്തിൽ രസിച്ചു തുള്ളി. ഇടയ്ക്ക് കീർത്തനം പാടി. അതുകേട്ട് തോട്ടിലെ മീനുകൾ സോപ്പു കുമിളകൾക്കിടയിലൂടെ പാഞ്ഞു ലങ്കയെ പലതായി പിളർന്നു……..”
മലയാള ചെറുകഥയിൽ തന്റേതായ ഒരിടം കണ്ടെത്തിയ കഥാകൃത്ത് ശ്രീ. സുദീപ്. ടി. ജോർജിന്റെ സമകാലിക മലയാളത്തിൽ വന്ന “ഹുഗുഡി” എന്ന ചെറുകഥയിലെ കഥാപാത്രമാണ് ശ്രീനിവാസ. കർണാടകയാണ് കഥയുടെ തട്ടകം. കുന്നും ചതുപ്പും തേങ്ങയും കൊപ്രയും മഞ്ഞളും അടയ്ക്കയും നിറഞ്ഞ കളപ്പുരയും, വിറക് പുരയും ഹലസിനമരങ്ങളും ഒക്കെച്ചേർന്ന മനോഹരമായ കഥാപരിസരം. കായ്ച കവുങ്ങുകളുടെ നിരകളും പരുത്തിക്കായ്കൾ കൊഴിഞ്ഞു കിടക്കുന്ന വഴിയോരവും. ഈ മനോഹര തീരത്ത് പക്ഷേ, നടക്കുന്നത് ഭയപ്പെടുത്തുന്ന മനുഷ്യത്വരഹിതമായ സംഭവങ്ങളാണ്.
ഭക്തിയുണ്ടെങ്കിലും യുക്തിയോ വകതിരിവോ ഇല്ലാത്ത തികഞ്ഞ സംശയാലുവായിരുന്നു ശ്രീനിവാസ. ആദ്യഭാര്യയെ മറ്റൊരാളോട് അടുപ്പമുണ്ടെന്ന കുറ്റമാരോപിച്ച് ഒഴിവാക്കിയതാണ്. അതിൽ ഒരു മകളുണ്ട്. തരണി എന്ന പെൺകുട്ടി. ശ്രീനിവാസയുടെ രണ്ടാം ഭാര്യയാണ് സീതമ്മ. അവളിലുണ്ടായ കുട്ടിയാണ് പുനീത്. സീതമ്മയ്ക്ക് തരണിയേയും പുനീതിനെയും ഒരേപോലെ ഇഷ്ടമാണ്.
തരണി എന്ന പെൺകുട്ടി തന്റെ അമ്മയെ കണ്ടിട്ടില്ല. പൊടിക്കുഞ്ഞായ തന്നെ കെട്ടിപ്പിടിച്ച് ഒരു കൊച്ചു കവുങ്ങിൽ ചാരിയിരിക്കുന്ന അമ്മയാണ് അവളുടെ ഓർമ്മ. ‘യാമി’ എന്ന പൂച്ചയും അവളുടെ കുട്ടികളുമാണ് തരണിയുടെ കൂട്ടുകാർ. കളപ്പുരയിൽ പൂച്ചപ്രസവം നടന്നതോടെ തരണിക്ക് തിരക്കാണ്. അപ്പനടങ്ങുന്ന ശത്രുക്കളിൽ നിന്നും അവളെ രക്ഷിക്കണമല്ലോ. ‘കണ്ടെടത്തെല്ലാം പോയി കണ്ടതിന്റെയെല്ലാം കൂടെ കിടന്നിട്ട് വന്ന് പെറ്റുകൂട്ടാൻ ഒരു പിഴച്ച ജന്തുവിനെ ഇനിയും ഈ വീട്ടിൽ വേണ്ട’ എന്ന അശരീരിക്ക് പിന്നാലെ യാമിയെ കാണാതായി. വിരിപ്പിലെ ചുളിവും അതിലെ തവിട്ടു രോമങ്ങളും കണ്ണു തുറക്കാത്ത നാല് പഞ്ഞിക്കുട്ടികളും അവളെ ഒട്ടൊന്നുമല്ല നൊമ്പരപ്പെടുത്തിയത്.
