ഒരു ഗവേഷകയുടെ പൊളിറ്റിക്കൽ കറക്ടനസ്സായ ബൗദ്ധിക ആത്മഹത്യ

പൊലീസ്
പ്രിയ ഷേണായിയെക്കുറിച്ച് അന്വേഷിച്ചു
ബൗദ്ധിക മരണം നടക്കുമ്പോൾ
അവൾ
വെണ്ടയ്ക്ക മെഴുക്കുപുരട്ടിയത്
വിളമ്പുകയായിരുന്നു
രാത്രി 7.50 തിന്

ബോറടിക്കുന്ന
എല്ലാ ഞായറാഴ്ചകളിലും
രാത്രിയിൽ
മുറ്റമടിക്കുന്ന പ്രിയ ഷേണായി
സന്ധ്യക്ക്‌
കുപ്പായമലക്കുന്ന പ്രിയ ഷേണായി
നട്ടുച്ചക്ക്
കിടന്നുറങ്ങുന്ന പ്രിയ ഷേണായി
പാതിരാത്രി
ഉറക്കമിളയ്ക്കുന്ന പ്രിയ ഷേണായി
തീസിസ് പൂർത്തിയാക്കാത്ത
പി. എച്ച്. ഡി സ്റ്റുഡന്റെന്ന
പേരുദോഷമുള്ള പ്രിയ ഷേണായി
വീട്ടിലേക്കുള്ള
വഴി മറക്കുന്ന പ്രിയ ഷേണായി
ബൗദ്ധിക ജീവിതം അവസാനിപ്പിച്ചു കൊണ്ട്
പുതിയ ഭൂമിയിൽ നിന്ന്
പുതിയ രാജ്യം തേടിയിറങ്ങിപ്പോയി

മരണം നടന്ന വെളുപ്പിന് ആറരക്ക്
അനക്കമറ്റ സ്വിമ്മിംഗ് പൂൾ
ഒറ്റയ്ക്ക് കുളിക്കുന്നു
കരച്ചിൽ വന്നിട്ടും വെയിലത്ത്
വെളുക്കനെ ചിരിക്കുന്ന പൊന്മ
ഇടത്തോട്ട് വലത്തോട്ട്
കണ്ടിടത്ത് ചിറി കോട്ടി
ആഴമുള്ള കണ്ണിൽ കരടിട്ടിളക്കി
കലക്കി വയ്ക്കുന്ന വെള്ളച്ചുഴി
ചെതുമ്പലിളക്കി
നീന്താനാഞ്ഞ അനാബസ്.
നിങ്ങൾക്കറിയാമോ
പ്രിയ ഷേണായി എന്ന മീനിനെ
ഉണ്ണാനിരിക്കുമ്പോൾ ബോറടിച്ച്
എഫ് ബി സ്ക്രോൾ ചെയ്യുന്നവളെ

പരലുകളെ വറുത്തെടുത്ത്
ഒരാഴ്ചക്കാലത്തെ
പാതിരാക്കളെ ഇറക്കിവിട്ട്
കോഫി കുടിച്ചുകൊണ്ട്
സിറ്റൗട്ടിൽ വന്നുനിന്നു,
എല്ലാ മുറികളിലേക്കും
ഓടിത്തളർന്ന മെലിഞ്ഞ രക്തവും
ബൗദ്ധിക മരണത്തോടെ
ചോരവാർന്ന് വിളറിയ പ്രിയ ഷേണായിയും

പൊലീസ്
പ്രിയ ഷേണായിയോട്
പ്രിയ ഷേണായിയെക്കുറിച്ച് അന്വേഷിച്ചു
അവളാരെന്ന് അവളോട്
മരണപ്പെട്ട ബൗദ്ധികതയെക്കുറിച്ച്
അവളോട്
കണ്ടാൽ കാഴ്ചയിൽ
അവളെങ്ങനെയിരിക്കുമെന്ന്
അവളോട്

പൊലീസ് രൂപരേഖ വരച്ചുതുടങ്ങി
പുതിയ പ്രിയ ഷേണായി
പഴയ പ്രിയ ഷേണായിയോട് കണ്ണിറുക്കി
ചിത്രത്തിൽ ബുദ്ധന്റെ കണ്ണുള്ള
പ്രിയ ഷേണായി.
ചിറിയിൽ ഏകാന്തതയുടെ നിറവ്
സിറ്റൗട്ടിൽ തൂവി

