സത്യത്തിന്റെ മുഖം കൂടുതല്‍ വികൃതമായി. നുണയാകട്ടെ, അത്യന്തം ആകര്‍ഷകമായ അണിഞ്ഞൊരുങ്ങലുകളുമായി രംഗപ്രവേശം നടത്തി. യുദ്ധകാലമാണ്, പുകയും തീയും തുപ്പി അന്തരീക്ഷം ഭയനാകമായി.
പടയാളികള്‍ ആര്‍ത്തട്ടഹസിച്ച് പോര്‍വിളികളുമായി അതിര്‍ത്തി കടന്ന് പാഞ്ഞു.
‘ആര്‍ട് ഓഫ് വാര്‍’ എന്ന പ്രാചീന പുസ്തകം വായിച്ചുകൊണ്ടിരുന്ന ജനറല്‍, ഭരണാധികാരിയെ കാണാന്‍ പുറപ്പെട്ടു. യുദ്ധം തുടങ്ങിയതേയുള്ളു. തലയ്ക്കു മീതേ പായുന്ന മിസൈലുകള്‍ തമ്മില്‍ത്തല്ലി തലതകര്‍ന്ന് ആകാശത്തുവെച്ചു തന്നെ ചാരമായി. ഒരോ മിസൈലും വലിയ ഒരു പുകച്ചുരുളായി കെട്ടടങ്ങി.
ഭരണാധികാരി തീന്‍മേശയില്‍ ആലോചനയിലായിരുന്നു. വെന്തമാംസ കഷ്ണങ്ങളില്‍ ഉപ്പും കുരുമുളകും പുരട്ടിയത് ശരിയായ അളവിലാണോ എന്ന് രുചിച്ച് നോക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ പേഴ്സണൽ സെക്രട്ടറി. ഒരു കഷ്ണം കടിച്ചെടുക്കുന്നതിന്നിടെ, ചുവപ്പ് നിറം പിടിപ്പിച്ച ചുണ്ടില്‍ നിന്നും മുളകുമസാലയുടെ മിച്ചം ഒലിച്ചിറങ്ങി. നാവുകൊണ്ട് ചെറുതായി തപ്പിയ ശേഷം സെക്രട്ടറി അത് നക്കിയെടുത്തു.
ഭക്ഷണത്തെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോഴാണ് ഭരണാധികാരി ആലോചനയില്‍ നിന്നും മടങ്ങി ആഹാരത്തിലേക്ക് നോക്കിയത്.
ജനറലിന്റെ ബൂട്ടിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ആരാണവിടെയെന്ന ചോദ്യത്തിന് ഒരു കാവല്‍ ഭടന്‍ ഉത്തരം നല്‍കി. അകത്തേക്കു വരാന്‍ അനുമതി ലഭിച്ചു.
ജനറലിനെ തീന്‍മേശയിലേക്ക് ക്ഷണിച്ചു. യുദ്ധം ആരംഭിച്ചതിനെക്കുറിച്ച് ജനറല്‍ വിശദീകരണം നല്‍കി. ശത്രുവിന്റെ പട്ടാളക്കാര്‍ പമ്പര വിഡ്ഡികളും അവരുടെ കമാന്‍ഡര്‍മാര്‍ അരവട്ടന്‍മാരാണെന്നും, ‘ആര്‍ട് ഓഫ് വാര്‍’ എന്ന പ്രാചീന ഗ്രന്ഥം വായിച്ചത് താന്‍ മാത്രമാണെന്നും കോഴിക്കാല്‍ കടിച്ചുപറിച്ചു തിന്നുന്നതിന്നിടെ ജനറല്‍ ഭരണാധികാരിയെ ധരിപ്പിച്ചു. പുസ്തകം അദ്ദേഹം നേഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്നു.
ആര്‍ട് ഓഫ് വാര്‍ എന്നാല്‍ ആര്‍ട് ഓഫ് ലൈയിംഗ് എന്നാണെന്ന് ഭക്ഷണത്തിന്റെ രുചി നോക്കിക്കൊണ്ടിരിക്കെ സെക്രട്ടറി പറഞ്ഞു.
