യാത്ര മനുഷ്യർക്ക് ആനന്ദവും ഉല്ലാസവും തരുന്ന ഒന്നാണ്. പുതിയ ഇടങ്ങൾ, പുതിയ മുഖങ്ങൾ അങ്ങനെ വൈവിധ്യങ്ങളെ ചേർത്തുപിടിച്ചുള്ള യാത്രകൾ. ഏതൊരു യാത്രാവിവരണവും വിജയകരമായി പൂർത്തിയാക്കിയ യാത്രയുടെ ഓർമ്മക്കുറിപ്പുകളാവും. എന്നാൽ യാത്രകളിലും പരാജയങ്ങളുണ്ട്. അവ മിക്കപ്പോഴും രേഖപ്പെടുത്തപ്പെടാറില്ല എന്നു മാത്രം. ചിലപ്പോൾ തീർത്തും അവിചാരിതമായും യാത്ര ചെയ്യേണ്ടി വരാറുണ്ട്. യാത്രയ്ക്കു വേണ്ടി മാനസിക മുന്നൊരുക്കങ്ങൾക്കു സമയം കിട്ടാതെ, തീർത്തും അനവസരത്തിൽ നടത്തുന്ന യാത്ര, എന്നാലോ അതൊരു രക്ഷാമാർഗമാകുകയും ചെയ്യുക! അത്തരത്തിൽ ഒരു യാത്രയെക്കുറിച്ചാണ് ഈ കുറിപ്പ്. എന്റെ ജീവിതത്തിലെ ഏറ്റവും നിരാശാജനകമായ ഒരു യാത്രയെക്കുറിച്ച്, എന്റെ കാഴ്ചപ്പാടിനെ ചിന്തകളെ ഒക്കെയും മാറ്റിമറിച്ച ആസൂത്രിതമല്ലാത്ത യാത്രയെക്കുറിച്ച്, എഴുതിത്തുടങ്ങട്ടെ.
ബെലാറസിലെ മിൻസ്കിൽ മഞ്ഞു പൊഴിയുന്ന പ്രഭാതമാണ് എൻ്റെ മുന്നിലിപ്പോൾ വിടർന്നുണരുന്നത്. സൗന്ദര്യവും ശാന്തതയും കൊണ്ട് എന്നെ ആകർഷിച്ച നഗരമാണിത്. ഉക്രെയ്നിന്റെ തലസ്ഥാന നഗരമായ കീവിൽ നിന്ന് 529 കിലോമീറ്റർ അകലെ ഒരു ഹോട്ടലിലെ ജനലിനടുത്താണ് ഞാനിപ്പോൾ ഉള്ളത്. ആ ജനാലയുടെ എതിർവശത്തുള്ള മതിലിൽ “യുക്രെയ്ൻ ഒരിക്കലും അവസാനിക്കാത്ത യുദ്ധം” എന്നെഴുതിയിരിക്കുന്നത് ഞാൻ വായിച്ചു. ബെലാറസിലെ ജനങ്ങളുടെ ഹൃദയത്തിലെ മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ആ വരികളിൽ നിന്നും എനിക്ക് മനസ്സിലായി, അവരിൽ യുദ്ധത്തിൻ്റെ ആദ്യ നാളുകളിൽ ബെലാറസിലേക്കു പാലയനം ചെയ്യപ്പെട്ടവരും ഉണ്ടാകും. ഉക്രൈനിലെ മിക്ക കുടുംബങ്ങൾക്കും എത്ര മാത്രം ദുരന്തകഥകളാകും പറയാനുണ്ടാവുക! ഇന്ന് 10 ഡിസംബർ 2023 ആണ്. മുൻപ് എപ്പോൾ മിൻസ്കിൽ എത്തുമ്പോഴും ഞാൻ ഉക്രെയിൻ എന്ന മനോഹര രാജ്യത്തെ സ്വപ്നം കണ്ടിരുന്നു. എന്നാൽ അജ്ഞാത കാരണങ്ങൾ കൊണ്ട് കീവിലേക്കുള്ള എൻ്റെ യാത്ര നീണ്ടുപോവുകയായിരുന്നു പലപ്പോഴും. എന്നാൽ ഇപ്പോൾ, കീവിൻ്റെ ഓർമകൾ എന്നിലുണ്ട്. പലപ്പോഴും ബെലാറസിൽ താമസിച്ചു കൊണ്ട് കീവ് നഗരത്തെ സ്വപ്നം കണ്ടതുകൊണ്ടാവും, ഇപ്പോൾ ബെലാറസിൽ ഇരുന്ന് ആ ഉക്രെയിൻ യാത്രയെക്കുറിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നതും.
ഉക്രെയ്നിലേക്കുള്ള എന്റെ അവസാന സന്ദർശനം 2021 ജൂലൈയിലായിരുന്നു. കഴിഞ്ഞ രണ്ടു വർഷം എന്റെ മുൻപിലൂടെ കടന്നുപോകുകയാണ്. അന്ന് അവിടെ ഞാൻ കണ്ട പല കാഴ്ചകൾ ഞാൻ ഓർക്കുക്കുകയാണ്. ആ ഉക്രെയ്നിലേക്കുള്ള യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നില്ല. പർവതാരോഹണത്തിനിടയിൽ എവറസ്റ്റിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് ഞാൻ ആശുപത്രിയിൽ ആയി. കോവിഡ് പാൻഡെമിക് അടച്ചുപൂട്ടൽ കാരണം ഞാനും അനേകം പർവതാരോഹകർക്കൊപ്പം നേപ്പാളിൽ കുടുങ്ങി. നേപ്പാളിൽ നിന്ന് എത്രയും വേഗം പുറത്തുകടക്കാൻ വഴികൾ ഇല്ലായിരുന്നു. കാഠ്മണ്ഡുവിൽ വിമാനത്താവളം അടച്ചു. ആ ദുരവസ്ഥയിൽ റോഡ് മാർഗം ഇന്ത്യയിലേക്ക് പോകുന്നത് ഒരു നല്ല തീരുമാനമായിരുന്നില്ല. എവറസ്റ്റിലേക്കുള്ള യാത്രയിൽ കോവിഡ് എന്നെ മൃതപ്രായനാക്കിയിരുന്നു. തിരിഞ്ഞു നോക്കാൻ ഭയന്ന ദിനങ്ങൾ താണ്ടിയപ്പോൾ എൻ്റെ ചിന്താശേഷി മരവിച്ചിരുന്നു. അതിനാൽത്തന്നെ സർക്കാർ ഏജൻസികൾ മുന്നോട്ടുവയ്ക്കുന്ന തീരുമാനങ്ങൾ സ്വീകരിക്കുക മാത്രമായി എൻ്റെ വഴി.
