ഇരട്ട നാവുകള്‍

നിന്‍റെ ഒന്നാമത്തെ നാവിനാലുച്ചരിച്ച
വചനങ്ങളാണ്
എന്നില്‍ പ്രണയത്തിന്‍ വിത്ത് മുളപ്പിച്ചത്.
ഇലപടര്‍ന്ന് മുകുളമായി
പൂവായി വിരിഞ്ഞു നിന്നത്
ആദ്യ നാവിനാലുച്ചരിച്ച
നിന്‍റെ ഉറപ്പുള്ള വചനങ്ങളിലായിരുന്നു.

നീ രണ്ടാമത്തെ നാവു പുറത്തെടുത്തപ്പോഴാണ്
ഇരട്ടമുഖത്തെ ഭയന്നിരുന്ന
എന്‍റെ ചങ്കില്‍ സൂചിമുനയുടെ വേദന
ആഴത്തില്‍ തറച്ചത്.
ഇരട്ടനാവുള്ള ജന്മമായിരുന്നു
നിന്‍റേതെന്ന് അറിയാന്‍
എനിക്കെന്‍റെ ഹൃദയം മുറിക്കേണ്ടിവന്നു.

ആദ്യനാവിലെ വചനങ്ങളുടെ അന്ത്യത്തില്‍
നീ പുറത്തേയ്ക്കിട്ട രണ്ടാം നാവിലെ
ആ വചനങ്ങളിലാണ്
പ്രണയം പൂത്ത ചെടിപോലും
കരിഞ്ഞു പോയത്.

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.