
ജന്തർ മന്തർ
ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന പതിനെട്ടാം നൂറ്റാണ്ടിൽ ശാസ്ത്രജ്ഞാനികളായ നമ്മുടെ മുൻഗാമികൾ പടുത്തുയർത്തിയ 13 ശാസ്ത്ര ജ്യോതിശാസ്ത്ര നിർമിതികളുടെ ഒരു സമുച്ചയമാണ് ജന്തർ മന്തർ. കൊണാട്ട് പ്ലേസിൽനിന്ന് പാർലമെന്റ് സ്ട്രീറ്റിൽ കടന്ന് 200 മീറ്ററോളം സഞ്ചരിച്ചാൽ റോഡിന് ഇടതുവശത്തായി ജന്തർ മന്തർ കാണാം. ജ്യോതിശാസ്ത്ര പട്ടികകൾ സമാഹരിക്കുക, സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ എന്നിവയുടെ സമയങ്ങളും ചലനങ്ങളും പ്രവചിക്കുക എന്നതായിരുന്നു നിരീക്ഷണാലയത്തിൻ്റെ പ്രാഥമിക ലക്ഷ്യം. ഇപ്പോൾ ജന്തർ മന്തർ ഇന്ത്യയുടെ ജ്യോതിശാസ്ത്ര ചരിത്രത്തിൻ്റെ സുപ്രധാന സ്മാരകങ്ങൾ എന്ന നിലയിൽ വലിയൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ലക്ഷങ്ങൾ അവിടെ സന്ദർശകരായി എത്തുന്നു. ഇപ്പോൾ ഡൽഹിയിൽ നടത്തുന്ന മിക്ക പ്രതിഷേധ സമരങ്ങളും നടക്കുന്നത് കേരള ഹൗസിൻ്റെയും ജന്തർ മന്തറിൻ്റെയും ഇടയ്ക്കുള്ള ഭാഗത്തായിട്ടാണ്. വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളുടെ ഏറെ നാൾ നീണ്ട സമരം നടന്നതും ഇവിടെത്തന്നെയാണ്.

ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ആഴമേറിയ താൽപ്പര്യമുണ്ടായിരുന്ന മഹാരാജാ ജയ് സിങ്ങാണ് ജന്തർ മന്തർ എന്ന ഈ സമുച്ചയത്തിന്റെ സൃഷ്ടാവ്. യന്ത്രം – മന്ത്രം എന്നീ അർഥം വരുന്ന വാക്കുകൾ നിന്നാണ് ജന്തർ മന്തർ എന്ന പേരിൻ്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു. നിരീക്ഷണാലയങ്ങളുടെ രൂപകല്പന, നിർമ്മാണ രീതികൾ എന്നിവയും നിർമ്മിതിക്ക് അനുയോജ്യമായ സാങ്കേതികവിദ്യയും ശേഖരിക്കാൻ ജയ് സിങ്ങ് തൻ്റെ പണ്ഡിതന്മാരെ പല രാജ്യങ്ങളിലേക്കും അയച്ച് വിലപ്പെട്ട അറിവുകൾ ശേഖരിക്കുമായിരുന്നു.

ഡൽഹിയെക്കൂടാതെ ജയ്പൂർ, ഉജ്ജെയ്ൻ, മഥുര, വാരണാസി എന്നിവിടങ്ങളിലും ജയ്പൂരിലെ മഹാരാജാവ് ജന്തർ മന്തർ പണികഴിപ്പിച്ചിരുന്നു. ജ്യോതിശാസ്ത്ര സംബന്ധമായ കണക്കുകൾക്കായി കല്ലുകൾകൊണ്ട് നിർമിച്ചവയാണ് 13 നിർമിതികളും. യന്ത്രങ്ങൾ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്.

ജന്തർമന്തറിലെ നിരീക്ഷണാലയത്തിനുള്ളിൽ സാമ്രാട്ട് യന്ത്രം, ജയപ്രകാശ് യന്ത്രം, മിശ്ര യന്ത്രം, ശാസ്ത്രാംശ യന്ത്രം, കപാല യന്ത്രം, രാമ യന്ത്രം, എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ഉപകരണങ്ങൾ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശിലാ ഘടികാരമാണിത്. ഈ സംവിധാനത്തിലൂടെ ഏകദേശം 20 സെക്കൻഡ് വരെ കൃത്യതയോടെ സമയം നിർണ്ണയിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. ജയ്പൂറിലെ ജന്തർ മന്തർ ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഉൾപ്പെടുന്നു.
കേരള ഹൗസ്, ജന്തർ മന്തർ സമര ഏരിയ, ജന്തർ മന്തർ, ജൻപഥ് മാർക്കറ്റ്, കോണാട്ട് പ്ലേസ്, പാലികാ ബസാർ (കോണാട്ട് പ്ലേസിൻ്റെ ഒത്ത നടുവിലുള്ള 1500 ഓളം കടകളുള്ള ഒരു അണ്ടർ ഗ്രൗണ്ട് AC മാർക്കറ്റാണിത്), ഗോൾ മാർക്കറ്റ്, കരോൾ ബാഗ് മാർക്കറ്റ്, പഹാഡ് ഗഞ്ച് മാർക്കറ്റ്, ഗോൾഡാ ഖാനാ കത്തീഡ്രൽ ചർച്ച്, ബംഗ്ലാ സഹീബ് ഗുരുദ്വാര (ഈ ഗുരുദ്വാരയിൽ, ആയിരങ്ങൾക്ക് ഏതു സമയവും സൗജന്യഭക്ഷണം (ലങ്കർ) നൽകുന്നുണ്ട്), ഇവിടെ നിന്ന് പത്ത് മിനിറ്റ് ദൂരത്തിൽ പാർലമെൻ്റ്, രാഷ്ട്രപതി ഭവൻ ഇന്ത്യാ ഗേറ്റ് എന്നിവയെല്ലാം മുകളിൽ സൂചിപ്പിച്ച ക്രമത്തിൽ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
