ഇനിയും പൂക്കാത്ത ചെടി

കോൺക്രീറ്റ് ടൈലുകൾ പാകുന്നതിനുമുമ്പ് മുറ്റത്താകെ ചെടികളായിരുന്നു. നടവഴിക്കിരുവശത്തും നിരയൊപ്പിച്ചാണവൾ ചെടികൾ നട്ടിരുന്നത്. പലവർണ്ണങ്ങളിൽ പൂത്തിട്ടും, വീട്ടിലാകെ സുഗന്ധം പകർന്നിട്ടും, പട്ടാളക്കാരെപ്പോലെ ചിട്ട പാലിച്ചുനിന്നിരുന്ന ചെടികളോടെന്തോ എനിക്കത്ര മമതയില്ലായിരുന്നു.  നിരതെറ്റിനീണ്ട കമ്പുകൾ കോതിയും വരിതെറ്റിമുളച്ച നാമ്പുകൾ കിള്ളിയുമവൾ തൻ്റെ പട്ടാളക്കാരെ ചിട്ടയിൽ വളർത്തിപ്പോന്നു.

കൂട്ടത്തിലൊരെണ്ണം മാത്രം അവളുടെ നിയമങ്ങൾക്ക് പുല്ലുവില നൽകി താന്തോന്നിയായി വളർന്നു – ഇന്നും പേരറിയാത്തൊരു ചെടി. ഭംഗിയുള്ള പൂവാണെന്നും പിടിച്ചുകിട്ടാൻ പ്രയാസമാണെന്നും മാറ്റിവെച്ചാൽ കെട്ടുപോകുമെന്നൊക്കെ പറഞ്ഞവളാ ചെടിയെ പരിചരിച്ചു. പക്ഷേ, ഒരിക്കലും പൂവിടാതെ, അതവളെ നിരാശപ്പെടുത്തിക്കൊണ്ടിരുന്നു.

അപ്രതീക്ഷിതമായി അവൾ വിടപറഞ്ഞുപോയനാൾ രാത്രിയാണ് ഇരുട്ടിൽ പാതിയൊളിച്ച് തലകുമ്പിട്ടുനിൽക്കുന്ന ചെടിയെനോക്കി “നിൻ്റെ പേരെന്ത് !! ” എന്നു ചോദിച്ചത്. കെട്ടടങ്ങിയിട്ടില്ലാത്ത ചിതയിലെ വെളിച്ചത്തിന് പാതിയുടൽ നൽകി, പുറംതിരിഞ്ഞുനിന്നതല്ലാതെയത് മറുപടിയൊന്നും പറഞ്ഞില്ല. അവളോട് ചോദിക്കാമെന്ന് കരുതി ചിതയ്ക്കരികിലേയ്ക്ക് നടക്കുമ്പോൾ, അന്ത്യാഭിവാദ്യമർപ്പിച്ചു പട്ടാളക്കാർ വാടിത്തളർന്ന് നിന്നിരുന്നു.

*****        *****         *****

പഴയ പ്രൗഡി ഒട്ടുംചോരാതെ വീട് പുതുക്കിയെടുക്കാൻ മക്കൾ തീരുമാനിച്ചപ്പോൾ തൽക്കാലം മകളുടെ വീട്ടിലേയ്ക്ക് മാറേണ്ടിവന്നു. താമസിക്കുന്നത് ഇളയവനെങ്കിലും  “തറവാട് ” നന്നായിക്കിടക്കുകയെന്നത് എല്ലാവരുടെയും അന്തസ്സിൻ്റെ പ്രശ്നമായി. വീടിനെ, തറവാട് എന്ന് ജീവിതത്തിലിതേ വരെ വിളിച്ചിട്ടില്ലല്ലോയെന്ന് ഓർത്തുകൊണ്ടാണ് കൂടൊഴിഞ്ഞത്.

പട്ടാളക്കാർ അരിഞ്ഞുവീഴ്ത്തപ്പെട്ടതും, തെക്കേത്തൊടിയിൽ അവൾക്കായി മാർബിളിൽ സ്മാരകം പോലെയെന്തോ നിർമ്മിക്കപ്പെട്ടതും കണ്ടുകൊണ്ടാണ് തിരികെയെത്തുന്നത്. മുറ്റമാകെ പാകപ്പെട്ട കോൺക്രീറ്റ് ചതുരങ്ങൾ ഒരു നടവഴിപോലെ, അവൾക്കരികിലേയ്ക്ക്  നീളുന്നുണ്ട്. അങ്ങോട്ട് നടന്നു. ശൂന്യമായ മനസ്സും മൗനവും പേറി നിൽക്കുമ്പോഴാണ്, ടൈലിൻ്റെ വിടവിലൂടെ നൂണുവളർന്നുനിൽക്കുന്ന ആ ഇത്തിരിക്കുഞ്ഞനെ കണ്ടത്. അവളുടെ തോട്ടത്തിലെ താന്തോന്നിയായ, ഇന്നുമെനിക്ക് പേരറിയാത്ത ആ ചെടി. ഒരിക്കലും പൂക്കാതെ പറ്റിച്ചിട്ടും അവൾക്കരുമമായിരുന്ന അതേ ചെടി. ഞാനതിനരികിലിരുന്നു. മൃദുവായ ഇലകളെ തൊട്ടുനോക്കി.

“എന്താ അച്ഛാ…ദ്!! ” മകൻ്റെ ചോദ്യം കേട്ടാണ് തിരിഞ്ഞുനോക്കിയത്.

“ഏതോ കാട്ടുചെടിയാണ് ” എന്ന തീർപ്പോടെ, എന്തെങ്കിലും പറയാനാകുന്നതിന് മുന്നേ അവനാ തൈ പറിച്ച് ദൂരെയെറിഞ്ഞു.

ശൂന്യമായ മനസ്സോടെ തിരിഞ്ഞുനടക്കുമ്പോൾ ജനിച്ചുവളർന്ന വീടപ്പാടെ അപരിചിതമായി മാറി. പരിചിതമല്ലാത്ത എടുപ്പുകൾ, വേറെയേതോ മുറ്റം, കാടുവെട്ടി വെടുപ്പാക്കിയ തൊടികൾ… അന്നാദ്യമായി അവളവിടെയില്ലെന്നു തോന്നി. പടികയറുമ്പോൾ കാലിടറി. കണ്ണിലിരുട്ടുകയറുന്നു, മകൻ്റെ തോളിൽ പിടിച്ചു.

“എന്താ അച്ഛാ… എന്തുപറ്റി!! ” ഏതോ വിദൂരതയിൽ നിന്നവൻ്റെ ശബ്ദം. ഇരുളിൽ ആയിരം പൂക്കൾ വിടരുന്നു. അവയ്ക്കിടയിൽ നിൽക്കുന്ന അവളോട് ഞാൻ ചോദിച്ചു –

“ആ ചെടിയുടെ പേരെന്താണ്?!”

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകള്‍, ലേഖനം , സിനിമ നിരൂപണം എന്നിവ എഴുതുന്നു. ആയുര്‍വേദ വകുപ്പിൽ ജോലി. അമക്ച്വര്‍ ഫോട്ടോഗ്രാഫറുമാണ്. ആലപ്പുഴ ആര്യാട്സ്വദേശി.