കൺകോണിനാലൊന്നുഴിഞ്ഞുണർത്തൂ രാമ
ഭൂമിയിൽ ശിലയായ് കിടക്കുമെന്നെ
പേർ വിളിച്ചെന്നെയുണർത്തുക നീയാത്മ
ചൈതന്യമുള്ളിൽ തളിർക്കുവാനായ്.
സ്നിഗ്ദ്ധാംഗുലീസ്പർശമേകൂ മഹാമോഹ
പാപശാപത്തിനാൽ മുഗ്ദ്ധയാം ഞാൻ.
ആത്മവിചിന്തനം ചെയ്കയാണായിരം
സംവത്സരങ്ങളായ് കാനനത്തിൽ.
ഞാനഭിശപ്ത പരിശാപഗ്രസ്ത ഹാ
ദേഹദാഹം പൂണ്ട മോഹമുഗ്ദ്ധ
നീ വരൂ ഹേ രമണീയരാമ ചാരു-
പാദരേണുക്കൾ പതിച്ചുപോകാൻ
നിൽക്കാതരക്ഷണം പോലും വിലോലമാം
കാറ്റുപോലെന്നെക്കടന്നുപോകൂ.
പാപം കനത്തുറഞ്ഞൊരു ശ്യാമശിലയായി
മാറിയോൾ ഞാൻ പതിശ്ശാപഗ്രസ്ത
കാമം പൊറാഞ്ഞിന്ദ്രിയോന്മുഖയായ് സുഖ-
ഭോഗങ്ങൾ തേടിയോൾ രാഗബദ്ധ
ആത്മാഭിരാമ നീയാത്മാവു കാണുവോൻ
നേരറിഞ്ഞീടുകീപാപവൃത്തം
പെണ്ണായ് പിറന്നവൾ മണ്ണിൽ വളർന്നവൾ
ഹല്യയാകാൻ മോഹമേറ്റിയോൾ ഞാൻ
മാരിവിൽ ചന്തം ചികഞ്ഞവൾ, പൂഞ്ചിറ-
കോലും ശലഭമായുല്ലസിച്ചോൾ,
ആരാണു മന്ത്രച്ചരടുകൾ കൊണ്ടെന്നെ
ബന്ധിച്ചു കൂരിരുൾ കൂട്ടിലാക്കി!
തന്വി വസുന്ധര ഹല്യയായ് വിത്തേറ്റു
വാങ്ങി സഫലായ് പുഞ്ചിരിക്കെ,
ആരോ നിയോഗിച്ചപോൽ വിതയേറ്റിയോൻ
കൊയ്തെടുത്തിട്ടുമഹല്യയായ് ഞാൻ!
മോഹം, തിരസ്കൃതസ്നേഹം,നിരാസിത-
കാമം തണുത്തു കല്ലായവൾ ഞാൻ.
ശാപമല്ലുള്ളിലെ നീറുന്ന ശൈത്യമാ-
ണലിയാത്തശിലയായി മാറ്റിയെന്നെ
സ്നേഹം പനിക്കും വിരൽത്തുമ്പുമോഹിച്ചു
തീർന്നുപോയായിരം വത്സരങ്ങൾ!
തെല്ലുനിന്നെന്നെ ശ്രവിച്ചുപോകൂ രാമ
പാപിയെന്നാലും തപസ്വിനി ഞാൻ
ഇന്നുനിൻ പാദാംഗുലീതാപമേൽക്കയാൽ
കല്ലുപോലും കാമരൂപിയായി!
സ്നേഹാഗ്നിയാലിന്നു നീ കരിങ്കല്ലിന്റെ-
യുള്ളിലെ ജീവനെ തൊട്ടുണർത്തി
നാളെ നീ സ്നേഹം തുടിക്കുന്ന നെഞ്ചിനെ
കട്ടിക്കരിങ്കല്ലു പോലെയാക്കി
പാപം ചുമത്തി നിൻ ജന്മപുണ്യത്തിനെ
കാനനമദ്ധ്യേയെറിഞ്ഞുപോകും!
സീതയാകട്ടെയഹല്യയാകട്ടേതു
പെണ്ണുമാകട്ടവൾ പത്നിയാകിൽ
എങ്ങുമൊടുങ്ങാത്ത സംശയക്കണ്ണിലെ-
ക്കല്ലായി കാട്ടിൽ കഴിഞ്ഞിടിണ്ടോൾ?
കല്ലിനെ പെണ്ണാക്കി മാറ്റിയപ്പോൾ രാമ
നിന്മനം കല്ലായി മാറിയെന്നോ?
കെട്ടിലും മട്ടിലും മറിയിന്നെത്രയ-
യഹല്യമാർ മേവുന്നു വീടുതോറും!
മോക്ഷദമാം മധുരാംഗുലീസ്പർശവും
കാത്തിരിക്കും ശിലാരൂപിണിമാർ.