
എന്നോ പ്രണയത്താൽ
പൂത്ത പെണ്ണുടൽ
വിരഹത്താലുറഞ്ഞു
ഹിമപാളി പോലെയായിട്ടും
ഒരു സൂര്യസ്പർശത്തിലുരുകി
അവൾ വീണ്ടുമൊരു
നദിയായൊഴുകി
അസ്തമിക്കുമ്പോഴും
അവളിലേക്കു തട്ടി മറിച്ചിട്ട
ചായച്ചെപ്പിൽ നിന്ന്
അന്തിമേഘങ്ങൾ
പൊട്ടു കുത്തി
നിശയിലെ
സ്വപ്നനിദ്രയിൽ
നിലാവ്
വെൺപട്ടുചേലയിൽ
അവളെ പൊതിഞ്ഞു പിടിച്ചു
നക്ഷത്രങ്ങൾ
അവളുടെ മിഴിയിണകളിലെ
ആകാശത്തിൽ
നീന്താനിറങ്ങി
എന്നിട്ടും
അവൾ സുരക്ഷിതയല്ലായിരുന്നു ആത്മഹത്യക്കും
മരണത്തിനും
ഇടയിലെ
ജീവിതച്ചുഴികളിൽ
വട്ടം കറങ്ങി
ഇനിയെത്ര ദൂരം
എന്നളന്ന്
ഒഴുകിയൊഴുകി
ധ്രുവങ്ങളിലെത്തി
മരണമായി
ഉറയും മുൻപ്
ചോര ചാലിച്ചൊരു
ചുവന്ന നക്ഷത്രം
മാത്രം
അവൾക്കൊപ്പം
സ്മൃതി പോലൊഴുകിയൊടുവിൽ
നിറം കെട്ട
ഹിമശിലയായ്
അവളറിയാതെ
അവളിൽ തന്നെയലിഞ്ഞു
