ഇമ്മാ….
ഞാൻ ബീച്ചിൽ പോട്ടെ…?
ഈ നട്ടുച്ചക്ക് അനക്ക് പിരാന്ത് ണ്ടോ കുട്ട്യേ..?
വൈന്നേരായിമ്മാ… ഇങ്ങളൊന്ന് പൊറത്തിറങ്ങിയോക്ക്..
ശരി, അന്റൊപ്പം ആരാ..??
കാക്കൂം അമ്മായിം ണ്ടിമ്മാ…
ഓനെ കടലാ പെറ്റിന്നാ ഓന്റെ വിചാരം….!!!!
ഉപ്പ മരിച്ചതിൽ പിന്നെ തുടങ്ങിയതാണ് ഉമ്മാന്റെ ഈ മുറുമുറുപ്പ്…
ഒരു ദിവസം മീൻ പിടിക്കാൻ ചെന്നതാണ് കാറ്റും കോളും ഉളളപ്പോൾ പോകരുതെന്നെത്ര പറഞ്ഞിട്ടും ഉപ്പ കൂട്ടാക്കിയില്ല. “നമ്മളൊക്കെ കടലിന്റെ മക്കളല്ലേ” ന്നും പറഞ്ഞു മൂപ്പര് പോയി… ഗൾഫിൽ പോയ അബുക്ക വന്നിട്ടും ഉപ്പ തിരിച്ചു വന്നില്ല… അല്ലേലും മുക്കുവനന്നം കിട്ടണേൽ പിന്നെന്നാ പണി ചെയ്യാനാണ്..?
അന്ന് തൊട്ട് ഇമ്മ പുറത്തിറങ്ങിയില്ല കടലിരമ്പം കേൾക്കുമ്പോൾ വാതിലടച്ചു കളയും …
“കാക്കൂ.. എനിക്ക് ചെരണ്ടി മേടിച്ചെരോ..?
ബീച്ചേത്തെട്ടെണ്ടിബനെ… ഇയ്യൊന്ന് നടന്നൂട്..
“ന്ക് കോലേയ്സും ബേണം”… അയിൽ തവളെന്റെ കാൽ ണ്ടാകും..!
അയ്യേ..
എന്റിക്കാ… അതൊക്കെ പണ്ടിമ്മ പറ്റിച്ച കഥയല്ലേ…വാങ്ങിച് കൊടുത്താളാ…
അനക്ക് എന്താ ബേണ്ടേ…എനിക്ക് ഉപ്പിലിട്ടതും ലൊട്ടക്കച്ചും..!!!
വേഗം വാങ്ങി വാ കൊറേ പറയാൻ ണ്ട്…
“ഇയ്യ്തിന് മുമ്പ് എപ്പളാ കടൽ കണ്ടേ…?
കപ്പേളയിലെ ജെസ്സിയെ പോലെ അവള് പറഞ്ഞു :”പണ്ടൊരു ബല്യര്ന്നാൾക്ക് എല്ലാരും കൂടി കടൽ കാണാൻ പോയപ്പോ ദൂരെന്നു കണ്ടിരുന്നു പിന്നെ,ദാ.. ഇപ്പളാ.. ഇങ്ങനെ തൊട്ടുരുമ്മി നിക്കുന്നെ..!
നമ്മളെ ജീവിതമേ കടലും കടലാഴിയുമായിരുന്നു… വലിയങ്ങാടി പള്ളിലെ സുബ്ഹി നിസ്കാരം കഴിഞ്ഞു ഉപ്പാന്റൊപ്പം പോരും.. മുഗുദാറിലെ കട്ടനുമടിച്ച് ഉപ്പയും കൂട്ടുകാരും കടലിന്റെ കഥ പറയുന്നത് കേട്ടിരിക്കും. നടുക്കടലിൽ പോകുമ്പോൾ ഉപ്പ ഔസേപ്പുട്ടിക്കാനോട് പറയും “കുഞ്ഞോനേ നോക്കണേ വെളിച്ചം കണ്ടാ ഓൻ പൊരക്ക് പോയിക്കോളും”. പിന്നെ മൂപ്പര് വമ്പത്തരങ്ങൾ തുടങ്ങും.. അകന്നു പോകുന്ന ബോട്ടുകൾ നോക്കി ഈ കടലിന്റെ അക്കരെയെന്താന്നു ചോദിക്കുമ്പോൾ മൂപ്പരാൾ പറയും “അതാണ് ഗൾഫ്”. പിന്നീടെന്നോ മലയാള സിനിമയിൽ ദാസനെയും വിജയനെയും കാണുന്ന നാൾ വരെ ഞാൻ കണ്ണുംപൂട്ടി വിശ്വസിച്ചൊരു നുണയായിരുന്നു അത് .
