ഇരുട്ടിലൊരു ഇലയുടെ നൃത്തം

താളിക്കല്ലിനു ചുവടെ
നിൽക്കക്കള്ളിയില്ലാതൊരു
ചൊട്ടത്താളില
കഴുത്ത് നീട്ടി തലകുലുക്കുന്നു,
‘ഓർമ്മയുണ്ടോ’
‘മറന്നു പോയൊ ‘?

മുറ്റത്ത്
മോറിവെച്ച
ചെമ്പിടാരം കണക്കെ
തുളുമ്പും കിണറ്റുവക്കത്തൂടെ
ഇഴഞ്ഞു വന്ന്
പാൽപ്പത തൊട്ടു
കാൽവെണ്ണയെ,
‘അറിയാമോ
ആരെന്നു പറയാമോ ‘?

കുളപ്പുരയിലെ
താളിക്കല്ലിലിരിക്കുമ്പോൾ
പൊടിപിടിച്ച്
കരി പരന്ന
വാടിത്തളർന്ന വെള്ളമിറ്റും
കമലപ്പൂവിതളുണ്ടായിരുന്നു
വെയിൽപ്പതക്കമിട്ട മണ്ണിൻ മീതെ.
അന്നെനിക്ക് ചുറ്റിലും
കൊഴിഞ്ഞ
കമലപ്പൂവിതളുകൾ
‘എന്റെതുപോലെ
എന്റേത് മാത്രം.’

എനിക്കൊപ്പം
താളം പറഞ്ഞു ചേർന്നിരിക്കും
പുല്ലുകൾ
പുൽച്ചാടികൾ
തവളകൾ
പാമ്പുകൾ
പക്ഷികൾ
വിശക്കുമ്പോൾ
വയറു നിറയെ
കണ്ണ് നിറയെ
അവനവനോടുള്ള അൻപ്.

കുളത്തിലങ്ങനെ ഞാൻ
ശോഷിച്ചു പ്രതിബിംബിക്കവെ
ഒരു നാളെന്നെ
പൊൻ തിടമ്പായി
കണ്ണിലേറ്റി
നീരൊഴുക്കിലേക്കൂളിയിട്ടു
സൂര്യനും,
‘നാളെ വരാമേ ‘.

വൈക്കോൽത്തിരയ്ക്കുമേൽ
ഒഴിഞ്ഞൊരു നെന്മണി
തിരിച്ചു പോകുന്നു
വയലിലേക്ക്.

സന്ധ്യയ്ക്ക്
തിരുമുഖമൊപ്പി,ച്ചർദ്ധരാത്രി
കരിങ്കുട്ടിച്ചാത്തനായി
ഒളിഞ്ഞിരുന്ന്
നെൽച്ചെടിക്കപ്പുറമിരുന്നോതി
‘ഗുണം വരണം ഗുണം വരണം.’

ഒരു മിന്നൽപ്പിണർ
ഉയർന്നു താഴ്ന്ന്
തുടുപ്പുകയറായ് കാളയെ
ഞെരുക്കുമ്പോൾ
മുക്രയിടും മട്ടിലിടിവെട്ടി.

എന്റെ ദേശമൊരു
തൂക്കണാംകുരുവിക്കൂടു പോലെ,
അറബിക്കടലിലതിൻ
തുമ്പിനറ്റമിട്ടിളക്കുന്നു
കടലിൽ നിറയെ മൗസലങ്ങൾ.

കുളത്തിൽ നിന്നും
പൊങ്ങിവന്നൊരുവൻ
ചേർത്തു കിടത്തി,
ഒരുതരി പൊന്നിൻ
കൊലുസ്
കാൽവെണ്ണയിൽ.
ഉള്ളിന്റെയുള്ളിൽ നിന്ന്
നെഞ്ചിനോരം വന്ന്
‘ജീവിതമേ’ എന്നൊരാന്തൽ.

ആരുമില്ലെങ്കിലും
ആരോ ഉണ്ടെന്ന തോന്നലിലെല്ലാം
നൃത്തം ചെയ്യിക്കുവാൻ
അതേ പഴയ
കാറ്റ് വീശുന്നല്ലോ
ഇപ്പഴുമീ
ഇരുട്ടിൽ.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു