കടലുകൾ പിറക്കുന്നത്….

പൊള്ളുന്നൊരു വെയിൽ നോവുണ്ട്
മാനത്തേക്ക് വിരുന്നെത്തുന്ന
കടലിളക്കങ്ങൾ,
തിരളാൻ വെമ്പുന്ന കരിനീലങ്ങളായി
മുറ്റിയുമിരുണ്ടും
ആകാശക്കഥകളിൽ കുറുകി
കാറ്റിൻ്റെ പിന്നാമ്പുറങ്ങളിൽ
തൂവിയുടയുന്നു.

മഞ്ഞിലുറഞ്ഞു, മലഞ്ഞും
വനസ്ഥലികളിൽ പരതിയും
ജനപഥങ്ങളെ തഴുകിയും
മഹാസംസ്കൃതികളിൽ കുളിർന്നും
പുതിയ ഭൂമിഗീതങ്ങളുമായി
കടലെന്ന കലത്തിൻ്റെ
വാവട്ടത്തിൽ
കാലദേശങ്ങളെ കമിഴ്ത്തി
കനവുകളെ കടഞ്ഞു തുള്ളുമ്പോൾ,
ഉലഞ്ഞു നിറയുമോളങ്ങളിൽ
പുത്തൻ കടലുകൾ
വിളഞ്ഞു നിറയുന്നു.

തിരയിളക്കങ്ങളുടെ വന്യത
ഉളളിലേന്തി വിങ്ങുന്ന
മനസ്സിൻ്റെ ആകാശങ്ങളിൽ
വെന്തു കുറുകുന്ന
രാപകലുകൾ
കണ്ണുകളിൽ ജലസ്ഫടികങ്ങളായി
തറഞ്ഞു തിരുമ്പോൾ
പുത്തൻ കടലുകൾ
നൊന്തു വീഴുന്നു.
കടലിൽ നിന്ന് കടലിലേക്കുള്ള
ഒഴുക്കായി നാം….

എസ്.പി, ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള. പ്രസിദ്ധീകരിച്ച കൃതികൾ : സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).