ഏണിപ്പടിയിലെ പ്രണയമാപിനി

സ്വതന്ത്ര്യ റിപ്പബ്ലിക്കായ
ഒരു ഭ്രാന്തിയുടെ
വിശുദ്ധിയെക്കുറിച്ച് ഞാൻ
നിങ്ങളോട് പറയുവാനാഗ്രഹിക്കുന്നു.

മെഴുകിനോളം
അലിഞ്ഞു പോയ്പ്പോയ അവളുടെ
രാകിവെച്ച സ്വപ്നങ്ങളെക്കുറിച്ചല്ല,
ചിത്രഗുപ്തൻ മദ്യലഹരിയിൽ
തെറ്റിയെഴുതിയ അവളുടെ
ആയുസ്സിനെക്കുറിച്ചല്ല,
കോർത്ത് വെച്ച ജന്മവയസ്സിന്‍റെ
കണക്കൂട്ടലുകളെ പിഴപ്പിച്ചപ്പോള്‍
അയാളുടെ പുസ്തകത്തിലെ
കുത്തനെ നിർത്തിയ ഏണിപ്പടിയിൽ
നിന്നിറങ്ങാനാവാതെ
പ്രണയമാപിനിയിൽ തപിച്ചു പോയ
കാമുകിയായ ഒരുവളുടെ
ഒറ്റ നിൽപ്പിനെക്കുറിച്ചാണ്..

പ്രണയിക്കുമ്പോഴെല്ലാം
നിശബ്ദയാകുന്ന
ഏതെങ്കിലുമൊരു പെൺകുട്ടി
അവളെപ്പോലെ
ഒരു വട്ടമെങ്കിലും നിങ്ങളുടെ
മുന്നിലൂടെ കുത്തനെ പണിതു വെച്ച
ഏണിപ്പടികളിറങ്ങി
പടിഞ്ഞാറേ വയലിലൂടെ
പോക്കുവെയിലേറ്റ്
പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത
ഒരു സന്ധ്യയ്ക്ക്
കടന്നു പോയിട്ടുണ്ടാകും.
പടികളിറങ്ങാൻ വൈകുമ്പോഴേല്ലാം
അത് പണിതവരെയവൾ ശപിച്ചിട്ടുണ്ടാകും.

അവളുടെ ക്ഷമയെ
വിശുദ്ധിയുടെ നാമത്തില്‍
ആരൊക്കെയോ അവരോധിച്ചു .
അത് പ്രണയമെന്ന് നിർവചിച്ച
സൈദ്ധാന്തികന്‍റെ പേര്
അവളുടെ കാമുകന്‍റെത് തന്നെയായിരുന്നു.
പക്ഷേ, അവളുടെ പകുത്തുമാറ്റിയ
മുടിപ്പകുപ്പിൽ വെച്ച് അയാളെപ്പോഴേ
നിര തെറ്റിയിരിക്കുന്നു.
അവളിലേക്കുള്ള പ്രണയത്തിന്‍റെ വഴി
സ്വയം അവനവനിലേക്ക് കൂടി
നടന്നു നോക്കുകയെന്നായിരുന്നു
വേറൊരു സിദ്ധാന്തം.

കുത്തനെ പണിതു വെച്ച
ഏണിപ്പടികൾക്കു മുകളിലൂടെ
ഏതോ പൂവിന്‍റെ
നിഗൂഢമായ മണവും പേറി
ഒരുവളിറങ്ങിപ്പോകുന്നു…
എന്‍റെയും നിന്‍റെയുമതേ
നിഴലായിരുന്നു അവൾക്കും.

കടുത്ത പ്രണയം കൊണ്ട്
ഇങ്ങനെയൊരസ്വസ്ഥത
അനുഭവിച്ചവർ ഉപേക്ഷയുടെ
മറുകര താണ്ടിയിരിക്കണം.
നിങ്ങൾ നിവർത്തിയ കുടചൂടാതെയവൾ
വെയിലോ മഴയോ ഏറ്റു
കരിഞ്ഞോ കിളിർത്തോ
വളമായോ തണലായോ
കാത്തിരിപ്പിന്‍റെ ഏതെങ്കിലും
നിരത്തുകളിൽ
എന്നെയോർമ്മിക്കെന്ന പാകത്തിൽ
എന്തെങ്കിലുമുപേക്ഷിച്ചു
കടന്നു പോയിട്ടുണ്ടാവണം.

പ്രണയത്തിന്‍റെ മുദ്രകൾക്കുള്ള
നിർവചനത്തിനു അപ്രാപ്യരായ
സൈദ്ധാന്തികരെല്ലാം
പ്രണയം കഴിച്ചു മരിച്ചവരാണ്…
നിന്നെ പ്രണയം കൊണ്ട്
വലിച്ചു മുറുക്കുന്നു
അവളുടെ മെലിഞ്ഞുണങ്ങി
അങ്ങിങ്ങു പച്ച ബാക്കിയായ
നരച്ച വേരിൻ തണുപ്പാർന്ന
ഇരുണ്ട കൈത്തണ്ടുകൾ…

ഒന്ന് ബാക്കി വെക്കുന്നു
തിരുനെറ്റിയിൽ നനുത്തൊരു
ചുംബനത്തൊടുകുറി.
കാലിൽ നിന്‍റെ നഖം കൊണ്ടൊരു
സ്നേഹപൂർവ്വമാമൊരു പോറൽ
വാനിൽ ചന്ദ്രക്കല മറഞ്ഞത് പോലെ.
അവൾ പ്രണയിക്കുമ്പോഴെല്ലാം
ലോകം മുഴുവൻ നിശബ്ദമാകുന്നു.

സ്വതന്ത്ര്യ റിപ്പബ്ലിക്കായ
ഒരു ഭ്രാന്തിയെക്കുറിച്ച്
അവൾ ഇറങ്ങാന്‍ കാത്തു നിന്ന
അതേ പ്രണയമാപിനിയിൽ
തപിച്ചു പൊള്ളുന്ന
ഏണിപ്പടികൾക്കു മുകളിൽ നിന്ന്
മറ്റൊരു സ്വതന്ത്ര്യ റിപ്പബ്ലിക്കും
ഭ്രാന്തിയുമായ ഞാൻ
അവളെക്കുറിച്ചിങ്ങനെ കവിത പാടി ;

“ആത്മസഖീ,
അവനുടെ പ്രണയമുഖീ
കാണ്മൂ ഞാൻ,
അഗ്നിയിലൊരുതരി കനൽ പോലെ
വെട്ടി വിളങ്ങും നിൻ
കണ്ണീരിൻ ദ്രുതചലനം.
നൊടിയിട തെന്നി മറഞ്ഞു നീയെൻ
മുന്നിലതിവേഗത്തില്‍
മേഘക്കീറിലൊളിക്കും
പാതി മറച്ചൊരു തിങ്കൾ കല പോൽ…
കൂടെ വരുന്നൂ ഞാൻ…
പ്രണയത്തിൻ ഏണിപ്പടിയിലിരിപ്പൂ ഞാൻ…
ജന്മം പൂക്കുമേതോ കാട്ടിൽ
ജ്വാലയുയരുന്നൂ
നിന്‍റെ പ്രണയമാളുന്നു…
കാടാകെ നിന്‍റെ നിഗൂഢമായൊരു
മണം പൂക്കുന്നു …”

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു