ഓർമ്മയിൽ നിൻ നിഴൽപ്പാടുകൾ കാലത്തി-
നോരോയിടങ്ങളിൽ നിൻ ഒടിപ്പാടുകൾ
നീ വന്ന നീലക്കരിമ്പനക്കാടുകൾ
നീ മാഞ്ഞുപോയ നിലാവിൻ്റെ ചോലകൾ
ദേഹാന്തരത്തിൻ മറന്ന സ്വപ്നങ്ങളിൽ
നീയിന്ദ്രജാലമായ് വീണ്ടുമെത്തീടുന്നു
താരകങ്ങൾ, തമോഗർത്തങ്ങൾ, രാവിൻ്റെ
പൂവുകൾ തൂവും കടുത്ത ഗന്ധങ്ങളും
പാതിരാച്ചൂട്ടിൻ കനൽപ്പടർപ്പിൽ മന്ത്ര-
വേദത്തിനേതോ കറുത്ത കാൽപ്പാടുകൾ-
നീ വന്നതീവഴിയെന്നോതിയോടുന്ന
പാണൻ്റെ പാട്ടുകൾ, ഗ്രാമത്തിനോർമ്മകൾ
ഈറൻ തണുപ്പാർന്ന തേയിലത്തോട്ടങ്ങൾ,
പാറുന്ന മിന്നാമിനുങ്ങിൻ വിളക്കുകൾ
പാതിരാപ്പൂക്കൾ വിടർന്നേറി മുറ്റത്ത്
ആതിരപ്പാട്ടുകൾ പാടാനൊരുങ്ങുവേ
മിഥയോ, സത്യമോ നിൻ്റെയോലക്കുറി
കത്തുന്ന വേനൽപ്പടർപ്പ് നിന്നുള്ളിലോ
ആരായിരുന്നു നീയെന്നു ചോദിക്കുന്ന
ബാല്യത്തിലെ ഭയം, കൗമാരവിഭ്രമം
പാല പൂക്കുന്നതും, ഗന്ധർവ്വയാമങ്ങൾ
പാടിത്തിമിർപ്പതും നീയറിഞ്ഞീടുന്നു
ഏതോ വിദൂരമാമുൾക്കാടിനുള്ളിലെ
ദേവാലയങ്ങൾ, നിശ്ശബ്ദമാം സന്ധ്യകൾ
ഓർമ്മകൾക്കെന്നുമൊരുന്മാദമേകുന്ന
നീലക്കടൽത്തിര, പൊയ്മുഖഭ്രാന്തുകൾ
കാലം തിരശ്ശീല മാറ്റുന്നു കാർമുകിൽ-
മാലയിൽ മിന്നൽ പോൽ രംഗപ്രവേശങ്ങൾ
പിന്നിലായാരോ നടക്കുന്നു നീയെന്ന്
പണ്ടേ പറഞ്ഞുവോ ഏഴിലം പാലകൾ.