എവറസ്റ്റിൽ ചെലവിട്ട ദിനങ്ങളിലെ ചില പൊള്ളുന്ന ഓർമ്മകൾ ഓർത്തെടുക്കാൻ എന്റെ മനസ്സിപ്പോൾ പാകമായിട്ടില്ല.. അത്രയേറെ ത്രീവമായ ജീവിതാനുഭവം ഓർക്കുമ്പോൾ വീണ്ടും വല്ലാതെ ശ്വാസം മുട്ടുന്നു. ഹൊ! എന്തൊരു പരീക്ഷണങ്ങളായിരുന്നു ദൈവമേ!.
നേപ്പാളിൽ ചെലവിട്ട ദിനങ്ങളിൽ, വിമാനത്താവളം എപ്പോൾ തുറക്കുമെന്ന വാർത്ത കേൾക്കാനായി കാത്തിരിപ്പായിരുന്നു. വിമാനത്താവളം തുറക്കുന്നു എന്ന വാർത്ത ഏറെ ആഹ്ളാദത്തോടെ കേട്ട ഉടൻ ഒരു ട്രാവൽ ഏജന്റിനെ ബന്ധപ്പെട്ടു. അവൻ എനിക്ക് രണ്ട് ഓപ്ക്ഷനുകൾ നീട്ടി. ഒന്നുകിൽ ഞാൻ അർമേനിയയിൽ പോയി ദുബായിലേക്ക് യാത്ര ചെയ്യുക. അല്ലെങ്കിൽ ഇന്ത്യയിലേക്ക് പോകുക, അതിനു ശേഷം ദുബായിലേക്ക് പോകാൻ കാത്തിരിക്കുക. എന്നിരുന്നാലും, ഈ പ്ലാനിൽ ഒരു പ്രശ്നമുണ്ടായിരുന്നു; വിമാനത്താവള പ്രവർത്തനങ്ങളിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ അർമേനിയയിലേക്ക് പോകുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് അയാൾ കൂട്ടിച്ചേർത്തു. അങ്ങനെയാണ്, ഇന്ത്യയിലേക്ക് പോകുന്നതാകും ഒരു നല്ലത് എന്ന തീരുമാനത്തിലെത്തിയത്. അങ്ങനെ യാത്രാ പദ്ധതി തയ്യാറായി. കാഠ്മണ്ഡുവിൽ നിന്നും ന്യൂഡൽഹിയിൽ എത്തുക. അഞ്ച് ദിവസം ഡൽഹിയിൽ തങ്ങിയതിനു ശേഷം ഉക്രെയിനിൻ്റെ തലസ്ഥാനമായ കീവിലേക്കു പോകുക. അവിടെ രണ്ടാഴ്ച്ച തങ്ങിയ ശേഷം അവിടെ നിന്നും ദുബായിലേക്കു യാത്ര ചെയ്യുക. അത്രകാലവും ഉക്രെയിനിൽ ഒരു സഞ്ചാരിയായി ചെന്നിറങ്ങാൻ ആഗ്രഹിച്ച ഞാനിപ്പോൾ ഒരു നിർബന്ധിത യാത്രയുടെ ഭാഗമായി കീവിലേക്കു യാത്ര ചെയ്യേണ്ടുന്ന അവസ്ഥയിലാണ് ഉള്ളത്. അതോടെ കീവിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തുടങ്ങി. അവിടെ രണ്ടാഴ്ച ചെലവിടുന്നതിന് എത്ര പണം ആവശ്യമാണ്, കൂടെ കൊണ്ടുപോകാൻ എന്തൊക്കെയാണ് കരുതിവയ്ക്കേണ്ടത് തുടങ്ങി ധാരാളം പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടായിരുന്നു. മാറി ഉടുക്കാൻ വേണ്ട ഏറ്റവും കുറച്ച് വസ്ത്രങ്ങൾ മാത്രം എടുത്തു ഞാൻ പായ്ക്ക് ചെയ്തു. എവറസ്റ്റ് പര്യവേഷണത്തിനായി വാങ്ങിയ ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങളും, ഉപകരണങ്ങളും ഒക്കെ നേപ്പാളിൽ വെച്ചു പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ സഹായത്തോടെ കൊറിയർ വഴി ദുബായിലേക്ക് അയച്ചു.
