
എന്റെ രാജ്യം എന്റെ ശരീരമാണ്.
രാജ്യത്തിനേൽക്കുന്ന മുറിവുകൾ എന്റെ ശരീരത്തിനേൽക്കുന്നതുകൂടിയാണ്.
മുറിവുകളിൽനിന്നു പൊടിയുന്ന അക്ഷരങ്ങൾ രാജ്യത്തിന്റെ ചോരയാണ്.
ഈ ചോരയിലേക്ക് വരുവിൻ….
എല്ലാ രാജ്യങ്ങളിലേയും നഗരങ്ങൾ പോലെത്തന്നെയായിരുന്നു ആ നഗരവും; ഇന്നലെ വരെ. ഇന്ന് അങ്ങനെയല്ല. മറ്റ് നഗരങ്ങളെപോലെ ജീവിതങ്ങളുമായി ദിനരാത്രങ്ങളിലൂടെ കടന്നു പോവുന്നതിനിടയിലാണ്, പൗരാണികമായി കിട്ടിയ നഗരത്തിന്റെ പേരുമാറ്റാൻ ഭരണകൂടം ഉത്തരവിടുന്നത്. പഴയപേരിലുള്ള നിർമ്മിതികളും കവാടങ്ങളും സ്ഥലനാമ ബോർഡുകളും കമാനങ്ങളും പൊളിച്ചുമാറ്റാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് തൊഴിലാളികളെത്തി, അവർ മാലിന്യങ്ങൾ നിറഞ്ഞ അഴുക്കുചാലുകൾക്കരികിൽ ടെൻറു കൾകെട്ടി താമസിച്ചു. തകർത്ത കെട്ടിടാവശിഷ്ടങ്ങൾ ലോറികളിൽ കടൽത്തീരത്തേക്കു കൊണ്ടുപോവുന്നതിനിടയിലാണ് തൊഴിലാളികൾ അത് കാണുന്നത്. ചിലരത് ഫോണുകളിൽ പകർത്തുകയും ചെയ്തു. കടലിലൂടെപോവുന്ന കൂറ്റൻകപ്പലിലെ അടുക്കിവെച്ച കണ്ടെയ് നറുകൾക്കു മുകളിൽ രണ്ടുകുട്ടികൾ കൈകൾവിടർത്തി നിൽക്കുന്നു. കാറ്റിൽ,അവരുടെ വസ്ത്രങ്ങൾ പിടക്കുന്നുണ്ട്.
“അന്ന് രാത്രി എനിക്കൊന്നും പഠിക്കാൻകഴിഞ്ഞില്ല. പപ്പയും മമ്മയും ചേച്ചിയും ഭക്ഷണം കഴിക്കാൻവിളിച്ചിട്ടും ഞാനൊന്നും കഴിക്കാതെ ഉറങ്ങാൻപോയി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ദു:സ്വപ്നങ്ങൾ കണ്ട് ഞെട്ടിയെഴുന്നേറ്റു കരഞ്ഞു. അടുത്തമുറിയിൽനിന്ന് പപ്പയും മമ്മയും അരികിലെത്തി. എന്റെ ശരീരം പനിച്ചു വിറക്കുന്നുണ്ടായിരുന്നു. പപ്പയെനിക്ക് ഗുളിക തന്നു. മമ്മ ബൈബിളിലെവാക്യങ്ങൾ കാതുകളിൽ ചൊല്ലിത്തന്ന്, അരികിൽകിടന്നു. എന്നിട്ടും, അന്ന് ക്ലാസ്സില്നടന്നതെല്ലാം മനസ്സിൽ നിന്നു വിട്ടൊഴിഞ്ഞുപോയതേയില്ല..!”
“എത്രയോതവണ ഗൃഹപാഠങ്ങൾചെയ്യാതെ എത്രയോ കുട്ടികൾ നമ്മുടെ ക്ലാസ്സിൽ വന്നിട്ടില്ലേ..? എന്നിട്ടൊന്നും ടീച്ചർ ഇങ്ങനെയൊരു ശിക്ഷ ആ കുട്ടികൾക്കൊന്നും കൊടുത്തിട്ടില്ലല്ലോ..! അന്ന് നീ മാത്രം ഗൃഹപാഠ൦ ചെയ്യാതെവന്നപ്പോള് ടീച്ചർക്കെന്തുപറ്റി അങ്ങനെയൊക്കെ ചെയ്യാൻ..? അപ്പോള്, അവരുടെ മുഖവും കണ്ണുകളും ഏതോ ഭീകരജീവിയെപ്പോലെ തോന്നിച്ചു. ഓരോകുട്ടികളോടും നിന്റെ മുഖത്തടിക്കാൻ പറഞ്ഞപ്പോൾ ഞാൻ കോമ്പസ് കൈയിലെടുത്തതാ..! നിനക്കടിയേൽക്കുമ്പോൾ എന്റെ ശരീരംവിറച്ചു. കോമ്പസ് വിരലുകൾക്കിടയിൽനിന്നു നിലത്തുവീണെടാ..!”
