ഞാൻ അവറാൻ. 80 വയസ്സ്. കണ്ണ് കാണില്ല. തിമിരം വന്നു മൂടിയതിനു വാർദ്ധക്യത്തെ പഴിച്ചിട്ടു കാര്യമില്ല. ഇത്രേം നാളും കാണേണ്ടതൊക്കെ കണ്ടതല്ലേ. അടുത്തു നിൽക്കണത് മറിയാമ്മ. എന്റെ ഭാര്യ. 75 വയസ്സ്. അവൾക്കു കാതു കേൾക്കൂല്ല. അതിനും കലമ്പിയിട്ടു കാര്യമില്ല. പരസ്പരം കണ്ണും കാതും ആയി ജീവിക്കുക. ഒന്നോർത്താൽ അവൾക്കു കാഴ്ചയുള്ളതും എനിക്ക് കേൾവിയുള്ളതും കർത്താവ് ദൈവം തമ്പുരാന്റെ അനുഗ്രഹം കൊണ്ട് തന്നെയാ. ഒരാൾക്ക് മറ്റേ ആളിന്റെ കണ്ണും കാതുമാകാം. വയസ്സുകാലത്തു അത് ധാരാളം മതീല്ലോ.
കണ്ണ് കാണില്ലേലും ഒരു ചോറുരുളയ്ക്കു വായിലേക്കുള്ള വഴിയറിയാം. അത് കൊണ്ട് വിശക്കില്ല. കാതു കേൾക്കൂല്ലേലും അവൾക്കു കലമെടുത്തു അടുപ്പത്തു വെച്ചു കഞ്ഞി വെയ്ക്കാം. തിളച്ചു തൂവണത് കാണുമ്പോ നെഞ്ചിലെ തീ അണഞ്ഞില്ലേലും അടുപ്പിലെ തീ കെടുത്താം.
ഞാറ്റുവേലക്കാറ്റു വീശുന്നുണ്ടെന്നും മരച്ചില്ലകൾ കെട്ടി പുണരുന്നുണ്ടെന്നും ഞാൻ പറയുമ്പോൾ കാറ്റിന്റെ മൂളൽ കേൾക്കാൻ പറ്റുന്നില്ലെന്നു അവൾ സങ്കടം പറയും. പണ്ട് മുളങ്കൂട്ടത്തിന്റെ മറവിൽ വെച്ചു ആദ്യമായി കെട്ടിപ്പിടിച്ചു ഉമ്മ വെച്ചപ്പോ മൂളിയത് പോലെയാണോ ഇപ്പോഴും കാറ്റിന്റെ ഒച്ച എന്ന് ചോദിക്കും. അന്നത്തെ പോലെ തന്നെയെന്ന് എട്ടു നാടും പൊട്ടും പോലെ ഞാൻ വിളിച്ചു പറയും. ചെവീല് വെയ്ക്കണ കുന്ത്രാണ്ടമുണ്ടേലും അവൾ അത് വെയ്ക്കൂല്ല. കാക്ക കരയുന്നതു സിംഹം അമറും പോലെ കേട്ടാൽ പിന്നത്തെ കാര്യം പറയാനുണ്ടോ. അതിലും ഭേദം കേൾക്കാത്തതാ. പിന്നെ അക്ഷരം അറിയാവുന്ന കൊണ്ട് അവള് ഫോണിൽ കുത്തി മക്കൾക്ക് മെസ്സേജ് അയക്കും. നാലക്ഷരം പഠിക്കാൻ വിട്ട കാലത്ത് മാവിൽ കേറാൻ പോയ ഞാൻ മെസ്സേജിന്റെ ഒച്ച കേട്ടോണ്ട് അവളുടെ അടുത്തിരിക്കും. ഇപ്പൊ ഫോണിലൂടെ അല്ലെ എല്ലാം. സന്ദേശം വന്നു പോട്ടെ. അവൾക്കു നേരം പോക്കാകട്ടെ.
കണ്ണ് കാണാത്തവന്റെ മുന്നിൽ പകലും രാവാണല്ലോ. ഇന്നലെ എൽസമ്മ വന്നു പോയ കൂടെ മനസ്സമാധാനം കൂടി പടിയിറങ്ങി പോയി. കണ്ണ് കാണാതെയും കാതു കേൾക്കാതെയും ഒറ്റയ്ക്ക് നിൽക്കണ്ട വയസ്സായവരെ നോക്കുന്നിടത്തേയ്ക്കു മാറ്റാം എന്നാ അവളുടെ അഭിപ്രായം. അത് വേണ്ടെന്ന് പറഞ്ഞപ്പോ ഭൂമി കുലുക്കി അവൾ ചാടിത്തുള്ളി ഇറങ്ങിപ്പോയി. മൂത്തവൻ ജോസൂട്ടി നാളെ വന്നാൽ വെട്ടൊന്ന് മുറി രണ്ടു എന്ന് കൂട്ടിയാൽ മതി. മറിയാമ്മയെ അവനും എന്നെ എത്സമ്മയും കൊണ്ട് പോകും എന്നാ അവന്റെ തീരുമാനം. രണ്ടു പേരും പറഞ്ഞത് പോലെ വന്നു ഭവിച്ചാൽ എനിയ്ക്ക് കണ്ണാകുന്നത് ആരാ? അവൾക്കു കാതാകുന്നത് ആരാ?
