ഒരു ഭൂതരാത്രിയുടെ ഇരുട്ടിൽ

എഴുത്തിലെ വിഭ്രമങ്ങളെ ജീവിതത്തിലെ ധൈര്യം കൊണ്ട് പൂരിപ്പിക്കുന്ന ആളാണ് ശ്രീപാർവതി. പ്രണയവും മറുപാതി പച്ചയായ ജീവിതവും സമം ചേർത്തുവച്ച്‌ ഓർമയിലെ രാത്രി അനുഭവങ്ങൾ തസറാക്കിനായി എഴുതുന്നു എന്റെ രാത്രികൾ 

ഉച്ചവെയിലിന്റെ തീക്ഷണത അപ്പാടെ സൈഡ് ഗ്ളാസ്സിലൂടെ മുഖത്തേയ്ക്കും പിന്നെ നിഴലുകൾ അവശേഷിപ്പിച്ച് അത് ഓരോ ശരീരഭാഗത്തേയും തൊട്ട് ഇറങ്ങിപ്പൊയ്ക്കൊണ്ടേയിരുന്നു. ഉച്ചയാത്രയിൽ മിക്കപ്പോഴും ഇങ്ങനെയാണ്. ബസിലാണെങ്കിൽ എന്തായാലും ഒരു വെയിൽ സ്നേഹം കിട്ടാതെ പോകില്ല. കാറിലാണെങ്കിൽ ഉറപ്പായും വെയിൽ വിരലുകൾ പുണരാൻ ഇടയ്ക്കൊക്കെ ശ്രമിച്ചു നോക്കുകയും ഇടയ്ക്ക് ഉന്മാദത്തിന്റെ ഉയരത്തിലെത്തി തളർന്നു നിലത്തേയ്ക്കമർന്നു പോവുകയും ചെയ്യും.
പക്ഷെ യാത്രകൾ തരുന്ന ഉന്മാദത്തിനപ്പുറം ഒരു വെയിലും ചൂടും തുളയ്ക്കാത്ത മനസ്സായതുകൊണ്ടു തന്നെ തളർച്ച വെയിലിനു തന്നെയെന്ന് മഞ്ഞ പ്രകാശത്തെ നോക്കി കണ്ണിറുക്കി കാണിച്ച് യാത്ര തുടരും. അങ്ങനെയൊരു യാത്രയിലായിരുന്നു ഞങ്ങൾ.
ആദ്യമായി ഞങ്ങൾ ഇരുവരും മാത്രമുള്ളൊരു യാത്ര. വിവാഹം കഴിഞ്ഞു നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് ആ യാത്ര എന്നത് തന്നെയാണ് അതിന്റെ പ്രത്യേകത. ഇതിനു മുൻപ് പോയ യാത്രകളിലെല്ലാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ഗിരീഷേട്ടനോ കസിൻ കിഷോറേട്ടനോ കൂടെയുണ്ടാകും, ഒപ്പം അവരുടെ കുടുംബവും. ഒറ്റയ്ക്ക് പോകാൻ അത്രനാൾ ഉണ്ടായിരുന്ന ഭയം എപ്പോഴാണ് ഞങ്ങളുടെ ചിന്തകളെ തകർത്തു കടന്നു പോയത് ?