“ഒടുവിൽ,എന്റെ ഊഴമെത്തിയപ്പോൾ ഞാൻ തല താഴ്ത്തിനിന്നു. ടീച്ചർ എന്നേയും വിളിച്ചു, പിറകിലെ ബെഞ്ചിൽനിന്നെന്നെ വലിച്ചുകൊണ്ടുവന്നത് നീ കണ്ടതല്ലേ..? മറ്റുവഴികളില്ലാതെ ഞാനും നിന്നെ.! തളർന്നശരീരവുമായി പിറകിലെബെഞ്ചിലേക്കു മടങ്ങുമ്പോൾ, നീ കവിളുകൾ തലോടി ബ്ലാക്ക്ബോർഡിനരികിൽ നിൽക്കുന്നത് ഞാനൊരുതവണ മാത്രമേ തിരിഞ്ഞുനോക്കിയുള്ളൂ. പിന്നെ, ഡെസ്ക്കിലേക്കു മുഖമമർത്തി കരഞ്ഞു. എല്ലാവരും പോയിക്കഴിഞ്ഞിട്ടും ക്ലാസ്സിൽതന്നെ അതെ ഇരിപ്പുതുടര്ന്നു. ടീച്ചർ സ്കൂട്ടറിൽപോവുന്ന ശബ്ദംകേട്ട് ഞാനെഴുന്നേറ്റു. മൈതാനത്തേക്കോടി, കല്ലെടുത്തെറിഞ്ഞു. പക്ഷേ, അത് പാളിപ്പോയി.”
കടൽമുനമ്പോടു ചേർന്ന മണൽത്തീരത്തപ്പോൾ കൊടികൾപാറുന്നുണ്ടായിരുന്നു. രാജ്യത്തെ കർഷകർ കടലലർച്ചകൾക്കൊപ്പം നേതാവിന്റെ പ്രസംഗം കാതോർക്കുകയാണ്. “…..അങ്ങനെയല്ലേ..? നോക്കൂ, ഓരോ നഗരങ്ങളുടേയും പേരുകൾമാറ്റാൻ കോടികൾ ചെലവഴിക്കുമ്പോൾ ഇവിടെ കൂടുതൽപേർ പട്ടിണിയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ ചോദിക്കട്ടെ, ഇവിടുത്തെ ശൗച്യാലയങ്ങളോ നമ്മൾ വസിക്കുന്ന ഗലികളോ ഗതാഗതസംവിധാനങ്ങളോ അഴുക്കുചാലുകളോ മാലിന്യസംസ്കരണമോ അളിഞ്ഞഴുകി തുടരുമ്പോൾ ഈ പേരുമാറ്റത്തിൽനിന്ന് രാജ്യമെന്താണ് നേടുന്നത്. ഏതോ പഴയകാലരാജാക്കന്മാർ ചെയ്ത ക്രൂരതകള്ക്ക് എന്തിനാണ് നമ്മുടെ ഭരണാധികാരി ഒരുവിഭാഗം ജനങ്ങളെ മാത്രം നിരന്തരം വേട്ടയാടുന്നത്..? കൂട്ടരേ, ഈ പേരുമാറ്റം രാജ്യത്തിന്റെ ബഹുസ്വരതയേയും ജനങ്ങളുടെ സാഹോദര്യത്തേയും അറുത്തുമാറ്റാനായി കാലങ്ങളായുള്ള ഗൂഢലക്ഷ്യത്തിന്റെ സാക്ഷാത്കാരമാണ്. ജിവിക്കാനായി സമരംചെയ്യുന്ന നമ്മുടെ ന്യായമായ ആവശ്യങ്ങൾപോലും…” സൈറൺകേട്ട് നേതാവും കർഷകരും കടലിലേക്കു നോക്കി. കപ്പലിനുമുകളിൽ അടുക്കിവെച്ച കണ്ടെയ്നറുകൾക്കുമുകളിൽ രണ്ടുകുട്ടികൾ ഇരിക്കുന്നത് അവരെല്ലാം കണ്ടു.
“നീ ഞങ്ങൾക്ക്കൂടി ബിരിയാണി കൊണ്ടുവന്നതാവും അന്ന് ടീച്ചറെ ചൊടിപ്പിച്ചിട്ടുണ്ടാവുക. നമ്മൾ ഒരുമിച്ചിരുന്ന് ചിരിച്ചുകൊണ്ട് ഉച്ചഭക്ഷണം കഴിക്കുന്നത് വരാന്തയിലൂടെ പോവുന്ന അവർ കണ്ടിട്ടുണ്ടാവും. പൊടുന്നനെ, ക്ലാസ്മുറിയിലേക്കുവന്ന ടീച്ചർ ആദ്യം ചെയ്തതെന്താണെന്ന് നിനക്കോർമ്മയുണ്ടോ..? അവർ നിന്റെ പാത്രത്തിലെ ബിരിയാണിയിലേക്ക് വിരലുകളാഴ്ത്തി എന്തോ തിരഞ്ഞു. തിരഞ്ഞതുകിട്ടാത്ത ദേഷ്യത്തിലാവും ടീച്ചർ ഭക്ഷണപാത്രം തട്ടിത്തെറിപ്പിച്ചതും നിന്നെ തെറിവിളിച്ചതും.”
“മറ്റുകുട്ടികള്ക്കിടയിൽവെച്ച് നിന്റെ മതത്തെക്കുറിച്ച് മോശമായഭാഷയിൽ സംസാരിച്ച ടീച്ചർ, നിങ്ങൾ രാജ്യത്തോട് കൂറില്ലാത്തവരും അക്രമികളുമാണെന്ന് പറഞ്ഞ് കയർത്തപ്പോൾ ഞാനും പങ്കജും നിർമ്മലും വിറങ്ങലിച്ചുപോയി. നിന്നെ സ്റ്റാഫ്റൂമിലേക്ക് വിളിച്ചുകൊണ്ടുപോവുമ്പോൾ ഞാനും മുന്നോട്ടു നടന്നു. നിനക്ക് പിറകെനടന്നുവരുന്ന എന്നോട് ക്ലാസ്സിൽപ്പോയി ഇരിക്കാൻ പറഞ്ഞ് ടീച്ചർ ഒച്ചവെച്ചത് ഇപ്പോഴുമെന്റെ കാതിൽ അലക്കുന്നുണ്ട്.! കൈകഴുകാതെ, വറ്റുകൾനിറഞ്ഞ വിരലുകളുമായി നീ പോവുന്നത് ഇപ്പോഴുമെന്റെ മനസ്സിലുണ്ടെടാ. ടീച്ചറുടെ പിറകിൽ ആഞ്ഞുചവിട്ടാനായി ഞാൻ പാഞ്ഞടുത്തതാണ്. പങ്കജും നിർമ്മലും എന്നെ കടന്നുപിടിച്ചു. കുതറിമാറാൻ ശ്രമിച്ചിട്ടും അവർ വിട്ടില്ല.”
“നിന്റെ അബ്ബ ടീച്ചറോട്സംസാരിക്കുന്നതും അദ്ധ്യാപകർ അദ്ദേഹത്തോടു ദേഷ്യപ്പെടുന്നതും ഞാൻ സ്റ്റാഫ്റൂമിന്റെ വരാന്തയിൽനിന്ന് കേട്ടു. നീ നടന്നതെല്ലാം കരഞ്ഞുപറയുമ്പോഴും അധ്യാപകരതൊന്നും കേൾക്കാതെ മറ്റെന്തോ സംസാരിക്കുകയായിരുന്നു. ഇനി നിന്നെ ഈ സ്കൂളിലേക്ക് പഠിക്കാൻ വിടില്ലായെന്നും നിന്നെ വേദനിപ്പിച്ച ടീച്ചറെ എങ്ങനെ നേരിടണമെന്നറിയാമെന്നും പറഞ്ഞ് അബ്ബ നിന്നെ കൊണ്ടുപോവുമ്പോൾ ഞാൻ വരാന്തയിലെ തൂണിൽ ചാരിനിൽപ്പുണ്ടായിരുന്നെടാ. ഇനി നിന്റെകൂടെ ഒരേക്ലാസിൽ പഠിക്കാനാവില്ലായെന്ന വിഷമം കടിച്ചമർത്തി ഞാൻ മൈതാനത്തെ വെയിലിലൂടെ നടന്നു. മരച്ചുവട്ടിലിരുന്ന് കരഞ്ഞു.”