നേപ്പാളിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര 2021 ജൂലൈ ഏഴിനായിരുന്നു. അഞ്ചു ദിവസം ന്യൂഡൽഹിയിൽ ചെലവഴിച്ചു, 2021 ജൂലൈ 12-ന് ഡൽഹിയിൽ നിന്നും കീവിലേക്ക് പറന്നു. ഈ യാത്രയ്ക്കിടെ ഞാൻ അഭിമുഖീകരിച്ചേക്കാവുന്ന എല്ലാ പ്രതിസന്ധികളെയും നേരിടാൻ ഞാൻ തയ്യാറായിരുന്നു. എന്റെ ഹൃദയം ശക്തവും, ഭയരഹിതവുമായിരുന്നു. ഏത് പ്രതിസന്ധികളെയും സധൈര്യം നേരിട്ട് തളരാതെ നിൽക്കുന്നവനാണ് വിജയിയെന്ന് ഞാൻ വായിച്ചിട്ടുള്ളതോർത്തു. ആ സമയത്ത് എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ആയുധം ധൈര്യമാണ്. ഞാൻ അടുത്ത ദിവസം വളരെ നേരത്തെ എയർപോർട്ടിൽ പോയി; കാഠ്മണ്ഡു എയർപോർട്ടിൽ നല്ല തിരക്കായിരുന്നു, ഞാൻ എയർപോർട്ടിലേക്ക് പ്രവേശിക്കാൻ ലൈനിൽ നിന്നു. ആളുകളെയും അവർക്ക് യാത്ര ചെയ്യാനാവശ്യമായ യാത്രാ ക്രെഡൻഷ്യലുകളും ഒന്നിലധികം തവണ സെക്ക്യൂരിറ്റികൾ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഞാൻ എന്റെ ഊഴത്തിനായി കാത്തു നിന്നു; എയർപോർട്ട് സെക്യൂരിറ്റി സ്റ്റാഫിന്റെ മുന്നിൽ എത്തിയ ഉടനെ ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു, അവൻ പതിഞ്ഞ ശബ്ദത്തിൽ എന്നോട് ചോദിച്ചു, “നിങ്ങൾ എവിടേക്കാണ് യാത്ര ചെയ്യുന്നത്?”, ഞാൻ ന്യൂഡൽഹിക്ക് എന്ന് പറഞ്ഞു, അവൻ എന്റെ പാസ്പോർട്ടിന്റെ എല്ലാ പേജുകളും പരിശോധിച്ച് എന്നെ നോക്കി ടിക്കറ്റ് ചോദിച്ചു. അത് ന്യൂഡൽഹിയിലേക്കുള്ള വൺ വേ ടിക്കറ്റായിരുന്നു. എല്ലാ രേഖകളും തിരികെ നൽകി അവൻ വിമാനത്താവളത്തിലേക്കുള്ള വഴി കാണിച്ചു. അനിശ്ചിത ദിനങ്ങളിലെ ആദ്യ പടി കടന്നു. എയർപോർട്ടിനുള്ളിൽ ഞാൻ ടിക്കറ്റ് കൗണ്ടറിനെ ലക്ഷ്യം വച്ച് നടന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ബോർഡിംഗ് പാസ് ലഭിക്കാനും കുറച്ച് സമയമെടുത്തു. എല്ലാ സെക്ക്യുരിറ്റി ചെക്കിങ്ങുകളും കഴിഞ്ഞ് ഞാൻ ഇമിഗ്രേഷനിലേക്ക് മാറി. എല്ലാം ക്ലിയർ ചെയ്ത് ഗേറ്റിലേക്ക്. അവിടെ ഞാൻ ഇരിക്കാൻ ഒരു സ്ഥലം കണ്ടെത്തി, എന്റെ കണ്ണുകൾ എന്റെ വാച്ചിനും എയർപോർട്ടിലെ ഇൻഫർമേഷൻ സ്ക്രീനിനുമിടയിൽ നീങ്ങി. ബോർഡിംഗിനായുള്ള ആ കാത്തിരിപ്പ് നീണ്ടു; എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പാണതെന്ന് എനിക്ക് തോന്നി. മനസ്സ് വിവിധ ചിന്തകളാൽ വ്യാപൃതമായിരുന്നു; ആ സമയത്ത് എനിക്കൊരു പാട്ടു പോലും കേൾക്കാൻ തോന്നിയില്ല. മനസ്സിനെ ശാന്തമായി അടക്കിയിരുത്താൻ തുനിഞ്ഞ് ഞാൻ അവിടെ നിന്നും എണീറ്റ് നടന്നു. ഒടുവിൽ ബോർഡിംഗ് ആരംഭിച്ചു. ഞാൻ കൗണ്ടറിലേക്ക് നീങ്ങി. എന്റെ ഊഴം ഉറപ്പിച്ചു, ബോർഡിംഗ് ഔപചാരികതകൾ പൂർത്തിയാക്കി, ഞാൻ വിമാനത്തിന്റെ അടുത്തേക്ക് നടന്നു. വിമാനത്തിൽ ഞാൻ പലവട്ടം യാത്ര ചെയ്തിട്ടുണ്ടെങ്കിലും നേപ്പാളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനത്തിനുള്ളിലേക്കു പ്രവേശിച്ചത് ആഹ്ലാദം നിറഞ്ഞ അനുഭവമായിരുന്നു.
