അവൾ

പുലരി
ചായ പാത്രത്തിൽ
തിളച്ചു തൂവാതെ
പൊടിയിട്ട് പകുത്ത്
പിന്നെയും
ആറി തണുക്കു വോളം
വിണ്ടും തിളച്ചു.

ഉച്ച വേവുന്നുണ്ട്
കലത്തിൽ
തിളച്ചൂറ്റുവോളം
രുചി കൊത്ത്
അരിഞ്ഞും
അരഞ്ഞും
തിളച്ചും വെന്തും
കെട്ടുപോയ
വിശപ്പ്.

രാത്രി
ഒടുങ്ങാത്ത വിശപ്പിന്
വെന്തും
രുചിക്കാതെ വിളമ്പിയും  
രുചി കെട്ട് തണുത്ത
വെണ്ണീർ  
പായയിൽ രുചിയില്ലാതെ
പിടഞ്ഞു
കത്തുകയാണവൾ.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കാങ്കോൽ താമസം. കണ്ണൂർ ആകാശവാണിയിൽ ഡോക്കുമെന്ററി സ്ക്രിപ്റ്റുകൾ ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതുന്നു. ഒറ്റ വാതിലുള്ള വീട് എന്ന കവിതാ സമാഹാരം പ്രസാധനത്തിന് ഒരുങ്ങുന്നു