ഉൾക്കടലിൽ മീൻപിടിച്ചുകൊണ്ടിരിക്കുന്ന ബോട്ടുകൾ തിരമാലകളുടെ ഉലച്ചിലിൽ ആടാൻ തുടങ്ങി. സ്രാങ്ക് കൈപ്പടം കണ്ണിനുമുകളിൽവെച്ച് ദൂരേക്കു നോക്കി. സൈറൺ മുഴക്കി കപ്പൽവരുന്നതു കണ്ടു. ബോട്ടുകൾ കപ്പൽപ്പാതയിൽനിന്നു മാറ്റിയിടാൻ സ്രാങ്ക് എല്ലാവരോടുമായി വിളിച്ചുപറഞ്ഞു. പടിഞ്ഞാറുഭാഗത്തേക്ക് ബോട്ടുകളെല്ലാം വേഗം നീങ്ങി. ക പ്പൽ അരികിലൂടെ നീങ്ങുമ്പോൾ, കണ്ടെയ്നറിനു മുകളിൽ രണ്ടുകുട്ടികൾ നിൽക്കുന്നത് മുക്കുവർ കണ്ടു. അവർ ചൂളംവിളിച്ചും കൈയടിച്ചും കുട്ടികളെ വിളിച്ചു. അതൊന്നും കേൾക്കാതെ, അസ്തമയസൂര്യനെ നോക്കി കുട്ടികൾ അനക്കമറ്റുനിൽക്കുന്നു. ഇരുട്ട് പതിയെ പതിയെ കടൽപ്പരപ്പിൽ പരക്കുന്നുണ്ട്. ബോട്ടുകളിൽ വെളിച്ചങ്ങൾ തെളിഞ്ഞു. കപ്പൽ പാറിപ്പറക്കുന്ന കൊടിയുമായി വിദൂരങ്ങളിലേക്ക് അകന്നകന്നുപോവുന്നു.
“കാര്യങ്ങളെല്ലാം നിർമ്മലിനോട് ഞാൻ പറഞ്ഞിരുന്നു. ഹിന്ദി നോട്ട്ബുക്ക് വാങ്ങാനാണെന്നു പറഞ്ഞാണ് അവന്റെ വീട്ടിലെത്തിയത്. അച്ഛൻ വാങ്ങിവെച്ച പടക്കങ്ങളിൽനിന്ന് രണ്ടു മാലപ്പടക്കങ്ങൾ അവെനെനിക്ക് തന്നു . അത് ബാഗിൽവെച്ച് സന്ധ്യയോടെ അവന്റെ വീട്ടിൽ നിന്നിറങ്ങി. തെരുവിൽ ദീപാവലി ആഘോഷത്തിന്റെ തിരക്കുണ്ടായിരുന്നു. മധുരപലഹാരങ്ങളും പൂജാസാധനങ്ങളും മൺവിളക്കുകളും വാങ്ങാൻ ആളുകൾ വാഹനങ്ങളിലും നടന്നും പോവുന്നുണ്ടായിരുന്നു.”
“രാത്രിയോടെ ടീച്ചറുടെ വീടിനരികിലെത്തി. നിന്നോട് ടീച്ചർ ചെയ്തതെല്ലാം മനസ്സിൽ ആളിക്കത്തി. മതിൽചാടിക്കടന്ന് മരങ്ങൾക്കിടയിൽ മറഞ്ഞുനിന്നു. വീടിനുമുൻപിൽ ആരുമില്ലെന്നറിഞ്ഞ് പതിയെ നടന്ന്, സ്കൂട്ടറിനരികിലെത്തി. മുറ്റത്ത് നിറയെ ചെരാതുകള് വെളിച്ചം പരത്തുന്നുണ്ടായിരുന്നു. മാലപ്പടക്കം സ്കൂട്ടറിൽ ചുറ്റിവെച്ച് തീകൊടുത്തു, മരച്ചോട്ടിലേക്കോടി. പടക്കം പൊട്ടിത്തെറിച്ചതോടൊപ്പം സ്കൂട്ടറിനു തീപിടിച്ചു. ടീച്ചറും ഭർത്താവും പുറത്തേക്കിറങ്ങുന്നതിനിടിയിൽ മതിൽചാടുന്ന ഞാൻ വഴുതിവീണു. ആരോ അരികിലേക്കോടിയെത്തുന്നതിനിടയിൽ മതിൽചാടിക്കടന്ന്, തെരുവിലൂടെ ഓടി, ഞാൻരക്ഷപ്പെട്ടു”
“അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങിയെടാ. അതിരാവിലെ സ്കൂളിലേക്ക്പോവും മുൻപ് എല്ലാം നിന്നോട് പറയണമെന്ന് കരുതിയതാണ്. പക്ഷേ, ഞാനുറങ്ങിപ്പോയി. മമ്മ വിളിച്ചപ്പോൾ നേരം നല്ലപോലെ വൈകിപ്പോയിരുന്നു. വേഗമൊരുങ്ങി, ബാഗുമെടുത്ത് സ്കൂളിലേക്ക് പോയി. ടീച്ചർ അന്ന് സ്കൂളിലേക്ക് വന്നില്ല. ഞാനും പങ്കജും നിർമ്മലും ഏറേ സന്തോഷിച്ചു. വൈകിട്ട് സ്കൂൾവിട്ടപ്പോൾ നിന്നോടെല്ലാം പറയാൻ വേഗം നിന്റെ വീട്ടിലേക്കു നടന്നു. തെരുവിലെ ആളുകൾക്കിടയിലൂടെ ബാഗും തൂക്കി ഞാൻ തുള്ളിച്ചാടി നടന്നു.”
“അവിടെയെത്തിയപ്പോഴാണത് കാണുന്നത്.! നിന്റെ വീട് ആളുകൾ ബുൾഡോസർ വെച്ച് തകർക്കുകയാണ്. എന്റെ കൈയിലെ ബാഗ് നിലത്തുവീണു. നിന്റെ അബ്ബയെ അവിടെ ഞാൻ തിരഞ്ഞു, കണ്ടില്ല. നിന്നെയും അവിടെ കാണാഞ്ഞ്, അടുത്ത വീട്ടിലേക്ക് കയറി. അവരാണ് പറഞ്ഞത് നിങ്ങളെല്ലാം നിന്റെ നാനിയുടെ വീട്ടിലേയ്ക്ക് പോയിരിക്കുകയാണെന്ന്. വീടിന്റെ ഓരോഭാഗങ്ങളും തകർന്നു വീണുകൊണ്ടിരുന്നു. നാനിയുടെ വീട്ടിലേക്ക് പോവേണ്ട വഴി അവർ പറഞ്ഞുതന്നു. അങ്ങോട്ടു പോവുന്ന ഓട്ടോറിക്ഷയിൽ ഞാൻ കയറി.”
“ദീപാവലി ആഘോഷവുമായി പാട്ടുപാടി നൃത്തംചെയ്ത് തെരുവിലൂടെ പോവുന്ന ഹിജഡകൾക്കൊപ്പം ഞാൻ നാനിയുടെ വീടന്വേഷിച്ച് നടന്നു. വഴിയരികിൽ ലെസി കുടിച്ചിരിക്കുന്ന വൃദ്ധന്മാരോട് വഴിചോദിച്ചു. അവർ പറഞ്ഞുതന്ന ഇടുങ്ങിയ വഴിയിലേക്കു തിരിയുമ്പോഴാണ്, തുറമുഖത്തേക്ക് പോവുന്ന ബസിലിരിക്കുന്ന നിന്നെ ഞാൻ കാണുന്നത്. ബസിന് പിറകെ പാഞ്ഞു. ഹിജഡക്കൂട്ടത്തിനരികിലെത്തിയ ബസ് പതിയെനീങ്ങാൻ തുടങ്ങിയപ്പോൾ ഞാനോടിക്കയറി. ഇരുട്ടുതിങ്ങിയ തെരുവിലൂടെ ബസ് വേഗത്തിലോടി.”