ഞങ്ങളെ ഒറ്റയ്ക്ക് വിടാനുള്ള പ്രിയപ്പെട്ടവരുടെ പേടിയുടെ ഒരേയൊരു കാരണം അദ്ദേഹത്തിന്റെ (ഉണ്ണി) അപകടത്തെ തുടർന്നുണ്ടായ കാലുകളുടെ ചലനശേഷിയുടെ പ്രശ്നമാണ്. സദാ വീൽചെയറിൽ സഞ്ചരിക്കുന്ന ഒരാൾക്ക് കേരളത്തിലെ റോഡുകളിലെ വീൽചെയർ യാത്ര അത്ര മനോഹരമായ അനുഭവമല്ല. കാറിൽ എവിടെയും പകൽ പോകാൻ ബുദ്ധിമുട്ടില്ല, പക്ഷെ രാത്രിയിലെ ഒറ്റയ്ക്കുള്ള യാത്ര സദാചാരത്വം ആവശ്യത്തിലേറെ പേറുന്ന ഒരു സംസ്ഥാനമായതിനാൽ അത്രയധികം അനുവദിക്കപ്പെട്ടുമില്ല. എങ്കിലും എതിർപ്പുകളെയും മറ്റുള്ളവരുടെ ഭയങ്ങളെയും സ്വന്തം ഭീതികളെയും അവഗണിച്ച് ഞങ്ങൾക്ക് ആ യാത്ര പോകേണ്ടിയിരുന്നു. പിന്നീടെത്രയോ ഒറ്റയാത്രകൾക്കുള്ള തുടക്കമെന്നോണം…
യാത്ര കാഞ്ഞിരപ്പുഴ ഡാമിലേക്കാണ്. അവിടെ അതിനോട് ചേർന്നുള്ള ഇറിഗേഷൻ വകുപ്പിന്റെ ഗസ്റ് ഹൌസിൽ ഒരു രാത്രിയിലെ അന്തിയുറക്കവും. പ്രിയ സുഹൃത്ത് രാജേഷേട്ടന്‍ (രാജേഷ് നായര്‍ ) അവിടെ അടുത്ത് ഇറിഗേഷന്‍ വകുപ്പിന്‍റെ കീഴിലുള്ള ഗസ്റ് ഹൌസ് ഒരു ദിവസത്തേയ്ക്ക് ഫോണ്‍ വിളിച്ച് സംഘടിപ്പിച്ചു തന്നു. തീര്‍ത്തും ഒരു ഭാര്‍ഗ്ഗവീ നിലയം. ഈയിടെയായി അവിടെ അതിഥികള്‍ താമസിക്കാന്‍ വരാറില്ലെന്ന് മേല്‍നോട്ടക്കാരനായ മാനിക്ക പറഞ്ഞപ്പോള്‍ ഒന്നു പേടിച്ചു. സൌകര്യക്കുറവാണ് പ്രധാന കാരണം. മാനിക്കയാണ് അവിടുത്തെ മേൽനോട്ടക്കാരൻ.
കൂത്താട്ടുകുളത്ത് നിന്നും പാലക്കാട് കാഞ്ഞിരപ്പുഴയിലെത്തുന്നതു വരെയുള്ള യാത്ര. പൊതുവെ യാത്രകൾ ഞങ്ങൾക്ക് പുതുമയല്ല.
ഒറ്റയ്ക്ക് നിരന്തരം കാറിൽ യാത്രകൾ ചെയ്യാറുണ്ട്.
പക്ഷെ ഒരു രാത്രി, അപരിചിതമായ കാടിന്റെ ഇരുളിമ, ഒറ്റയ്ക്കാകുന്നതിന്റെ ഭയപ്പാടുകൾക്കിടയിലിരുന്നു സുരക്ഷിതത്വം… പോകുന്ന വഴിക്കൊന്നും ഞങ്ങളെ ഉലച്ചില്ല. പക്ഷെ അവിടെയെത്തി കഴിഞ്ഞപ്പോൾ ഗസ്റ് ഹൌസ്സിന്റെ ഭീകരാന്തരീക്ഷത്തിൽ ഞങ്ങൾ പരസ്പരം നോക്കി. ഞാൻ ചിരിച്ചു.
‘എന്തായാലും നമ്മൾ വന്നില്ലേ. ഇവിടെ ഒന്നും പേടിക്കാനില്ല.’
അദ്ദേഹത്തിന്റെ വാക്കുകൾ.