ന്യൂഡൽഹിയിൽ എത്തി ഒരു എയർപോർട്ടിൽ നിന്നും അകലെയല്ലാതെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. വേദനാജനമായ ഡൽഹിയിലെ ആ അഞ്ചു ദിവസങ്ങളും മറികടന്ന് ഒടുവിൽ എനിക്ക് കീവിലേക്ക് പറക്കാനുള്ള ദിവസം വന്നു. ന്യൂ ഡൽഹിയിൽ കാര്യമായൊന്നും ചെയ്യാൻ പറ്റിയില്ല. ഞാൻ നന്നേ ക്ഷീണിതനായിരുന്നു. കീവിലേക്കുള്ള ബോർഡിംഗ് പാസ് ലഭിക്കാൻ ഡൽഹി എയർപോർട്ടിൽ ഏറെനേരം ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു. അവിടെ വെച്ച് ആദ്യം എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ചില കാരണങ്ങൾ പറഞ്ഞ് കുറച്ച് നേരം എന്നെ മാറ്റി നിർത്തി നന്നായി ബുദ്ധിമുട്ടിച്ച ശേഷമാണ് വിമാനത്തിൽ കയറാൻ സമ്മതിച്ചത്. ഇത്തവണ വിമാനത്തിൽ കയറുമ്പോൾ ഞാൻ മാനസികമായി തളർന്നിരുന്നു. ന്യൂഡൽഹിയിൽ നിന്ന് കീവിലേക്കുള്ള പത്തര മണിക്കൂർ യാത്ര. ഉറക്കത്തിനും ബോധത്തിനും ഇടയിൽ എന്റെ സഞ്ചാരം. തല കറങ്ങുമ്പോലെ… എന്നിരുന്നാലും പ്രതീക്ഷ കൈവിട്ടില്ല. കാഠ്മണ്ഡുവിൽ എനിക്ക് കിട്ടിയ പരിഹാസ്യമായ ഓർമ്മകളും ആഘാതങ്ങളും എന്റെ സ്വന്തം നിഴൽ പോലെ ദിവസങ്ങളോളം എന്നെ പിന്തുടരുന്നുണ്ടായിരുന്നു. നിഴലുപോലെ ഒപ്പം കൂടിയ കയ്പ്പൻ ഓർമ്മകൾ മനസ്സിൽ കിടന്നു വെന്തു…
ക്യാപ്റ്റന്റെ അറിയിപ്പ് കേട്ട് ഒരു ചെറുമയക്കത്തിൽ നിന്ന് ഞാൻ കണ്ണുകൾ തുറന്നു. വിമാനം ഉടൻ തന്നെ കീവിൽ ഇറങ്ങും. ജാലകത്തിലൂടെ ആകാശത്തിനെ നോക്കിയിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ വിമാനത്തിന്റെ ജനാലയിലൂടെ കീവ് നഗരത്തിന്റെ ആദ്യ കാഴ്ച ഞാൻ കണ്ടു. രണ്ടാഴ്ചത്തേക്ക് ഇവിടം എന്റെ വീടായിരിക്കുമെന്ന് അറിയാവുന്നതിനാൽ ഞാൻ വിഷമിച്ചില്ല. വിമാനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ, ഞങ്ങളെ ഒരു കോവിഡ് പരിശോധന ഏരിയയിലേക്ക് നയിച്ചു. ആളുകൾ എങ്ങനെയോ അവിടെയും ഒത്തുകൂടാൻ തുടങ്ങി. എന്റെ ഡോക്യുമെന്റ് വെരിഫിക്കേഷൻ വേഗത്തിൽ പൂർത്തിയാക്കി ഇമിഗ്രേഷനിലേക്ക് നീങ്ങി. എമിഗ്രേഷൻ കൗണ്ടറിലേക്ക് അടുക്കുമ്പോൾ ഒരു പോലീസ് ഓഫീസർ എന്റെ അടുത്ത് വന്ന് പാസ്പോർട്ട് ചോദിച്ചു. “ഞാൻ ഇമിഗ്രേഷനിലേക്ക് പോകുകയാണ്” എന്ന് സൗമ്യമായ ശബ്ദത്തിൽ ഓഫീസറോട് പറഞ്ഞു. “നിങ്ങളുടെ പാസ്പോർട്ട് എനിക്ക് തരൂ, ഞാൻ പരിശോധിക്കട്ടെ” എന്നായി ഓഫീസറുടെ മറുപടി. പാസ്പോർട്ട് കൈയ്യിൽ വാങ്ങി നോക്കിയിട്ട് ഇരിപ്പിടം ചൂണ്ടി കാട്ടിയിട്ട് എന്നോട് അവിടെ കാത്തിരിക്കാൻ പറഞ്ഞു. എനിക്ക് എന്തോ വല്ലാത്ത അസ്വസ്ഥത തോന്നിയ ഒരു നിമിഷമായിരുന്നു അത്. എന്റെ മനസ്സിൽ, ഉത്തരം കണ്ടെത്താൻ കഴിയാത്ത പല ചോദ്യങ്ങളും മിന്നി മാഞ്ഞു. എന്റെ എല്ലാ യാത്രാ രേഖകളും നിയമാനുസൃതവും ഇമിഗ്രേഷൻ ചട്ടപ്രകാരമുള്ളതുമായിരുന്നു എന്നത് എനിക്ക് കുറച്ച് ആശ്വാസം നൽകിയിരുന്നു.
