ഇനി

ഇനി നിഷ്ഫലം
മോഹവേണുവില്‍
ശ്രുതി പകര്‍ന്നീട-
ലെത്ര ദുഷ്കരം

ഇനി മീട്ടുവാ –
നസാധ്യം വീണയില്‍
വിരലു നിശ്ചലം
നിന്നു പോവുന്നു

ഇനി രചിക്കുക
യില്ല ദുഷ്കാലം
ഇരവിമാഞ്ഞുള്ളോ-
രിരുണ്ടപാതകള്‍

ഇനി ചിരിക്കുവാ –
നൊന്നു മിണ്ടുവാന്‍
മതിമറന്നൊന്നു
സല്ലപിച്ചീടുവാൻ

ഇനി നടക്കുവാനാ-
വില്ല വഴികളില്‍
കൊടിയ മുള്ളുകള്‍
കുപ്പിച്ചീളുകള്‍

ഇലയടര്‍ന്നുള്ളു-
ണങ്ങും ശാഖികൾ
ഇരുൾ പുതച്ചൊരു
കഠിനപാതകൾ

കനലുപൂക്കുന്ന
ഹീനഹൃത്തിലോ
കനിവു കിനിവി-
ന്നുറവ വറ്റുന്നു

മുള്ളുവേലിയാൽ
തീര്‍ത്ത ബന്ധനം
കൊത്തിവയ്ക്കുന്ന
കൂര്‍ത്ത ശാസനം

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.