എല്ലാ വൈകുന്നേരവും ഞാൻ
നടക്കാനിറങ്ങുമ്പോൾ
ഔഡിയിൽ
ഒരു ഇംഗ്ലണ്ടുകാരൻ
അയാളുടെ
കറുത്ത നായ്ക്കുട്ടിക്കൊപ്പം
മുഴപ്പിലങ്ങാട്
ബീച്ചിലെത്തുന്നു
അയാൾക്ക്
കടലിനഭിമുഖമായി നിൽക്കുന്ന
വൻകരയുടെ വിദൂരഛായ
പെരുവഴിയിൽ നിൽക്കുന്നു
ആക്രിലിക് പെയിന്റിംഗ് പോലെ
തുറകൾ ഇളകി
പൊടുന്നനെ ന്യൂനമർദ്ദം ഉയർന്നു
നിയന്ത്രണമില്ലാതെ
കടലിൽ കല്ലറകൾ
ആകാശത്തു മണിയറകൾ
തുറക്കപ്പെട്ടു
അനാദിയായ
ദൃശ്യവിരുന്ന് കാണാൻ
ലോകമെമ്പാടും ഫുട്പാത്തിലേക്കിറങ്ങി
പൂത്താങ്കീരികളുടെ സംഗീതനിശയിൽ
നരിച്ചീറുകളുടെ കാബറേനൃത്തം
കണ്ടുകൊണ്ടയാൾ
ഔഡിയിൽ ചാരി നായ്ക്കുട്ടിക്കൊപ്പം
പോപ്കോൺ കൊറിച്ചു
‘ഹലോ മിസ്റ്റർ, ഇംഗ്ലണ്ടിന്റെ രാഷ്ട്രകവീ…’
ഞാൻ വിളിച്ചു
‘എനിക്ക് നിങ്ങളെ അറിയാമല്ലോ’ എന്ന
പരിചയഭാവം നടിച്ചു
ഉദ്വോഗജനകമായ
ഏഴുസങ്കടക്കടലുകൾ കടന്ന്
അയാൾക്കുള്ള ഒപ്പീസ്
ഇംഗ്ലണ്ടിൽ നിന്ന് വരുന്നു
മലബാറിൽ ചെന്ന്
തെയ്യം കണ്ടുമടങ്ങും വഴി ത്രിസന്ധ്യക്ക്
കടലിൽ കണ്ണൻ പെരുമലയന്റെ
പെരുംതീക്കളിയാട്ടം കണ്ടു
മഞ്ഞൾക്കുറിമണവുമായി
‘എന്റെ ദൈവേ’ എന്നും
വിളിച്ചുകൊണ്ട്
ഉയിർപ്പിൻ മലദൈവം
കടലിനുമീതെ പാഞ്ഞു പോകുന്ന
ചിലമ്പിന്നലയൊലി
ഉറഞ്ഞുതുള്ളും നാന്തകത്തിരകൾ
ഒഴുകിമറയും ഉടുതുണിച്ചോപ്പ്
ഒടുക്കം കടലൊന്നാകെയിളകി
നഗരത്തിനുമീതെ
പാട്ടുകൊഴുത്ത ബാറിലേക്ക്
അയാൾ, ഇംഗ്ലണ്ടിന്റെ രാഷ്ട്രകവി
കാലും നീട്ടിവെച്ചിരുന്നു
ആറേ മുക്കാലായപ്പോൾ
സിഗരറ്റിന് തീകൊളുത്തിക്കൊണ്ട്
സൂര്യന്റെ ‘ഹാസ്യാത്മകമായ ദുരന്തനാടകം’
ആസ്വദിക്കാൻ തുടങ്ങി
ഹലോ മിസ്റ്റർ നാടകക്കാരാ
നിങ്ങൾക്കറിയാമോ
ഹാംലെറ്റ് രാജകുമാരന്റെ
മുഖച്ഛായയുള്ളൊരു രുദ്രൻ ഗുരുക്കളെ
ഞാൻ പ്രേമിക്കുന്നുണ്ട്.
എല്ലാ കാതുകളിലേക്കും
പൊട്ടിപ്പുറപ്പെട്ട ഒരു നദി
നാടകക്കാരന്റെ മേശയിൽ
നുരഞ്ഞുപതഞ്ഞു
അതിനിടയിൽ സൂത്രത്തിൽ ഞാൻ പറഞ്ഞു;
നിങ്ങളുടെ പരിചയക്കാരനും
ആത്മസുഹൃത്തുമായ അലോഷിയെ
ഇതുവരെ ഞാൻ കണ്ടുമുട്ടിയിട്ടില്ല
പറഞ്ഞറിവുണ്ട്,
ഇയ്യോബിന്റെ പുത്രനെ
അയാൾ നിങ്ങളുടെ
ഔഡി കണ്ടപ്പോൾ
സ്ഥലം വിട്ടതാകണം
വഴിയാത്രക്കാരനായ സാഹിത്യകാരാ
നിങ്ങൾ സൂര്യനിൽ നിന്നും
പുറംതിരിഞ്ഞു നിൽക്കുക,
ഈ പ്രപഞ്ചത്തിൽ
അതിനസ്തമിക്കേണ്ടതായുണ്ട്
ആ കറുത്ത നായ്ക്കുട്ടിയെ
തിരികെ വിളിക്കൂ,
രാത്രി ഇരുട്ടിയതിനു ശേഷം
ഈ കടൽഭിത്തിക്കു മറവിൽ
ജോജിയും ബിൻസിയും
എത്ര കഴുകിയാലും മാറാത്ത രക്തക്കറയുമായി
കടലിൽ കൈ കഴുകാൻ
വന്നുപോകുന്നത് കാണാം
ഒരിറ്റുമെഴുകുതിരി
കടലിലേക്ക് ഉരുകിയൊലിക്കും വരെ
ബിൻസി പിറുപിറുക്കും
കവി അയാളുടെ രാഷ്ട്രത്തിലേക്കുള്ള
ദൂരമളക്കുകയാണെന്ന് തോന്നുന്നു
നിങ്ങൾ സൂര്യനെ വഞ്ചിച്ചോളൂ
കരിഞ്ഞ അപ്പമാണെന്നൊ
പച്ചയിറച്ചിയാണെന്നോ പറഞ്ഞ്
ആ നായ്ക്കുട്ടിയെയും.
