ഒരു നോസ്റ്റാൾജിയൻ ഭൂഖണ്ഡത്തിലെ മൂന്ന് തലമുറകൾ

അമ്മയും ഞാനും തമ്മിൽ  
എന്നുമേ ഓരോ സ്മൃതി
നെയ്തുകൂട്ടുന്നു അതിൽ
കുരുങ്ങും നോസ്റ്റാൾജിയ!

അമ്മയ്ക്ക് പഴേ ഗ്രാമം..
ചോന്ന കുങ്കുമസന്ധ്യ,
എനിക്കോ ഫ്ളാറ്റിൽ-
തുള്ളിക്കളിച്ച ക്രിസാന്തിമം

ആവിയിൽ വേവും നെല്ലിൻ
സുഗന്ധം, കാൽപ്പെട്ടിയിൽ-  
തൂവിയ പൊൻചെമ്പക-
ത്തരികൾ നന്ത്യാർവട്ടം!

അമ്മതൻ ഗന്ധം നാട്ടുപൂക്കളിൽ!
ഞാനോ, എൻ്റെ കൈയിലായ്
കാവേരി തൻ ചന്ദനപെർഫ്യൂമായി.
പാൽമണമവൾക്കിന്നുമെന്ന് ഞാൻ,

പക്ഷെ എൻ്റെ മകളോ വളർന്ന് പോയ്
ഫ്രഞ്ച് ഗന്ധമവൾക്കിഷ്ടം!
ഗന്ധരാജനെക്കാളും,
ചെമ്പകപ്പൂവെക്കാളും
ഗന്ധമില്ലിതൊക്കെയും
മായമെന്നെന്നും അമ്മ!

അമ്മ പാകുന്നു അരിമണികൾ
മണ്ണിൽ തൊട്ട് മെല്ലവേ
വളരുന്നു കുമ്പളം,
കോവൽവള്ളി…

മഞ്ഞളും, ചീരക്കുഞ്ഞും
അമ്മയെ തേടീടവേ
അരികിൽ പൂച്ചെട്ടിയിൽ
ഞാൻ നട്ടു നീർമാതളം.

മഴയിൽ തളിർ വന്നു
പൂവിട്ട് കായ് വന്നപ്പോൾ
മകളോ കൈകൾക്കുള്ളിൽ
ഓർക്കിഡിൻ പൂവായ് തീർന്നു..

അരിയും, നെല്ലും
പാറ്റിയരച്ച് കഷ്ടപ്പെട്ട്
അടയുണ്ടാക്കുന്നമ്മ
രുചിയാണതേ രുചി!

പുകഞ്ഞ വിറകിൻ്റെ
നീറ്റലിൽ ചുമക്കുന്ന
മിഴിയിൽ കിണർവെള്ളം
ധാരകോരുന്നു അമ്മ.

കടയിൽ നിന്നും പൊടി
വാങ്ങി ഞാൻ ചുരുക്കിയ
സമയക്കണക്കിലെൻ
ഏറോബിക്സ് താളം കൊട്ടി

മകളോ പിസാഘട്ടിൽ
തൂവുന്ന ഹെർബിൽ തൊട്ട്
ഉരുകും പാൽക്കട്ടിയും
രുചിയും കൂടെക്കൂട്ടി.

അമ്മ പുനെല്ലിൻ ചോറ്
വാർത്തു വെയ്ക്കവെ മുന്നിൽ
വന്നുനിൽക്കുന്നു മകൾ
മെക്സിക്കൻ ചോപ്സി കൈയിൽ,

അതിൽ നിന്നുതിരുന്നു
പുതിയ കാലത്തിൻ്റെ
ഹൃദയം കവർന്നൊരു
ബാസ്‌മതി നിലാപ്പൂവ്

നാലുകെട്ടിലെ ഓടിൻ
തണുപ്പും മഴതീർത്ത
കായലും കടന്നമ്മ
നാമങ്ങൾ ജപിക്കുന്നു!

ചോരുന്ന വീടിന്നുള്ളിൽ
ചന്ദനക്കരയുടെ
നേര്യതും ചുറ്റി അമ്മ
കൈത്തറി നെയ്തീടവേ

എൻ്റെയീ സൽവാറിൻ്റെ
രൂപങ്ങൾ മാറീടുന്നു
ഇന്നലെയുപേക്ഷിച്ചു-
പട്യാല പ്ളാസോയ്ക്കായി

മകളോ കുത്തിക്കീറി-
അണിഞ്ഞു ഒരു ജീൻസ്
നടുക്ക് കെട്ടിട്ടൊരു
കഞ്ചുകം മേലേ ചുറ്റി,

മുടിയിൽ ചായം തൂവി-
പറക്കാനൊരുങ്ങവെ;
പറഞ്ഞൂ അമ്മ, അല്പം
എണ്ണ തേയ്ക്കുക കുട്ടീ.

അവളോ ചിരിച്ചും
കൊണ്ടോടിപ്പോയ്
ഹൃദയത്തിലൊരു
മിന്നലായ് വന്നു
ഭൂമിയാം നോസ്റ്റാൾജിയ!

അമ്മമാരോരോ കാലം-
ഗൃഹാതുരത്വം തീർത്ത-
കണ്ണിയിൽ കാലത്തിനെ
മയക്കിക്കിടത്തുന്നോർ!

ചിരിച്ചും, ചിന്തിപ്പിച്ചും
പഴയ ഗ്രാമത്തിൻ്റെ
നടുത്തളത്തിൽ അവർ
ഒരുമിച്ചിരിക്കുന്നു;

ഒരുമിച്ചിരുന്നിതാ
സ്വാതന്ത്ര്യമില്ലാത്തൊരീ
പുലരിത്തോപ്പിൽ ഒരു
മൂവർണ്ണം പറത്തുന്നു..

ഞങ്ങൾ മൂന്നാളിന്നോരോ
സ്നേഹത്താൽ വിളക്കിയ
കണ്ണികൾ, ഭൂഖണ്ഡങ്ങൾ-
എങ്കിലുമൊരേ ഭൂമി.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.