കടൽ വിചാരിക്കുന്നു

കടൽ വിചാരിക്കുന്നു,
ചന്ദ്രനെ കാണുമ്പോഴൊക്കെ
അനിയന്ത്രിതമായി തുളുമ്പുന്ന
തന്റെ നെഞ്ചകം ഒറ്റുകാരനാണ്,
അത് തന്നെ തുറന്നുകാട്ടുകയും
നാണംകെടുത്തുകയുമാണ് !
ഇതിനി തുടരാനാവില്ല
താനാരാണെന്നവനറിയണം.

തന്റെ ചിന്തയിൽനിന്ന്
സംയമനത്തിന്റെ തീവ്രതാപം
മുളപ്പിച്ചെടുത്ത്
അങ്ങനെ കടൽ വറ്റാൻതുടങ്ങി !

അടിത്തട്ടിലെ ചളിയടിഞ്ഞ പൂഴിപ്പരപ്പിൽ
ഓര്‍മ്മകളുടെ അസംഖ്യം ചിപ്പികള്‍
നീറിക്കിടന്നു.
ജീവികള്‍ പിടഞ്ഞുചാടി!
കരയിലാഞ്ഞുവീശിയ തീക്കാറ്റിൽ
സകലവും കത്തിയെരിയാൻതുടങ്ങി

പിടയുന്നജീവജാലങ്ങളെ
നോക്കാനാവാതെ
ചന്ദ്രനെങ്ങോ ഒളിച്ചുപോയി !

മക്കളുടെ നീറിപ്പിടച്ചിൽ
സഹിക്കാനാവാതെ കടൽ വീണ്ടും
വാത്സല്യത്തിനുറവകള്‍ ചുരത്തുകയും
സ്നേഹത്തിന്റെ നീലജലത്താൽ
നിറയുകയും
മക്കളുടെ ചലനങ്ങളിൽ മുഴുകുകയും
ഒളിച്ചു,പതുങ്ങിയെത്തിയ ചന്ദ്രനെകണ്ട്
വീണ്ടും നെഞ്ചുതുളുമ്പുകയും,
അങ്ങനെയങ്ങനെ
ആവര്‍ത്തനങ്ങളുടെ മടുപ്പിനെപ്പറ്റി
കടൽ
ആലോചിച്ചുകൊണ്ടേയിരിക്കുകയും ചെയ്തു!

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.