
നിലയില്ലാക്കയത്തിനോളക്കയർ
ചുറ്റിവരിഞ്ഞിരുട്ടിൽ,
ഹതാശയായ്
നിൽക്കക്കള്ളിയില്ലാ,തുഴറുന്നു ഞാൻ.
നീന്തൽ മറന്നമട്ടിലൊരു
മീൻ കണക്കെ
അങ്കത്തട്ടിൽ
പൂഴിക്കടകത്തിരയിളകും
പൊടി,കയത്തിലൊറ്റയായ് ഞാൻ.
ഒടുക്കം
ചുവട് തെറ്റിപ്പിരിഞ്ഞെന്റെ നിഴലും
സൂതപുത്രനായ്.
ഒരു തിരയ്ക്കറ്റം
തൂക്കുകയറു കണക്കെ
വട്ടം കറങ്ങി
താണു, ജലച്ചുഴി.
ഭയന്നിട്ടോ, നേരം
പൊടുന്നനെ ഇരുളുന്നു ചുറ്റും.
ഒരു കാക്കകൊത്തിപ്പറക്കുന്നു
പകലന്ത്യത്തിൽ
കടലിൽ വീണ കാരപ്പഴം കണക്കെ
മഞ്ഞിച്ച സൂര്യനെ.
പുലർച്ചെ
കാളും അടിവയറ്റിലുരുണ്ടു
ജനിച്ച സൂര്യൻ,
കലങ്ങി തീണ്ടാരിക്കയം.
വെളുപ്പിനെ
വെളുത്തനീർ,പ്പുടവയിലിറ്റി
കനത്ത ചോപ്പിൽ ഋതുവെളിച്ചം.
തുറുപ്പ്ചീട്ടുകൾപോലെ
ഇരുളിൽ കാറ്റ്
കശക്കിയെറിയും
ഇലകൾക്കിടയിലമ്പേ തോറ്റ്
കണക്കു തെറ്റി
കയത്തിനുള്ളിൽ
ജലച്ചുഴിതൻ
കുണുക്കിട്ടിരിക്കുന്നു ഞാൻ.
ചുഴിയിൽ
നിലതെറ്റിപ്പിറന്നതാമെന്റെ
മരണക്കാഴ്ചതൻ
ചെറു,റീൽ കണ്ടനേരം മുതൽക്കെ
പനിച്ചിരുട്ടിൽ
വിളറിവെളുത്തെൻ പ്രിയങ്കരനാം
പനിമതി.
ഒരുജന്മം ധൃതിയിൽ
കഴിച്ചപോലതി സന്തുഷ്ട, ഞാൻ
ചെറുമഞ്ഞത്താലി കണക്കെ ചുറ്റി
ജലച്ചുഴിയിൽ
പൊന്മകണക്കെയൊരു മുങ്ങാങ്കുഴി.
ആഴക്കയത്തിലാദ്യരാത്രിയിൽ
മുങ്ങിനീരാടിക്കുഴഞ്ഞു
തളിർ,ത്താമരത്തണ്ട്.
തളർന്നുവട്ടം ചുറ്റി
മൃതിതൻ രതിച്ചുഴിയിലൊരു മത്സ്യം.
ആർക്കോ
ഓർക്കുവാൻ വേണ്ടിമാത്രം
നിറഞ്ഞമിഴിക്കോണിനറ്റത്ത്
ചെറുകൺപീലി മെല്ലെ
പൊഴിച്ചിട്ടതി ദയനീയമായ്
വരണ്ട വേനലിൽ
ഏങ്ങിപ്പറന്നെൻ
ജീവനിൽനിന്നൊരു നീലമയിൽപ്പറവ.
ഒരുനാളൊലിച്ച്
സ്വപ്നതീരത്തിൻ കരപറ്റും,
തിരതൻ ജഡം കണക്കെയെൻ
പീലിത്തുണ്ട്.
തുറന്ന് കിടപ്പാണ്
ശ്രീകോവിലേക്കെന്റെ രണ്ട്
കൃഷ്ണകാന്ത,ക്കണ്ണുകൾ.
തുരുമ്പിച്ച
കോംപസ്സ് പോലെ
ഈശ്വരോന്മുഖമായ എന്റെയീ
കിടത്തത്തിനൊടുവിൽ ഞാനെത്തും
ഗരുഡവാഹിക്കരികെ.