സമയം കടന്നു പൊയ്കൊണ്ടേയിരിക്കുന്നു. ഒപ്പം വന്ന യാത്രക്കാരിൽ ഭൂരിഭാഗം ആളുകളുടെയും പാസ്പോർട്ടുകളും വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പോലീസ് എടുത്തതിനാൽ ഒത്തിരി ക്ഷമകെട്ട കാത്തിരിപ്പിന്നൊടുവിൽ ഞങ്ങൾ യാത്രക്കാർ പരസ്പരം സംസാരിക്കാൻ തുടങ്ങി. വേദനാജനകമായ ഏതാനും മണിക്കൂറുകൾ കടന്നുപോയി, പാസ്പോർട്ടിനെക്കുറിച്ച് ഒരു വിവരവുമില്ല. ധൈര്യം സംഭരിച്ച് പോയി കാര്യം അന്വേഷിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ പോയി ഇമിഗ്രേഷൻ ഏരിയയ്ക്ക് സമീപം കണ്ട ഒരു പോലീസുകാരനോട് എന്റെ പാസ്പോർട്ടിന്റെ അവസ്ഥ അന്വേഷിച്ചു. ഇനിയും കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആറു മണിക്കൂറിന് ശേഷം ഒരു പോലീസുകാരൻ ഒരു കൂട്ടം പാസ്പോർട്ടുമായി നടക്കുന്നത് ഞാൻ കണ്ടു. അവർ പേരുകൾ വിളിച്ച് ആ ആളുകളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. 40-50 പേരെ വിളിച്ചുവരുത്തി, അവരെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയാണ്! ഞാൻ പരിഭ്രാന്തനായില്ല. ധൈര്യം സംഭരിച്ച് എന്റെ കാത്തിരിപ്പ് തുടർന്നു. ഒമ്പത് മണിക്കൂർ കഴിഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ജോലി ഷിഫ്റ്റ് ആയിപുതിയ ഒരു കൂട്ടം പോലീസുകാർ ഇപ്പോൾ ഇമിഗ്രേഷൻ ചെയർ കൈകാര്യം ചെയ്യുന്നു. എന്റെ പാസ്പോർട്ട് എവിടെ? എന്റെ പാസ്പോർട്ട് എടുത്ത പോലീസുകാരൻ എവിടെ? എന്റെ മനസ്സിൽ ചോദ്യങ്ങൾ അവശേഷിച്ചു. എനിക്ക് ഒന്നും വ്യക്തമായില്ല. എനിക്ക് ക്ഷീണമുണ്ട്, വിശക്കുന്നു, ടോയ്ലറ്റിൽ പോകാൻ ആഗ്രഹിച്ചു, പക്ഷേ, ആ സ്ഥലം വിട്ട് എവിടേക്കും പോകാൻ എനിക്ക് തോന്നിയില്ല.
പത്ത് മണിക്കൂർ പൂർത്തിയായി. രണ്ടു പോലീസുകാർ ഞങ്ങളുടെ വിശ്രമകേന്ദ്രത്തിലേക്ക് നടന്നുവരുന്നത് ഞാൻ കണ്ടു. അവർ ഒന്നിനുപുറകെ ഒന്നായി പേരു വിളിക്കാൻ തുടങ്ങി, എന്റെ പേര് അയാളുടെ നാവിൽ നിന്ന് വീഴുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു. ഏറ്റവും ഒടുവിൽ അവർ എന്റെ പേര് വിളിച്ചു, പാസ്പോർട്ട് കൈമാറി, ഇമിഗ്രേഷനിൽ പോയി രാജ്യത്തേക്ക് പ്രവേശിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ശ്വാസം നേരെ വീണു. വന്നിറങ്ങിയതിൽ കുറച്ച്പേരെ അന്ന് തന്നെ അവർ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഞാൻ പെട്ടെന്ന് ഇമിഗ്രേഷൻ കൗണ്ടറിലേക്ക് നീങ്ങി, അവർ എന്റെ പാസ്പോർട്ട് സ്റ്റാമ്പ് ചെയ്തു. ഞാൻ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി, എന്റെ പേര് പിടിച്ച ബോർഡുമായി ഒരാൾ കാത്തുനിൽക്കുന്നത് ഞാൻ കണ്ടു. അത് എന്റെ ട്രാവൽ ഏജന്റായിരുന്നു, അവൻ പത്തു മണിക്കൂറിലേറെയായി എന്നെ കാത്തിരിക്കുകയായിരുന്നു. ഞാൻ ചെന്ന് അവനെ കെട്ടിപ്പിടിച്ചു; ഞാൻ പറഞ്ഞു, “കാത്തിരിപ്പിന് നന്ദി.” അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, കുഴപ്പമില്ല “നിങ്ങൾക്ക് വിശപ്പും ദാഹവും ഇല്ലേ?” ഞാൻ “അതെ “എന്ന് പറഞ്ഞു. അവൻ എനിക്ക് ഒരു കുപ്പി വെള്ളം തന്നു. കരയണോ ചിരിക്കണോ എന്നറിയില്ലായിരുന്നു. എന്റെ ജീവിതത്തിലെ വല്ലാത്തൊരു നിമിഷത്തിലൂടെയാണ് ഞാൻ കടന്നുപോയിരുന്നതപ്പോൾ. നിരവധി പേർ വിമാനത്താവളത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും ട്രാവൽഏജന്റ് എന്നോട് പറഞ്ഞു. ഞങ്ങൾ കാത്തിരുന്നു. കുറച്ചുപേർ കൂടി പുറത്തിറങ്ങി. എല്ലാവരോടും ഒരു ബസിൽ കയറാൻ അദ്ദേഹം ആവശ്യപ്പെട്ടു, അവരെ ഹോട്ടലിലേക്ക് കൊണ്ടുപോകാൻ ബസ് ഡ്രൈവറോട് നിർദ്ദേശിച്ചു. ഞാൻ ഒരു കാർ ബുക്ക് ചെയ്തു, ഞാൻ നിങ്ങളുടെ പുറകിലായി ഹോട്ടലിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞു. ഏകദേശം 45 മിനിറ്റ് എടുക്കും ഹോട്ടലിൽ എത്താൻ. എയർപോർട്ടിൽ നടന്ന സംഭവങ്ങളിൽ എന്റെ മനസ്സ് തളർന്നിരുന്നു. രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട ആളുകൾക്ക് എന്ത് സംഭവിക്കുമെന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുകയായിരുന്നു. എനിക്ക് ശരിക്കും അറിയില്ല! എന്നാൽ എങ്ങനെയെങ്കിലും ഇന്ത്യയിലേക്ക് മടങ്ങുക എന്നതാണ് അവർക്കു മുന്നിലെ ഏക പോംവഴി.
