എത്ര പാഴ്ക്കിനാവുകൾ
നാം കണ്ടു കഴിഞ്ഞു…!
ദാഹജലത്തിനായി ജീവികൾ
വരണ്ട നാവു നീട്ടുന്നത്
സന്ധ്യനക്ഷത്രത്തിന്റെ
വെളിച്ചം പൊലിയുന്നത്
അഗാധതയിലേക്കു
കാലിടറി വീഴുന്നത് !
അസ്ഥിശകലങ്ങൾ
പച്ചമാംസം ഉപേക്ഷിക്കുന്നത്
മഞ്ഞവെയിലേറ്റ് വാടിവീഴുന്നത് !
മണൽക്കാടുകളിൽ പൊടിയുയരുന്നത് ,
ഇങ്ങനെ പലതും ഓർമ്മയില്ല.
എന്നാൽ ചിലതുണ്ട്
സ്ഫടിക ജലം പോലെ
വെള്ളി നിലാവു പോലെ
മുഗ്ദ്ധസൗന്ദര്യം വഴിഞ്ഞൊഴുകുന്നത് !
അകലെ….സാന്ധ്യ ച്ഛായകൾ
സൃഷ്ടിക്കുന്ന നിഗൂഢതടങ്ങൾ
ചെമ്മണ്ണിളകും നിലങ്ങളിൽ
ഇരുളിൻ കണ്ണുകൾ
ചക്രവാളം വീണ്ടും
ഉജ്ജ്വല പ്രപഞ്ചത്തെ
ഓർമ്മിപ്പിക്കുന്നു.
പാഴ്മരുഭൂമിയിൽ
തളർന്ന കാലുകളെന്നെ
മുന്നോട്ടു നയിക്കും.
മോഹന സ്വപ്നം മുന്തിരിച്ചാറിൻ
ചഷകവുമായി കാത്തിരിക്കുന്നു..
പകലിന്റെ പൊൻ തേര്
എത്തിച്ചേരാൻ സമയമായി.
അതുവരെ ഒന്നുറങ്ങാം !!