“ആൾത്തിരക്കിലൂടെ തിക്കിത്തിരക്കി മുൻസീറ്റിനരികിലെത്തി. തലതാഴ്ത്തി ഇരിക്കുന്ന നിന്നെ വിളിച്ചു. എന്നെ കണ്ടപ്പോൾ നീ അതിശയിച്ചുപോയില്ലേടാ. നീങ്ങിയിരുന്ന്, നീ എന്നെയും ആ സീറ്റിലിരുത്തി. ബസിൽവെച്ചാണ് നമ്മളെല്ലാം സംസാരിക്കുന്നത്, അപ്പോൾ കപ്പലുകളുടെ സൈറണ് മുഴങ്ങുന്നുണ്ടായിരുന്നു. നിന്റെ വേദനകളെല്ലാം കേട്ടപ്പോൾ ഇനി ഞാൻ വീട്ടിലേക്ക് മടങ്ങുന്നില്ലായെന്ന് തീരുമാനിച്ചു .കാരണം ഞാനാണല്ലോ..! അംഗൺവാടി തൊട്ട് ഒരേ ബെഞ്ചിലിരുന്ന് തുടങ്ങിയ നമ്മുടെയാത്ര, ഇന്നീ കപ്പലിനു മുകളിലുമെത്തി.”
തണുത്തകടൽക്കാറ്റിൽ കുട്ടികൾ വിറച്ചു. അവരുടെ കൈയിൽ പുതക്കാൻ വസ്ത്രങ്ങളില്ലായിരുന്നു. തിരമാലകളെ പിളർത്തി കപ്പൽ വേഗം നീങ്ങുന്നു. ജീവനക്കാരാരോ കണ്ടെയ്നറുകൾക്കു മുകളിലേക്ക് ടോർച്ചടിക്കുന്നതു കണ്ട കുട്ടികൾ കണ്ടെയ്നറുകളുടെ വിടവിലേക്കു ചാടി, ഒളിച്ചു. വിദൂരങ്ങളിലെ ലൈറ്റ്ഹൗസിൽനിന്ന് വെളിച്ചം മിന്നുന്നു. ഇടിമിന്നലുകളുടെ നീലവെളിച്ചങ്ങൾ ഇരുണ്ട കടൽനിരപ്പിലേക്കിറങ്ങിവരുന്നതവർ കണ്ടു. ഒരു കുട്ടിയുടെ കണ്ണുകൾ ക്ഷീണത്താൽ അടയുമ്പോൾ മറ്റൊരുകുട്ടി ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കോറിപ്പിടിച്ചിരിക്കുകയാണ്, ആ സമയം, ഇന്നലെരാത്രി ബസിനുള്ളിൽവെച്ച് അവർ സംസാരിച്ചത് കുട്ടിയുടെ കാതുകളിലേക്ക് കടൽപ്പക്ഷിയുടെ ചിറകടിക്കൊപ്പം വന്നെത്തി.
“നിന്നോടൊര് കാര്യംപറയാനായി ഞാൻ..! നീയിതെങ്ങോട്ടാ, ഈ ബസില്?”
“അറിയില്ല. എനിക്കീ രാജ്യംവിടണം….”
“നിന്നെ തിരഞ്ഞ് ഞാൻ വീട്ടിലെത്തിയപ്പോൾ ബുൾഡോസർ…!”
“നമ്മുടെ ടീച്ചറുടെ വണ്ടിയാരോ കത്തിച്ചെടാ..! എന്നെയാണ് അവർക്ക് സംശയം. അബ്ബ പറഞ്ഞിട്ടും പോലീസുകാർ വിശ്വസിക്കുന്നില്ല…”
“അത്..!”
“ബാർമറിലെ ചാച്ചയുടെ വീട്ടിലേക്ക് മാറാനാണ് അബ്ബ പറഞ്ഞത്. ഞാനീ രാജ്യംതന്നെ വിടാൻ തീരുമാനിച്ചെടാ.”
“ഞാൻ..!”
“വേറെയേതെങ്കിലും രാജ്യത്ത്പോയി ജീവിക്കണം. അമ്മിയേയും അബ്ബയേയും പെങ്ങന്മാ രേയും നല്ലപോലെ നോക്കണം.”
“ഞാനും നിന്റെകൂടെയുണ്ടെടാ. ഞാൻ കാരണമാണ് നീയിപ്പോൾ…!”
“എന്ത്..?”
“എല്ലാം ഞാൻ പറയാമെടാ…”
“വാടാ, ഇറങ്ങാം. തുറമുഖമെത്തി..”