അടുത്തെങ്ങും ഭക്ഷണം കിട്ടുന്ന ഒരു കടയില്ല, അതാണ്‌ ഏറ്റവുമധികം വലച്ചതും. എന്തായാലും വളരെ വലിയ മുറികളും വീടിന്‍റെ ചുറ്റും നിറയെ ചെറിയൊരു കാടും. അതൊന്നുമല്ല റിസ്ക് ഫാക്ടര്‍ വരുന്നേ ഉണ്ടായിരുന്നുള്ളൂ. കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഒരു വശത്തായുള്ള ഈ റെസ്റ്റ് ഹൌസ് റിമോട്ട് ഏരിയയിൽ ആണ്. ചുറ്റുമെങ്ങും ആള്‍ താമസമില്ല. വാഹന നിയന്ത്രനമുള്ളതിനാല്‍ അതിക്രമിച്ച് ആരും കടക്കില്ല. പക്ഷേ വളരെ വിശാലമായ ആ വലിയ ഭാര്‍ഗ്ഗവീനിലയത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ തനിയേ. സെക്യൂരിറ്റി ഉണ്ടാകുമെന്ന് കരുതി അതും നഹി നഹി.
ഭക്ഷണം കിട്ടില്ലെന്നറിഞ്ഞ് രാജേഷേട്ടന്‍ ഭാര്യ രമ്യയേയും കൂട്ടി വന്നപ്പോള്‍ നല്ല നാടന്‍ ദോശയും സാമ്പാറും ചട്ട്ണിയും കൊണ്ടു വന്ന്തു കൊണ്ട് അത്താഴം കുശ്ശാലായി. രമ്യ എന്ന പുതിയ കൂട്ടുകാരിയേയും കിട്ടി. അവസാനം ഗുഡ് നൈറ്റും പറഞ്ഞ് മാനിക്കയും സ്വന്തം ക്വാര്‍ട്ടേഴ്സിലേയ്ക്ക് മടങ്ങുമ്പോള്‍ വലിയൊരു തുരുത്തില്‍ ഒറ്റപ്പെട്ട് ഞങ്ങളിരുന്നു. പക്ഷേ ജീവിതത്തില്‍ ഇത്ര നാളും കിട്ടാത്തൊരു ആനന്ദമായിരുന്നു അത്. ഒരു ദ്വീപ് പോലെ ഒരിടത്ത് ഒറ്റപ്പെട്ടു പോകുന്ന ആ അവസ്ഥ ഇനി എന്‍ജോയ് ചെയ്യുക തന്നെ.
ഇരുട്ടിൽ ഞങ്ങളൊറ്റപ്പെട്ടു. ഇംഗ്ലീഷ് സിനിമകളിലെ ഭീതിപ്പെടുത്തുന്ന കണ്ണ് തുറിച്ച പ്രേതങ്ങളുടെ വരവുകൾ ആ വലിയ ബംഗ്ളാവിന്റെ ഓരോ മൂലയിലും ഞാൻ ഭാവന കണ്ടു. സപ്രമഞ്ചക്കട്ടിലിന്റെ ഒച്ചകളിൽ ചിതലരിച്ചു പോകുമായിരുന്ന ഒരു വലിയ പ്രേതരാജ്യം ഉണ്ടായി വന്നു.
‘പ്രേതങ്ങളെ പേടിക്കണ്ട. മനുഷ്യരെ പേടിച്ചാൽ മതി.’
അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.
അതേ ശരിയാണ്, ഒരു കാവൽക്കാരൻ പോലുമില്ലാത്ത ഈ ഭാർഗ്ഗവീനിലയത്തിൽ എന്ത് സംഭവിച്ചാലും പിറ്റേന്ന് വെളിപ്പിന് മാനിക്ക വരുമ്പോൾ മാത്രമേ പുറം ലോകം അറിയൂ. അതുവരെ അനാഥപ്രേതങ്ങളായി ഞങ്ങളും ഈ ഭിത്തിയിലെ ചിത്രങ്ങളിൽ വിലയിക്കുന്നതോർത്തപ്പോൾ ഇരുട്ടിൽ നിന്നും ഒച്ചകളുണർത്തുന്ന വാവലുകളോട് ദേഷ്യം തോന്നി.