പിന്നെ വീട്ടിൽ പോകും ഉച്ച വെയിലായാറുമ്പോൾ വീണ്ടും കടപ്പുറം വരും.. ചൂളം വിളിച്ചു മീൻകാര് വരുന്നത് കാണാൻ നല്ല ചന്തമായിരുന്നു.. കച്ചോടക്കാരും മീനെടുക്കാൻ വെരുന്നവരും പിടക്കുന്ന മീൻ കാണാൻ കൗതുകത്തിന്റെ കണ്ണ് തുറന്നു വെച്ച കുട്ടികളും,
ആകെ ബഹളത്തോട് ബഹളായിരിക്കും .. ചിലർ പന്ത് കളിച്ചും പട്ടം പറത്തിയും കുഴി കുത്തി ഞണ്ട് നെ പിടിച്ചും തിരക്കൊപ്പം ചാടി മുട്ട് നനക്കാൻ വിടാത്ത കടലോരത്തെ കുട്ടിയോർമ്മകൾ ….
“ദേ അതോക്കിയേ…
എന്ത് രസാ… ആ കുട്ടി പട്ടം പറത്ത്ണ കാണാൻ…..!!!
ഹാ…
ഇവിടൊരു ഹേമാന്റി വരാരുണ്ടായിരുന്നു. നീണ്ടു മെലിഞ്ഞ ശരീരവും നിര തെറ്റിക്കിടക്കുന്ന മുടിഴിയകളുമായി ശംഖുകൾ കൊണ്ടു പൂഴിയിൽ കെട്ട്യോന്റെ പേരെഴുതിക്കൊണ്ടിരിക്കും.ഏതോ മുസ്ലിയാര് ശൈത്താനേ കെട്ടിയ മുട്ടന്റെ മേൽ ചവിട്ടിയിട്ടാണ് മൂപ്പര് മരിച്ചതെന്ന് വല്ലിമ്മ പറയുന്നത് കേൾക്കലുണ്ട് … അതിൽ പിന്നെ ആര് പേരെഴുതിയാലും കടലമ്മ മായ്ച്ചു കളയും
നിങ്ങൾക്ക് ഓരോന്നിനും ഓരോ കഥകളാണ് ലേ…
‘പിന്നല്ലാതെ ‘
“ഇവിടെ വരുന്ന ഓരോ കാറ്റിനു പോലും ഓരോ കഥയുണ്ട്, ആ കഥയിലാണവരൊക്കെയും ജീവിക്കുന്നതും..
പ്രണയത്തിന്റെയും വേദനകളുടെയും പങ്കു വെക്കലിന്റെയും കൂടിയിരുത്തത്തിന്റെയും കരക്കടിഞ്ഞതിന്റെയും എന്തോരം കഥകളാണ് ഓരോ തിരയും പേറെടുക്കുന്നത്..
നമ്മുക്കൊന്ന് നനഞ്ഞാലോ…??
‘നിക്ക് പേടിയാ ‘
ഞാനൊന്നിച്ചില്ലേ…
ക്ഷോഭിച്ചു വരുന്ന തിരകൾ പൂഴിയിലമർന്ന കാൽ വലിക്കുമ്പോഴും ഓള് പറഞ്ഞോണ്ടിരുന്നു…
ഇന്ക് ശരിക്കും പേടിയാവുന്നു ണ്ട് ട്ടാ…
ഇതാണ് കടലിന്റെ സ്നേഹം ..
മനുഷ്യനേക്കാൾ ആർത്തിയാണ്. ആഴീന്ന് എവിടെന്നോ ഉപ്പ വിളിക്കും പോലെ….