ഒരിക്കൽ കൂടി

പടിക്കെട്ടിലൊരു കോണിൽ
കിതപ്പാറ്റിയിരിക്കുന്നു വൃദ്ധ
ചാരി വെച്ച മുളവടിയ്ക്കുള്ളിൽ
കാറ്റ് പുറത്തേക്കായുന്നു

ആരോടൊക്കെയോ കലമ്പി
ഉച്ചമയക്കത്തിലേക്കാണ്ടതേയുള്ളു
ഉണർന്നപ്പോൾ
(ഉണർന്നില്ലെന്നവർ അടക്കം പറയുന്നു )

ഇതാ!
മലർക്കേ തുറക്കുന്നു,
വെളിച്ചമിരമ്പിയെത്തുന്നു

പോക്കുവെയിൽ തടയാനെന്ന പോൽ
ഇറയത്തിരിക്കുന്നുണ്ടയാൾ
നീട്ടി വിളികളില്ല, ഇടിമുഴക്കമില്ല
പരിഭവമില്ല, ശൂന്യമായ നോട്ടങ്ങളേയുള്ളിനി
തെരുവ് നിറയുന്നു, പരിതപിക്കുന്നു
താടിക്ക് കൈ താങ്ങി വർണിക്കുന്നു
ഹാ! എന്തൊരവസാനമെന്നു
വെയിൽ അവർക്കിടയിലേക്ക് തുളുമ്പുന്നു

ആർത്തലയ്ക്കുന്നതിനിടയ്ക്കും
കളിയൊച്ച വിലക്കുന്നു പെണ്ണുങ്ങൾ
കുഞ്ഞുങ്ങൾ മടുപ്പിൽ മുഖം ചുളിക്കുന്നു
കിതപ്പാറ്റി പടിക്കെട്ടിറങ്ങുന്നു
ആൾക്കൂട്ടം വകഞ്ഞ്
അസ്തമനത്തിലേക്കിറങ്ങാനൊരുമ്പെടുന്നു വൃദ്ധ
അവരിതായെന്നെ ചുമലിലേറ്റുന്നു
ഒരിക്കൽ കൂടി,ഒരിക്കൽ കൂടിയീ
മാനം, പൂക്കൾ, മണ്ണ്, മഴ
തിരികെ പറക്കുന്ന പക്ഷികളേ
എന്നെ കൂടിയെന്നുറക്കെയുറക്കെ
അയാളിപ്പോഴും ശൂന്യമായിരിക്കുന്നു.

കോട്ടയം സ്വദേശി. ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും എഴുതാറുണ്ട്.