ഡ്രാക്കുളക്കോട്ടയിലെ കടവാവലുകൾ ഒന്നാകെ പറന്നു പുറത്തേക്കിറങ്ങുന്ന നിമിഷങ്ങളെ ഓർമ്മിപ്പിക്കുന്ന ചിറകടിയൊച്ചകൾ കേൾക്കുന്നത് ബംഗ്ളാവിനുള്ളിലാണോ പുറത്താണോ എന്ന് നിശ്ചയമില്ല. എത്തിച്ചേർന്നത് വൈകുന്നേരമായതിനാൽ ഒറ്റ നോട്ടത്തിനുള്ള അവസരമേ ആ പരിസരം തന്നിരുന്നുള്ളൂ, സായാഹ്‌ന സെൽഫികളിൽ ഒന്നിച്ച് നിന്ന ഞങ്ങൾക്ക് പുറകിൽ ഡാമിന്റെ കാഴ്ചകൾ മാത്രമേ പതിഞ്ഞിരുന്നുമുള്ളൂ. വെളിച്ചത്തിൽ ഉറങ്ങുന്ന ശീലമില്ലാഞ്ഞിട്ടും ലൈറ്റിടണോ എന്ന് ചിന്തിച്ചെങ്കിലും പുതപ്പിന്റെയും പ്രിയപ്പെട്ടവന്റെയും സുരക്ഷാവലയം കടന്നു കാലുകൾ നിലത്തു കുത്താൻ തോന്നിയില്ല.
ഇടയ്ക്ക് വെളിച്ചമായി മിന്നാമിനുങ്ങുകൾ മുഖത്തിനരികിലേയ്ക്ക് പറന്നു വരുന്നു. ഒരേ സമയം മിന്നുന്ന സ്നേഹത്തിന്റെ ചൂടിൽ അലഞ്ഞു നടക്കാൻ തോന്നുമ്പോഴും ഇരുട്ടിനെ ഭയം കീഴടക്കുന്നു. ഞങ്ങൾ കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറി ഏറെ നാളുകളായി അടഞ്ഞു കിടക്കുന്നതാണെന്നു മാനിക്ക പറഞ്ഞതോർത്തു. പ്രത്യേകിച്ചൊന്നുമില്ല അവിടെ, മറ്റൊരു കിടപ്പുമുറി. പക്ഷെ കൊളോണിയൽ സംസ്കാരത്തിന്റെ നിർമ്മിതി വിളിച്ചോതുന്ന ബംഗ്ളാവിന്റെ നാല് ചുമരുകൾക്കുള്ളിൽ എന്തൊക്കെയോ വീർപ്പു മുട്ടുന്നത് ഞാനറിഞ്ഞു. ചീവീടുകൾ നിലവിളിക്കുന്നത് ഉറപ്പായും പുറത്ത് നിന്നാവും. തൊട്ടടുത്ത് കിടന്നുറങ്ങുന്നയാളെ വിളിച്ചുണർത്തണമെന്ന് പലതവണ തോന്നി. പക്ഷെ ഇരുട്ടിലും എനിക്ക് കാണാം ആദ്യമായി ഒറ്റയ്ക്കൊരു ജീവിതം കണ്ടെത്തിയതിന്റെ സന്തോഷവും ധീരതയും ആ വാക്കുകളിലെല്ലാം തൊട്ടറിയാനുണ്ടായിരുന്നു. സ്വയം നിയന്ത്രിക്കാതെ തരമില്ല. സംഭവിക്കാനെന്തെങ്കിലും ഉണ്ടെങ്കിൽ സംഭവിക്കട്ടെ എന്ന് സ്വയം ധൈര്യപ്പെടുത്തി കണ്ണടച്ച് കിടന്നു.
ഒരു വലിയ പുതപ്പിനു കീഴിൽ തണുപ്പില്ലാഞ്ഞിട്ടും പ്രിയപ്പെട്ടൊരാളെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ നെഞ്ചിടിപ്പ് എപ്പോഴോ സാധാരണ നിലയിലെത്തിയിരുന്നു.
അദ്ദേഹത്തിന്റെ വിരലുകൾ തലമുടിയിൽ മെല്ലെ ഉറക്കത്തിലാണെങ്കിൽ പോലും തൊട്ടുഴിയുമ്പോൾ ഭയത്തിന്റെ ശബ്ദങ്ങൾ വിട്ടൊഴിയുന്നു.
നിശബ്ദത ഒരു രാജ്യമായി മാറുന്നു. അവിടെ ഇരുട്ടിൽ ഇടയ്ക്കിടെ സ്നേഹം വിളിച്ചറിയിക്കുന്ന മിന്നാമിനുങ്ങുകളുടെ നക്ഷത്രരാജ്യം.
ഉറക്കത്തിന്റെ മരുപ്പച്ചകൾ ഇടയ്ക്കിടെ മോഹിപ്പിച്ചും മയക്കിക്കിടത്തിയും മൂളിപ്പാട്ടുകൾ കേൾപ്പിച്ചും കടന്നു പോകുന്നതിനൊടുവിൽ അദ്ദേഹത്തിന്റെ താളനിബദ്ധമായ ശ്വാസമെടുക്കലുകൾ.
പിന്നീടെപ്പോഴോ സുഖകരമായ ഒരുറക്കം.
അത്യപൂര്‍വമായി കിട്ടിയ ആ നിഗൂഡമായ നിശബ്ദത ശരിക്കും സന്തോഷമായത് പിറ്റേന്നു രാവിലെ. പ്രഭാതത്തിന്‍റെ കിളിയൊച്ചയും, താഴ്ന്നിറങ്ങി വരുന്ന കോടമഞ്ഞും. താമസിച്ചിരുന്ന ബംഗ്ളാവിന്റെ ചുറ്റും ഒന്ന് വെറുതെ കറങ്ങി നോക്കിയപ്പോഴാണ് എത്ര ഭീകരമായ ഒരു രാത്രിയാണ് ഞങ്ങളെ തൊട്ട് കടന്നു പോയതെന്നറിഞ്ഞത്. അകലേക്ക്‌ നീണ്ടു കിടക്കുന്ന ഡാമിന്റെ നടപ്പാതയിൽ വിജനതയിൽ വെയിൽ വീഴാൻ തുടങ്ങുന്നതേയുള്ളൂ. ബംഗ്ളാവിനു ചുറ്റും കൊടും കാട്ടിനുള്ളിൽ നട്ടുച്ചയ്ക്ക് പോലും വെയിൽ വിരലുകൾ തൊടില്ല. താഴ്ന്നിറങ്ങുന്ന കോടമഞ്ഞു രാത്രിയെ അത്ര തണുപ്പിച്ചില്ലലോ എന്നോർത്തു. മതിലിനരികിലെ അതിർത്തിയിൽ നിന്നും താഴേയ്ക്ക് നോക്കിയാൽ കനം തൂങ്ങിയ കാട്.