ഞാൻ കാറിന്റെ ചില്ലിലൂടെ കണ്ണോടിച്ചു, അതുവഴി കടന്നുപോകുന്ന മരങ്ങളിലേക്കും പച്ചപ്പാടങ്ങളിലേക്കും നോക്കി. ഞങ്ങൾ ഹോട്ടലിൽ എത്തി. ലഗേജ് റിസപ്ഷനിലേക്ക് കൊണ്ടുപോകാൻ ഡ്രൈവർ എന്നെ സഹായിച്ചു. ഇന്ത്യക്കാരനായ അദ്ദേഹം ഉക്രെയ്നിൽ സ്ഥിരതാമസമാക്കിയ ആളാണ്. ഞാൻ അദ്ദേഹത്തിൻ്റെ പേര് പലതവണ ചോദിച്ചു. ആ പേര് വളരെ സവിശേഷവും സങ്കീർണ്ണവുമായതിനാൽ എനിക്ക് അത് ഓർമ്മിക്കാൻ കഴിഞ്ഞില്ല, കാരണം അന്നാട്ടുകാർക്ക് എളുപ്പത്തിൽ വിളിക്കാൻ പറ്റും വിധം അദ്ദേഹം തന്റെ പേര് റഷ്യൻ ശൈലിയിലേക്ക് മാറ്റിയിരുന്നു.
ഹോട്ടൽ റിസപ്ഷനിൽ ഞാൻ എന്റെ ഊഴം കാത്ത് നിന്നു. അവർ താക്കോൽ കൈമാറി. ഡ്രൈവറോട് യാത്ര പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു. അവൻ തന്റെ ഫോൺ നമ്പർ തന്നു. ഞാൻ മുറിയിലേക്ക് പോയി, മറ്റൊരു സർപ്രൈസ് അവിടെ എന്നെ കാത്തിരുന്നു. എനിക്ക് കിട്ടിയത് ഒരു ഭൂഗർഭ മുറിയാണ്. ജനലുകളില്ലാത്ത ഒരു വാതിൽ മാത്രമുള്ള ഒരു നോട്ടത്തിൽ ഒരു ഗുഹയെത്ത് വിശേഷിപ്പിക്കാവുന്ന മുറി. ഞാൻ അസ്വസ്ഥനായി. മുറി മാറ്റി തരണമെന്ന് ആവശ്യപ്പെട്ട് ഞാൻ റിസപ്ഷനിൽ ചെന്നു. എന്റെ ആവശ്യം അവരെ ചൊടിപ്പിച്ചു. റിസപ്ഷനിലെ ജീവനക്കാരൻ എന്നോട് മുറി ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരു ഹോട്ടൽ കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. ആ സമയത്ത് ഞാൻ വളരെ അസ്വസ്ഥനായിരുന്നു. എന്റെ ക്ഷമ നശിച്ചു. അവരുമായി 10 മിനിറ്റിലധികം തർക്കിച്ചു, ഒടുവിൽ അധിക പണം വാങ്ങി അവർ എനിക്ക് മറ്റൊരു മുറി തരപ്പെടുത്തി തന്നു. എനിക്ക് രണ്ടാഴ്ച താമസിക്കേണ്ട സ്ഥലമാണിത്. മനസ്സില്ലാമനസ്സോടെ ഞാൻ ആ ഹോട്ടലിൽ താമസിച്ചു.
വല്യ സന്തോഷമില്ലാതെ ഞാൻ റൂമിൽ പോയി കുളിച്ചു കിടന്നുറങ്ങി. ഗാഢമായ നിദ്രയിലേക്ക്. എത്ര നേരം ഉറങ്ങിയെന്ന് എനിക്കോർമ്മയില്ല. എഴുന്നേറ്റു ജനാലയിലൂടെ നോക്കി പുറത്ത് നല്ല ഇരുട്ടായിരുന്നു. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ വീണ്ടും ഉറങ്ങി.
കീവിലെ എന്റെ ആദ്യ ദിവസം. രാവിലെ പ്രഭാത കൃത്യങ്ങൾ പൂർത്തിയാക്കി പ്രാതൽ കഴിക്കാനായി പോകാൻ തീരുമാനിച്ചു. റെഡിയായി താഴത്തെ നിലയിലെ ഡൈനിംഗ് ഏരിയയിലേക്ക് പോയി. അവർ എന്റെ റൂം നമ്പർ പരിശോധിച്ചു. ഞാൻ ഭക്ഷണം എടുക്കാൻ നീങ്ങി. ഞാൻ ഭക്ഷണം കഴിക്കുമ്പോൾ ആരോ മലയാളം സംസാരിക്കുന്നത് കേൾക്കുന്നതായി എനിക്കു തോന്നി. നോക്കുമ്പോൾ മലയാളികളാണെന്ന് തോന്നിക്കുന്ന മൂന്ന് പുരുഷന്മാരെ കണ്ടു. ഞാൻ പുഞ്ചിരിച്ചു, അവർ തിരികെയും. ഞാൻ ഹലോ പറഞ്ഞു. അവരുടെ ആദ്യ പ്രതികരണം “നിങ്ങൾ കേരളത്തിൽ നിന്നാണോ ?” എന്നായിരുന്നു ഞാൻ “അതെ” അതെ എന്ന് പറഞ്ഞു. എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. അവരോടൊപ്പം ഇരുന്നു പ്രാതൽ കഴിക്കാൻ അവർ എന്നെ ക്ഷണിച്ചു. ആ സമയം എനിക്ക് വലിയ ആശ്വാസം കിട്ടിയതുപോലെയായിരുന്നു. എല്ലാ വേദനകളും ആശങ്കകളും തത്ക്കാലം ഞാൻ മറന്നു. സെബാസ്റ്റ്യൻ, അബ്ദല്ല, മുഹമ്മദ് എന്നിങ്ങനെയാണ് അവർ പരിചയപ്പെടുത്തിയത്. ഇവരിൽ മൂന്ന് പേർ കേരളത്തിന്റെ വടക്കൻ മേഖലയിൽ നിന്നുള്ളവരാണ്.