പക്ഷെ അന്നയെയും റസൂലിനെയും
നിങ്ങളെങ്ങനെ കബളിപ്പിക്കും
കടൽക്കരയിൽ അവരെപ്പോലെ
രണ്ട് പേർ ഇന്നലെ മരണപ്പെട്ടതറിഞ്ഞു
കവി അവസാനത്തെ പെഗും തീർത്തു
കടല് ചൊകചൊകാ ചോന്നു
ഈ പൊട്ടിയ
പായ്ക്കപ്പലിനരികെവെച്ചാണ്
ഞാനെന്റെ കള്ളനായ
ഇരട്ട സഹോദരനെ
വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുന്നത്
അന്ന് ഞങ്ങൾ
കടല് പോലെ ഒരുപാട് നേരം ചിരിച്ചു
തിരയടങ്ങിയ ശേഷം
ചിരി നിർത്താമെന്ന് കരുതി
ഇപ്പോൾ കടൽക്കരയിൽ
നാടകക്കാരനെയും കാണുന്നു
കണ്ണകി കക്ക കഴുകുമ്പോൾ
അവളുടെ അടുക്കളപ്പുറത്തേക്ക്
ചാടി മറയുന്ന പൂച്ചയെ
മാണിക്യാ എന്ന് നീട്ടി വിളിക്കും
ചില ചട്ടമ്പി പിള്ളേര്
കണ്ണകിയും താമരയും
പിൽക്കാലത്ത് കണ്ടുമുട്ടിയേക്കും
എല്ലാ വൈകുന്നേരവും എല്ലാവരും
നടത്തം മതിയാക്കി വീടണയുമ്പോൾ
ഔഡിയിൽ
ഒരു ഇംഗ്ലണ്ടുകാരൻ
അയാളുടെ
കറുത്ത നായ്ക്കുട്ടിക്കൊപ്പം
മുഴപ്പിലങ്ങാട്
ബീച്ചിലെത്തുന്നു
മണ്ണെണ്ണയിൽ
എരിഞ്ഞു തീരുന്ന പടുതിരിയിൽ
സിഗരറ്റ് കൊളുത്തി അയാൾ
ഒരു കാൽപ്പന്ത് പോലെ
ഒഴുകിപ്പോകുന്ന സൂര്യനെ
പിടിച്ചു കൊണ്ട് വരാൻ
കറുത്ത നായ്ക്കുട്ടിയെ ഓടിക്കുന്നു .
“Hello, Frank
Go, chase and catch
It’s your day
Be content with that
until tomorrow morning”
അയാൾ മുരണ്ടു.
ഓടുന്ന തീവണ്ടിമുറിയുടെ
വാതിക്കൽ നിന്നും ഏതോ പെണ്ണ്
പാളത്തിലേക്ക് വീഴാനായും വണ്ണം
റീൽസെടുക്കുന്നു
ഒരു മിനുട്ട് കൊണ്ട്
സ്ലിം ബ്യൂട്ടിയായ
ചരസിലെ പുകച്ചുരുളിനുള്ളിൽ
അവളതിവേഗം വൈറലായി
ഫ്രാങ്ക് കുരച്ചുകൊണ്ടിരുന്നു
“ഫ്രാങ്ക്, നിർത്തൂ
നിന്റെ രാജ്യം എന്റെ കയ്യിലാണ്
ഓർമ വേണം”
അയാൾ അങ്ങനെയാവാം പറഞ്ഞതെന്ന്
ഞാനൂഹിക്കുന്നു
തീർച്ചയായും
ആ തൊപ്പിക്കാരനായ
കോട്ടും സ്യൂട്ടുമിട്ട
കറുത്ത കണ്ണട വെച്ച
കടല് ആഷ്ട്രേ ആണെന്ന് കരുതുന്ന
ചരസുവലിക്കാരന്റെ
ഏതോ കഥാപാത്രം എന്നെ പിന്തുടരുന്നുണ്ട്
ആ കറുത്ത നായ്ക്കുട്ടി?
അല്ലെങ്കിൽ ;
റീൽസ് ചെയ്ത പെൺകുട്ടി?
പെട്ടെന്ന് ഞാൻ ചെറിയ ഒപ്പീസ് കേട്ടു
പിന്നെ ഔഡി കണ്ടില്ല
കറുത്ത നായ്ക്കുട്ടിയെക്കണ്ടില്ല
രാഷ്ട്രകവിയില്ലവിടെ
പുക മറഞ്ഞിരിക്കുന്നു
അയാളുടെ ആഷ്ട്രേയിൽ
കരിഞ്ഞ സൂര്യന്റെ കഷ്ണം
തിങ്കൾക്കലയുടെ വെണ്ണീറ്
ദൂരെ നിന്ന് ഒപ്പീസ് ഒഴുകിയെത്തി
അവരിലാരും അവശേഷിച്ചില്ല
മഴപെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു:
കാഹളനാദം കേൾക്കുമ്പോൾ
മൃതരിൽ ജീവനുദിക്കുന്നു “