ഓർത്തിട്ടു സഹിയ്ക്കാൻ മേല. ഉറക്കം വരണില്ല. പുറത്ത് നല്ല മഞ്ഞു പെയ്യുന്നുണ്ട്. വല്ലാത്ത കുളിരാണേലും ഉള്ളിൽ ഒരു കാട് തീ പിടിച്ചു കത്തുന്നുണ്ട്. നല്ല നിലാവുണ്ട് നടക്കാൻ പോകാമെന്നവൾ പറഞ്ഞപ്പോൾ സമ്മതിച്ചു. പാടത്തുന്നു കൈത പൂത്ത മണം വരുന്നുണ്ട്. മൂക്ക് പണി മുടക്കാത്ത കൊണ്ട് കൈത മണം ഞങ്ങൾ രണ്ടു പേരെയും ഒരു പോലെ വന്നു കെട്ടിപ്പിടിച്ചു. തോടും കടന്നു പാടം മുറിച്ചു അപ്പുറത്തുള്ള തീവണ്ടിയാപ്പീസിൽ പോയിരുന്നു വരണ വണ്ടിക്കു കേറി പോകാമെന്നു അവളാണ് പറഞ്ഞത്. നന്നായി. എവിടെങ്കിലും പോയി ഒന്നിച്ചു കഴിയാമല്ലോ. രണ്ടാകണ്ടല്ലോ.
അവളുടെ കൈ പിടിച്ചു തട്ടിത്തടഞ്ഞങ്ങനെ നടന്നു. ഇടയ്ക്കു നിലാവൊന്നു മങ്ങി കൂരിരുട്ടായെന്നു അവള് പറഞ്ഞപ്പോ തീവണ്ടിയാപ്പീസിൽ വെട്ടം ഉണ്ടാകുമെന്ന് ആശ്വസിപ്പിച്ചു. എങ്ങാണ്ടുന്നോ വന്നൊരു കാറ്റ് മൂളിപ്പറന്നു കാതിലുമ്മ വെച്ചു പോയി. അകലെ നിന്നൊരു മഴ ആർത്തിരമ്പി കരഞ്ഞോണ്ട് വന്നു. കാറ്റിന്റേതും മഴയുടേതും അല്ലാത്ത ഒരു ഇരമ്പല് കാതിൽ വന്നു പതിച്ചെങ്കിലും ഞാൻ കേട്ടില്ലെന്നു നടിച്ചു. ഇരുട്ട് കുത്തി തുളച്ചൊരു വെട്ടം കുതിച്ചു പാഞ്ഞു കണ്ണിൽ വന്നു തട്ടീട്ടും അവൾ കണ്ടില്ലെന്നും നടിച്ചു കാണും.
വയസ്സായാൽ ചിലപ്പോൾ ചിലതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടി ക്കുന്നതാ ശരി. ജീവിച്ചു തീർത്തത്ര ദൂരം ഇനി നടക്കാനില്ലെങ്കിലും മരണത്തിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നത് കണ്ണും കാതുമില്ലേലും ഞങ്ങൾ രണ്ടാളും അറിഞ്ഞാരുന്നു. വിരലുകൾ ചേർത്തു മുറുകെ പിടിച്ചപ്പോ നല്ല ആത്മബലം കിട്ടി.
ചുമ്മാ എന്തിനാ എത്സമ്മയെയും ജോസൂട്ടിയെയും ബുദ്ധിമുട്ടിക്കുന്നത്. അവർ എവിടെങ്കിലും സുഖമായി ജീവിച്ചോട്ടെ. വയസ്സുകാലത്തു മരണവണ്ടീൽ ഒരു യാത്ര പോകാൻ ഒരു വയസ്സനും വയസ്സിക്കും തീവണ്ടിയാപ്പീസിൽ കാത്തു നിൽക്കണ്ട. ടിക്കറ്റും എടുക്കണ്ട എന്ന് ആർക്കാ അറിയാത്തത്. പറയാതെ തന്നെ അത് നിങ്ങൾക്കും അറിയാല്ലോ. അത് കൊണ്ട് ഇതിവിടെ നിർത്തുന്നതല്ലേ നല്ലത്? ബാക്കി എന്തെന്ന് ആർക്കും ചിന്തിക്കാവുന്നതല്ലേ ഉള്ളു.
എലിക്ക് മേടിച്ച വിഷം അമ്മയ്ക്ക് കലക്കി കൊടുത്ത മകൾ ഉള്ള ഇക്കാലത്തു ആർക്കു എപ്പോ എന്താ തോന്നണത് എന്ന് ആരറിഞ്ഞു. കുട്ട്യോള്ടെ മനസ്സില് ഇടമില്ലേൽ തെമ്മാടിക്കുഴി ആയാലും മതീന്ന്. ഇത്രേം കാലം ഒക്കെ ജീവിച്ചില്ലേ. അത് തന്നെ ധാരാളം.