ആണ്‍പക്ഷികള്‍ കരയാറില്ല

പിറന്നു വീണപ്പോള്‍
ഒരുപാടു കരഞ്ഞതുകൊണ്ടല്ല
കണ്ണീരുവറ്റിയത്

കരയാനറിയാത്തതുകൊണ്ടുമല്ല
കണ്ണീരുപൊഴിയാത്തത്

പലരും പലകുറി
അടക്കം പറഞ്ഞവയൊക്കെ
ഇപ്പോഴും
കാതില്‍ മുരണ്ടുകൊണ്ടെയിരിക്കുന്നു

പിച്ചവച്ച നാളില്‍ പറഞ്ഞവയൊക്കെ
അര്‍ത്ഥമറിയാത്തതുകൊണ്ട്
അറിയാതെ വിട്ടു

പള്ളിക്കൂടത്തിലേയ്ക്കു
തള്ളിവിട്ടതു മുതല്‍
അര്‍ത്ഥമറിഞ്ഞു തുടങ്ങി

അന്നാദ്യം കേട്ടൂ
നീയൊരു ആണാണ് കരയരുത് !

ഗൃഹപാഠം ചെയ്തുവരാത്തതിനും
ഗുണനപട്ടിക പഠിക്കാത്തതിനും
ആരോകുറിച്ചുവച്ച പദ്യശകലം
കാണാതെ ചൊല്ലാത്തതിനും

ചൂരലുകള്‍
അകം തുടയിലും
കൈത്തലങ്ങളിലും
വടുക്കളെ സൃഷ്ടിച്ചു

നഖമുനകൊണ്ടുള്ള
ചുവന്ന ചിത്രങ്ങളില്‍
ആളി പടരുന്ന വേദന

കണ്ണുനീര്‍ പൊടിഞ്ഞതു
കണ്ടുപിടിക്കപ്പെടുമ്പോള്‍
കളിയാക്കി ചിരികളില്‍
വീണ്ടും അര്‍ത്ഥമറിഞ്ഞു
ആണ്‍പക്ഷികള്‍ കരയാറില്ല !

നീയൊരു ആണാണ് കരയരുത് !
ഒരുചാണ്‍വയറിന്‍റെ വിശപ്പടക്കാന്‍
ബലക്ഷയം ബാധിച്ച ചുമലില്‍ ഭാരം കയറ്റി
മുതുകു വളഞ്ഞപ്പോൾ
അതിവിനയമുള്ളവനെന്നു ചിലര്‍
അടിമയെന്നു വേറെ ചിലര്‍

ഉടലില്‍ കോറിയ വരയിലൂടെ
ചോര കിനിഞ്ഞിറങ്ങിയപ്പോഴും
കുത്തിനോവിക്കലുകളില്‍
അകം വെന്തുരുകിയപ്പോഴും
കരയാതെ നിന്നു
ആണ്‍പക്ഷികളാണ് കരയരുത് !

ഒറ്റപ്പെടുത്തലിലും
ഒട്ടേറെ ഒറ്റുകാരുടെ വചനങ്ങളിലും
നിശബ്ദനായപ്പോഴും
പ്രതിസന്ധി ഘട്ടങ്ങളില്‍
സമനില തെറ്റിയപ്പോഴും
കരയാതെ നിന്നത്
കാതുകളില്‍ പഴഞ്ചൊല്ലുകള്‍
പിന്തുടര്‍ന്നതുകൊണ്ടാണ് .

ഒരിക്കലും
ആണ്‍പക്ഷികള്‍ കരയാറില്ലെന്ന് !

അടക്കിപിടിച്ചവ്യസനങ്ങള്‍
ഹൃദയത്തെ നീറ്റീയപ്പോൾ
ഇരുട്ടിനെയാശ്രയിച്ചു.

ആരുമറിയാതെ
കരഞ്ഞുതീര്‍ക്കാന്‍
കിടക്കപ്പായയിലെ തലയിണയില്‍
മുഖമമര്‍ത്തിയപ്പോള്‍
തലയിണയും പറഞ്ഞു
ദുര്‍ബ്ബലന്‍
നീയൊരു ആണാണ് കരയരുത് !

മഹാദുരന്തങ്ങളില്‍
യഥേഷ്ടം കണ്ണീരുതൂവുന്നവര്‍ക്ക് മുന്നിൽ
ധീരനായി നടിച്ചു

ഒന്നു തൊട്ടാല്‍ പൊട്ടിവീഴാന്‍ തക്കം പാത്ത്
നില്‍ക്കുകയായിരുന്നു തുള്ളികള്‍

എന്നിട്ടും
പുറത്തു കരയാതെ
അകത്തു കരഞ്ഞു
ആരുമറിയില്ലല്ലോ !

വ്യസനങ്ങള്‍ അടക്കിനിര്‍ത്തി
കണ്ണുനീര്‍ പുറത്തേയ്ക്ക് ഒഴുക്കാതെ
തടയിണ കെട്ടിക്കെട്ടി തകരും
ഒരിക്കല്‍
ഈ ആണ്‍ഹൃദയവും.

അപ്പോഴും ലോകത്തിലെ
സര്‍വ്വ ചരാചരങ്ങളും പറയും
ആണ്‍പക്ഷികള്‍ കരയാറില്ല !

നീയൊരു ആണാണ് കരയരുത്
വേദനകളില്ലാത്ത ദുഃഖങ്ങളില്ലാത്ത
കരയാനാവകാശമില്ലാത്ത
ആണ്‍പക്ഷികൾ

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.