ഞങ്ങൾ ഒരിമിച്ചിരുന്നു, ഉക്രെയ്നിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ചുള്ള കഥകൾ ഞങ്ങൾ പരസ്പരം പങ്കിടാൻ തുടങ്ങി. അവർ മൂന്ന് പേരും സൗദി അറേബ്യയിലേക്ക് പോകാനുള്ളവരാണ്. അവർ ഏതാനും ദിവസം മുമ്പ് എത്തി. കുറച്ച് ദിവസം കൂടി ഉക്രൈനിൽ ഉണ്ടാകും. അതിനാൽ, കീവിൽ താമസിക്കുന്നതിന്റെ ഭൂരിഭാഗം ദിവസങ്ങളിലും ഞങ്ങൾ ഇനി ഒരുമിച്ചായിരിക്കും. ഉള്ളിൽ സന്തോഷം തോന്നി. പ്രഭാതഭക്ഷണത്തിന് ശേഷം ഇന്നവർക്ക് എന്തെങ്കിലും പ്ലാൻ ഉണ്ടോ എന്ന് ഞാൻ അവരോട് ചോദിച്ചു. അവസാനം ഞങ്ങൾ ഒരു സായാഹ്ന നടത്തത്തിന് പോകാൻ തീരുമാനിച്ചു. ശരീരത്തിന് ഒരു വ്യായാമം അത്യാവശ്യമായിരുന്നു.
ഞാൻ വൈകുന്നേരം എഴുന്നേറ്റ് അവരുടെ കൂടെ നടക്കാൻ പോയി. ഏതാനും ദിവസങ്ങൾ നടത്തം തുടർന്നു; ഒരു ഘട്ടത്തിൽ ഞാൻ അസ്വസ്ഥനാകാൻ തുടങ്ങി. എനിക്ക് ഈ ഉക്രൈൻ രാജ്യം കാണണം; എനിക്ക് ദിവസം മുഴുവൻ ഇങ്ങനെ റൂമിൽ അലസനായി ഇരിക്കാനും വെറുതെ കിടന്ന് ഉറങ്ങാൻ കഴിയില്ല. ഇവിടെയുള്ള സ്ഥലങ്ങളൊക്കെ ചുറ്റിനടന്ന് കാണാൻ എന്നോടൊപ്പം ചേരാൻ അവർ ആഗ്രഹിക്കുന്നുണ്ടോ എന്ന് അവരോട് ചോദിക്കാൻ ഞാൻ തീരുമാനിച്ചു.
അടുത്ത ദിവസം രാവിലെ, പ്രഭാതഭക്ഷണ സമയത്ത്, ഒരു ടൂറിനായി എന്നോടൊപ്പം വരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ സന്തോഷത്തോടെ എന്റെ അഭിപ്രായം മാനിക്കുകയും ചെലവ് കുറഞ്ഞ പദ്ധതികൾ ആലോചിക്കാൻ എന്നോട് നിർദ്ദേശിക്കുകയും ചെയ്തു.
അങ്ങനെ ഞങ്ങൾ കീവ് മൃഗശാല സന്ദർശിക്കാൻ പദ്ധതിയിട്ടു. ഞങ്ങളുടെ ഹോട്ടലിൽ നിന്ന് ഏകദേശം 30 മിനിറ്റ് നടക്കണം അവിടേക്ക്. മൃഗശാലയിൽ പ്രവേശിക്കാൻ ഏകദേശം 150 UAH (ഉക്രേനിയൻ ഹ്രീവ്നിയ) ചിലവായി. സെന്റ് വ്ളാഡിമിർ യൂണിവേഴ്സിറ്റിയിലെയും പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെയും പ്രൊഫസർമാർ, ഹൈസ്കൂൾ അധ്യാപകർ, ഡോക്ടർമാർ, പൊതുപ്രവർത്തകർ, കൈവ് സൊസൈറ്റി ഓഫ് നേച്ചർ ലവേഴ്സ് (KTLP) അംഗമായിരുന്ന നിരവധി വന്യജീവി പ്രേമികൾ എന്നിവരുടെ മുൻകൈയ്യെടുത്ത് സൃഷ്ടിച്ച ഒരു സവിശേഷ സൗകര്യമാണ് കീവ് സുവോളജിക്കൽ പാർക്ക്. ഔദ്യോഗിക പ്രവേശനം1914 ഏപ്രിലിൽ നടന്നു, എന്നാൽ മൃഗശാലയുടെ വികസനം ഒന്നാം ലോകമഹായുദ്ധവും പിന്നീട് ആഭ്യന്തരയുദ്ധവും നടന്നപ്പോൾ തടസ്സപ്പെട്ടു. വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടും മൃഗശാല സംരക്ഷിക്കാൻ ഉത്സാഹികളായ നടത്തിപ്പുകാർക്കു കഴിഞ്ഞു,
ഞങ്ങൾ ഒരു ദിവസം മുഴുവൻ മൃഗശാലയിൽ ചെലവഴിച്ചു, അത് തികച്ചും ഗംഭീരമായ ഒരു അനുഭവമായിരുന്നു. ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി, ഒരു കുളിയും കഴിഞ്ഞ് ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല ദിവസം കിട്ടിയതിന്റെ നന്ദിയോടെ ഞാൻ ഉറങ്ങാൻ കിടന്നു.
