ആത്മീയം (5 നാനോക്കഥകൾ)

വഴിവിളക്കുകൾ

തങ്ങൾ പകർന്ന പ്രകാശത്തിന്‌ നന്ദി പറഞ്ഞ പഥികനെനോക്കി വഴിവിളക്കുകൾ പുഞ്ചിരിച്ചു. പിന്നിലെ ഇരുളിൽനിന്നുരുവം കൊള്ളുന്ന നിലവിളികൾ കേൾക്കാത്ത അവന്റെ ബധിരകർണ്ണങ്ങളെയോർത്ത് പിന്നെയവ മനമുരുകി.

ദൈവം ഹാപ്പിയാണ്

ദൈവം ഹാപ്പിയാണ്. സ്രഷ്ടാവിനുമേൽ അധീശത്വമുള്ള ഒരേയൊരു സൃഷ്ടി താനാണ്.

അമ്മ

മുക്കുവൻ കടലമ്മയ്ക്ക് നന്ദി പറഞ്ഞു. വലയിലായ മീനുകൾ അമ്മയെ വിളിച്ചു കരഞ്ഞു.
“മക്കളിലൊരാളുടെ കണ്ണുനീർ എന്റെ വിധിയാണ്” – അമ്മ മിഴി നിറച്ചു.

പുരോഹിതൻ

പ്രാർത്ഥന കഴിഞ്ഞിറങ്ങിയ വിശ്വാസികൾക്കിടയിലൂടെ കുഞ്ഞിന്റെ രൂപം ധരിച്ച ദൈവം ദേവാലയത്തിലേയ്ക്ക് പ്രവേശിച്ചു. ആർഭാടത്താൽ ചീർത്തദേഹവും അധികാരത്താൽ ചെമന്ന കണ്ണുകളുമുള്ള പുരോഹിതൻ അപ്പോൾ തനിച്ചായിരുന്നു. ആ കുഞ്ഞിന്റെ നിലവിളികൾ കേട്ട് കുറെ വെള്ളരിപ്രാവുകൾ ദേവാലയമേൽക്കൂരയിൽ നിന്നു പറന്ന് പോയി.

സന്തോഷം

എപ്പോഴും സന്തോഷവാനായിരിക്കുന്ന പിശാചിനെക്കണ്ട ദൈവം ചോദിച്ചു.”എന്താണ് നിന്റെ രഹസ്യം.”
പിശാച് ചിരിച്ചു- “എന്നിൽ ആരുടെയും പ്രതീക്ഷകളില്ല”
ദൈവം തന്റെ വിഷാദങ്ങളിലേക്ക് മടങ്ങിപ്പോയി.

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകള്‍, ലേഖനം , സിനിമ നിരൂപണം എന്നിവ എഴുതുന്നു. ആയുര്‍വേദ വകുപ്പിൽ ജോലി. അമക്ച്വര്‍ ഫോട്ടോഗ്രാഫറുമാണ്. ആലപ്പുഴ ആര്യാട്സ്വദേശി.