വലിയ ഒരു സ്ഥലത്തിനുള്ളിലെ മതിൽക്കെട്ടിനുള്ളിൽ ഒരു രാത്രി മുഴുവൻ ഞങ്ങളൊറ്റയ്ക്കായിരുന്നു എന്നോർത്തപ്പോൾ കോടമഞ്ഞിന്റെ തണുപ്പ് തലച്ചോറിനെ തൊട്ടു കടന്നു പോയി. നിറയെ മരങ്ങളുണ്ട് വീടിനു ചുറ്റും, വർഷങ്ങളായി മുറിവേൽക്കാത്ത മരങ്ങൾക്ക് എന്തൊക്കെ പഴയ കഥകൾ പറയാനുണ്ടാകാം? ബംഗ്ളാവിന്റെ കാട് പിടിച്ച ഭാഗത്തെ  ഭിത്തി പോലും പായൽ കയറി നിറഞ്ഞു കറുത്തിരുണ്ട് ലോക ഭൂപടങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്. നോക്കെത്താ ദൂരത്തോളം ഡാം താങ്ങി നിർത്തുന്ന പുഴയുടെ വേരുകൾ പറന്നു കിടക്കുന്നു. അതിനെ തൊട്ടു കാടിന്റെ ഇരുട്ടും. ഇപ്പോഴും ചീവീടുകൾ നിലവിളിക്കുന്നുണ്ട്. കെട്ടിടത്തിന്റെ മൂലയിലെ കമ്മ്യൂണിസ്റ് പച്ചയുടെ കാടിന്റെ ഓരത്തെവിടെ നിന്നോ നീട്ടി വിളിക്കുന്ന ഈ ജീവിക്ക് നേരം വെളുത്താലും ഉറക്കമില്ല എന്ന് തോന്നി. രാത്രി മുഴുവൻ നിലവിളിച്ച് പേടിപ്പിച്ചതിന്റെ ക്ഷീണം തെല്ലു പോലുമില്ലാതെ പരമാവധി ഒച്ചയിൽ ഹൃദയം പോലും തുളയ്ക്കുന്ന ഒച്ചകൾ.
കാട് തുടങ്ങുന്ന ഭാഗത്തെ പേരറിയാത്ത വലിയ മരത്തിൽ വലിയ പഴങ്ങൾ തൂങ്ങിക്കിടക്കുന്നത് പോലെ തലകീഴായി തൂങ്ങിക്കിടന്ന വാവലുകളെ അപ്പോൾ മാത്രമാണ് കണ്ടത്. രാത്രിയിലെ ചിറകടിയൊച്ചകൾ കുടുംബമായി ഇവർ വന്നു കയറിയതിന്റെയാകണം. രാത്രിയിലെ സഞ്ചാരികൾ. പകൽ വെളിച്ചത്തിൽ എത്ര നിസ്സാരമായി അവഗണിക്കപ്പെടുന്നകാഴ്ചകൾ എന്തുകൊണ്ട് ഇരുട്ടിൽ നെഞ്ചിടിപ്പ് കൂട്ടുന്ന ശബ്ദങ്ങളായി മാത്രം പരിണമിയ്ക്കുന്നു ?
‘നിന്റെ ആവശ്യമില്ലാത്ത പേടികൾ.’
അതിമനോഹരമായ ഒരുറക്കം സമ്മാനിച്ച സ്നേഹത്തിൽ കൂടെയുള്ളയാൾ ശകാരിച്ചു.
സ്നേഹത്തോടെ പിന്നെ ‘എന്നെ വിളിക്കായിരുന്നില്ലേ, അത്ര നേരം ഉറങ്ങാതെയിരുന്നെങ്കിൽ….’എന്നും മെല്ലെ പറഞ്ഞു.
ഉറക്കമായിരുന്നെങ്കിലും ആ ഭൂതരാത്രിയുടെ പേടിയിൽ ആ മിടിപ്പുകളിൽ ചേർന്ന് കിടന്നു മാത്രമാണ് ഞാനുറങ്ങിയതെന്നു അപ്പോൾ പറഞ്ഞില്ല.
മടങ്ങുമ്പോൾ ഞങ്ങളിരുവരും ആദ്യമായി ഒറ്റയാക്കപ്പെട്ട ആ രാത്രി നെഞ്ചിനുള്ളിൽ തിങ്ങിക്കൂടി. ഒരിക്കലും പോകാതെ ഒരു ഭൂതരാത്രിയുടെ ഓർമ്മപ്പെടുത്തലെന്നോണം കാഞ്ഞിരപ്പുഴ ഡാമും അവിടുത്തെ ഓർമ്മകളും ഇന്നും നെഞ്ചിലുണ്ട്. പിന്നീടുള്ള എത്രയോ യാത്രകൾക്കുള്ള പ്രേരണയായും.
മീനുകൾ ചുംബിക്കുന്നു എന്ന നോവലും പ്രണയപ്പാതി എന്ന പ്രണയക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. പത്രപ്രവർത്തകയും കോളംനിസ്റ്റും