തന്നോടെന്ന പോലെ
തന്നെ കൊലചെയ്ത തന്നെക്കുറിച്ച്
വാചാലയായി പ്രിയ ഷേണായി
കോഫി ആവശ്യപ്പെട്ടുകൊണ്ടിരുന്നു
പുതിയ കോഫി
പുതിയ ഏകാന്തത
പുതിയ പ്രിയ ഷേണായി
പുതിയ ബൗദ്ധികതയുമായി
പുതിയ വരാന്തയിൽ ചെന്നിരുന്നു

അഴകില്ലാത്ത സർവ്വതിനെയും
തൂത്തുകളയുന്ന മുറ്റത്തെ
കരിയിലക്കിടയിലെ
നിസ്സംഗമാർന്ന തണുപ്പ്
ഇതാ പ്രിയ ഷേണായ്
ഇതാണ് പ്രിയ ഷേണായി എന്ന്
ഒച്ചതാഴ്ത്തി വിളിച്ചു പറയുന്നു
തണുത്ത കോഫിക്കു മുന്നിലിരുന്ന്
ഞാൻ പ്രിയ ഷേണായി
ഞാൻ തന്നെ പ്രിയ ഷേണായി എന്ന്
നാക്ക് പുറത്തിടുന്നു

സ്വന്തം കിടപ്പുമുറിയിൽ
വെടിപ്പോടെ കിടക്കുമ്പോൾ
പ്രിയഷേണായി അവളുടെ
ബൗദ്ധിക കൊലപാതകം നടത്തിയെന്ന്
കണ്ണും കാതുമുള്ള
നാലുചുമരുകൾ അലമുറയിട്ടു

ഞാൻ
പ്രിയ ഷേണായി
എല്ലാ മുറികളിലും ഞാനുണ്ട്
എല്ലാ കവിതകളിലും എന്റെ ബൗദ്ധികത
എല്ലാ വാതിലുകളിലും
ജനാലകളിലും എന്റെ ഫിംഗർ പ്രിന്റ്
ചുവരിൽ ഒരു തൊഴിലന്വേഷകയായ
ഗവേഷകയുടെ അറുബോറൻ സിലബസ്
പൊലീസുകാർ നിരാശപ്പെട്ട്
കേസ് സിബിഐക്ക് വിടുന്നു
അലമാരയിലെ കുർത്തയിൽ നിന്ന്
അവളുടെ ഏകാന്തത ഇഴഞ്ഞു പോയി

ഏകാന്തമായ ഞായറാഴ്ചകളിൽ
ബൗദ്ധിക ആത്മഹത്യയുടെ അതിരാത്രം
വിജനതയിൽ ഏകാന്ത സന്ധ്യയുടെ ഇറങ്ങിപ്പോക്ക്
ഉച്ചിയിൽ ഏകാന്തമായ നട്ടുച്ചയുടെ തിള
ഒഴിഞ്ഞ കസേരയിലിരുന്ന്
ഒഴിഞ്ഞ ബാൽക്കണിയിൽ ചാരി നിന്ന്
ഒഴിഞ്ഞ എല്ലായിടങ്ങളിലും ചെന്നിരുന്ന്
ഒഴിഞ്ഞ ആഷ്ട്രേയിൽ എരിഞ്ഞ്
വീടിന്റെ എല്ലായിടത്തും
പ്രിയ ഷേണായി ഏകയായി
ഒറ്റയായി

പോസ്റ്റുമോർട്ടം കഴിഞ്ഞു
റിപ്പോർട്ടുമായി പ്രിയ ഷേണായി മടങ്ങി
സാക്ഷികളില്ലാത്ത കേസ്
കോടതി തള്ളി
വെണ്ടയ്ക്ക തോരൻ
വാഴച്ചോട്ടിലേക്ക് മറിച്ച്
പ്രിയ ഷേണായി റൂമിൽ വന്നിരുന്ന്
ടിവി ഓൺ ചെയ്തു

തെളിവില്ലാതെ പൊലീസുകാർ
പുറത്തിറങ്ങിയപ്പോൾ
പ്രിയ ഷേണായിയുടെ തലയ്ക്കുമീതെ
ഡമോക്ലസിന്റെ വാൾ പ്രത്യക്ഷപ്പെട്ടു

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു