ഓരിന്റെ ചൂരറിയും നീരദമേ,
ഉരുകും കടലാഴമറിയുമോ ഗഗനമേ,
എന്നിൽ പെയ്തൊഴിഞ്ഞ വീഥിയിൽ
നിന്നിലെ ഭാവഭേദങ്ങളറിയുന്നു ഞാൻ.
പൊട്ടിച്ചിരിച്ചും, കരഞ്ഞും, പുണർന്നും
പലനാളായി ആനന്ദമുർച്ഛയിലാറാടി നാം,
സാനന്ദമോടെൻ മാറിൽ മയങ്ങീടവേ.
അനന്തമാമെൻ ആത്മ തരംഗമറിഞ്ഞുവോ നീ ?
ഉൾത്തടമുണർന്നതി സാന്ദ്രമായ്
ഉൾതാപം വെടിഞ്ഞകന്ന നേരം,
തപ്തമാം തേങ്ങലായ് വീചികൾ
നോവിൻ കണ്ണീർക്കയങ്ങളായിടുന്നു.
ജീവരാഗങ്ങൾ നെയ്തിടും മിഥുനങ്ങളായ്,
പ്രേമമോഹങ്ങൾ വിത്തിട്ട നാൾ
സ്വപ്നങ്ങൾക്ക് നിറമേകാൻ പറന്നകന്ന നീ
അറിയുന്നുവോ
കടലാഴത്തിൻ കദനം.