ആകാശം മന്ത്രിക്കുന്നത്

നിനക്കായി മാത്രം
തുറന്നിട്ട ജാലകങ്ങളിൽ
കാറ്റ് കുറിച്ചിടുന്നുണ്ട്
മുറിവും മധുരവും
നോവും, നിറവും
ചാലിച്ചു ചേർത്ത്
വിരൽത്തുമ്പുകളാൽ
തൊട്ടുഴിഞ്ഞു നീ
വരഞ്ഞിട്ട
എന്നെ ഞാനാക്കി മാറ്റിയ കവിത.

എനിക്ക് കൈയ്യെത്താത്ത
ആകാശമായ്
അകലെ നീയുണ്ടെന്നും
നീ സൂര്യനായിട്ടും ഉരുകാത്ത നീഹാരമായ്.
അരികിൽ ഞാനുണ്ടെന്നും
തമ്മിൽ കാണാതെ
പുണരുമ്പോഴും
കരയാൻ  മറന്ന
കാറ്റായ്..
എവിടെയോ
നാം ഉണ്ടെന്നും

നിന്റെ ശ്വാസക്കാറ്റാണ്
എന്നിലെ പ്രാണനെ
ഊതി വീർപ്പിക്കുന്നതെന്നും
നിന്റെ പ്രണയമാണ്
എന്റെ പ്രാണനെന്നും
നിനക്കും എനിക്കുമിടയിലേക്ക്
കത്തുന്ന ഒരു നക്ഷത്രത്തെ
അടർത്തിയിട്ട്
മറ്റാരുമറിയാതെ
ആകാശം മാത്രം
ഒരു പ്രാർത്ഥന പോലെ മന്ത്രിക്കുന്നു.

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.