അടുത്ത ദിവസം ഞാൻ പ്രഭാതഭക്ഷണത്തിന് പോകുന്നതിന് മുമ്പ് , ഉക്രെയ്നിൽ കാണാനുള്ള എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തു. കേരളത്തിൽ നിന്ന് വന്ന ഒപ്പമുള്ള ചങ്ങാതികളോട് അത് പറയാമെന്നു വിചാരിച്ചു. ചെലവ് കുറഞ്ഞ യാത്ര എന്ന് അവർ പറഞ്ഞതിനാൽ, എന്റെ പ്ലാനുകളെല്ലാം അടുത്തുള്ള സ്ഥലങ്ങളും നഗരവും തന്നെ ആയിരുന്നു. ഞങ്ങൾ ഡൈനിംഗ് ഏരിയയിൽ കണ്ടുമുട്ടി ഭക്ഷണവും എടുത്ത് ഞങ്ങളുടെ പതിവായി ഇരിക്കുന്ന മേശയിലേക്ക് പോയി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഞാൻ യാത്രാ പദ്ധതിയെ കുറിച്ച് പറയാൻ തുടങ്ങി. അവരെല്ലാം അത് ശ്രദ്ധിച്ച് കേട്ടു. അവരുടെ പ്രതികരണം നിരാശജനകമായിരുന്നു. ഈ യാത്രയിൽ അധികം പണം ചെലവഴിക്കാൻ പറ്റില്ല എന്നും കൂടുതൽ പണമടച്ചുള്ള ടൂറുകൾക്ക് പോകുന്നില്ലെന്ന് അവർ പറഞ്ഞു. ഭാര്യയെയും കുട്ടിയെയും നാട്ടിലാക്കി കേരളത്തിൽ നിന്നും തിരിച്ചെത്തിയ ഒരു മധ്യവയസ്കനായിരുന്നു സെബാസ്റ്റ്യൻ, ജോലി, പണം, ജീവിതത്തിന്റെ അനിശ്ചിത ഘട്ടം എന്നിവയെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നു. അബ്ദല്ലയും മുഹമ്മദും സ്ഥലങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നു, എന്നിരുന്നാലും ഒന്നിനും അധികം പണം ചെലവഴിക്കാൻ അവർക്കും കഴിയുമായിരുന്നില്ല. ” നമുക്ക് മുന്നിലുള്ള അനിശ്ചിതത്വങ്ങൾ കൂടുതലാണ്, പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്” എന്ന് അവർ പറഞ്ഞു. ഞാൻ ചിന്തിക്കാൻ തുടങ്ങി. ശരിയാണ് അവർ പറയുന്നത്. ഞാൻ തർക്കിക്കാൻ ആഗ്രഹിച്ചില്ല; അവരുടെ ചിന്തകൾ ശരിയായിരുന്നു, എന്നാൽ അതേ സമയം എന്നെ അങ്ങനെ തളച്ചിടാൻ ഞാൻ ആഗ്രഹിച്ചില്ല.
എൻ്റെ ചിന്തയിൽ ചെർണോബിൽ എന്ന വിഷയം ആദ്യമായി കടന്നു വന്നു. ഇതിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എന്നിരുന്നാലും, ഞാൻ കൂടുതൽ ശ്രദ്ധിക്കുകയോ താൽപ്പര്യം കാണിക്കുകയോ ചെയ്തില്ല അത്രകാലവും. അന്നു രാവിലെ പ്രഭാതഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ചെർണോബിലിനെക്കുറിച്ച് ഒരു നീണ്ട ചർച്ച നടന്നു. ഞാൻ പ്രാതൽ കഴിച്ചു മടങ്ങിയ ഉടൻ ചെർണോബിലിനെക്കുറിച്ചും ആ സ്ഥലത്തേക്കുള്ള യാത്രകളെക്കുറിച്ചും ഞാൻ ഗൂഗിൾ സെർച്ച് ചെയ്തു. ജിജ്ഞാസ വർദ്ധിച്ചു. എന്നാലെ യാത്രക്കാരൻ ഉണർന്നു. എനിക്ക് കൂടുതൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ചെർണോബിൽ പര്യടനത്തിൽ എന്നെ സഹായിക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ ഞാൻ ഹോട്ടൽ റിസപ്ഷനിലേക്ക് മടങ്ങി. ഫ്രണ്ട് ഓഫീസ് റിസപ്ഷൻ എന്റെ അന്വേഷണത്തെ വളരെ സഹായിച്ചു. അവർ എനിക്ക് ഒരു ടൂർ കമ്പനി പരിചയപ്പെടുത്തിത്തന്നു. അടുത്ത ദിവസം രാവിലെ എന്റെ യാത്ര ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. ഞാൻ ഈ മൂന്ന് പേരെയും വിളിച്ച് അവരോട് എന്നോടൊപ്പം യാത്രയ്ക്ക് ചേരാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു, അവർ വലിയ താൽപര്യം കാണിച്ചില്ല. ഇന്നി ആർക്കുവേണ്ടിയും കാത്തുനിൽക്കേണ്ടെന്നും സധൈര്യം മുന്നോട്ടുപോകാമെന്നും ഞാൻ തീരുമാനിച്ചു.
ഇന്ന്, എനിക്ക് നിങ്ങളോട് പറയാൻ കഴിയും, അത് ഞാൻ എടുത്ത മികച്ച തീരുമാനമായിരുന്നു, അതിൽ ഞാൻ ഒരിക്കലും ഖേദിക്കേണ്ടിവരില്ലെന്ന് ഉറപ്പായിരുന്നു.
[ തുടരും….]