നുണയുടെ കലയില്‍ അഭിരമിക്കുമ്പോള്‍ സ്വയം വഞ്ചിതരാകരുതെന്ന് ജനറല്‍ ഭേദഗതി നിര്‍ദ്ദേശിച്ചു.
നുണയാണ് വലിയ ആയുധമെന്ന് ഭരണാധികാരി പ്രഖ്യാപിച്ചു. ജനറല്‍ തലയാട്ടി. ശത്രു സൈനികരും നമ്മുടെ സൈനികരും ഇപ്പോള്‍ നൂറുമീറ്ററിന്റെ അകലത്തിലാണ് നിലകൊള്ളുന്നതെന്നും, എന്നാല്‍ ഇരുവരുടെയും ഇടയില്‍ വലിയ ഒരു മലയുള്ളതിനാല്‍ പരസ്പരം കാണാനാകാതെ മിസൈലുകളും റോക്കറ്റുകളും വിട്ട് യുദ്ധം കൊടുമ്പിരിക്കൊള്ളിക്കുകയാണെന്നും ജനറല്‍ പറഞ്ഞു.
ബങ്കറുകളില്‍ നിലയുറപ്പിച്ചതിനാല്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നതു കേട്ടപ്പോള്‍ ഭരണാധികാരിയുടെ മുഖം വാടി.
കേണല്‍ അയച്ച ഒരു വയര്‍ലെസ് സന്ദേശം അപ്പോള്‍ അവിടെ മുഴങ്ങി. ശത്രുവിന്റെ ഡ്രോണ്‍ താഴ്ന്ന് പറന്നെത്തി ഗ്രനേഡ് വര്‍ഷം നടത്തിയെന്നായിരുന്നു സന്ദേശം.
ബങ്കറിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞ നാലു സൈനികര്‍ ഏതോ രാസവസ്തുവിന്റെ പുകശ്വസിച്ച് കൊല്ലപ്പെട്ടുവെന്ന് കേണല്‍ പറയുന്നത് അവ്യക്തമായി ഭരണാധികാരി കേട്ടു.
രാജ്യത്തിനു വേണ്ടി നാലു പടയാളികള്‍ സ്വര്‍ഗം പുല്‍കി. ജനറല്‍ ആവേശത്തോടെ പറഞ്ഞു. അവരുടെ അന്ത്യയാത്രയ്ക്ക് ഉടനെ വലിയ തുക അനുവദിക്കാന്‍ അപ്പോള്‍ തന്നെ ഭരണാധികാരി ഉത്തരവുമിട്ടു.
നമ്മുടെ ആയുധങ്ങള്‍ നിലവാരമുള്ളതാണെന്നും യുദ്ധം വന്നതിനാല്‍ ഇതെല്ലാം പരീക്ഷിച്ച് നോക്കാനായെന്നും ജനറല്‍ പറയുന്നുണ്ടായിരുന്നു. ഡ്രോണുകള്‍ അയച്ച് അവരുടെ ഭാഗത്ത് നാശനഷ്ടമുണ്ടാക്കാന്‍ ഭരണാധികാരി ഉത്തരവിട്ടു. ശത്രുരാജ്യത്തിന്റെ അരവട്ടന്‍മാരായ കമാന്‍ഡര്‍മാരെ ഒന്നൊന്നായി പരലോകത്തെത്തിക്കണമെന്ന നിര്‍ദ്ദേശവും ഭരണാധികാരി നല്‍കി.
സൂപ്പിനകത്ത് കുരുമുളക് പൊടിയിട്ട ശേഷം ഉപ്പു കുറഞ്ഞതായി കണ്ടെത്തിയ സെക്രട്ടറി പിങ്ക് സാള്‍ട്ട് കൊണ്ടുവന്ന് ഇട്ട് ഇളക്കിയശേഷം കപ്പ് ഭരണാധികാരിക്ക് കൈമാറി.
