ഓണഗ്രാമം

പാതയോരത്തുണ്ട് പണ്ടമ്മ നട്ടതാം-
പൂവാക, ചെമ്പകം, മാവ്
അമ്മ നട്ടില്ലൊരേടത്തുമാ തുമ്പയെ
കണ്ണുനീർപ്പുല്ലിനെ പക്ഷെ;

അമ്മയ്ക്ക് വേണ്ടിയോണത്തിൻ്റെ-
മുറ്റത്ത് തുമ്പകൾ പൂക്കൾ വിരിച്ചു
മണ്ണിൻ്റെ ഹൃത്തിൽ നിന്നായിരം വിത്തുകൾ-
അമ്മയ്ക്ക് വേണ്ടി തളിർത്തു

കാറ്റാകുമോ, മഴത്തുള്ളിയോ പോറ്റിയോരാ-
കാട്ടുപൂക്കളെല്ലാമേ,
പൂവിട്ട്, പൂവിട്ടതമ്മയെ പോൽ ചിരിച്ചാ-
ഗ്രാമഹൃത്തിൽ പതിഞ്ഞു

നാട്ടുമന്ദാരങ്ങൾ, നന്ത്യാറുവട്ടങ്ങൾ
മേട്ടിലെ സൗഗന്ധികങ്ങൾ
പൂക്കൾ പോൽ പൊട്ടിച്ചിരിച്ച പൂമ്പാറ്റകൾ,
പാട്ട് പാടാൻ വന്ന മൈന

പൂവായ പൂക്കൾക്ക് കായൽപ്പരപ്പിലെ
ഓണവള്ളംകളി, മേളം,
പൊന്നിഴക്കുള്ളിലാരോ നെയ്ത നേര്യതിൽ
ചന്ദനപ്പൊട്ടിൻ സുഗന്ധം..

ആര്യവർത്തത്തിൻ്റെ കോണിച്ചുവട്ടിലായ്
ഏകാന്തമേതോ കിനാവ്!
രാജവംശങ്ങൾ തിരശ്ശീലമാറ്റി വന്നോല-
വായിച്ച നൃത്തത്തിൽ

ഓണത്തിലാരോ ചതിക്കൂട്ടതിട്ടതിൻ-
ഭൂമിഭാരത്തിൻ നിറങ്ങൾ
കാല്പാദമോരോന്ന് വച്ച് പോയ് വാമനൻ,
കേൾക്കുവാനിന്നോണമുണ്ട്

കറ്റ കൊയ്യും വയൽക്കാറ്റിൻ്റെ തിണ്ണയിൽ
മുഗ്ദ്ധമുണ്ടിന്നുമാ പാട്ട്
സംഘകാലത്തിൻ്റെ പാട്ടതോ, പുള്ളോൻ്റെ
സംഗീതവീണയോ മുന്നിൽ

വീണ്ടും കുടത്തിൻ മുഴക്കം അതിൽ തൊട്ട്
കാവൽ നിൽക്കുന്നു നാഗങ്ങൾ
ഗോത്രവും, സങ്കീർത്തനങ്ങളും മുറ്റത്ത്
കോർത്ത് കെട്ടും പൂക്കളെല്ലാം

ദീപം തെളിക്കും വെയിൽപ്പാളിയിൽ
അരിക്കോലങ്ങൾ തീർക്കുന്നൊരോണം
മുറ്റത്ത് പൂവിടാൻ ഗ്രാമങ്ങൾ വന്നുവോ?
ശബ്ദഘോഷത്തിൻ്റെ ദിക്കിൽ

തിക്കും തിരക്കും പകുത്തുവച്ചോടുന്ന-
ദിക്കിൻ്റെ ഭൂമണ്ഡലത്തിൽ
ഇത്തിരിപ്പൂവുണ്ട് പൂക്കളം തീർക്കുവാൻ
മുറ്റത്ത് മൺപാളിയില്ല

മുറ്റമില്ലെങ്കിലും ഓണമുണ്ടെന്നെൻ്റെ
ഹൃത്തിലായമ്മ പാടുന്നു
പൂവിൽ പൊലിക്കട്ടെ പൂ പോൽ ചിരിക്കട്ടെ
ഞാനുമീയോണത്തിനുള്ളിൽ.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.