നേരം പുലർന്നപ്പോൾ കാണാതായ യാമിയെ വിളിച്ചുകൊണ്ട് നൊമ്പരത്തോടെ ഓടി നടക്കുന്ന തരണിയെയാണ് കഥയുടെ ആരംഭത്തിൽ കഥാകൃത്ത് അവതരിപ്പിക്കുന്നത്. പൂച്ചയെ തേടിയുള്ള അവളുടെ പാച്ചിലുകൾ പിന്നെ, അങ്ങ് അകലെയുള്ള ദാസറഹള്ളിയിലേക്ക് നീണ്ടു, അമ്മയെ തേടി. ശ്രീനിവാസയുടെ പീഡനം സഹിക്കാതെ ഓടി രക്ഷപ്പെട്ട സീതമ്മയാണ് ബസവപ്പയെപ്പറ്റി പറഞ്ഞത്. പൂച്ചയെ കളഞ്ഞതുപോലെ തന്റെ അമ്മയെ കളയാനും അപ്പയെ സഹായിച്ചത് ശിങ്കിടിയായ ബസവപ്പയായിരുന്നത്രെ!
തരണി ഓടി. വഴിതെറ്റിയിട്ടും സിമന്റ് ഫാക്ടറികൾക്കിടയിലൂടെ ഓടിയ അവളുടെ കണങ്കാലിന് മുകളിലേക്ക് വീശിയ കാറ്റ് പാവാട പൊന്തിച്ചു. സിമന്റ് പൊടിയും ഗ്രീസും പെയിന്റും പൊതിഞ്ഞ ആളുകൾ. ചുറ്റിനും നിറഞ്ഞ സിഗരറ്റ് മേഘങ്ങൾക്കിടയിൽ നിന്ന് ആ കൊച്ചു പെൺകുട്ടി ചിന്തിച്ചു, അന്നത്തെ ആ രാത്രി തന്റെ അമ്മ എങ്ങനെ അതിജീവിച്ചു കാണും!
തരണിക്ക് ചായയും യോഗ്യമായ വീടുമൊക്കെ ചുറ്റുമുള്ളവർ വാഗ്ദാനം ചെയ്തു. അടുത്ത നിമിഷം ഹുഡുഗീ…ഹുഡുഗീ ന്ന് ചൂളംവിളിച്ചു ഒരു ചുഴലിക്കാറ്റ് ദാസറഹള്ളിയിലെത്തി.
തരണി ഊടുവഴികൾക്കിടയിലൂടെ ഓടി തന്റെ ഗ്രാമത്തിൽ എത്തിച്ചേരുന്നു. എന്നാൽ വീട് ഒരു അഭയകേന്ദ്രമായില്ല. അവിടെ അപ്പയുടെ പീഡനങ്ങൾ അവളെ കാത്തിരുന്നു. ചെത്തി മിനുക്കിയ കമുകിന്റെ അലക് അവളുടെ തുടയിൽ ചോര തെറുപ്പിച്ചു. തന്നെയും അമ്മയെയും സീതമ്മയെയും രക്ഷിക്കാത്ത അപ്പയുടെ ശ്രീരാമമൂർത്തിയെ തറയിലുടച്ച് നൊന്തു നേടിയെടുത്ത സ്വാതന്ത്ര്യവുമായി അവൾ എവിടേക്കോ മറഞ്ഞു പോയി.
വീടനക്കം ഇല്ലാതായിട്ടും പീഠത്തിൽ നിന്ന് അടർന്ന മൂർത്തിയുടെ കൈയ്യിൽ നിന്നും തെറിച്ചുപോയ അമ്പും വില്ലും ചേർത്തുവയ്ക്കുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ. ശ്രീനിവാസയുടെ ഇമോഷൻ സൈക്കോളജിയാണ് ഇവിടെ പ്രകടമാകുന്നത്. സ്ത്രീത്വത്തെ തളച്ചിടുന്ന ആൺകോയ്മയുടെ അതിർവരമ്പ് ഭേദിച്ചു തോടുകടന്ന്, തോട്ടം കടന്ന്, മരങ്ങൾകടന്ന്, ചെമ്മൺ പാതകടന്ന് എത്ര തരണികൾക്ക് ഓടിയൊളിക്കാൻ സാധിക്കും? അഥവാ സാധിച്ചാൽ അത് മറ്റൊരു ദാസറഹള്ളിആവില്ലെന്ന് ആരു കണ്ടു? അതീവ വൈകാരികതയോടെ അവതരിപ്പിച്ചിരിക്കുന്ന പ്രമേയത്തിന് ചിത്രീകരണം കൊടുത്തത് ശ്രീ സചീന്ദ്രൻ കാറഡുക്കയാണ്. 2019 -ൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ‘ടൈഗർ ഓപ്പറ’ സുദീപ് ടി. ജോർജിന്റെ കഥാസമാഹാരമാണ്.