“ഇരവിൻ്റെ നൊമ്പരം പോലൊരു കുഞ്ഞിൻ്റെ തേങ്ങലെൻ കാതിൽപ്പതിഞ്ഞു”
മലയാളത്തിൻ്റെ മനസ്സിലേക്ക് ഒരു നോവിനെ നനയാൻ വിട്ടിട്ട് കടന്ന് പോയ പ്രിയ കവി അനിൽ പനച്ചൂരാൻ്റെ ഈ വരികൾ വീണ്ടും മനസ്സിനെ കൊത്തി വലിച്ചൊരു രാവായിരുന്നു കഴിഞ്ഞുപോയത്.
പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ശ്രീ ഭാസ്ക്കരൻ്റെ പെട്ടെന്നുള്ള വിയോഗം അറിഞ്ഞത് നൈറ്റ് ഡ്യൂട്ടിക്ക് പോവാൻ തയ്യാറെടുക്കുമ്പോഴായിരുന്നു. അദ്ദേഹവുമായി ഒരുമിച്ച് ജോലി ചെയ്യുകയോ അടുത്ത സൗഹൃദത്തിന് അവസരമുണ്ടാവുകയോ ഒന്നും ഇല്ലായിരുന്നു. 46 വയസ്സ് മാത്രം പ്രായമുള്ള ജോലിയിലിരിക്കുന്ന ഒരു ഓഫീസറുടെ പൊടുന്നനെയുള്ള വിയോഗവാർത്ത.
അപ്പോൾ തന്നെ ബത്തേരിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അവിടെ എത്താറായപ്പോഴേക്കും സഹപ്രവർത്തകർ വിളിച്ചറിയിച്ചു, മൃതദേഹം മൂലങ്കാവിലെ വീട്ടിലേക്ക് കൊണ്ട് പോയി എന്ന്. മൃതദേഹം വഹിച്ച് കൊണ്ടുള്ള ആംബുലൻസ് അദ്ദേഹത്തിൻ്റെ വസതിയിലെത്തി അൽപ്പസമയത്തിനകം ഞാനും അവിടെ എത്തി.
ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും നാട്ടുകാരും ഒക്കെ വന്നുകൊണ്ടിരിക്കുന്നു. എല്ലാവരുടെയും മുഖത്ത് ദുഃഖം തളം കെട്ടി നിൽക്കുന്നു. കുറച്ച് പോലീസുദ്യോഗസ്ഥരെയല്ലാതെ അവിടെ കാര്യമായി ആരെയും പരിചയമില്ല. മൃതദേഹത്തോടുള്ള ആദരസൂചകമായി അഭിവാദ്യം അർപ്പിച്ചു. അടുത്ത് നിൽക്കുന്നവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു…
മനസ്സ് കൈവിടാതെ കടലിരമ്പുന്ന ഉൾക്കണ്ണുകളോടെ അടുത്ത് നിൽക്കുന്ന സഹോദരിയെ ശ്രദ്ധിച്ചു…
ഭാര്യയാണ്. ആരോ എന്നോട് പറഞ്ഞു. അടുത്ത് ചെന്ന് സമാധാനിപ്പിക്കാൻ കുറച്ച് ശ്രമിച്ചു…
സാറേ..രണ്ട് മക്കളാണ് മൂത്തവൾ 12 വയസ്സ്, മോൻ ഏഴ് വയസ്സ്. മകൻ ഒന്നും അറിഞ്ഞിട്ടില്ല. അവൻ ഉറങ്ങിപ്പോയതിന് ശേഷമായിരുന്നു.
മൃതദേഹം കിടത്തിയിരുന്ന ഹാളിന് തൊട്ടടുത്ത വാതിൽ അടച്ചിട്ടില്ലാത്ത മുറിയിലേക്ക് നോക്കി അവർ നെടുവീർപ്പിട്ടു. ഞാൻ മുറിയിലേക്ക് നോക്കി.
ജീവിതത്തിൽ കണ്ടതിൽ വെച്ചേറ്റവും ദു:ഖകരമായ ചിത്രം. പിതാവിൻ്റെ മരണവാർത്ത അറിയാതെ, മൃതദേഹം കിടത്തിയിരിക്കുന്നതിനടുത്ത് മുറിയിൽ ശാന്തനായി കിടന്നുറങ്ങുന്ന ഏഴ് വയസ്സ്കാരൻ കുഞ്ഞിൻ്റെ ചിത്രം.
അവൻ്റെ സ്വപ്നങ്ങൾ എന്തായിരിക്കും.? അവൻ്റെ ഇനിയുള്ള യാത്രകൾ. ഒരു പക്ഷേ മനുഷ്യരുടെ ഏറ്റവും നല്ല യാത്രകൾ ഉറക്കത്തിലായിരിക്കും..
അവിടെ മധുരമുള്ള സ്വപ്നങ്ങൾ കൂട്ടിനുണ്ടാവും. അച്ഛൻ അരികിലുണ്ടെന്ന പ്രപഞ്ചത്തിലെ ഏറ്റവും വലിയ സുരക്ഷിതത്വബോധത്തിൽ കിടന്നുറങ്ങിയ അവൻ്റെ പുലരിയുടെ നിറമെന്തായിരിക്കും…? ജനനത്തിനും മരണത്തിനും പ്രതിവിധി ഉണ്ടായേക്കാം. പക്ഷേ ജീവിതത്തിന്.
നിൻ്റെ ജാലക വാതിലിലൂടെ കടന്ന് വന്ന അപരിചിതമായ കാറ്റിൻ്റെ സങ്കട കാരണം നിനക്കറിയില്ലല്ലോ. നിൻ്റെ കുഞ്ഞേച്ചിയുടെ കരച്ചിൽ.
അമ്മയുടെ സങ്കടക്കടൽ…
മോനേ… അച്ഛൻ്റെ കൂടെ നീ കേൾക്കാൻ കൊതിച്ച പാട്ടും നീ നുണയാൻ കൊതിച്ച ഐസ്ക്രീമും നീ നനയാൻ കൊതിച്ച വേനൽമഴയും എല്ലാം.. എല്ലാം അവിടെത്തന്നെയുണ്ട്.
നിൻ്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ നിലാവിന് ഇരുണ്ട നിറമായിരുന്നു. നിൻ്റെ വിങ്ങൽ കേൾക്കാതെ നക്ഷത്രങ്ങൾ ഉറങ്ങിയിരുന്നു. കടലിൻ്റെ ഭാരമുള്ള ഒരു തുള്ളി കണ്ണീർ അവിടെ ഞാൻ കണ്ടിരുന്നു. കാലം എല്ലാ കരുത്തും നിങ്ങൾക്ക് നൽകട്ടെ…
തിരികെ മാനന്തവാടിയിൽ എത്തുമ്പോഴേക്കും മനസ്സ് വെറുതെ ആഗ്രഹിച്ച്പോയി ഈ രാവ് പുലരാതിരുന്നെങ്കിൽ. മാനത്തേക്ക് നോക്കി, ആകാശം ആരുടെയൊക്കെയോ ഖബർ പോലെ.
പുലർച്ചയോടെ വാഹനത്തിൽ നിന്നിറങ്ങാൻ നേരം എൻ്റെ കൂടെ ഉണ്ടായിരുന്ന പോലീസുകാരൻ അജീഷും ദു:ഖത്തോടെ .. സാറേ ആ മോൻ്റെ ഉറങ്ങുന്ന മുഖം ….