അതിര്‍ത്തിയില്‍ ഒഴുപ്പിച്ച കര്‍ഷകരുടെ വീടിനകത്താണ് താല്‍ക്കാലിക പട്ടാള ടെന്റുകളെന്ന് ജനറൽ അറിയിച്ചു. സിവിലിയൻമാരാണ് അവിടെ താമസിക്കുന്നതെന്ന് ശത്രുവിനെ ബോധ്യപ്പെടുത്താന്‍ വീട്ടുമുറ്റങ്ങളില്‍ ആടുകളെ കെട്ടിയതായും, മട്ടണ്‍ ചാപ്‌സില്‍ ബ്രെഡ് മുക്കിത്തിന്നുന്നതിന്നിടെ ജനറല്‍ പറഞ്ഞു.
രുചി നോക്കാത്ത മട്ടണ്‍ ചാപ്‌സാണ് അതെന്ന് സെക്രട്ടറി പറഞ്ഞു. ഭരണാധികാരി അതിന്റെ രുചിയെപ്പറ്റി ജനറലിനോടാരാഞ്ഞു.
ഉപ്പ് കുറവാണെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് അല്പം പിങ്ക് സാള്‍ട്ട് ഇട്ടിളക്കി. കുശ്ശിനിക്കാരനെ പിരിച്ചുവിടുന്ന ഉത്തരവുമായി സെക്രട്ടറി ഉടനെ എത്തി. ഭരണാധികാരി അതില്‍ ഒപ്പുവെച്ചു.
കേണലിന്റെ സന്ദേശം വീണ്ടുമെത്തി, ഒരു പടയാളി കൂടി സ്വര്‍ഗത്തെത്തി, രണ്ടു പേര്‍ കവാടത്തിന്നരികെയാണെന്നും അദ്ദേഹം പറഞ്ഞു. മലയുടെ മുകളില്‍ കയറി ശത്രുവിന്റെ ഫയറിംഗ് പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിന്നിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണെന്നായിരുന്നു വിശദീകരണം. താഴേ വീണയാളെ നോക്കാന്‍ പോയ രണ്ടുപേരെ ഫയറിംഗ് പോസ്റ്റില്‍ നിന്നെത്തിയ വെടിയുണ്ടകള്‍ നിലത്തിട്ടു.
എല്ലാവര്‍ക്കും അന്ത്യയാത്ര ഉശിരനാക്കണമെന്ന് വീണ്ടും ഭരണാധികാരി നിര്‍ദ്ദേശം നല്‍കി. പരിചയ സമ്പന്നരല്ലാത്തവരും പരിശീലനം ലഭിക്കാത്തവരും സൈന്യത്തില്‍ എങ്ങിനെ കയറിപ്പറ്റി എന്ന് ഭരണാധികാരി ചോദിച്ചു.
ജനറൽ അതിന് ഉത്തരം നല്‍കിയില്ല. പകരം, ഒരു സമ്മാനപ്പൊതി ഭരണാധികാരിക്ക് നല്‍കി. ഇതെന്താണെന്ന ചോദ്യത്തിന് ചിലര്‍ നല്‍കിയ സമ്മാനങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു.
കൈ ടിഷ്യൂ പേപ്പറില്‍ തുടച്ച ശേഷം ഭരണാധികാരി സമ്മാനപ്പൊതിവാങ്ങിച്ച് സെക്രട്ടറിയെ ഏല്‍പ്പിച്ചു.
ദേശീയ, പ്രാദേശിക മാധ്യമങ്ങളിലെല്ലാം യുദ്ധത്തിന്റെ ഭീതിദമായ വീഡിയോകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് പി.ആർ ചുമതലയുള്ള മേജറെ വിളിച്ച് ജനറൽ ഉറപ്പു വരുത്തി.
യുദ്ധം തുടങ്ങി നാല്‍പ്പത്തിയൊന്നാം നാള്‍ വെടിനിര്‍ത്തല്‍ കരാറുമായി മൂന്നാം കക്ഷി രാഷ്ട്രമെത്തി. ജനറല്‍മാര്‍ തമ്മില്‍ കരാറൊപ്പുവെച്ചു. മുന്തിയ ഇനം മദ്യം വിളമ്പിയ വലിയ അത്താഴ വിരുന്ന് നടന്നു.
നാലായിരം സൈനികര്‍ ഇരുഭാഗത്തുമായി മരിച്ചുവീണെന്ന് മാധ്യമങ്ങള്‍ എഴുതി. എന്നാല്‍, യഥാര്‍ത്ഥ മരണ സംഖ്യ എത്രയെന്ന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. മരിച്ച സിവിലിയന്‍മാരുടെ എണ്ണത്തിലും ഈ അവ്യക്തത ഉണ്ടായിരുന്നു.
യുദ്ധത്തിനു പിന്നാലെ ആയുധക്കരാറുമായി മൂന്നാം കക്ഷി എത്തി. അടുത്ത യുദ്ധം ഏതു നിമിഷവും സംഭവിക്കാമെന്നും കൂടുതല്‍ ആയുധസംഭരണ ശാലകള്‍ ഉണ്ടാക്കണമെന്നും അവര്‍ ഭരണാധികാരിയെ അറിയിച്ചു. ഇതിനു ശേഷം മൂന്നാം കക്ഷി പ്രതിരോധ മന്ത്രി ശത്രു രാജ്യത്തും സന്ദര്‍ശനം നടത്തി.
ജനറല്‍ വീണ്ടും ഭരണാധികാരിയുടെ മുന്നിലെത്തി. ഭരണാധികാരി തീന്‍മേശയുടെ മുന്നില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഇക്കുറി ഏതാനും മാധ്യമ പ്രവര്‍ത്തകരും എത്തി. മദ്യ സേവയ്ക്കിടെ ജനറലിനോട് ഒരു എഡിറ്റര്‍ പറഞ്ഞു. നിങ്ങള്‍ അന്നു തന്ന ചില വീഡിയോകള്‍, കുട്ടികളുടെ ഗെയ്മിന്റെ നിലവാരത്തിലുള്ളതായിരുന്നു.
ജനറല്‍ വലിയ ചിരിയോടെ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അത് വീഡിയോ ഗെയിമുകളില്‍ നിന്ന് എടുത്തതാണ്. ചില എഡിറ്റിംഗുകളും നടത്തി.
അപ്പോള്‍, യുദ്ധവിമാനങ്ങള്‍ വെടിവിച്ചിട്ടത് കാണിച്ചതോ. ?
അത് പുതിയ വിമാനവേധ മിസൈലുകള്‍ വാങ്ങാനുള്ള അടവുകളായിരുന്നു.
120 വര്‍ഷം പഴക്കമുള്ള സ്‌കോച് വിസ്‌കിയാണെന്ന് ഉയര്‍ത്തിക്കാട്ടി ജനറല്‍ എല്ലാവര്‍ക്കും ഒരു കുപ്പിയില്‍ നിന്ന് മദ്യം അല്പാല്പം പകര്‍ന്നു. ജനറലിന്റെ വാക്കുകള്‍ കേട്ട് കണ്ണുതള്ളിയ എഡിറ്റര്‍മാര്‍ ഭരണാധികാരിയ്‌ക്കൊപ്പം ചേര്‍ന്ന് സെല്‍ഫിയെടുത്തു.
‘ആര്‍ട് ഓഫ് വാര്‍’ എന്ന പുസ്തകം ജനറലിന്റെ ഇടതുകൈയില്‍ ചേര്‍ത്തുപിടിച്ചിരുന്നു.
കുശിനിക്കാരന് ഉപ്പുമാങ്ങ കമ്പനിയിൽ ജോലി കിട്ടി. ദിവസക്കൂലി . അന്ന് കിട്ടിയ കൂലിയുമായി അയാൾ ചന്തയിൽ ചെന്നു. മക്കൾക്ക് ഏറേ ഇഷ്ടമുള്ള മീൻ വാങ്ങി . വീട്ടിൽ വന്ന കുശിനിക്കാരൻ മീൻ പൊതിഞ്ഞു തന്ന പത്രകടലാസ്സിൽ ജനറലിൻ്റെ ചിത്രം കണ്ടു. എന്താണ് എഴുതിയതെന്ന് വായിക്കാൻ സ്കൂളിൽ നിന്നും വന്ന മകളോട് പറഞ്ഞു. ‘നമ്മുടെ ജനറൽ ഒരു മിലിട്ടറി ജീനിയസ്.’ അവൾ വായിച്ചു . കുശിനിക്കാരൻ ഉറക്കെ ചിരിച്ചു. നിർത്താതെയുള്ള ചിരി.